Tuesday 9 June 2015

ബുഡാപെസ്റ്റ് യാത്ര (Part 7)

ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് സങ്കീര്‍ണ്ണമായ ഹംഗേറിയന്‍ സമൂഹത്തെ മനസിലാക്കാന്‍കൂടി ഒന്നു ശ്രമിക്കാം.

പോളണ്ടിലെ പാര്‍ക്കുകളില്‍ പ്രതിമകളെപോലെ ഇരിക്കുന്ന വയസന്മാരെ ധാരാളം കണ്ടിട്ടുണ്ട്. കുറെനേരം നിരീക്ഷിച്ചാല്‍ മാത്രമേ അവര്‍ ജീവനുള്ള മനുഷ്യരാണെന്നും പ്രതിമകള്‍ അല്ലെന്നും മനസിലാവുകയുള്ളൂ. പക്ഷെ അവിടെയുള്ള യുവജനം സജീവമാണ്, പ്രസന്നരാണ്. ഹംഗറിയില്‍ മുഖത്തെ നിസംഗതയ്ക്ക് പ്രായവ്യത്യാസം തീരെയില്ല. ഈ മ്ലാനവദനങ്ങളുടെ കാരണം മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

മ്ലാനത മുഖഭാവത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും പ്രകടമാണ്. ഈ യാത്രയില്‍ പലരുമായി സംസാരിക്കാന്‍ ശ്രമിച്ചു. ഇന്ത്യാക്കാര്‍ യു.കെ.യിലെ പോലെയോ ഗള്‍ഫ് രാജ്യങ്ങളിലെപോലെയോ സാധാരണമായിരുന്നില്ല ബുഡാപെസ്റ്റില്‍. എന്നിട്ടുപോലും, “നിങ്ങള്‍ എവിടത്തുകാരനാണ്” എന്ന് ഒരാള്‍ പോലും ചോദിച്ചില്ല.

ഹംഗറിയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ ചുവടെ കൊടുക്കുന്നു. മനസിലാക്കാന്‍ എളുപ്പത്തിന് കേരളത്തിന്റെ കണക്കുകള്‍ ബ്രായ്ക്കറ്റില്‍ കൊടുത്തിരിക്കുന്നു..

വിസ്തീര്‍ണ്ണം:   35,919 ചതുരശ്രമൈല്‍ (15,005)
ജനസംഖ്യ:     9.87 മില്യണ്‍ (33.38 മില്യണ്‍)
ജനസാന്ദ്രത:    279.0/Sq. Mile (2,200/Sq. Mile)

കേരളത്തിന്റെ മൂന്നിലൊന്നുപോലുമില്ല ജനസംഖ്യ. പക്ഷെ ഹംഗറിയിലെ നോബല്‍ജേതാക്കളുടെ എണ്ണം പന്ത്രണ്ട്!

ഇവിടെ 1896 മുതല്‍ ഭൂഗര്‍ഭറെയില്‍വേ സംവിധാനം ഉണ്ട്. ഇന്ന് അഞ്ചു ലൈനുകള്‍ ബുഡാപെസ്റ്റ് നഗരത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

ജനങ്ങള്‍ മൊത്തത്തില്‍ യാഥാസ്ഥിതികരാണ്. ഇന്നും സ്ത്രീകള്‍ക്ക് കുട്ടികളുടെ കാര്യവും നോക്കി വീട്ടില്‍ത്തന്നെ കഴിയാനാണ് താല്പര്യം. സ്ത്രീകളോടും പ്രായമായവരോടുമുള്ള ആദരവിന്റെ കാര്യത്തില്‍ ഒരു പക്ഷെ ഇവര്‍ യുറോപ്പില്‍ ഏറ്റവും മുന്‍പന്തിയിലാണ്. ഈയടുത്തകാലം വരെ കടംവാങ്ങി ജീവിക്കുന്നതില്‍ ഇവര്‍ തല്പരരായിരുന്നില്ല. കമ്മ്യൂണിസം തകര്‍ന്ന് രാജ്യത്തെ ജനതയുടെമേല്‍ കാപ്പിറ്റലിസത്തിന്റെ പിടി മുറുകിയതിനുശേഷം മാത്രമാണ് കുറെപേരെങ്കിലും ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുവാന്‍ തുടങ്ങിയത്.

എങ്കിലും ആത്മഹത്യാനിരക്കില്‍ ഇവര്‍ക്ക് ലോകറെക്കോര്‍ഡ്‌ സ്വന്തമാണ്.

രണ്ടു ഹംഗേറിയന്‍വംശജരുടെ പേരുകളെങ്കിലും നമുക്കെല്ലാം സുപരിചിതമാണ് - Estee Lauder & Joseph Pulitzer.

സൌഹൃദഭാവത്തോടെയുള്ള പെരുമാറ്റം കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും, സൌഹൃദത്തിനു വലിയ വില കല്പിക്കുന്ന ജനതയാണ്. സൌഹൃദത്തെ ഇവര്‍ ഒരു “സാമൂഹ്യ മൂലധനം” ആയി കാണുന്നു എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

മദ്യത്തിനടിമകളാകുന്നതില്‍ പുരുഷന്മാരുടെ ഒട്ടും പിന്നിലല്ല ഹംഗറിയിലെ സ്ത്രീകള്‍.

നീണ്ടകാലത്തെ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ അവശിഷ്ടം മതവൈര്യമാണ്. എഴുപത്തിരണ്ടു ശതമാനം ആളുകളും കത്തോലിക്കരാണെങ്കിലും പൊതുവില്‍ മതകാര്യങ്ങളില്‍ അങ്ങേയറ്റം വിമുഖരാണ് ഇവര്‍. എങ്കിലും അത്ഭുതങ്ങളില്‍ വല്ലാതെ വിശ്വസിക്കുന്നവരാണ് എന്നതൊരു വിരോധാഭാസമായി തോന്നാം. ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹം മാമോദീസ, ശവസംസ്ക്കാരം ഇവയ്ക്കൊക്കെ ഇവര്‍ ഇന്നും സഭയെ ആശ്രയിക്കുന്നുമുണ്ട്.

അവസാനത്തെ രണ്ടുദിവസം എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്. വലിയ സൌകര്യങ്ങളൊന്നും ഇല്ലാത്ത ഒരു ബഡ്ജറ്റ് ഹോട്ടല്‍. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് അവിടെനിന്നും ലഭിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അടുത്തെവിടെയെങ്കിലും റെസ്റ്റോറന്റ്റ് ഉണ്ടോ എന്ന ചോദ്യത്തിന്, യാതൊരു മയവും ഇല്ലാതെ, “ഇല്ല” എന്ന ഉത്തരമാണ് റിസപ്ഷനില്‍ നിന്നും കിട്ടിയത്. പക്ഷെ, അവസാനദിവസമാണ് മനസിലായത്, ഹോട്ടലിന്റെ തൊട്ടുമുന്നിലുണ്ടായിരുന്നത് വളരെ നല്ല ഒരു റെസ്റ്ററന്റ്റ് ആയിരുന്നു. വില തുച്ഛം, ഭക്ഷണം മെച്ചം..

ഫ്യുഡലിസം ശക്തമായി നിലനിന്നിരുന്ന യുറോപ്പില്‍ പൊതുവേ സാധാരണക്കാരുടെ പാര്‍പ്പിടപ്രശ്നം സര്‍ക്കാരിന്റെയോ, മേലാളന്മാരുടെയോ തലവേദനയായിരുന്നില്ല. അതാതു കാലത്തെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ അനുസരിച്ച് അവര്‍ ഗോഥിക്ക്, ബറോക്ക് തുടങ്ങിയ നിരവധി ശൈലിയിലുള്ള രമ്യഹര്മ്മങ്ങള്‍ തീര്‍ത്തു. പലപ്പോഴും പാവപ്പെട്ടവന് ഇതൊന്നും താങ്ങാന്‍ കഴിയാതെ, അവന്‍ ചേരിപ്രദേശങ്ങളിലെ കുടിലുകളിലും ഒക്കെ താമസിച്ചുവന്നു.

ഇത് മാറ്റിമറിച്ചത് സ്റ്റാലിനാണ്. വീടുകള്‍ പാര്‍പ്പിടത്തിനുള്ളതാണ്, അല്ലാതെ നഗരത്തിന്റെ മോഡികൂട്ടാനുല്ലതല്ല എന്ന ആശയത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം റഷ്യയില്‍ നിരവധി ഫ്ലാറ്റ് സമുച്ചയങ്ങള്‍ പണിതീര്‍ത്തു. നഗരങ്ങളുടെ സൌന്ദര്യത്തെ ഇത് സാരമായി ബാധിച്ചുവെങ്കിലും പാര്‍പ്പിടപ്രശ്നത്തിന് ഇതൊരളവു വരെ പരിഹാരമായി. കിഴക്കാന്‍ യുറോപ്പില്‍ എവിടെയും ഇത്തരം “സ്റ്റാലിനിസ്റ്റിക്ക് അപ്പാര്‍ട്ട്മെന്റുകള്‍” കാണാം. ഇത് ഏറ്റവും കൂടുതല്‍ കണ്ടത്, പോളണ്ടിലെ ക്രാക്കൊവിന്റെ പ്രാന്തപ്രദേശത്തുള്ള നൊവ ഹുട്ടായിലാണ് (Nova Huta).  സര്‍ക്കാര്‍ ഉടമയിലുള്ള ഒരു വലിയ സ്റ്റീല്‍ പ്ലാന്റിനോടു ചേര്‍ത്തു പണിതീര്‍ത്ത പാര്‍പ്പിടസൗകര്യം. ഇന്ന് ആ സ്റ്റീല്‍ പ്ലാന്റ് നമ്മുടെ ലക്ഷ്മി മിത്തലിന്റെ വകയാണ്. ശരാശരി പോളണ്ടുകാര്‍ അവിടെ പോകാന്‍ മടിക്കുന്നു. കുറ്റകൃത്യങ്ങള്‍ അവിടെ വളരെ കൂടുതലാണത്രെ.

ബുഡാപെസ്റ്റിന്റെ നഗരമദ്ധ്യത്തിലും സ്റ്റാലിന്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ വളരെയേറെയാണ്.

അവസാനദിവസം ട്രാവല്‍ പാസ് കൈയിലുണ്ടായിരുന്നതിനാല്‍ ബസില്‍ കയറി കുറെനേരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍കൂടി സഞ്ചരിച്ചു. നഗരംവിട്ടാല്‍ പിന്നെ കൂടുതലും കാണാനാവുന്നത് വില്ലകളുടെയും ബംഗ്ലോവിന്റെയും നിരകളാണ് ആഡംബരപാര്‍പ്പിടങ്ങള്‍.

മാര്‍ക്സിന്റെ മനുഷരെല്ലാം തുല്യരായി ജീവിക്കണം എന്ന സ്വപ്നത്തിന്റെ ശവകുടീരമായി തോന്നി ആ സൌധങ്ങള്‍.

യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പോയത്, പരിചയക്കാര്‍ ആരുംതന്നെ അവിടെ ഇല്ലാതിരുന്നത്, ഭാഷയുടെ ക്ലിഷ്ടത, മോശമായ കാലാവസ്ഥ.. അങ്ങിനെ പല കാരണങ്ങളാലും ബുഡാപെസ്റ്റ് വേണ്ടപോലെ കാണാന്‍ സാധിച്ചില്ല. ഡാന്യുബില്‍കൂടെ ഒരു ബോട്ടുയാത്ര, സെന്റ്‌ സ്റ്റീഫന്‍ കത്തീഡ്രല്‍, മാര്‍ഗരെറ്റ് ഐലണ്ട്.. ഇനിയും ഒരുപാടു ബാക്കിയുണ്ട്.

"ഞാന്‍ ഇനിയും വരും" എന്ന് സ്വയം പറഞ്ഞുകൊണ്ട് ബുഡാപെസ്റ്റിനോട് വിടപറഞ്ഞു. അവിടത്തെ എയര്പോര്ട്ട് കണ്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നി.. മനോഹരം. വിശാലം.. പക്ഷെ വിമാനത്തില്‍ കയറുന്നതിനായി കാത്തുനിന്ന ഹാള്‍ ശരിയ്ക്കും കന്നുകാലികൂടുപോലെ.

അതെ, വൈരുധ്യങ്ങളുടെ നാടാണ് ഹംഗറി.

“കേരളമല്ലിത് ഹംഗറിയാണേ” എന്നുരുവിട്ടുകൊണ്ട് ഞാന്‍ ആകാശത്തുനിന്നും നഗരക്കാഴ്ചകള്‍ വീക്ഷിച്ചു..

(അവസാനിച്ചു).

1 comment:

  1. ഫ്യുഡലിസം ശക്തമായി നിലനിന്നിരുന്ന
    യുറോപ്പില്‍ പൊതുവേ സാധാരണക്കാരുടെ പാര്‍പ്പിടപ്രശ്നം
    സര്‍ക്കാരിന്റെയോ, മേലാളന്മാരുടെയോ തലവേദനയായിരുന്നില്ല.
    അതാതു കാലത്തെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ അനുസരിച്ച് അവര്‍ ഗോഥിക്ക്,
    ബറോക്ക് തുടങ്ങിയ നിരവധി ശൈലിയിലുള്ള രമ്യഹര്മ്മങ്ങള്‍ തീര്‍ത്തു. പലപ്പോഴും
    പാവപ്പെട്ടവന് ഇതൊന്നും താങ്ങാന്‍ കഴിയാതെ, അവന്‍ ചേരിപ്രദേശങ്ങളിലെ കുടിലുകളിലും
    ഒക്കെ താമസിച്ചുവന്നു.

    ഇത് മാറ്റിമറിച്ചത് സ്റ്റാലിനാണ്. വീടുകള്‍
    പാര്‍പ്പിടത്തിനുള്ളതാണ്, അല്ലാതെ നഗരത്തിന്റെ
    മോഡികൂട്ടാനുല്ലതല്ല എന്ന ആശയത്തില്‍നിന്നും പ്രചോദനം
    ഉള്‍ക്കൊണ്ട് അദ്ദേഹം റഷ്യയില്‍ നിരവധി ഫ്ലാറ്റ് സമുച്ചയങ്ങള്‍
    പണിതീര്‍ത്തു. നഗരങ്ങളുടെ സൌന്ദര്യത്തെ ഇത് സാരമായി ബാധിച്ചുവെങ്കിലും
    പാര്‍പ്പിടപ്രശ്നത്തിന് ഇതൊരളവു വരെ പരിഹാരമായി.

    ReplyDelete