Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 4)

വിശുദ്ധ ഞായറാഴ്ച പള്ളി..

ഒന്നാം ലോകമഹായുദ്ധത്തിനുശേഷംബോറിസ് മൂന്നാമന്‍ ബള്‍ഗേറിയയുടെ രാജാവായിരിക്കവേരാജ്യത്ത് കമ്മ്യൂണിസം നിരോധിക്കപ്പെട്ടു. എങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. സര്‍ക്കാരിലെ നിരവധി പ്രമുഖരെ അവര്‍ വധിച്ചു. അങ്ങിനെ വധിക്കപ്പെട്ട ഒരാളായിരുന്നു കോണ്‍സ്റ്റാന്റിന്‍ ഗിയോര്‍ഗിയെവ്. ബള്‍ഗേറിയയിലെ ജനറല്‍ ആയിരുന്ന ഗിയോര്‍ഗിയെവിന്റെ ശവസംസ്ക്കാരത്തില്‍ പട്ടാളത്തിലെ നിരവധി ഉയര്‍ന്ന ഓഫീസര്‍മാരുംമറ്റു ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ഇത്തരം ഒരു ചടങ്ങില്‍ രാഷ്ട്രത്തലവനും പങ്കെടുക്കുമെന്നത് തീര്‍ച്ചയാണ്.

സ്വെറ്റ നെദേലിയ (വിശുദ്ധ ഞായറാഴ്ച) പള്ളിയില്‍ വച്ചായിരുന്നു ചടങ്ങ്. രാജാവുള്‍പ്പടെ നിരവധി ശത്രുക്കളെ ഒരുമിച്ചു കൊലപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമായി സഖാക്കള്‍ ഇതിനെ കണ്ടു. രാജാവ് തന്നെയായിരുന്നു മുഖ്യ ടാര്‍ജെറ്റ്‌. പള്ളിയുടെ താഴികക്കുടത്തില്‍ ബോംബ്‌ വച്ചു. അവര്‍ പ്രതീക്ഷിച്ചതുപോലെ കൃത്യസമയത്ത് ബോംബ്‌ പൊട്ടിത്തെറിച്ചുതാഴികക്കുടം തകര്‍ന്ന് പള്ളിയിലുണ്ടായിരുന്നവരുടെ മേല്‍ പതിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളില്‍ മരിച്ചതില്‍ കൂടുതല്‍ ബള്‍ഗേറിയന്‍ പട്ടാള ഓഫീസര്‍മാര്‍ അന്ന് മരിച്ചു. ആകെ മരിച്ചവര്‍ 150. അഞ്ഞൂറിലേറെ പേര്‍ക്ക് സാരമായ പരുക്ക് പറ്റി. എന്നാല്‍ രാജാവിന് ഒരു പോറല്‍ പോലും ഏറ്റില്ല.

അദ്ദേഹം ചടങ്ങിനു വരാന്‍ താമസിച്ചു എന്ന ലളിതമായ കാരണമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇതിനെക്കുറിച്ച് ടൂര്‍ ഗൈഡ് തമാശയായി പറഞ്ഞത്“ബള്‍ഗേറിയക്കാര്‍ക്ക് സമയനിഷ്ഠ തീരെയില്ല. ഇതിനുശേഷംസമയനിഷ്ഠ പാലിക്കാതിരുന്നാല്‍ അതുകൊണ്ട് പ്രയോജനവും ഉണ്ടെന്ന ധാരണ അവര്‍ക്കുണ്ടായി” എന്നാണ്.

ഇത് സംഭവിച്ചത് 1925 ഏപ്രില്‍ മാസം പതിനാറാം തിയതിയായിരുന്നു.
ഈ ദേവാലയം പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തില്‍ തടിയില്‍ പണിത പള്ളി പിന്നീട് കല്ലില്‍ തീര്‍ത്തു. 1578-ല്‍ ബള്‍ഗേറിയ സന്ദര്‍ശിച്ച ഒരു ജര്‍മ്മന്‍ സഞ്ചാരി ഈ ദേവാലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1858ലുണ്ടായ ഒരു ഭൂകമ്പത്തില്‍ ഈ കെട്ടിടത്തിന് സാരമായ പരിക്കുകള്‍ പറ്റി. അതിന്റെ പിന്നാലെയാണ് 1925ലെ ബോംബാക്രമണം. എന്നാല്‍ 1931 ല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു വീണ്ടും മനോഹരമാക്കി.

ഇന്ന് ഈ ദേവാലയം സോഫിയാ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുള്ള കത്തീഡ്രല്‍ ദേവാലയമാണ്.

ഇന്ന് ഉച്ചകഴിഞ്ഞുള്ള സമയം മുഴുവന്‍ ഈ ദേവാലയത്തില്‍ ചെലവഴിച്ചു. അകത്തുകയറിയപ്പോള്‍ (സത്യത്തില്‍ ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു ഓര്ത്തഡോക്സ് പള്ളിയുടെ ഉള്ളില്‍ കയറുന്നത്)അതിനുള്ളിലെ പ്രകാശം കണ്ട്, "വെളിച്ചത്തിന് എന്തൊരു വെളിച്ചം" എന്ന ബഷീറിയന്‍ പ്രയോഗം ഓര്‍മ്മവന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ വന്ന്മുടന്തന്‍ ഇംഗ്ലീഷില്‍, "ഫോട്ടോ എടുക്കാന്‍ ടിക്കറ്റെടുക്കണം” എന്നു താക്കീത് ചെയ്തു. ടിക്കറ്റിനു അഞ്ചു ലേവ. കുറെ പടങ്ങള്‍ എടുത്തു. മതിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വിവാഹപാര്‍ട്ടി കൈയില്‍ ബോക്കെയുമായി വരുന്നു. ചുറ്റും നോക്കിയപ്പോള്‍ നവവരനും നവവധുവും പുരോഹിതനുമായി സംസാരിച്ചുകൊണ്ട് അച്ചന്റെ മുറിയില്‍. വൈദികനോടുംവധൂവരന്മാരോടും അനുവാദം ചോദിച്ച് അവരുടെ ഫോട്ടോയും എടുത്തു.

No comments:

Post a Comment