Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 2)

സോഫിയ ടൂര്‍

ശനിയാഴ്ച കൃത്യസമയത്ത് ടൂറിനായി നീതിക്കൊട്ടാരത്തിന്റെ (പാലസ് ഓഫ് ജസ്റ്റിസ്‌) മുന്നില്‍ എത്തുമ്പോള്‍ നല്ല ഒരു ജനക്കൂട്ടം അവിടെയുണ്ട്. എഴുപത്തഞ്ചില്‍ കുറയാതെ. നാലോ അഞ്ചോ പേരെമാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.

അപ്പോള്‍ ഒരു അനൌണ്‍സ്മെന്റ്...

ഞങ്ങള്‍ അടുത്തമാസം തുടങ്ങാനിരിക്കുന്ന കള്‍ച്ചറല്‍ ടൂറിന്റെ ട്രൈയല്‍ നടക്കുകയാണ്. തല്‍ക്കാലം ഇത് സൌജന്യമാണ്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം. താല്പര്യമുള്ളവര്‍ക്ക് അതില്‍ ചേരാം.." ഞാന്‍ അതില്‍ കൂടാന്‍ തീരുമാനിച്ചു. അവിടെയുമുണ്ട് ഇരുപത്തഞ്ചു പേര്‍. ഗൈഡ്: വിക്കി എന്ന ചെറുപ്പക്കാരി.

വിക്കിഅവസാനവര്‍ഷ നിയമവിദ്യാര്‍ഥിനിയാണ്. നല്ല പ്രസരിപ്പും ചടുലതയുമുള്ള കുട്ടി. ഇംഗ്ലീഷ് അനായാസമായി വഴങ്ങുന്നുണ്ട്. അതൊരു വളരെ നല്ല അനുഭവമായിരുന്നു. കാഴ്ചകള്‍ക്ക് പ്രാധാന്യമില്ലാതെനടന്നുകൊണ്ടുള്ള സംസാരം. ബള്‍ഗേറിയ എന്ന രാജ്യത്തെക്കുറിച്ചുംഅവരുടെ വിവിധ സാംസ്ക്കാരികമേഖലകളെക്കുറിച്ചും നല്ല ഉള്‍ക്കാഴ്ച്ച നല്‍കിയ അനുഭവം. അതെല്ലാം വരുംഅദ്ധ്യായങ്ങളില്‍ ഇവിടെ പങ്കു വയ്ക്കുന്നതാണ്.

ഇന്ന്തിങ്കളാഴ്ച വീണ്ടും നീതിക്കൊട്ടാരത്തിന്റെ മുന്നിലെത്തി. ജനത്തിന് യാതൊരു കുറവും ഇല്ല. ഇന്നും കള്‍ച്ചറല്‍ ടൂര്‍ ഉള്ളതുകൊണ്ട് കുറേപ്പേര്‍ അതില്‍ ചേര്‍ന്നു. ബാക്കിയുള്ളവരെ രണ്ടായി തിരിച്ചു. എനിക്കു കിട്ടിയ ഗൈഡ് ഡെനി. വളരെ പ്രഗല്‍ഭയാണ് കക്ഷി.. ചരിത്രത്തിലും ടൂറിസം മാനേജ്മെന്റിലും ഇരട്ട മാസ്റ്റെര്സ് കഴിഞ്ഞ് ഇപ്പോള്‍ റഷ്യന്‍ ചരിത്രത്തില്‍ ഗവേഷണ വിദ്യാര്‍ഥിനി.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ഡെനിയുടെ ടൂര്‍ ഒരു മുഖവുര മാത്രമായിരുന്നു. സ്ഥലങ്ങള്‍ ഓരോന്നായി വീണ്ടും സന്ദര്‍ശിക്കണം. അപ്പോള്‍ എല്ലാം വിശദമായി കുറിക്കാം.

പൊതുവിലുണ്ടായ ഇമ്പ്രഷന്‍ - സോഫിയ ആരാധനാലയങ്ങളുടെ നഗരമാണ്. അഞ്ചു നൂറ്റാണ്ട് നീണ്ടുനിന്ന ഒട്ടോമാന്‍ ഭരണകാലത്തുംനാല്പത്തിമൂന്ന് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തിലും ഒരൊറ്റ ആരാധനാലയം പോലും ബള്‍ഗേറിയയില്‍  നശിപ്പിക്കപ്പെട്ടില്ല. 1946 മുതല്‍ 1989 വരെയുള്ള കാലത്ത് ബള്‍ഗേറിയ ഔദ്യോഗികമായി ഒരു നാസ്തികരാഷ്ട്രം (Atheist Stateആയിരുന്നു. ഇന്നും ജനത്തിന് മതത്തോട് അമിതാവേശമില്ല. ആരാധനാലയങ്ങള്‍ ജീര്‍ണ്ണിക്കുന്നുആളുകളുടെ പാദസ്പര്‍ശത്തിനായി കൊതിച്ചുകഴിയുന്നു. ശരാശരി ബള്‍ഗേറിയക്കാര്‍ ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം പള്ളിയില്‍ പോകുന്നു. വിവാഹം കൂടുതലും സിവില്‍ ഓഫീസുകളിലാണ് നടക്കുന്നത്. ജനത്തിന്റെ സിംഹഭൂരിപക്ഷവും ഓര്ത്തഡോക്സ്കാരാണ്. കത്തോലിക്കര്‍ ഒരു ശതമാനം മാത്രം. എങ്കിലും തലസ്ഥാനനഗരിയില്‍ അവര്‍ക്കും ഒരു പള്ളിയുണ്ട്. കമ്മ്യൂണിസ്റ്റ്‌കാലത്ത് ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു പുരോഹിതരുടെമേല്‍. അവരില്‍ ചിലരെങ്കിലും സര്‍ക്കാരിന്റെ രഹസ്യപ്പോലീസിനെ ജനങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് അവരുടെ പ്രീതി നേടിയിരുന്നു എന്നൊരാരോപണം ഈയിടെയായി ഉയര്‍ന്നുവരുന്നുണ്ട്.

കാര്യങ്ങള്‍ എന്തായാലും വിവിധ മതസ്ഥരുടെപ്രതാപകാലത്ത് പണിതീര്‍ത്തമനോഹരമായ ആരാധനാലയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഈ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് അവ വളരെ വിലപ്പെട്ടതാണ്‌.

1 comment:

  1. വായിച്ചു തുടങ്ങട്ടെ.

    ReplyDelete