Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 15)

സോഫിയ സിനഗോഗും ബള്‍ഗേറിയയിലെ യഹൂദരും...

ഇന്ന് സോഫിയയിലെ യഹൂദരുടെ ആരാധനാലയമായ സിനഗോഗ് കാണാന്‍ പോയി.

ബള്‍ഗേറിയയില്‍ ഇന്ന് സജീവമായ രണ്ടു സിനഗോഗുകള്‍ മാത്രമാണുള്ളത്ഒന്ന് സോഫിയയിലും മറ്റേത് ബള്‍ഗേറിയയിലെ രണ്ടാമത്തെ നഗരമായ  പ്ലോവ്ദീവിലും. സോഫിയ സിനഗോഗ് തെക്കുകിഴക്കന്‍ യുറോപ്പിലെ ഏറ്റവും വലുതുംയുറോപ്പിലെ മൂന്നാമത്തേതുമായി കണക്കാക്കപ്പെടുന്നു.

അല്പം യഹൂദചരിത്രം.

റോമന്‍ കാലഘട്ടത്തില്‍തന്നെ ബള്‍ഗേറിയയില്‍ യഹൂദരുണ്ടായിരുന്നു എന്നിരുന്നാലും ബള്‍ഗേറിയയില്‍ കാര്യമായ ജൂതസാന്നിധ്യം ഉണ്ടാകുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമാണ്. സ്പെയിനിലും പോര്‍ട്ടുഗല്ലിലും കത്തോലിക്കാസഭയുടെ ഇങ്ക്വിസിഷന്റെ പ്രധാന ഇരകള്‍ യഹൂദരായിരുന്നു. കുറേപ്പേര്‍ പീഡനം സഹിക്കവയ്യാതെ ക്രിസ്തുമതം സ്വീകരിച്ചു. എന്നിട്ടും അവര്‍ക്ക് സമാധാനമുണ്ടായില്ല. അവര്‍ യഹൂദാചാരങ്ങള്‍ രഹസ്യമായി വച്ചുപുലര്‍ത്തുന്നു എന്ന കാരണത്തില്‍ അവര്‍ക്ക് ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നു. അന്ന് കത്തോലിക്കരെക്കാള്‍ ഏറെ മതസഹിഷ്ണുത കാണിച്ചിരുന്നു മുസ്ലീംമതവിശ്വാസികളായിരുന്ന ഒട്ടോമാന്‍ ഭരണാധികാരികള്‍. അങ്ങിനെ അവരില്‍ അനേകര്‍ അന്ന് ഒട്ടോമാന്‍നുകത്തിനു കീഴിലായിരുന്ന ബള്‍ഗേറിയയില്‍ അഭയം പ്രാപിച്ചു. ഇവര്‍ "സെഫാര്‍ഡിക്ക് ജൂതന്മാര്‍" എന്നാണറിയപ്പെടുന്നത്. രണ്ടു സെഫാര്ഡിക്ക് യഹൂദരുടെ പേര് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും – ബ്രിട്ടിഷ് പ്രാധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രേലിയും സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയ ഏലിയാസ് കനേറ്റിയും. (ബള്‍ഗേറിയയില്‍ നിന്നു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഏക വ്യക്തി കനേറ്റിയാണ്).

മറ്റ് യുറോപ്യന്‍ രാജ്യങ്ങളിലെപ്പോലെയുള്ള  കഷ്ടപ്പാടുകളൊന്നും ബള്‍ഗേറിയയിലെ യഹൂദര്‍ക്ക് നേരിടേണ്ടിവന്നില്ല. ഒട്ടോമാന്‍ യജമാനരുടെ കീഴില്‍ ബള്‍ഗേറിയക്കാരെപ്പോലെ തന്നെ അവരും അടിമകളായി കഴിഞ്ഞുകൂടി. ഇവര്‍ക്കായി ഈ രാജ്യത്തെങ്കിലും പ്രത്യേക ഘെട്ടോ” നിര്മ്മിക്കപ്പെട്ടില്ല. പൊതുസമൂഹവുമായി ഇഴുകിച്ചേര്‍ന്ന് അവരിലൊരുവരായി ജീവിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുമ്പോള്‍ ഏതാണ്ട് അന്‍പതിനായിരം ജൂതന്മാര്‍ ഈ രാജ്യത്തുണ്ടായിരുന്നു.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ബള്‍ഗേറിയയ്ക്ക് റൊമേനിയഗ്രീസ്മാസിഡോണിയ എന്നീ രാജ്യങ്ങളോട് ചേര്‍ന്നുകിടന്ന കുറെ പ്രദേശങ്ങള്‍ നഷ്ടമായി. അന്നത്തെ രാജാവായിരുന്ന ബോറിസ് മൂന്നാമന്റെ പിതാവ് ഓസ്ട്രിയന്‍ സ്വദേശിയായ ഫെര്‍ഡിനാന്‍ഡ് ആയിരുന്നുവല്ലോ. ഹിറ്റ്ലറും ഓസ്ട്രിയക്കാരന്‍. കൂടാതെറോമെനിയയോട് ചേര്‍ന്നുകിടന്ന പഴയ പ്രദേശങ്ങള്‍ ഹിറ്റ്ലര്‍ ഇടപ്പെട്ട് ബള്‍ഗേറിയയ്ക്ക് വീണ്ടെടുത്തുകൊടുത്തു. അതുംകൂടിയായപ്പോള്‍ ബള്‍ഗേറിയ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയ്ക്കൊപ്പമായി. ഈ യുദ്ധം വിതയ്ക്കാനിരിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ചു തുടക്കത്തിലെങ്കിലും രാജാവോമറ്റു നേതാക്കളോ ഒരുപക്ഷെ മനസിലാക്കിയിരുന്നില്ല.

യുദ്ധത്തില്‍ ബള്‍ഗേറിയന്‍ പട്ടാളം പങ്കെടുത്തില്ലെങ്കിലും ബള്‍ഗേറിയ ഏതാണ്ട് പൂര്‍ണമായും ജര്‍മ്മനിയുടെ കീഴിലായി. കാര്യങ്ങളെല്ലാം ജര്‍മ്മന്‍ പട്ടാളമാണ് തീരുമാനിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും.

തുടക്കത്തില്‍ വീണ്ടെടുത്ത പ്രദേശങ്ങളിലെ ജൂതന്മാരെ ട്രെയിനില്‍ കയറ്റി പോളണ്ടിലെയ്ക്ക് അയക്കണമെന്ന് ഉത്തരവു വന്നു. അത് അനുസരിച്ചു. അവരെല്ലാം ഡെത്ത് ക്യാമ്പുകളില്‍ ഒടുങ്ങി. അടുത്ത ഉത്തരവ് ബള്‍ഗേറിയന്‍  യഹൂദരെയും അവിടേയ്ക്ക് അയയ്ക്കാനായിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു വഴികള്‍ ഒന്നും രാജാവിനുണ്ടായിരുന്നില്ല.

പിന്നീട് നടന്നത് വളരെ നാടകീയമായ സംഭവങ്ങളാണ്.

ജൂതന്മാരെ നാടുകടത്തുന്നു എന്ന വാര്‍ത്ത എങ്ങിനെയോ ലീക്കായി. ഇതിനെതിരെ ശക്തമായ ജനവികാരമുണ്ടായി. അവര്‍ക്കുപുറമേ പ്രൊ-ഫാഷിസ്റ്റ്‌ എം.പി.മാരുംഓര്ത്തഡോക്സ് സഭയുടെ സ്റ്റെഫാന്‍ എന്നു പേരുള്ള പാത്രിയാര്‍ക്കീസും രംഗത്ത് വരികയും രാജാവിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

രാജാവ് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.. ഒരു വശത്ത് ഇത്രയും ശക്തമായ ജനവികാരംമറുവശത്ത് അനുസരണക്കേടിന് യാതൊരുവിധ മാപ്പും നല്‍കാന്‍ തയ്യാറല്ലാത്ത ഹിറ്റ്ലര്‍. അവസാനം രാജാവ് ജനപക്ഷംതന്നെ ചേര്‍ന്നു. രാജ്യത്തെ റോഡുപണികള്‍ക്ക് യഹൂദര്‍ ആവശ്യമാണ്‌അതു കഴിയുന്നതുവരെ അവരെ വിട്ടുതരാന്‍ സാധിക്കില്ല എന്നൊക്കെപ്പറഞ്ഞ് വിട്ടുകൊടുക്കുന്നത് നീട്ടിക്കൊണ്ടുപോയി. ഇതിനിടയില്‍ സോഫിയായിലെ (കൂടുതല്‍പേരും അവിടെയായിരുന്നു) യഹൂദരെ ബള്‍ഗേറിയയുടെ മറ്റു പ്രവശ്യകളിലെയ്ക്ക് മാറ്റി താമസിപ്പിച്ചു.

ഇതിനിടയില്‍ ഹിറ്റ്ലര്‍ ബോറിസ് രാജാവിനെ വിളിച്ചുവരുത്തി. അവിടെനിന്നും മടങ്ങിയതിനുശേഷം രണ്ടാഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം ദുരൂഹസാഹചര്യത്തില്‍ അന്തരിച്ചു. ഹിറ്റ്ലര്‍ ഭക്ഷണത്തില്‍ കലര്‍ത്തിയ വിഷമാണ് മരണകാരണം എന്നൊരു ആരോപണം ഉണ്ടെങ്കിലും അതിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അതിനുശേഷംയുദ്ധാവസാനം റഷ്യ ബള്‍ഗേറിയയെ ജര്‍മ്മനിയില്‍നിന്നും മോചിപ്പിച്ചു. ചുരുക്കംപറഞ്ഞാല്‍ ഒരു ബള്‍ഗേറിയന്‍ യഹൂദനുപോലും കോണ്സന്ട്രെഷന്‍ ക്യാമ്പില്‍ പോകേണ്ടിവന്നില്ല. യുറോപ്പിലെ ഒറ്റപ്പെട്ടസംഭാവമാണിത്.

യഹൂദരെ സംരക്ഷിച്ച മറ്റൊരു യുറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്ക്‌. അവിടെ ഏതാണ്ട് പന്ത്രണ്ടായിരം യഹൂദരെ സ്വീഡനിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു രക്ഷപ്പെടുത്തി. അതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്. ഡാനിഷ് സാഹസത്തെക്കുറിച്ച് "The Only Way," "Miracle at Midnight" എന്നീ ചലച്ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷെ ബള്‍ഗേറിയക്കാര്‍ ജൂതന്മാരെ രക്ഷപ്പെടുത്തിയത് പുറംലോകത്തിന് ഏതാണ്ട് അന്ജാതമാണ്.

അതിന്റെ വിശദീകരണം ഇങ്ങനെ. ലോകമഹായുദ്ധത്തിനുശേഷം ഭരണത്തില്‍ വന്നത് റഷ്യയോട് കൂറുപുലര്‍ത്തിയിരുന്നവരാണ്. അവര്‍ക്കാകട്ടെ ഫാഷിസ്റ്റുകളും മതമേധാവികളും ഒരുപോലെ ശത്രുക്കളാണ്. പഴയ രാജാവിനെ വീരനായകനാക്കാനും അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഫലംഈ കഥയ്ക്ക് വേണ്ട പബ്ലിസിറ്റി കൊടുക്കേണ്ടതില്ല എന്നു തീരുമാനിച്ചു .

1948-50 കാലഘട്ടത്തില്‍ ബള്‍ഗേറിയയിലെ തൊണ്ണൂറു ശതമാനം യഹൂദരും ഇസ്രയേലിലെയ്ക്ക് കുടിയേറി. ഇന്ന് വളരെ ചുരുക്കം ജൂതന്മാരാണ് രാജ്യത്തുള്ളത്. അവശേഷിച്ചവര്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുന്നു.

[ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ യുട്യുബ് പരതുക.. ചുവടെ കാണുന്ന കീ വേര്‍ഡ്സ് വച്ച് സെര്‍ച്ച് ചെയ്യുക..

An Unknown Story: The Rescue of the Bulgarian Jews During World War II

Michael Bar-Zohar - The Saving of Bulgaria's Jews]

സിനഗോഗിലെയ്ക്ക് മടങ്ങിവരാം..

അകത്തുകയറണമെങ്കില്‍ ഗേറ്റില്‍ സുരക്ഷാപരിശോധനയുണ്ട്. അത്ര കട്ടിയല്ലകൈയിലുള്ള ബാഗ് തുറന്നുകാണിക്കുക – അത്രതന്നെ. പ്രവേശനഫീസ്‌ രണ്ടു ലേവ. സിനഗോഗില്‍ ഒരു മ്യുസിയം ഉണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അവിടെയിപ്പോള്‍ പ്രവേശനമില്ല.

പുറത്തുനിന്നും കാണുന്നതിനേക്കാള്‍ മനോഹരമാണ് അകത്തെ കാഴ്ചകള്‍. ഈ സിനഗോഗിന്റെ ഏറ്റവും വലിയ ആകര്‍ഷണം വലിയ ഷാന്‍ഡലിയര്‍ (Chandelierആണ്.  പിത്തളയില്‍ വിയന്നയില്‍ നിര്‍മ്മിച്ചുകൊണ്ടുവന്ന ഈ തൂക്കുവിളക്കിന്റെ ഭാരം 2,250 കിലോ! 1170 പേര്‍ക്ക് ഒരുമിച്ച് ആരാധന നടത്താന്‍ സാധിക്കുന്ന ഈ സിനഗോഗിന്റെ ഉദ്ഘാടനം 1909    സെപ്റ്റംബര്‍ ഒന്‍പതാംതിയതി അന്നത്തെ ബള്‍ഗേറിയന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്നു.

അകത്ത് വെളിച്ചം കുറവായിരുന്നതിനാല്‍ എടുത്ത ചിത്രങ്ങള്‍ അത്ര വ്യക്തമല്ല.

മടങ്ങുന്നവഴി സിനഗോഗിന്റെയും ബാന്യ ബാഷി മോസ്ക്കിന്റെയും ഇടയിലുള്ള സെന്‍ട്രല്‍ ഹാളില്‍ കയറി. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ സോഫിയയില്‍ തുറന്ന ചന്തകളായിരുന്നു. അവ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനൊരന്ത്യം വരുത്താനായി 1911-ല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് മേല്‍ക്കൂരയുള്ളമൂന്നുനില ചന്ത. ഇന്നിവിടെ ഒരുമാതിരി സാധനങ്ങളെല്ലാം വാങ്ങാന്‍ കിട്ടും - മത്സ്യം മുതല്‍ മൊബൈല്‍ഫോണ്‍ വരെ.

No comments:

Post a Comment