Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 17)

കമ്മ്യൂണിസം ടൂര്‍ (രണ്ട്)

ഇന്ന് രണ്ടാംവട്ടം കമ്മ്യൂണിസം ടൂറിനു പോയി. ഇന്ന് നിക്കി എന്നൊരു ഗൈഡായിരുന്നു.  ആദ്യത്തെ ടൂറിന്റെ ഗൈഡ് ആയിരുന്നു കൂടുതല്‍ നല്ലതെന്നു തോന്നിഎങ്കിലും നിക്കിയും മിടുക്കന്‍ തന്നെ.

ആദ്യത്തെ സ്റ്റോപ്പ് പഴയ റിലഹോട്ടലിന്റെ മുന്നിലായിരുന്നു. കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ സോഫിയയിലെ ഏറ്റവും മികച്ച ഹോട്ടലായിരുന്നു ഇത്. ഇവിടെ താമസിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളില്‍ ആദ്യത്തെ അസ്ട്രോനോട്ട്യുറി ഗഗാറിനും പെടും. ഈ ഹോട്ടലില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഭൂഗര്‍ഭപാതകള്‍ (തുരങ്കം) ഉണ്ടായിരുന്നുവത്രേ. അതിനെക്കുറിച്ചു കൂടുതല്‍ പറഞ്ഞു.. സോഫിയ നഗരത്തില്‍ വളരെ വിശാലമായ ടണ്ണല്‍ നെറ്റ്വര്‍ക്കുണ്ടായിരുന്നു. ഒരു ബസിനു പോകാവുന്നത്ര വിശാലം. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇന്നും പൊതുജനത്തിനറിയില്ല. എല്ലാം ഡിഫന്‍സ് മന്ത്രാലയത്തിന്റെ കൈയിലാണ്. ആരോ അതില്‍ ഞുഴഞ്ഞുകയറി കുറെ വീഡിയോ പിടിച്ച് യു-ട്യുബില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു.

റിലഹോട്ടലിന്റെ താഴത്തെനിലയില്‍ ഇപ്പോള്‍ കാസിനോ റിലയാണ്.

അടുത്തത് കൊറക്കോം എന്നറിയപ്പെട്ടിരുന്ന ഡോളര്‍ ഷോപ്പാണ്. പഴയകാലത്ത് ഇവിടെനിന്നും പാശ്ചാത്യനിര്‍മ്മിത സാധനങ്ങള്‍ (ടിക്ക്-ടാക്ക് മുതല്‍ ബെന്‍സ് കാറുവരെ) ഡോളര്‍ നല്‍കി വാങ്ങാമായിരുന്നു. സന്ദര്‍ശകരായി വരുന്ന വിദേശികള്‍എംബസിജീവനക്കാര്‍, പാര്‍ട്ടിയുടെ മേല്‍ത്തട്ടിലുള്ളവര്‍ - ഇവരൊക്കെ ആയിരുന്നു ഉപഭോക്താക്കള്‍. ഗൈഡ് ഒരു സംഭവം പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു ഇംഗ്ലീഷ് സുഹൃത്ത് സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ വീട് ക്ലീന്‍ ചെയ്തിരുന്ന സ്ത്രീയ്ക്ക് പാരിതോഷികമായി ഇരുപത് പൌണ്ട് നല്‍കി. ആ സ്ത്രീ പറഞ്ഞു, "ഇതെന്റെ കൈയില്‍ ഇരിക്കുന്നതായി ആരെങ്കിലും കണ്ടാല്‍ അതുമതി ഞാന്‍ ജയിലില്‍ പോകാന്‍. ഈ തുകയ്ക്ക് കൊറക്കോം കടയില്‍ നിന്നും ഒരു ജീന്‍സ് വാങ്ങി തരൂ.. എന്റെ മകന് വലിയ സന്തോഷമാകും."

ഇതുപോലുള്ള മുന്നൂറോളം കടകള്‍ ബള്‍ഗേറിയയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നവശേഷിക്കുന്നത് ഞങ്ങളെ കാണിച്ചുതന്നത് മാത്രമാണ്.അതിപ്പോള്‍ ഒരു സാധാരണ സൂപ്പര്‍മാര്‍ക്കറ്റാണ്.

റില ഹോട്ടലിന്റെയും കൊറക്കോമിന്റെയും ഇടയില്‍ ഒരു ചെറിയ പള്ളിയുണ്ട്. വളരെ ചെറിയത്. സെന്റ്‌ നിക്കോളാസിന്റെ പേരിലാണ്. നിക്കോളാസ് പലരുടെയും മധ്യസ്തനാണ് – ബാങ്കേര്‍സ്മീന്‍പിടുത്തക്കാര്‍, സഞ്ചാരികള്‍, വേശ്യകള്‍ - എന്നീ കൂട്ടരെല്ലാം അതില്‍പെടും. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇതിനു സാരമായ കേടുപാടുകള്‍ പറ്റി. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അത് അറ്റക്കുറ്റപ്പണികള്‍ ചെയ്ത് പഴയതുപോലെയാക്കി. മതവിരുദ്ധരായിരുന്ന അവര്‍ എന്തുകൊണ്ട് അങ്ങിനെ ചെയ്തു എന്ന എന്റെ ചോദ്യത്തിന് ഗൈഡിന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. ഞാന്‍ മനസിലോര്‍ത്തു - ഒരു പക്ഷെ വേശ്യകള്‍ സുരക്ഷിതരായിരിക്കണമെന്ന് ചില പാര്‍ട്ടി നേതാക്കളെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കണം..

ഇവിടെ വച്ച് കമ്മുണിസത്തിന്റെ മതത്തോടുള്ള കാഴ്ചപ്പാട് എങ്ങിനെയായിരുന്നു എന്നു നിക്കി വിവരിച്ചു.

പാര്‍ട്ടി മതവിശ്വാസത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ലപക്ഷെ മതം നിരോധിക്കപ്പെട്ടുമില്ല. സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍ വിരളമായിരുന്നുമുമ്പേ തന്നെ. എങ്കിലും ഈസ്റ്റര്‍. ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളില്‍ പള്ളിയില്‍ പോവുക എന്ന ആചാരം ശക്തമായിരുന്നു. ആ ദിവസങ്ങളില്‍ പള്ളിയ്ക്കു ചുറ്റും കനത്ത പോലീസ് കാവല്‍ ഉണ്ടാവുംപള്ളിയില്‍ പോകുന്നവരെ നിരീക്ഷിക്കാന്‍. പള്ളിയില്‍ പോകുന്നത് രഹസ്യപ്പോലീസിന്റെ ദൃഷ്ടിയില്‍ പെട്ടാല്‍, അങ്ങിനെ അവരുടെ ഫയലില്‍ പേരുകയറിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ വളരെ മോശമാണ്.. കരിയര്‍ സാധ്യതകുട്ടികളുടെ പഠനംജോലിഇതിനെയൊക്കെ ദോഷകരമായി ബാധിക്കാം. അതുകൂടാതെ മറ്റൊരു കുതന്ത്രവും പാര്‍ട്ടി സ്വീകരിച്ചു. ആകെ ഒരു ടിവി ചാനലാണുള്ളത്. അതില്‍ കാണിക്കുന്നതാവട്ടെ റഷ്യന്‍ ഭാഷയിലും ബള്‍ഗേറിയന്‍ ഭാഷയിലുമുള്ള സിനിമകളും പ്രോപ്പഗാന്തയും മാത്രം. ഈസ്റ്റര്‍, ക്രിസ്തുമസ് ദിവസങ്ങളില്‍ അവര്‍ പാശ്ചാത്യസിനിമകള്‍ കാണിക്കും. അതുകളഞ്ഞ് ആരുംതന്നെ പള്ളിയില്‍ പോവാതായി.

അടുത്തത്നഗരമദ്ധ്യത്തില്‍ തന്നെയുണ്ടായിരുന്ന ദിമിത്രോവ് മുസ്സോളിയം ഇരുന്ന സ്ഥലത്താണ്.

എല്ലാ മേയ് ഒന്നാം തിയതിയും തൊഴിലാളിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനം മുസ്സോളിയത്തിന്റെ മുന്നില്‍ക്കൂടി മാര്‍ച്ച് ചെയ്യുന്ന പതിവുണ്ടായിരുന്നു. അവരെ മുസ്സോളിയത്തിന്റെ ടെറസില്‍നിന്ന് പാര്‍ട്ടിപ്രമുഖരെല്ലാം അഭിനന്ദിക്കുന്ന പതിവും ഉണ്ടായിരുന്നു. എന്നാല്‍ 1986-ലെ തൊഴിലാളിദിനത്തില്‍ ടെറസില്‍ ആരും ഉണ്ടായിരുന്നില്ല. ജനത്തിന് കാര്യം പിടികിട്ടിയില്ല.

ഏതാണ്ട് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് അതിന്റെ പൊരുള്‍ പൊതുജനത്തിനു മനസിലായത്. ആ വര്ഷം തൊഴിലാളി ദിനത്തിന്റെ ഒരാഴ്ച മുമ്പ്ഏപ്രില്‍ ഇരുപത്താറാം തിയതി ചെര്‍ണോബിലില്‍ ആണവസ്ഫോടനം ഉണ്ടായല്ലോ. അതിന്റെ പ്രസരണം ബള്‍ഗേറിയയിലും എത്തിയിരുന്നു. ആ അപകടത്തില്‍നിന്നും രക്ഷപ്പെടാനാണ് പാര്‍ട്ടിപ്രമുഖര്‍ അന്ന് വെളിയില്‍ വരാതിരുന്നത്.

ഇരുമ്പുമറയ്ക്കുള്ളില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് എളുപ്പമായിരുന്നു. എല്ലാവരും തുല്യരാണ്പക്ഷെ...

അടുത്തത് ക്രിസ്റ്റല്‍ പാര്‍ക്ക്.

ഇവിടെയാണ് സോഫിയയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധപ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്നത്.

ഗോര്‍ബച്ചേവിന്റെ ഭരണകാലത്ത് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഉണ്ടായ സമയത്ത്ബള്‍ഗേറിയയിലെ റൂസെ (Ruse) എന്ന റൊമേനിയയോട് ചേര്‍ന്നുകിടക്കുന്ന പട്ടണത്തിലെ വെറും ആറു വീട്ടമ്മമാര്‍ 1984-ല്‍ ഒരു സമരം തുടങ്ങി. അതിര്‍ത്തിയ്ക്കടുത്തുള്ള റൊമേനിയന്‍ ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം പട്ടണത്തെ വിഷലിബ്ദമാക്കുന്നു എന്നായിരുന്നു അവരുടെ പരാതി. ഈ സമരത്തിന്‌ വളരെപ്പെട്ടെന്ന് വല്ലാത്ത ജനശ്രദ്ധ ലഭിക്കുകയും രാജ്യമൊട്ടാകെ അത് വ്യാപിക്കുകയും ചെയ്തു. അതിന്റെ അല സോഫിയയില്‍ അടിച്ചത് ഈ പാര്‍ക്കിലായിരുന്നു. അവിടെഅലക്സാണ്ടര്‍ ഓഫ് ബാറ്റന്‍ബെര്‍ഗ് രാജാവായിരുന്ന കാലത്തെ പ്രധാനമന്ത്രി, Stephan Stambolov-ന്റെ പ്രതിമയുടെ മുന്നില്‍ നിന്നാണ് ഇത് വിവരിച്ചത്.

ടൂര്‍ പിന്നെയും തുടര്‍ന്നു. ടൂറില്‍ ഗൈഡ് പറഞ്ഞതെല്ലാം എഴുതുവാനാണെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതാം.. യാത്രാക്കുറിപ്പില്‍ അത്രയേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് ശരിയല്ല എന്ന തോന്നലാല്‍ തല്‍ക്കാലം ഇവിടെ നിര്ത്തുന്നു.

No comments:

Post a Comment