Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 32)

സോഫിയയിലെ അലക്സാണ്ടര്‍ നെവിസ്ക്കി കത്തീഡ്രല്‍ (രണ്ട്)

സോഫിയ നഗരത്തിന്റെ മാത്രമല്ലഈ രാജ്യത്തിന്റെ തന്നെ അഭിമാനമാണ് ഈ കത്തീഡ്രല്‍. അതുകൊണ്ടുതന്നെ അവിടെ എപ്പോഴും സന്ദര്‍ശകരുടെയും വാഹനങ്ങളുടെയും തിരക്കാണ്. വിശാലമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ദേവാലയത്തിന്റെ ചുറ്റിനും പ്രധാനപ്പെട്ട പല സ്ഥാപനങ്ങളും ഉണ്ട്. വാസില്‍ ലെവിസ്ക്കിയുടെ സ്മാരകം ഇതിനു തൊട്ടടുത്താണ്. ഇതിനോട് തൊട്ടുചേര്‍ന്ന്വിശുദ്ധ സോഫിയയുടെ ദേവാലയംബള്‍ഗേറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ പ്രധാന പാത്രിയാര്‍ക്കീസിന്റെ അരമന, Bulgarian Science Academy തുടങ്ങിയവ അതില്‍പ്പെടും. വളരെ അകലെയല്ലബള്‍ഗേറിയന്‍ Parliament-ഉംമുമ്പ് വിവരിച്ച റഷ്യന്‍ ചര്‍ച്ചും.

1879 February 19-ന് ഈ ദേവാലയം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും പണി തുടങ്ങുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം1882-ല്‍ മാത്രമാണ്. നിര്‍മ്മാണം സാവധാനം നടന്നു. 1904 മുതല്‍ പണികള്‍ ഊര്‍ജ്ജിതമാക്കി1912-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഈ ദേവാലയം രൂപകല്‍പന ചെയ്തവരില്‍ പ്രധാനി റഷ്യാക്കാരനായ Alexander Pomerantsev ആണ്. സ്വര്‍ണ്ണം പതിച്ച ഇതിന്റെ പ്രധാന താഴികക്കുടത്തിനു 45 മീറ്റര്‍  (148 അടി) ഉയരമുണ്ട്. ദേവാലയത്തിനുള്ളിലെ പന്ത്രണ്ട് പള്ളിമണികളുടെ മൊത്തം ഭാരം ഇരുപത്തിമൂന്നു ടണ്ണാണ്. (ഏറ്റവും ഭാരമുള്ളതിന് പന്ത്രണ്ടു ടണ്ണുംഏറ്റവും ഭാരം കുറഞ്ഞതിനു പത്തു കിലോയും തൂക്കം). ഈ പന്ത്രണ്ടു മണികളും ഒരുമിച്ച് അടിച്ചാല്‍, ചുറ്റുപാടുമുള്ള കെട്ടിടങ്ങളുടെയെല്ലാ ജനാലകളും തകരും എന്നാണിവര്‍ അവകാശപ്പെടുന്നത്. ഏതായാലും അത്തരത്തില്‍ ഒരു സാഹസത്തിന് ഇതുവരെ ആരും മുതിര്‍ന്നിട്ടില്ല.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത്റഷ്യയും ബള്‍ഗേറിയും ഇരു ചേരികളില്‍ ആയിരുന്ന കാലത്ത് (1916 – 1920) ഈ ദേവാലയത്തിന്റെ പേര് സൈന്റ്സ് സിറിള്‍ മെത്തോഡിയസ് കത്തീഡ്രല്‍ എന്നാക്കി മാറ്റിറഷ്യയോടുള്ള അപ്രീതി കാണിക്കുകയുണ്ടായി. പക്ഷെപില്‍ക്കാലത്ത് പഴയ നാമം തന്നെ സ്വീകരിക്കുകയും ചെയ്തു1924-ല്‍ ഇതിനെയൊരു "സാംസ്ക്കാരിക സ്മാരക"മായി (Monument of Cultureആയി പ്രഖ്യാപിച്ചു.

ഇതിനുള്ളില്‍, റഷ്യന്‍ ഓര്‍ത്തോഡോക്സ്കാര്‍ നല്‍കിയ നെവിസ്ക്കി വിശുദ്ധന്റെ ഭൌതികാവശിഷ്ടം (വാരിയെല്ലിന്റെ ഒരു കക്ഷണം) സൂക്ഷിച്ചിട്ടുണ്ട്.

പതിവുപോലെ ഇവിടെയും ഫൊട്ടോഗ്രഫി നിഷിദ്ധം. ആദ്യതവണ അകത്തുകയറിയപ്പോള്‍ എല്ലാം കണ്ട് ആസ്വദിച്ചു മടങ്ങി. രണ്ടാംവട്ടംജോര്‍ജ് എന്ന സുഹൃത്ത് കൂടെയുണ്ടായിരുന്നു. ഫൊട്ടോഗ്രഫി അനുവദിക്കാത്ത ധാരഷ്ട്യത്തിനോടുള്ള പ്രതിക്ഷേധമായി ഏതാനും പടങ്ങള്‍ എടുത്തു.

ഉള്ളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ബ്രസീലിയന്‍ ഓനിക്സ്അലബാസ്റ്റര്‍, തുടങ്ങിയവും സമൃദ്ധമായി ഇതിനുള്ളില്‍ കാണാം. പാത്രിയാര്‍ക്കീസിനും രാജാവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ (അതോ സിംഹാസനമോ) എന്നിവയും ഇതിനുള്ളിലുണ്ട്. മനുഷ്യര്‍ ദൈവതിരുമുമ്പില്‍ തുല്യരാണെന്നു പറയുമെങ്കിലും ദേവാലയങ്ങള്‍ക്കുള്ളില്‍ അവര്‍ അതുല്യരാണല്ലോ.

കത്തീഡ്രലിന്റെ അതിവിശാലമായ താഴത്തെനില(Crypt)യില്‍ പുരാവസ്തുക്കളുടെയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ദേവാലയങ്ങളില്‍ നിന്നും കൊണ്ടുവന്ന ചുവര്‍ചിത്രങ്ങളുടെയും വന്‍ശേഖരമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ചാര്‍ജുണ്ട്ഫോട്ടോ എടുക്കാന്‍ പ്രത്യേക ചാര്‍ജും. പള്ളിയ്ക്കുള്ളിലെ പടങ്ങള്‍ അധികം എടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തില്‍ അവിടെനിന്നും ഒരുപാടു ചിത്രങ്ങളെടുത്ത് സങ്കടം തീര്‍ത്തു..

No comments:

Post a Comment