Tuesday, 9 June 2015

ബുഡാപെസ്റ്റ് യാത്ര (Part 4)

രാവിലെ കൃത്യം ഒന്‍പതരയായപ്പോള്‍ കെട്ടിടത്തിന്റെ മുന്നില്‍ ഹാജരായി. വണ്ടി വരാന്‍ ഇരുപതു മിനിട്ടോളം വൈകി. ഡ്രൈവറിന്റെ വക ക്ഷമാപണം - ട്രാഫിക്ക് ബ്ലോക്ക്. വണ്ടിയില്‍ രണ്ടു വൃദ്ധകള്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെവിടെയോ താമസിക്കുന്ന ഓസ്ട്രിയക്കാര്‍. വണ്ടി ശീഘ്രം ഡാന്യൂബ് തീരത്തെത്തി. വനിതകള്‍ ജര്‍മ്മന്‍ ഗ്രൂപ്പിലും ഞാന്‍ ഇംഗ്ലീഷ് ഗ്രൂപ്പിലും. ഇംഗ്ലീഷ് ഗ്രൂപ്പില്‍ ആകെ അഞ്ചുപേര്‍. അയര്‍ലന്‍ഡില്‍ നിന്നുമുള്ള രണ്ടുപേര്‍. പിന്നെ ബെല്‍ജിയം സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍.

ടൂറിസ്റ്റ് ഗൈഡ് ചെറുപ്പം, വാചാലന്‍, സ്മാര്‍ട്ട്. നല്ല നര്‍മ്മബോധം. കമ്മ്യൂണിസത്തോടുള്ള വൈരാഗ്യം ഓരോ വാക്കിലും. നേരെ പോയത് ഹീറോസ് സ്ക്വയറിലേയ്ക്ക്.

ഹംഗറി എന്ന രാജ്യം സ്ഥാപിച്ച് ആയിരം വര്‍ഷങ്ങള്‍ തികഞ്ഞതിന്റെ ഓര്‍മ്മയ്ക്ക് പണികഴിപ്പിച്ചതാണ് ഈ സ്മാരകം. 1896-ല്‍ പണിയാരംഭിച്ചു, നാലു വര്‍ഷങ്ങള്‍ കൊണ്ട് പണി തീര്‍ത്തു. ഇതു പണിയുമ്പോള്‍ രാജ്യം ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഓസ്ട്രിയ ഇവരുടെ അധിനിവേശശക്തി ആയിരുന്നില്ല. പ്രസ്തുത സാമ്രാജ്യത്തിന്റെ കീഴില്‍ സ്വതന്ത്രരായി കഴിഞ്ഞു. അതിനു മുമ്പ് പല വിദേശശക്തികള്‍ ഇവരെ കീഴടക്കിയിരുന്നു. പക്ഷെ, ഗൈഡ് പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍, ഹംഗറിയുടെ ഏറ്റവും ദുരിതകാലം റഷ്യയുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ്‌ കാലഘട്ടമായിരുന്നു. എങ്കിലും മറ്റു കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളുമായി തുലനം ചെയ്താല്‍ ഇവിടെയുണ്ടായിരുന്നത് സോഫ്റ്റ്‌ കമ്മ്യൂണിസമായിരുന്നു. എന്നിട്ടും എതിര്‍പ്പുകള്‍ ധാരാളം ഉണ്ടായി. റഷ്യന്‍ സാമ്രാജ്യത്തിന്റെ തലവേദനയായിരുന്നു ഹംഗറി.

1956-ലെ അനിഷ്ടസംഭവങ്ങളുടെ ഫലമായി അന്നത്തെ ഭരണാധികാരിയായ ഇമ്രെ നോജിയെ റഷ്യന്‍ പട്ടാളം വിചാരണ ചെയ്ത് വധിച്ചതിനെക്കുറിച്ച് ഒന്നാം ഭാഗത്ത് പരാമര്‍ശിച്ചിട്ടുണ്ട്. 1958-ല്‍ വധിക്കപ്പെട്ട നോജിയുടെ ഭൌതികാവശിഷ്ടം 1989-ല്‍ വീണ്ടും ആഘോഷമായി സംസ്ക്കരിക്കപ്പെട്ടു. അതിനായി 1989 ജൂണ്‍ പതിനാറാം തിയതി ഈ സ്ക്വയറില്‍ രണ്ടര ലക്ഷം ആളുകള്‍ ഒത്തുകൂടി.

ഈ സ്ക്വയറിന്റെ ഒരു ചെറുപതിപ്പ് ചൈനയില്‍ നിര്‍മ്മിച്ചിട്ടുണ്ട് – ഷാംഗായി ഗ്ലോബല്‍ പാരഡൈസ് (Shanghai Global Paradise).

ഹീറോസ് സ്ക്വയറിന്റെ ഇരു വശങ്ങളിലുമായി രണ്ടു മനോഹര സൌധങ്ങള്‍ കൂടിയുണ്ട് – ഇടതുവശത്ത് Museum of Fine Arts, വലതുവശത്ത് പാലസ് ഓഫ് ആര്‍ട്സ്.

സ്ക്വയറിലെ പ്രധാന സ്തൂപത്തിന്റെ മുകളില്‍ ഗബ്രിയേല്‍ മാലാഖയുടെ രൂപമാണ്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഈ സ്മാരകത്തിന് സാരമായ നാശങ്ങള്‍ ഉണ്ടായി. അതെല്ലാം പിന്നീട് മരാമത്ത് പണികള്‍ ചെയ്ത് ശരിയാക്കിയിട്ടുണ്ട്. ഒരു പോറല്‍ പോലും ഇന്നു കാണാനില്ല. സ്മാരകത്തിന്റെ മുഖ്യ ആകര്‍ഷണം രാഷ്ട്രസ്ഥാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ഏഴു മജാര്‍ ഗോത്രനേതാക്കളുടെ പ്രതിമകളാണ്.

അവിടെയെല്ലാം ചുറ്റിനടക്കുവാനും, ഫോട്ടോ എടുക്കുവാനും അരമണിക്കൂര്‍ സമയം അനുവദിച്ചുതന്നു. അവിടം കണ്ടുകഴിഞ്ഞപ്പോള്‍ വീണ്ടും യാത്രയായി. ഗൈഡ് സദാ വാചാലനായിരുന്നു. ശരാശരി ഗൈഡിനേക്കാള്‍ ചരിത്രബോധം ഉള്ളയാളായി തോന്നി. മുകളില്‍ സൂചിപ്പിച്ചതുപോലെ, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ അഭിപ്രായങ്ങള്‍ വന്നുകൊണ്ടേയിരുന്നു.

ഒരു ഇടവേള ലഭിച്ചപ്പോള്‍ ഞാന്‍ സ്വകാര്യമായി ആരാഞ്ഞു..

"ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ്‌ ഭരണം ഇത്ര മോശമായിരുന്നിട്ടും കമ്മ്യൂണിസം തിരിച്ചുവരുന്നത് സ്വപ്നം കാണുന്ന ചിലരെങ്കിലും ഇല്ലേ? എന്താണതിന്റെ പിന്നിലെ കാരണം?”

ആരെങ്കിലും ഈ ചോദ്യം ചോദിക്കാന്‍ കാത്തിരുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ശരിയാണ്.. കമ്മ്യൂണിസം തിരിച്ചുവരുമെന്ന് സ്വപ്നം കാണുന്ന ചിലരെങ്കിലും ഉണ്ട്. പക്ഷെ എണ്ണത്തില്‍ അവര്‍ വളരെ കുറവാണ്.”

“കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ സിസ്റ്റം വളരെ മോശമായിരുന്നു. അടിച്ചമര്‍ത്തല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എങ്കിലും അതിന് അതിന്റേതായ ചില ഗുണങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഫ്ലാറ്റില്‍ മൂന്നും നാലും കുടുംബങ്ങള്‍ക്ക് കഴിയേണ്ടിവന്നു. ദുരിതപൂര്‍ണ്ണമായിരുന്നു ജീവിതം. എങ്കിലും കയറിക്കിടക്കാന്‍ ഒരു കൂര എല്ലാവര്ക്കും സ്വന്തമായി ഉണ്ടായിരുന്നു. പക്ഷെ ഇന്ന് വീടുവാങ്ങാന്‍ കഴിയാത്ത നിരവധിപേരുണ്ട്. എല്ലാവര്ക്കും ജീവിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. സര്‍ക്കാരിനോടും പാര്‍ട്ടിയോടും ഒട്ടിനിന്നവര്‍ക്ക് മാത്രമായിരുന്നു ആഡംബരജീവിതം. ദരിദ്രന്റെ ജീവിതം ഇന്ന് അന്നത്തേതിനേക്കാള്‍ മോശമാണ്.”

"പിന്നെ, പഴയതെല്ലാം നല്ലതായിരുന്നു എന്ന തോന്നല്‍ മനുഷ്യസ്വഭാവമാണല്ലോ.. ചെറുപ്പകാലത്തെ ജീവിതം എത്ര മോശമായിരുന്നെങ്കിലും അതിനെ ഗ്ലോറിഫൈ ചെയ്യാനുള്ള ഒരു പ്രവണത. അതു മാത്രമാണ് കമ്മ്യൂണിസ്റ്റ്‌ നൊസ്റ്റാള്‍ജിയ.”

ഞാന്‍ ചോദിച്ചു.. “ഹംഗറിയില്‍ കമ്മ്യൂണിസം തിരിച്ചുവരാനുള്ള എന്തെങ്കിലും സാധ്യത?”

“ഇല്ല.. ഒരിക്കലുമില്ല. ഞങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന ഒരു ദുസ്വപ്നമാണ് കമ്മ്യൂണിസ്റ്റ്‌ കാലഘട്ടം.”

വണ്ടി നീങ്ങിക്കൊണ്ടിരുന്നു.

Budapest Pictures (Chapter 4)

No comments:

Post a Comment