Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 33)

സോഫിയ യൂണിവേര്‍സിറ്റി

പൊതുവേ മലയാളികളുടെ ഒരു ബലഹീനതയാണല്ലോ കുട്ടികളുടെ വിദ്യാഭ്യാസം. എല്ലാവര്ക്കും മക്കളെ ഡോക്ടര്‍ ആക്കണം. അതില്‍ കുറഞ്ഞ ഒന്നിലും താല്പര്യമില്ല. മലയാളിയുടെ ഈ ബലഹീനതയെ മുതലെടുക്കാന്‍ എത്രയോ ചതിക്കുഴികള്‍ ഒരുക്കപ്പെട്ടിരിക്കുന്നു.

മക്കളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നിരവധി പ്രവാസികള്‍ അവരെ ഇന്ത്യയിലെ മെഡിക്കല്‍കോളേജുകളില്‍ വന്‍തുക ഡൊണേഷന്‍ കൊടുത്ത് അഡ്മിഷന്‍ വാങ്ങുന്നു. യു.കെ. മലയാളികളുടെയിടയിലിപ്പോഴുള്ള പ്രവണത ഇവിടെ മെഡിക്കല്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ അവരെ പഴയ സോവിയറ്റ്ബ്ലോക്ക് രാജ്യങ്ങളില്‍ വിട്ട് പഠിപ്പിക്കുകയെന്നതാണ്.

ഹംഗറിയിലും ബള്‍ഗേറിയയിലും അങ്ങിനെ പഠിക്കുന്ന മലയാളികുട്ടികള്‍ ഉണ്ട്. ഒരു കണക്കിന് നാട്ടില്‍ വിട്ടു പഠിപ്പിക്കുന്നതിലും എന്തുകൊണ്ടും ഭേദമാണ് അതെന്നു തോന്നുന്നു. ഒന്നാമത്തെ കാരണം കുട്ടികള്‍ക്ക് ഇവിടത്തെയും നാട്ടിലെയും തമ്മിലുള്ള ജീവിതസൌകര്യങ്ങളുടെ അന്തരം ഈ രാജ്യങ്ങളില്‍ അത്രയ്ക്ക് അനുഭവപ്പെടുകയില്ല. രണ്ടാമത്അവിടെ പഠിച്ചുവന്നാല്‍ യു.കെ.യില്‍ മെഡിക്കല്‍ രജിസ്റ്ററേഷന്‍ ലഭിക്കുന്നതിനു യാതൊരു തടസവും ഇല്ല. പഠനചെലവും യാത്രാചെലവും നാട്ടിലേതുമായി താരതമ്യം ചെയ്‌താല്‍ കുറവുമാണ്.

വര്‍ണ (Varna),   പ്ലെവെന്‍ (Pleven), തുടങ്ങിയ ബള്‍ഗേറിയന്‍ നഗരങ്ങളിലെ മെഡിക്കല്‍കോളേജുകളില്‍ മലയാളികള്‍ പഠിക്കുന്നുണ്ടെന്നു കേട്ടിരുന്നു. അവരിലാരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. എങ്കിലുംസോഫിയ യുണിവേര്‍സിറ്റി നിത്യവും കണ്ടിരുന്നതിനാല്‍ അതിനകത്ത് ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹം തോന്നി. അവിടെ നിന്നും പണ്ടുകാലത്ത് പഠിച്ചിറങ്ങിയ ജോര്‍ജിനൊപ്പം ഒരു ദിവസം അവിടെ പോയി.

ഈ സര്‍വകലാശാലയുടെ ഔദ്യോകികനാമം The "St. Kliment Ohridski" University of Sofia എന്നാണ്. രാജ്യം തുര്‍ക്കിയില്‍ നിന്നും സ്വാതന്ത്ര്യം നേടി പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ (1888) ഇത് തുറന്നുപ്രവര്‍ത്തനമാരംഭിച്ചു.  Evlogi Georgiev and Hristo Georgiev എന്നു പേരുള്ള രണ്ടു സമ്പന്നസഹോദരങ്ങളാണ് ഇതിനുവേണ്ടിവന്ന തുകയില്‍ നല്ലൊരു ശതമാനം സംഭാവനയായി നല്‍കിയത്. ഈ സഹോദരങ്ങളുടെ പ്രതിമകള്‍ പ്രധാനകവാടത്തിന്റെ മുന്നില്‍ കാണാം. മൂന്നു ഡിപ്പാര്‍ട്ട്മെന്റുകളുംപതിനാറു ഫാക്കല്‍റ്റികളും (മെഡിക്കല്‍ ഫാക്കല്‍റ്റി ഉള്‍പ്പടെ) ഈ സര്‍വകലാശാലയില്‍ ഉണ്ട്. . ഇവിടെ 21,000 വിദ്യാര്‍ഥീ/ വിദ്യാര്‍ഥിനികള്‍ പഠിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനശൈലിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായി.

ഇന്ന് സോഫിയ യുണിവേര്‍സിറ്റി രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയാണ്. വിക്കിപീഡിയയില്‍ ഇങ്ങനെ കാണുന്നു..

"Sofia University is the best university in Bulgaria in National Rankings, and is constantly among the top 4 percent of World Universities according to QS World University Rankings."

ഗാര്‍ഡുകള്‍ എന്തെങ്കിലും ചോദിച്ചാല്‍, “ഇതൊരു മുന്‍ ഇന്ത്യന്‍ പ്രൊഫസര്‍ ആണ്” എന്നുപറയും എന്ന് ജോര്‍ജ് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. ഏതായാലുംഅങ്ങിനെയൊരു കള്ളം പറയേണ്ട ആവശ്യം ഉണ്ടായില്ല. ഞങ്ങള്‍ അതിനുള്ളില്‍ കയറി കറങ്ങിനടന്നിട്ട് ആരും തടയുകയോഎന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല.

സോഫിയ യുണിവേര്സിറ്റിയുടെയും അതിനു സമീപത്തുള്ള നാഷണല്‍ ലൈബ്രറിയുടെയും ചിത്രങ്ങള്‍ക്കായി ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment