Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Introduction)

ആമുഖം - ബള്‍ഗേറിയന്‍ കുട.

1978 സെപ്റ്റംബര്‍ ഏഴാം തിയതിബള്‍ഗേറിയയുടെ രാഷ്ട്രത്തലവന്‍, തോഡോര്‍ ഷിവക്കോവിന്റെ ജന്മദിനത്തില്‍ ലണ്ടനിലെ വാട്ടര്‍ലൂ ബ്രിഡ്ജില്‍ വച്ച് ബള്‍ഗേറിയന്‍ വിമതന്‍ ഗിയോര്‍ഗി മാര്‍ക്കൊവിനെ ആരോ കുട കൊണ്ട് കുത്തി.

മാര്‍ക്കോവ് ബള്‍ഗേറിയയിലെ അറിയപ്പെടുന്ന നോവലിസ്റ്റും നാടകകൃത്തുംഷിവക്കോവിന്റെ ഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്നു. ഷിവ്ക്കൊവിന്റെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍നിന്നും രക്ഷപ്പെട്ട് അദ്ദേഹം ബ്രിട്ടനില്‍ വന്നു. ഇവിടെ അദ്ദേഹം ബി.ബി.സിയുടെ മാധ്യമപ്രവര്‍ത്തകനായി. അങ്ങിനെ കൈവന്ന സ്വാതന്ത്ര്യം ജന്മനാട്ടിലെ ഭരണത്തെ കൂടുതല്‍ കരുത്തോടെ വിമര്‍ശിക്കാന്‍ അദ്ദേഹം വിനയോഗിച്ചു.

അന്ന് ബസ് കാത്ത് നിന്നപ്പോള്‍ ആരോ തന്നെ കുത്തിയതായി അനുഭവപ്പെട്ടു. വലതുതുടയുടെ പിന്ഭാഗത്താണ് കുത്തു കൊണ്ടത്. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരാള്‍ നിലത്തുനിന്നും ഒരു കുടയെടുക്കുന്നതാണ്. അയാള്‍ ഇറ്റാലിയന്‍ വംശജനായ ഡാനിഷ് പൌരനായിരുന്നു എന്ന് പിന്നീടു നടന്ന അന്വേക്ഷണങ്ങളില്‍ നിന്നും മനസിലായി. മാര്‍ക്കോവ് മൂന്നാം ദിവസം മരണപ്പെട്ടു.

ആ കുട സത്യത്തില്‍ സങ്കീര്‍ണ്ണമായ മാരക ഉപകരണമായിരുന്നു. കുത്തെറ്റപ്പോള്‍ കടുത്ത വേദന ഉണ്ടായില്ലെങ്കിലും റെസിന്‍ എന്ന വിഷമയമായ കുടയുടെ മുന കൊണ്ടാണ് കുത്തേല്‍പിച്ചത്..

അന്വേക്ഷണം എങ്ങും ചെന്നെത്തിയില്ല. ഇന്നും തുടരുന്നു. എങ്കിലും ഇതിന്റെ പിന്നില്‍ റഷ്യന്‍ പിന്തുണയുള്ള ബള്‍ഗേറിയന്‍ രഹസ്യപോലീസ് ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

പാശ്ചാത്യലോകത്തിന് ബള്‍ഗേറിയ എന്നാല്‍ ഈ ബള്‍ഗേറിയന്‍ കുടയുടെ നാട് മാത്രമാണ്. മറ്റു കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ തീരെ അറിയപ്പെടാത്ത രാജ്യം.


2007-ല്‍ യുറോപ്യന്‍ യുണിയന്റെ ഭാഗമായെങ്കിലും ഇന്നും ഇത് പലര്‍ക്കും അജ്ഞാതലോകമാണ്.

ലിബിയയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മിക്ക കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സഹപ്രവര്‍ത്തകരുണ്ടായിരുന്നു. അവരില്‍ ഏറ്റവും നല്ലവരായി തോന്നിയത് ബള്‍ഗേറിയക്കാരായിരുന്നു. നിഷ്ക്കളങ്കരും ആത്മാര്‍ത്ഥതയുള്ളവരുമായി തോന്നിയിരുന്നു.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മുതലാളിത്തത്തിലെയ്ക്കുള്ള ബള്‍ഗേറിയുടെ മാറ്റം വളരെ ആയാസകരമായിരുന്നു. രാജ്യം മാഫിയസംഘത്തിന്റെ പിടിയിലായി. നിയമവ്യവസ്ഥ മോശമായി. ജനങ്ങള്‍ പ്രശുബ്ദരായി. അങ്ങിനെ യുറോപ്യന്‍ യുണിയന്‍ അംഗത്വം നീണ്ടുനീണ്ടുപോയി.
നില മെച്ചപ്പെട്ടുവരുന്നു. എങ്കിലും ആ പ്രദേശത്തെ രാജ്യങ്ങളില്‍ ഏറെ പിന്നിലാണ് ബള്‍ഗേറിയ ഇന്നും.

ബള്‍ഗേറിയയിലേയ്ക്ക് ഒരു യാത്ര പോവുകയാണ്. ഒരു മാസം അവിടെ താമസിക്കാന്‍ ഉദ്ദേശമുണ്ട്. പ്രതീക്ഷിച്ചതിലും കാര്യങ്ങള്‍ ബുദ്ധിമുട്ടാണെങ്കില്‍ നേരത്തെ മടങ്ങും.

ബള്‍ഗേറിയന്‍ അനുഭവങ്ങള്‍, സമയവും സൌകര്യവും പോലെ ഇവിടെ പങ്കുവയ്ക്കുന്നതാണ്.

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 1)

ആദ്യാനുഭവങ്ങള്‍

രാവിലെ 6.20-നു മാഞ്ചെസ്റ്ററില്‍ നിന്നും ഈസിജെറ്റിന്റെ ഫ്ലൈറ്റ് പുറപ്പെട്ടു. യാത്രക്കാരില്‍ കൂടുതലും ഏതോ ഹെന്‍ പാര്‍ട്ടിയ്ക്ക് പോകുന്ന ബ്രിട്ടിഷ് സ്ത്രീകളായിരുന്നു. അരമണിക്കൂര്‍ മുന്നേ11.10നു സോഫിയ എയര്‍പോര്ട്ടിന്റെ ഒന്നാമത്തെ ടെര്‍മിനലില്‍ ലാന്ഡ് ചെയ്തു. പെട്ടിയുമെടുത്ത് പുറത്തുവന്നപ്പോള്‍ താമസസൗകര്യം ഒരുക്കിയ സാറാ ടൂര്‍സ്കാരുടെ ഡ്രൈവര്‍ കാത്തുനില്‍ക്കുന്നു. അയാള്‍ക്കൊപ്പം കാറില്‍ ഫ്ലാറ്റിലേയ്ക്ക് തിരിച്ചു. ഒരു ഗൈഡിനെപ്പോലെ വഴിയിലുള്ള കാഴ്ചകള്‍ അദ്ദേഹം വിശദീകരിച്ചു. ഇടയ്ക്ക് ബാങ്കില്‍ കയറി കുറെ പൌണ്ട് ലേവയിലേയ്ക്ക് മാറ്റി. പൌണ്ടൊന്നിനു 2.68 ലേവ.

താമസസൗകര്യം ബോധിച്ചു. ഒരു കിടപ്പുമുറിയും സിറ്റിംഗ്റൂമുംഓപ്പണ്‍ കിച്ചനും.. അത്യാവശ്യം രണ്ടുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ധാരാളം. ഒറ്റയ്ക്കായതുകൊണ്ട്വിശാലം.

തലേരാത്രിയില്‍ തീരെ ഉറങ്ങാത്തതിന്റെയും യാത്രയുടെയും ക്ഷീണം കാരണം വെളിയില്‍ പോയതേയില്ല. ചായയുണ്ടാക്കികൈയില്‍ കരുതിയിരുന്ന സാന്ഡ്വിച്ചും കഴിച്ച് നേരത്തെ കിടന്നു.

രാവിലെ എഴുന്നേറ്റപ്പോള്‍ ബില്‍ജിന്‍ എര്സോയി എന്നൊരാളെ വിളിച്ചു. ഇദ്ദേഹത്തെമാഞ്ചെസ്റ്ററിലെ സുഹൃത്ത്ജാനേഷ് നായര്‍ വഴി കിട്ടിയതാണ്. ബില്‍ജിന്റെ പ്രതിശ്രുതവധു ജാനേഷിനൊപ്പം ഡോക്ടറായി വിഥിന്‍ഷോ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

താമസിയാതെ ബില്‍ജിന്‍ താഴെ വന്നുവിളിച്ചു. ഇല്ലഫ്ലാറ്റിലേയ്ക്ക് വരുന്നില്ല. വല്ലാത്ത ഫ്ലു ഉണ്ട്.. ഫ്ലാറ്റ് ഇന്ഫെക്ടഡ് ആക്കാന്‍ താല്പര്യമില്ല. ഒരുമിച്ചു അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്നുള്ള ഭോജനശാലയില്‍ കയറി. ഒരു ആനയെ വിഴുങ്ങാനുള്ള വിശപ്പുണ്ട്. രണ്ടു ആനയുടെ വലിപ്പമുള്ള പ്രഭാതഭക്ഷണം വന്നു. നല്ലൊരു പങ്ക് അകത്താക്കി..

ബില്‍ജിനോപ്പം ചുറ്റുപാടും ഒന്നു കറങ്ങിനടന്നു. സിറ്റി സെന്ററില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുതന്നു. തൊട്ടടുത്തുള്ള സ്ട്രീറ്റില്‍ നിന്നും ഇരുപത്തിരണ്ടാം നമ്പര്‍ ട്രാമില്‍ കയറിയാല്‍ അവിടെയെത്താംഅല്ലെങ്കില്‍ രണ്ടുമിനിട്ടുമാത്രം നടന്നാല്‍ മെട്രോ സ്റ്റേഷനായി. അതില്‍ കയറിയാല്‍ അടുത്ത സെര്ഡിക്കാ എന്ന സ്റ്റോപ്പ് സിറ്റിസെന്റര്‍ ആണ്. പക്ഷെഇതു രണ്ടും വേണ്ടനമുക്ക് നടക്കാം എന്നു ബില്‍ജിന്‍. നഗരം കാണാന്‍ നടപ്പിനെക്കാള്‍ നല്ല എന്തു മാര്‍ഗമാണുള്ളത്! ഞാന്‍ റെഡി. പതിനഞ്ചു മിനിട്ടുകൊണ്ട് സെര്ഡിക്കാ സ്റ്റേഷന്‍ എത്തി. ഒരു മാസത്തേയ്ക്കുള്ള ട്രാവല്‍ കാര്‍ഡ് സംഘടിപ്പിക്കാന്‍ ഓഫീസില്‍ ചെന്നു. മെയ്‌ ഒന്നാം തിയതി അവധിയാണ്. എങ്കിലും കാര്യം നടന്നു. അമ്പതു ലേവയും സര്‍വീസ് ചാര്‍ജായി രണ്ടു ലേവ അധികവും നല്‍കിയപ്പോള്‍ ഫോട്ടോ പതിപ്പിച്ച കാര്‍ഡ്‌. രണ്ടു മിനിട്ടു കൊണ്ട് കാര്യം സാധിച്ചു.

പാസ്പോര്‍ട്ടിലെ എന്റെ കണിയാംപറമ്പില്‍ എന്ന പേര് കണ്ട്സ്ത്രീ അന്ധാളിച്ചു. മോഹാലസ്യം ഭയന്ന്കണി അലക്സ്‌ എന്നെഴുതിയാല്‍ മതിയെന്ന് ഞാന്‍. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം കണ്ടു അവരുടെ മുഖത്ത്.

നഗരത്തിലൂടെ അലക്ഷ്യമായി കുറെ അലഞ്ഞു. ക്ഷീണം തോന്നിയപ്പോള്‍ മെട്രോയില്‍ കയറി അടുത്ത സ്റ്റേഷനില്‍ (ഓപ്പല്‍ചെന്‍സ്ക്കാ - Opalchenskaഎത്തി.

1960-ല്‍, കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ പ്ലാന്‍ ചെയ്തെങ്കിലുംമെട്രോ യാഥാര്‍ഥ്യമായത്തൊണ്ണൂറുകളുടെ അവസാനം മാത്രമാണ്. മെട്രോയുടെ ആവശ്യത്തെ സാധൂകരിക്കുന്ന ഗതാഗതാമോആളുകളോ സോഫിയയില്‍ ഇല്ല എന്നതായിരുന്നു ഔദ്യോഗിക കാരണം. ഇന്ന് രണ്ടു ലൈന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ സ്റ്റേഷനുകളുംലൈനുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. വളരെ കാര്യക്ഷമമാണ് പ്രവര്‍ത്തനം. ഡല്‍ഹിമെട്രോയും ഇതുപോലെത്തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് അടുത്ത കാലത്താണ് കണ്ടത്. പക്ഷെ ഡല്‍ഹിയിലെ അത്രയും ജനനിബിഡമല്ലാത്തതിനാല്‍ കൂടുതല്‍ സൌകര്യപ്രദമായി തോന്നി.

വീട്ടില്‍ വന്നു ഒരു ചായയും കുടിച്ച് അല്പം വിശ്രമിച്ചതിനുശേഷം അടുത്തുള്ള ലിഡില്‍ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി നടന്നു. മെയ്‌ദിനത്തിന്റെ അവധി ആയതിനാലാവണം വഴിയില്‍ അധികമാരെയും കാണാന്‍ സാധിച്ചില്ല. പോകുന്നവഴി മാള്‍ ഓഫ് സോഫിയ കണ്ടു. നഗരത്തിലെ ആദ്യത്തെ ആധുനിക ഷോപ്പിംഗ്‌ മാള്‍ ആണ്. പിന്നീട് മറ്റു പലതും ഉണ്ടായപ്പോള്‍ മാള്‍ ഓഫ് സോഫിയയുടെ പ്രാധാന്യവും പ്രശസ്തിയും കുറഞ്ഞു. സ്റ്റാലിനിസ്റ്റിക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൂറ്റന്‍ ബഹുനിലകെട്ടിടങ്ങള്‍ പോകുന്നവഴിയില്‍ ധാരാളം കണ്ടു. ലിഡിലില്‍ യു.കെ.യില്‍ കിട്ടുന്ന സാധനങ്ങള്‍ എല്ലാം തന്നെയുണ്ട്‌. വില കുറവും..

ശനിയാഴ്ച രാവിലെ ഒരുങ്ങി സിറ്റി ലക്ഷ്യമാക്കി മെട്രോയില്‍ കയറി.
www.freesofiatour.com എന്ന വെബ്സൈറ്റിലൂടെ സോഫിയയിലെ കുറെ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്തു നടത്തുന്ന ഒരു കാല്‍നട ടൂറിനെക്കുറിച്ച് അറിഞ്ഞിരുന്നു. ഏതു കാലാവസ്ഥയിലും അവധി ദിവസങ്ങളിലും ഇതുണ്ടാവും. സോഫിയയിലെ പാലസ് ഓഫ് ജസ്റ്റിസിനു മുന്നില്‍ ചെല്ലുകനേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. തികച്ചും സൌജന്യം. സംഭാവനകള്‍ സ്വാഗതം.

ഇതുപോലൊന്ന് ചെയ്യാന്‍ എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ മുതിരുന്നില്ല?

ദിവസവും രണ്ടു ടൂര്‍ ആണുള്ളത് - രാവിലെ പതിനൊന്നിനും വൈകുന്നേരം ആറു മണിക്കും. കുറെ നേരത്തെ എത്തിയതിനാല്‍ പാലസിന്റെ ചുറ്റും ഒന്നു കറങ്ങി. തൊട്ടടുത്ത് ഒരു പള്ളി കണ്ടു – ഹോളി സണ്ടേ ചര്ച്ച്.

പാലസിന്റെ സൈഡിലുള്ള വഴിയെ നടന്നു.. ഇറ്റാലിയന്‍ പേരുള്ള റോഡ്‌.. വിറ്റോറിയോ പോസിറ്റാനോ സ്ട്രീറ്റ്.. വിറ്റോറിയോ ഡി സിക്കാ എന്നു കേട്ടിട്ടുണ്ട്എന്നാല്‍ ആരാണോ ഈ പോസിറ്റാനോകുറെ നടന്നപ്പോള്‍, ഒരു ബോര്‍ഡ് കണ്ടപ്പോള്‍ ആ കഥയുടെ ചുരുള്‍ അഴിഞ്ഞു.. 

ഓട്ടോമന്‍ അധീനതയിലായിരുന്ന ബള്‍ഗേറിയയെ 1877-78 കാലങ്ങളില്‍ റഷ്യയാണ് അവരില്‍ നിന്നും കടുത്ത ഒരു യുദ്ധത്തിനുശേഷം മോചിപ്പിച്ചത്. അക്കാലത്ത് നമ്മുടെ വിറ്റോറിയോ സോഫിയയിലെ ഇറ്റാലിയന്‍ വൈസ് കോണ്‍സുള്‍ ആയിരുന്നു. യുദ്ധം തോല്‍ക്കുമെന്ന നിലവന്നപ്പോള്‍ ഒസ്മാന്‍ നൂറി പാഷ എന്ന തുര്‍ക്കിയുടെ കമാണ്ടര്‍ സോഫിയ നഗരം ചുട്ടെരിക്കാന്‍ തീരുമാനിച്ചു. മറ്റു പലരുടെയും സഹായത്തോടെ ഈ വിറ്റോറിയോയാണ് ആ ശ്രമം പരാജയപ്പെടുത്തിയത്..

നന്ദിയുള്ളവരാന് ബള്‍ഗേറിയക്കാര്‍...

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 2)

സോഫിയ ടൂര്‍

ശനിയാഴ്ച കൃത്യസമയത്ത് ടൂറിനായി നീതിക്കൊട്ടാരത്തിന്റെ (പാലസ് ഓഫ് ജസ്റ്റിസ്‌) മുന്നില്‍ എത്തുമ്പോള്‍ നല്ല ഒരു ജനക്കൂട്ടം അവിടെയുണ്ട്. എഴുപത്തഞ്ചില്‍ കുറയാതെ. നാലോ അഞ്ചോ പേരെമാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.

അപ്പോള്‍ ഒരു അനൌണ്‍സ്മെന്റ്...

ഞങ്ങള്‍ അടുത്തമാസം തുടങ്ങാനിരിക്കുന്ന കള്‍ച്ചറല്‍ ടൂറിന്റെ ട്രൈയല്‍ നടക്കുകയാണ്. തല്‍ക്കാലം ഇത് സൌജന്യമാണ്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം. താല്പര്യമുള്ളവര്‍ക്ക് അതില്‍ ചേരാം.." ഞാന്‍ അതില്‍ കൂടാന്‍ തീരുമാനിച്ചു. അവിടെയുമുണ്ട് ഇരുപത്തഞ്ചു പേര്‍. ഗൈഡ്: വിക്കി എന്ന ചെറുപ്പക്കാരി.

വിക്കിഅവസാനവര്‍ഷ നിയമവിദ്യാര്‍ഥിനിയാണ്. നല്ല പ്രസരിപ്പും ചടുലതയുമുള്ള കുട്ടി. ഇംഗ്ലീഷ് അനായാസമായി വഴങ്ങുന്നുണ്ട്. അതൊരു വളരെ നല്ല അനുഭവമായിരുന്നു. കാഴ്ചകള്‍ക്ക് പ്രാധാന്യമില്ലാതെനടന്നുകൊണ്ടുള്ള സംസാരം. ബള്‍ഗേറിയ എന്ന രാജ്യത്തെക്കുറിച്ചുംഅവരുടെ വിവിധ സാംസ്ക്കാരികമേഖലകളെക്കുറിച്ചും നല്ല ഉള്‍ക്കാഴ്ച്ച നല്‍കിയ അനുഭവം. അതെല്ലാം വരുംഅദ്ധ്യായങ്ങളില്‍ ഇവിടെ പങ്കു വയ്ക്കുന്നതാണ്.

ഇന്ന്തിങ്കളാഴ്ച വീണ്ടും നീതിക്കൊട്ടാരത്തിന്റെ മുന്നിലെത്തി. ജനത്തിന് യാതൊരു കുറവും ഇല്ല. ഇന്നും കള്‍ച്ചറല്‍ ടൂര്‍ ഉള്ളതുകൊണ്ട് കുറേപ്പേര്‍ അതില്‍ ചേര്‍ന്നു. ബാക്കിയുള്ളവരെ രണ്ടായി തിരിച്ചു. എനിക്കു കിട്ടിയ ഗൈഡ് ഡെനി. വളരെ പ്രഗല്‍ഭയാണ് കക്ഷി.. ചരിത്രത്തിലും ടൂറിസം മാനേജ്മെന്റിലും ഇരട്ട മാസ്റ്റെര്സ് കഴിഞ്ഞ് ഇപ്പോള്‍ റഷ്യന്‍ ചരിത്രത്തില്‍ ഗവേഷണ വിദ്യാര്‍ഥിനി.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ഡെനിയുടെ ടൂര്‍ ഒരു മുഖവുര മാത്രമായിരുന്നു. സ്ഥലങ്ങള്‍ ഓരോന്നായി വീണ്ടും സന്ദര്‍ശിക്കണം. അപ്പോള്‍ എല്ലാം വിശദമായി കുറിക്കാം.

പൊതുവിലുണ്ടായ ഇമ്പ്രഷന്‍ - സോഫിയ ആരാധനാലയങ്ങളുടെ നഗരമാണ്. അഞ്ചു നൂറ്റാണ്ട് നീണ്ടുനിന്ന ഒട്ടോമാന്‍ ഭരണകാലത്തുംനാല്പത്തിമൂന്ന് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തിലും ഒരൊറ്റ ആരാധനാലയം പോലും ബള്‍ഗേറിയയില്‍  നശിപ്പിക്കപ്പെട്ടില്ല. 1946 മുതല്‍ 1989 വരെയുള്ള കാലത്ത് ബള്‍ഗേറിയ ഔദ്യോഗികമായി ഒരു നാസ്തികരാഷ്ട്രം (Atheist Stateആയിരുന്നു. ഇന്നും ജനത്തിന് മതത്തോട് അമിതാവേശമില്ല. ആരാധനാലയങ്ങള്‍ ജീര്‍ണ്ണിക്കുന്നുആളുകളുടെ പാദസ്പര്‍ശത്തിനായി കൊതിച്ചുകഴിയുന്നു. ശരാശരി ബള്‍ഗേറിയക്കാര്‍ ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം പള്ളിയില്‍ പോകുന്നു. വിവാഹം കൂടുതലും സിവില്‍ ഓഫീസുകളിലാണ് നടക്കുന്നത്. ജനത്തിന്റെ സിംഹഭൂരിപക്ഷവും ഓര്ത്തഡോക്സ്കാരാണ്. കത്തോലിക്കര്‍ ഒരു ശതമാനം മാത്രം. എങ്കിലും തലസ്ഥാനനഗരിയില്‍ അവര്‍ക്കും ഒരു പള്ളിയുണ്ട്. കമ്മ്യൂണിസ്റ്റ്‌കാലത്ത് ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു പുരോഹിതരുടെമേല്‍. അവരില്‍ ചിലരെങ്കിലും സര്‍ക്കാരിന്റെ രഹസ്യപ്പോലീസിനെ ജനങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് അവരുടെ പ്രീതി നേടിയിരുന്നു എന്നൊരാരോപണം ഈയിടെയായി ഉയര്‍ന്നുവരുന്നുണ്ട്.

കാര്യങ്ങള്‍ എന്തായാലും വിവിധ മതസ്ഥരുടെപ്രതാപകാലത്ത് പണിതീര്‍ത്തമനോഹരമായ ആരാധനാലയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഈ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് അവ വളരെ വിലപ്പെട്ടതാണ്‌.

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ Part 3)

അല്പം ബള്‍ഗേറിയന്‍ ചരിത്രം..

യാത്രാവിവരണത്തിനിടയില്‍ ചരിത്രം ഒരു കല്ലുകടി തന്നെയാണ്. എങ്കിലും ഇനിയും മുന്നോട്ടു പോകണമെങ്കില്‍ അല്പം ചരിത്രം പറയാതെ വയ്യ. അനേക നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യമാണ്പക്ഷെ പഴയതെല്ലാം അവഗണിച്ച്ആധുനികചരിത്രം മാത്രം കുറിക്കട്ടെ.

നീണ്ട അഞ്ചുനൂറ്റാണ്ടുകാലം ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബള്‍ഗേറിയ. (കൃത്യമായിപ്പറഞ്ഞാല്‍ 1362 മുതല്‍ 1878 വരെ). തുര്‍ക്കികളുടെ കീഴില്‍ ജീവിതം ദുസ്സഹമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തില്‍നിന്നും പ്രചോദിതരായ സ്വദേശികള്‍ പത്തൊന്‍പതാം നൂറ്റാണ്ടോടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമങ്ങളാരംഭിച്ചു. സ്വാതന്ത്ര്യത്തിനായുള്ള വിപ്ലവം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. തുര്‍ക്കികളുമായി ഇടയാന്‍ കാത്തിരുന്ന റഷ്യയിലെ അന്നത്തെ സാര്‍ ആയിരുന്ന അലക്സാണ്ടര്‍ രണ്ടാമന്‍ ഈയവസരം മുതലാക്കി അവരുമായി യുദ്ധം പ്രഖ്യാപിച്ചു. 1877 മുതല്‍ 1878 വരെ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ രണ്ടുലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
അന്നുമുതല്‍ ഇന്നുവരെ റഷ്യയോടുള്ള നന്ദിയും കടപ്പാടും ബള്‍ഗേറിയക്കാര്‍ മറന്നിട്ടില്ല. അതിന്റെ ഫലമായാണ് ബള്‍ഗേറിയ കമ്മ്യൂണിസത്തിന്റെ ഏറ്റവും നല്ല കുഞ്ഞാടായി പെരുമാറിയത്. അലെക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്നാട്ടുകാര്‍ക്ക് Tsar Liberator” ആയി. അതിന്റെ ഉപകാരസ്മരണയ്ക്ക് പണി കഴിപ്പിച്ചതാണ്‌ സോഫിയയിലെ ഏറ്റവും വലിയ അലക്സാണ്ടര്‍ നെവിസ്ക്കി ചര്ച്ച്.

പക്ഷെ വിമോചനം രാജ്യത്ത് ഒരു പ്രതിസന്ധി സൃഷ്ടിച്ചു – ആരാവണം ബള്‍ഗേറിയയുടെ രാജാവ്?

ഇന്ത്യയിലാണെങ്കില്‍ പരിഹാരം ദുഷ്ക്കരമല്ല. ക്ഷത്രിയകുലത്തില്‍ പിറന്ന ആരും രാജാവാകാന്‍ യോഗ്യനാണ്. പക്ഷെയുറോപ്പിലെ സ്ഥിതി അതല്ല. റോയല്‍ ഫാമിലിയില്‍ ജനിച്ച ഒരാള്‍ക്കുമാത്രമേ രാജാവാകാന്‍ സാധിക്കൂ. അഞ്ഞൂറ് വര്‍ഷത്തോളം തുര്‍ക്കികളുടെ കീഴില്‍ കഴിഞ്ഞ ബള്‍ഗേറിയയില്‍ രാജവംശം എന്നൊന്നില്ലായിരുന്നു. റോയല്‍ ബ്ലഡ്‌ ഉണ്ടെന്ന് അവകാശപ്പെടാന്പോലും ആരും ഉണ്ടായിരുന്നില്ല.
അവസാനം ഒരു തീരുമാനത്തിലെത്തി. രാജാവിനെ ഇറക്കുമതി ചെയ്യുക. വിമോചകനായ റഷ്യന്‍ ചക്രവര്‍ത്തിയുടെ സഹോദരീപുത്രന്‍, ജര്‍മ്മന്‍കാരന്‍ അലെക്സാണ്ടര്‍ ബാറ്റന്‍ബര്‍ഗ് അങ്ങിനെ ബള്‍ഗേറിയയുടെ ഭരണാധിപതിയായി. പക്ഷെഅദ്ദേഹത്തിന്റെ ഭരണം അധികനാള്‍ നീണ്ടുനിന്നില്ല. ഭരണകാര്യങ്ങളില്‍ യാതൊരു മുന്‍പരിചയവും ഇല്ലായിരുന്ന പുതിയ ബള്‍ഗേറിയന്‍ സാര്‍ ഒരു തികഞ്ഞ പരാജയമായിരുന്നു ബള്‍ഗേറിയന്‍ രാഷ്ട്രീയക്കാരുടെയുംറഷ്യന്‍ ഉദ്യോഗസ്ഥരുടേയും നടുവില്‍ അദ്ദേഹം നിസ്സഹായനായി. 1886-ല്‍ അദ്ദേഹം പുറത്താക്കപ്പെട്ടു. രാജകീയഭാഷയില്‍ പറഞ്ഞാല്‍, സ്ഥാനത്യാഗം ചെയ്തു.

അതിനുശേഷം രാജാവായത് ഒരു ഓസ്ട്രിയന്‍ രാജകുമാരനാണ്. കിംഗ് ഫെര്ഡിനാന്‍ഡ്. ഇദ്ദേഹം ജര്‍മ്മനിയിലെ Saxe-Coburg and Gotha എന്ന രാജവംശത്തില്‍ പെട്ടതായിരുന്നു.. (ഇവിടെ ഒരു കാര്യംകൂടി പറയട്ടെ.. ഇതേ രാജവംശത്തില്‍ പെട്ടതാണ്ബ്രിട്ടനിലെ ഇപ്പോഴത്തെ എലിസബത്ത് രാജ്ഞി. അവരുടെ പിതാവ്ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഈ കുടുംബപ്പേര്‍ നല്ലതല്ല എന്നു തിരിച്ചറിഞ്ഞു - ജനവികാരത്തെ ഭയന്നോമാനിച്ചോ, Windsor എന്ന പേര് സ്വീകരിക്കുകയായിരുന്നു).

ഫെര്ഡിനാന്‍ഡ് വിദ്യാസമ്പന്നനും മാന്യനുമായിരുന്നു. പക്ഷെ ഓസ്ട്രിയയിലെയും ജര്‍മ്മനിയിലെയും രാജാക്കന്മാരുമായി (അവര്‍ ബന്ധുക്കളായിരുന്നുവെങ്കിലും) ഒത്തുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആദ്യഭാര്യ ഇറ്റലിക്കാരി ആയിരുന്നു (ഇവരില്‍ നാല് മക്കള്‍)അവരുടെ മരണശേഷം വീണ്ടും വിവാഹിതനായി. എങ്കിലും ഇദ്ദേഹം സ്വവര്‍ഗാനുരാഗി ആയിരുന്നു എന്നും സംസാരമുണ്ട്.
ഫെര്ഡിനാന്‍ഡിന്റെ കാലത്ത്രാജ്യത്തിന് ഒട്ടോമാന്‍കാലത്ത് നഷ്ടമായ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ സെര്‍ബിയമാസിഡോണിയ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെടെണ്ടിവന്നു. യുദ്ധങ്ങള്‍ എല്ലാം തന്നെ പരാജയമായിരുന്നു. കൂടുതല്‍ പ്രദേശങ്ങള്‍ അങ്ങിനെ നഷ്ടമായി. 1918-ല്‍, ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ഫെര്ഡിനാന്‍ഡ് സ്ഥാനത്യാഗം ചെയ്യുകയുംമൂത്ത പുത്രന്‍, ബോറിസ് മൂന്നാമന്‍ എന്ന പേരില്‍ ബള്‍ഗേറിയയുടെ പുതിയ രാജാവായി സ്ഥാനമേല്‍ക്കുകായും ചെയ്തു.

ഫെര്ഡിനാന്‍ഡ് തന്റെ ശിഷ്ടകാലം ജര്‍മ്മനിയില്‍ കഴിച്ചുകൂട്ടി. വാര്‍ധക്യത്തില്‍ അദ്ദേഹത്തിന് താങ്ങാനാവാത്ത ചില ദുരന്തങ്ങളുണ്ടായി – മൂത്ത പുത്രനും തന്റെ പിന്‍ഗാമിയുമായ ബോറിസ് മൂന്നാമന്‍, ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിച്ചു മടങ്ങുന്ന വഴിദുരൂഹസാഹചര്യത്തില്‍ അന്തരിച്ചു (28 August 1943). ഫെര്ഡിനാന്‍ഡിന്റെ അവശേഷിച്ചിരുന്ന ഏക പുത്രന്‍ സിറിളിനെ കമ്മ്യൂണിസ്റ്റ്‌ അധികാരികള്‍ വധിച്ചു.

ബോറിസ് മൂന്നാമന് നല്ല ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചു. അദ്ദേഹം തന്റെ പ്രജകള്‍ക്ക് വളരെ പ്രിയങ്കരനായിരുന്നു. ജൂതന്മാരെ കൊലയ്ക്ക് വിട്ടുകൊടുക്കാതെഇദ്ദേഹം ഹിറ്റ്ലറെ കബളിപ്പിക്കുകയും പതിനായിരക്കണക്കിന് യഹൂദരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ബോറിസ് മൂന്നാമനുശേഷം അദ്ദേഹത്തിന്റെ ആറുവയസുകാരന്‍ മകന്‍, സിമിയോന്‍ രണ്ടാമന്‍ (Simeon II) എന്ന പേരില്‍ രാജാവായി എന്നാല്‍, അടുത്ത വര്ഷം റഷ്യയുടെ റെഡ് ആര്‍മി ബള്‍ഗേറിയയില്‍ പ്രവേശിച്ചപ്പോള്‍, കുട്ടിരാജാവും കുടുംബവും രക്ഷപ്പെട്ട് ഈജിപ്തിലേയ്ക്ക് കടന്നു. അവിടെ കുറെനാള്‍ വിദ്യാഭ്യാസം കഴിഞ്ഞ് സ്പെയിനില്‍ അഭയാര്‍ത്ഥിയായി വര്‍ഷങ്ങളോളം കഴിഞ്ഞു.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം സിമിയോന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തുകയും ജനങ്ങളുടെ ആവേശപൂര്‍വമായ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. 2001-ല്‍ ഇദ്ദേഹം ജനാധ്യപത്യ ബള്‍ഗേറിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

തല്‍ക്കാലം ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു.

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 4)

വിശുദ്ധ ഞായറാഴ്ച പള്ളി..

ഒന്നാം ലോകമഹായുദ്ധത്തിനുശേഷംബോറിസ് മൂന്നാമന്‍ ബള്‍ഗേറിയയുടെ രാജാവായിരിക്കവേരാജ്യത്ത് കമ്മ്യൂണിസം നിരോധിക്കപ്പെട്ടു. എങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. സര്‍ക്കാരിലെ നിരവധി പ്രമുഖരെ അവര്‍ വധിച്ചു. അങ്ങിനെ വധിക്കപ്പെട്ട ഒരാളായിരുന്നു കോണ്‍സ്റ്റാന്റിന്‍ ഗിയോര്‍ഗിയെവ്. ബള്‍ഗേറിയയിലെ ജനറല്‍ ആയിരുന്ന ഗിയോര്‍ഗിയെവിന്റെ ശവസംസ്ക്കാരത്തില്‍ പട്ടാളത്തിലെ നിരവധി ഉയര്‍ന്ന ഓഫീസര്‍മാരുംമറ്റു ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ഇത്തരം ഒരു ചടങ്ങില്‍ രാഷ്ട്രത്തലവനും പങ്കെടുക്കുമെന്നത് തീര്‍ച്ചയാണ്.

സ്വെറ്റ നെദേലിയ (വിശുദ്ധ ഞായറാഴ്ച) പള്ളിയില്‍ വച്ചായിരുന്നു ചടങ്ങ്. രാജാവുള്‍പ്പടെ നിരവധി ശത്രുക്കളെ ഒരുമിച്ചു കൊലപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമായി സഖാക്കള്‍ ഇതിനെ കണ്ടു. രാജാവ് തന്നെയായിരുന്നു മുഖ്യ ടാര്‍ജെറ്റ്‌. പള്ളിയുടെ താഴികക്കുടത്തില്‍ ബോംബ്‌ വച്ചു. അവര്‍ പ്രതീക്ഷിച്ചതുപോലെ കൃത്യസമയത്ത് ബോംബ്‌ പൊട്ടിത്തെറിച്ചുതാഴികക്കുടം തകര്‍ന്ന് പള്ളിയിലുണ്ടായിരുന്നവരുടെ മേല്‍ പതിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളില്‍ മരിച്ചതില്‍ കൂടുതല്‍ ബള്‍ഗേറിയന്‍ പട്ടാള ഓഫീസര്‍മാര്‍ അന്ന് മരിച്ചു. ആകെ മരിച്ചവര്‍ 150. അഞ്ഞൂറിലേറെ പേര്‍ക്ക് സാരമായ പരുക്ക് പറ്റി. എന്നാല്‍ രാജാവിന് ഒരു പോറല്‍ പോലും ഏറ്റില്ല.

അദ്ദേഹം ചടങ്ങിനു വരാന്‍ താമസിച്ചു എന്ന ലളിതമായ കാരണമാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇതിനെക്കുറിച്ച് ടൂര്‍ ഗൈഡ് തമാശയായി പറഞ്ഞത്“ബള്‍ഗേറിയക്കാര്‍ക്ക് സമയനിഷ്ഠ തീരെയില്ല. ഇതിനുശേഷംസമയനിഷ്ഠ പാലിക്കാതിരുന്നാല്‍ അതുകൊണ്ട് പ്രയോജനവും ഉണ്ടെന്ന ധാരണ അവര്‍ക്കുണ്ടായി” എന്നാണ്.

ഇത് സംഭവിച്ചത് 1925 ഏപ്രില്‍ മാസം പതിനാറാം തിയതിയായിരുന്നു.
ഈ ദേവാലയം പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തില്‍ തടിയില്‍ പണിത പള്ളി പിന്നീട് കല്ലില്‍ തീര്‍ത്തു. 1578-ല്‍ ബള്‍ഗേറിയ സന്ദര്‍ശിച്ച ഒരു ജര്‍മ്മന്‍ സഞ്ചാരി ഈ ദേവാലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1858ലുണ്ടായ ഒരു ഭൂകമ്പത്തില്‍ ഈ കെട്ടിടത്തിന് സാരമായ പരിക്കുകള്‍ പറ്റി. അതിന്റെ പിന്നാലെയാണ് 1925ലെ ബോംബാക്രമണം. എന്നാല്‍ 1931 ല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു വീണ്ടും മനോഹരമാക്കി.

ഇന്ന് ഈ ദേവാലയം സോഫിയാ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുള്ള കത്തീഡ്രല്‍ ദേവാലയമാണ്.

ഇന്ന് ഉച്ചകഴിഞ്ഞുള്ള സമയം മുഴുവന്‍ ഈ ദേവാലയത്തില്‍ ചെലവഴിച്ചു. അകത്തുകയറിയപ്പോള്‍ (സത്യത്തില്‍ ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു ഓര്ത്തഡോക്സ് പള്ളിയുടെ ഉള്ളില്‍ കയറുന്നത്)അതിനുള്ളിലെ പ്രകാശം കണ്ട്, "വെളിച്ചത്തിന് എന്തൊരു വെളിച്ചം" എന്ന ബഷീറിയന്‍ പ്രയോഗം ഓര്‍മ്മവന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ വന്ന്മുടന്തന്‍ ഇംഗ്ലീഷില്‍, "ഫോട്ടോ എടുക്കാന്‍ ടിക്കറ്റെടുക്കണം” എന്നു താക്കീത് ചെയ്തു. ടിക്കറ്റിനു അഞ്ചു ലേവ. കുറെ പടങ്ങള്‍ എടുത്തു. മതിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വിവാഹപാര്‍ട്ടി കൈയില്‍ ബോക്കെയുമായി വരുന്നു. ചുറ്റും നോക്കിയപ്പോള്‍ നവവരനും നവവധുവും പുരോഹിതനുമായി സംസാരിച്ചുകൊണ്ട് അച്ചന്റെ മുറിയില്‍. വൈദികനോടുംവധൂവരന്മാരോടും അനുവാദം ചോദിച്ച് അവരുടെ ഫോട്ടോയും എടുത്തു.

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 5)

ബാള്‍ക്കന്‍ പര്‍വതതിനപ്പുറം

പട്ടാളക്കാരില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള കക്ഷി ആരെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം ഗിവര്‍ഗീസ് പുണ്യാളന്‍ എന്നു തന്നെയാണ്. എന്താ ഇഷ്ടന്റെ ഒരു ഗ്ലാമര്‍.. എടത്വാ മുതല്‍ ബിലാത്തിവരെ..

അങ്ങേര്‍ ഇവിടെയും ഹീറോ ആണെന്ന് അറിഞ്ഞിരുന്നില്ല.. ഇന്ന്മെയ്‌ ആറാം തിയതിസെന്റ്‌ ജോര്‍ജ്സ് ഡേയ്.. അതുകൊണ്ട് ഇവിടെ പൊതുഅവധിദിനം.. ഇത് ഇവരുടെ മിലിട്ടറിദിനം കൂടിയാണ്. നഗരത്തില്‍ ഇന്ത്യയിലെ റിപബ്ലിക് ഡേ പരേഡ് പോലുള്ള പരേഡ് ഉണ്ടെന്നു കേട്ടിരുന്നു. അപ്പോഴാണ്‌ സുഹൃത്ത് ബില്‍ജിന്‍ ഈന്നലെ ഒരു നിര്‍ദ്ദേശം വച്ചത്. നാളെ അവധിയാണ്. വ്രാറ്റ്സാ എന്നൊരു സ്ഥലമുണ്ട്. ട്രെയിനില്‍ രണ്ടുമണിക്കൂര്‍ യാത്ര.

പഴയ സോഷ്യലിസത്തിന്റെ മുഖം സോഫിയയില്‍ തീരെ കാണാനില്ല. 1989-നു ശേഷം നഗരത്തിന്റെ മുഖച്ഛായ വല്ലാതെ മാറ്റിക്കളഞ്ഞു. പക്ഷെ ചില ചെറുപട്ടണങ്ങളില്‍ ഇന്നും ആ പഴയ മുഖം കാണാം.. അത്തരത്തില്‍ ഒരു പട്ടണമാണ് വ്രാറ്റ്സാ (Vratsa). ബാള്‍ക്കന്‍ പര്‍വതത്തിനപ്പുറമാണ്. ട്രെയിനില്‍ പോയാല്‍ കാഴ്ചകള്‍ കണ്ടുപോകാം.

ബാള്‍ക്കന്‍ എന്നു കേട്ടിട്ടുള്ളതല്ലാതെഅതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. ഈ പര്‍വതനിരകള്‍ ബള്‍ഗേറിയയെ തെക്കന്‍ ബള്‍ഗേറിയ എന്നും വടക്കന്‍ ബള്‍ഗേറിയയെന്നും രണ്ടായി തിരിക്കുന്നു. സോഫിയ തെക്കന്‍ ബള്‍ഗേറിയയിലാണ്.

[ബാള്‍ക്കന്‍ പെനിന്‍സുല എന്നറിയപ്പെടുന്ന പ്രദേശത്ത് താഴെപറയുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു:

Albania,
Bosnia & Herzegovina,
Bulgaria,
Croatia,
Greece,
Kosovo,
The Republic of Macedonia,
Montenegro,
Serbia,
Slovenia,
and The European part of Turkey.]

ബള്‍ഗേറിയക്കാര്‍ പൊതുവില്‍ ട്രെയിന്‍യാത്ര ഇഷ്ടപ്പെടുന്നില്ല. വേഗത കുറവാണ് എന്നതാണ് പരാതി. യാത്രക്കൂലിയില്‍ കാര്യമായ വ്യത്യാസമില്ല. അതുകൊണ്ട് കൂടുതല്‍പേരും യാത്രയ്ക്ക് ബസിനെയാണ് ആശ്രയിക്കുന്നത്. പഴയകാലത്ത് ട്രെയിന്‍ മാത്രമായിരുന്നു ദൂരയാത്രകള്‍ക്ക് ആശ്രയം. ഇന്ന് സ്ഥിതി മാറി.

രണ്ടുമണിക്കൂര്‍ യാത്രയ്ക്ക് ഏതാണ്ട് ആറു ലേവ ആയിരുന്നു ചാര്‍ജ്. തിരിച്ചുവന്നപ്പോള്‍ ഫാസ്റ്റ്ക്ലാസില്‍ കയറി ചാര്‍ജിലുള്ള വ്യത്യാസം വെറും രണ്ടു ലേവ മാത്രം. സൌകര്യത്തിന്റെ കാര്യത്തിലും കാര്യമായ വ്യത്യാസമൊന്നും കണ്ടില്ല. ശരാശരി ഇന്ത്യന്‍ ട്രെയിനുകളെക്കാള്‍ മെച്ചംപക്ഷെ യുറോപ്യന്‍ നിലവാരം വച്ചു നോക്കിയാല്‍ മോശം.

എനിക്ക് യാത്രയില്‍ കാഴ്ചകള്‍ അധികം കാണാന്‍ സാധിച്ചില്ല. രാവിലെ നേരത്തെ എഴുന്നേല്‍ക്കേണ്ടി വന്നതിനാല്‍ ഉറങ്ങിപ്പോയി. എങ്കിലും ഇടയ്ക്കിടയ്ക്ക് കണ്ണു തുറന്നപ്പോള്‍ കണ്ട കാഴ്ചകളെ അതിമനോഹരമെന്നു വിശേഷ്പ്പിക്കാം.

വ്രാറ്റ്സായിലൂടെ കുറെ ഏറെനേരം ചുറ്റിയടിച്ചു നടന്നു. കുറെയേറെ ഫോട്ടോ എടുത്തു. ലഘുവിവരണത്തോടെ അവയും പോസ്റ്റ്‌ ചെയ്യുന്നു.

മനസ്സില്‍ നിന്നും വിട്ടുപോകാത്ത ഒരു കാഴ്ചവഴിയോരത്ത് ഏതാനും പടുവൃദ്ധജനം പച്ചക്കറികള്‍ വില്‍ക്കാനിരിക്കുന്ന കാഴ്ചയാണ്. കണ്ണുകളില്‍ പ്രതീക്ഷയുടെ നാമ്പു പോലുമില്ലാത്ത ചില നിസാഹായ രൂപങ്ങള്‍. വില്‍പനയ്ക്ക് വച്ചിരിക്കുന്നതാകട്ടെഉണങ്ങിക്കരിഞ്ഞ വളരെക്കുറച്ചു പച്ചക്കറികള്‍. ഇതിനെക്കുറിച് സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന വിശദീകരണം ഇങ്ങനെ..

പെന്‍ഷന്‍പറ്റിയവരുടെ ജീവിതം വല്ലാതെ ദുസ്സഹമാണ്. കിട്ടുന്ന തുകകൊണ്ട് ഒന്നിനും തികയുകയില്ല. മിക്കവാറും മക്കളെ ആശ്രയിച്ചാണ് അവര്‍ കഴിയുന്നത്. മക്കള്‍ ഇല്ലാത്തവര്‍, അല്ലെങ്കില്‍ മക്കള്‍ തിരിഞ്ഞുനോക്കാത്തവര്‍, ഇങ്ങിനെയൊക്കെ അവരുടെ വാര്‍ദ്ധക്യം തള്ളിനീക്കുന്നു.

അവരുടെ കൌമാരപ്രായത്തില്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍ സോഷ്യലിസം അവര്‍ക്ക് നല്കിയിട്ടുണ്ടാവണം. അതില്‍ വിശ്വസിച്ച് എത്ര ആവേശഭരിതരായിക്കാണും ഇവരില്‍ ചിലരെങ്കിലും..

അവരുടെ ഫോട്ടോ എടുക്കുന്നതില്‍ പന്തികേട്‌ തോന്നിയതിനാല്‍ അതിനു മുതിര്‍ന്നില്ല.

ധ്യാനകേന്ദ്രങ്ങളില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ മോഹനവാഗ്ദാനങ്ങളില്‍പെട്ട് കൈകള്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തി ആര്‍ത്തലച്ചു പാടുന്നവര്‍ സ്വര്‍ഗത്തില്‍ ചെന്നാല്‍ - അങ്ങിനെയൊന്നുണ്ടെങ്കില്‍ - അവിടെ അവരുടെ ഗതിയും ഇതൊക്കെത്തന്നെ..

വാഗ്ദാനങ്ങള്‍ മനുഷ്യനെ കബളിപ്പിക്കാന്‍ പറ്റിയ ഉപകരണം തന്നെ.

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 6)

കമ്മ്യൂണിസം ടൂര്‍ (ഒന്ന്)

ഫ്രീ സോഫിയടൂര്‍കാരുടെ വക ഒരു കമ്മ്യൂണിസം ടൂര്‍ ഉണ്ടെന്നറിഞ്ഞ് കൃത്യസമയത്ത് (വൈകുന്നേരം നാലു മണി) പാലസ് ഓഫ് ജസ്റ്റിസിന്റെ വാതില്‍ക്കല്‍ എത്തി. അധികം ആളുകള്‍ ഉണ്ടായിരുന്നില്ലഏറിയാല്‍ പതിനഞ്ചുപേര്‍. കൂടുതലും ഓസ്ട്രിയന്‍സ്. മാഞ്ചെസ്റ്ററിനടുത്തുള്ള ബെറി സ്വദേശിനി (ഇപ്പോള്‍ താമസം വിയന്നയില്‍) ഒരു ഇംഗ്ലീഷ്കാരിയും ഉണ്ടായിരുന്നു. ഏതാനും അമേരിക്കന്സും.

ടൂര്‍ മൂന്നരമണിക്കൂര്‍ നീണ്ടുനിന്നു. ഇടയ്ക്ക് മഴ പെയ്തു.

മൂന്നര മണിക്കൂര്‍കൊണ്ട് ബള്‍ഗേറിയയില്‍ കമ്മ്യൂണിസം ഉണ്ടായ സാഹചര്യംഅത് രാജ്യത്തെ എങ്ങിനെ ബാധിച്ചുഎങ്ങിനെയായിരുന്നു അതിന്റെ അന്ത്യംഅതിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ എല്ലാംനിയമബിരുദധാരിയായ സ്റ്റെഫാന്‍ എന്ന ടൂര്‍ ഗൈഡ് ഭംഗിയായി വിവരിച്ചു. സംഗതി അല്പം ഹെവി ആയിപ്പോയി. നോട്ടുകള്‍ കുറിക്കാന്‍ കൈയില്‍ എഴുത്തുസാമഗ്രികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീണ്ടും ഇതേ ടൂറിനു പോകണം എന്നു കരുതുന്നു. അതിനുശേഷംമാത്രം വിശദമായി എഴുതുന്നതാണ്.

തല്‍ക്കാലം ചില നിരീക്ഷണങ്ങള്‍....

Brendon എന്നൊരു അമേരിക്കന്‍ പയ്യന്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. ഇടയ്ക്ക് ലോഹ്യം പറഞ്ഞു. ടെന്നിസ്സി സ്വദേശിയാണ്. അയാളുടെ ഒരു അടുത്ത സുഹൃത്ത് മലയാളിയാണത്രെ – ശശി മേനോന്‍. ബ്രെണ്ടന്‍ ഇടയ്ക്ക് അപ്രത്യക്ഷനായി.

ഒരു ഇടവേള അനുവദിച്ചപ്പോള്‍ മുന്നില്‍ കണ്ട Starbucks-ല്‍ കയറി. ഇരുന്നതിന്റെ നേരെ മുന്നില്‍, ഒരു സോഫയില്‍ രണ്ടു പെണ്‍കുട്ടികള്‍. തമ്മില്‍ വാരിപ്പുണരുകയുംയാതൊരു മറയും ഇല്ലാതെ പരസ്പരം ആവേശത്തോടെ ചുംബിക്കുകയും ചെയ്യുന്നു. ആരും അവരെ ശ്രദ്ധിക്കുന്നതേയില്ല. തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഗൈഡിനോട് സ്വകാര്യമായി കണ്ട കാര്യം പറഞ്ഞു. സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ പരസ്യമായി ഇങ്ങനെ പെരുമാറിയാല്‍ എന്താകുമായിരുന്നു ഭവിഷ്യത്ത് എന്നായിരുന്നു എന്റെ ചോദ്യം. ഉത്തരം ലളിതം.. രണ്ടുപേരും വേറെവേറെ ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നു. സ്വവര്‍ഗാനുരാഗത്തെ ശിക്ഷാര്‍ഹമായ വൈകൃതമായാണ് കണ്ടിരുന്നത്. ഫാമിലി വാല്യൂസിനു ചേരാത്തപിന്തിരിപ്പന്‍ പ്രവണത.

അമ്പതുവര്‍ഷം മുമ്പേ ജനിക്കാത്തത് ആ പെണ്‍കുട്ടികളുടെ ഭാഗ്യം...

ശനിയാഴ്ച വീണ്ടും വരുന്നു എന്നു ഗൈഡിനോട് പറഞ്ഞ്ടൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ താമസസ്ഥലത്തേയ്ക്ക്..

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 7)

കമ്മ്യൂണിസം ബള്‍ഗേറിയയില്‍ (ഒന്ന്)

കിഴ.ക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും അനുസരണയുള്ള കമ്മ്യൂണിസ്റ്റ്‌ കുഞ്ഞാടായിരുന്നു ബള്‍ഗേറിയ.

യുഗോസ്ലാവിയയിലെ ടിറ്റോ മോസ്ക്കൊയ്ക്ക് അനഭിമതനായിരുന്നു. പോളണ്ടിലും ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും സോവിയറ്റ് റഷ്യക്കെതിരെ ജനകീയ കലാപങ്ങള്‍ ഉണ്ടാവുകയുംറഷ്യന്‍ ടാങ്കുകള്‍ക്ക് അവിടെയൊക്കെ ചെന്ന് അടിച്ചമര്‍ത്തല്‍ നടത്തേണ്ടിയും വരികയുമുണ്ടായി. റൊമേനിയയിലെ ചെഷസ്ക്യു കടുത്ത ഏകാധിപതിയാണെങ്കിലും റഷ്യയുടെ വാലാട്ടിയായിരുന്നില്ല.

പക്ഷെ ഒരുതരത്തിലുമുള്ള വിമതശബ്ദം ഉയരാത്ത രാജ്യമായിരുന്നു ബള്‍ഗേറിയ. കാലാകാലങ്ങളില്‍ ക്രെംലിനിലെ അധികാരകേന്ദ്രങ്ങളോട് വിധേയത്വമുള്ളവര്‍ മാത്രമാണ് നീണ്ട കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് (1946-1989) ബള്‍ഗേറിയയില്‍ അധികാരത്തില്‍ ഇരുന്നത്.

ആഗോളതലത്തില്‍ താരപരിവേഷമുണ്ടായിരുന്ന ഗിയോര്‍ഗി ദിമിത്രോവില്‍ (1882-1949) തുടങ്ങുന്നു ബള്‍ഗേറിയയുടെ കമ്മ്യൂണിസ്റ്റ്‌ ചരിത്രം.

തൊഴിലാളി പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനപരിചയവുമായി ദിമിത്രോവ് 1902-ല്‍ ബള്‍ഗേറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ വര്‍ക്കേര്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇത് പിന്നീട്1919-ല്‍ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നറിയപ്പെട്ടു. 1904 മുതല്‍ 1923 വരെ ദിമിത്രോവ് ട്രേഡ് യുണിയന്‍ ഫെഡറേഷന്റെ സെക്രട്ടറി ആയിരുന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം താമസിയാതെദിമിത്രോവ് ഭീകരാക്രമണം നടത്തുകയും അതിനെതുടര്‍ന്നു യുഗോസ്ലാവിയയിലേയ്ക്ക് പാലായനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ദിമിത്രോവിനെ അന്നത്തെ ബള്‍ഗേറിയന്‍ ഭരണകൂടും വധശിക്ഷയ്ക്ക് വിധിച്ചു. യുഗോസ്ലാവിയയില്‍ നിന്നും ആദ്യം റഷ്യയിലേയ്ക്കും 1929-ല്‍ അവിടെ നിന്നും ജര്‍മ്മനിയിലേയ്ക്കും കടന്നു. ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ദിമിത്രോവിന് ഉത്തരവാദിത്തമുള്ള പദവികള്‍ ലഭിച്ചു. 1932-ല്‍ ഇദ്ദേഹത്തിന് ജര്‍മ്മനി ആസ്ഥാനമായുള്ള World Committee Against War and Fascism എന്ന പ്രസ്ഥാനത്തിന്റെ സെക്രെട്ടറി-ജനറല്‍ എന്ന പദവി ലഭിച്ചു. ബെര്‍ലിനിലെ ജര്‍മ്മന്‍ പാര്‍ലമെന്‍റ് കെട്ടിടത്തിന് തീവയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 1933-ല്‍ ബെര്‍ലിനില്‍ വച്ചു ദിമിത്രോവിനെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ലൈപ്സിഗ്കോടതിയിലെ തന്റെ പ്രകടനം കൊണ്ട് ലോകശ്രദ്ധയാകര്ഷിക്കാന്‍ ദിമിത്രോവിനു കഴിഞ്ഞു. കോടതി ദിമിത്രോവിനെ വെറുതെവിട്ടു.

1944-ല്‍, ഇരുപത്തിരണ്ടു് വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ദിമിത്രോവ് ബള്‍ഗേറിയയില്‍ തിരിച്ചെത്തി. മടങ്ങിയെത്തിയ നായകന് പാര്‍ട്ടി നേതൃസ്ഥാനം നല്‍കി ആദരിച്ചു. 1946-ല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഉണ്ടായപ്പോള്‍ ദിമിത്രോവ് ബള്‍ഗേറിയയുടെ പ്രിമിയര്‍ ആയി സ്ഥാനമേറ്റു. താമസിയാതെ തന്നെ യുഗോസ്ലാവിയയിലെ ടിറ്റോയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. യുഗോസ്ലാവിയബള്‍ഗേറിയമാസിഡോണിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തെക്കന്‍ സ്ലാവുകാരുടെ ഐക്യമായിരുന്നു ലക്‌ഷ്യം. ടിറ്റോയ്ക്ക് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റേതായ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. ബള്‍ഗേറിയയെ തന്റെ യുഗോസ്ലാവിയയുടെ നുകത്തിന്‍കീഴിലാക്കുക എന്നതായിരുന്നു ആ ഉദ്ദേശം. എന്നാല്‍ ആ ലക്‌ഷ്യം ഫലപ്രാപ്തി കൈവരിച്ചില്ല.

ഈ ശ്രമം സ്റ്റാലിന് തീരെ ഇഷ്ടപ്പെട്ടില്ല. ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടായാല്‍ അവരെ നിയന്ത്രിക്കുക സോവിയറ്റ് റഷ്യയ്ക്ക് ബുദ്ധിമുട്ടായിരിക്കും എന്ന്‍ സ്റ്റാലിനു മനസിലായി. ദിമിത്രോവും സ്റ്റാലിനും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും ഇത് അവരുടെ ബന്ധത്തെ സാരമായി ബാധിച്ചു.

1949 ജൂലൈ രണ്ടാം തിയതിമോസ്ക്കൊയ്ക്ക് സമീപത്തുള്ള ഒരു സാനിട്ടോറിയത്തില്‍ വച്ചു ദിമിത്രോവ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. ദിമിത്രോവിന്റെ ആരോഗ്യം ക്ഷയിച്ചത് വളരെ പെട്ടെന്നായിരുന്നു. സ്റ്റാലിന്റെ ദൂതന്മാര്‍ ദിമിത്രോവിനു വിഷം കൊടുത്തതാണെന്ന് സംസാരമുണ്ട്. എന്നാല്‍ സ്റ്റാലിന് അത്രയ്ക്ക് വൈരാഗ്യം ദിമിത്രോവിനോട് തോന്നേണ്ട യാതൊരു കാരണവും ഇല്ലായിരുന്നു എന്നൊരു മറുവാദവും നിലനില്‍ക്കുന്നു.

ബള്‍ഗേറിയയുടെ ഈ വീരനായകനുവേണ്ടി ഒരു മുസ്സോളിയം പണിതീര്‍ത്ത് അദ്ദേഹത്തിന്റെ ശവശരീരം ലെനിന്റെ മാതൃകയില്‍ അടക്കി. ആറുദിവസങ്ങള്‍ കൊണ്ട് പണികഴിപ്പിച്ച ഈ മുസ്സോളിയം സത്യത്തില്‍ ഒരു ന്യുക്ളിയര്‍ ബോംബ്‌ ഷെല്‍ട്ടര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ പറയപ്പെടുന്നുണ്ട്.

കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം പൊതുജനാഭിപ്രായം വെള്ളമാര്‍ബിളില്‍ മനോഹരമായി പണിത ഈ കെട്ടിടം നശിപ്പിക്കുന്നതിനെതിരായിരുന്നു. അഭിപ്രായവോട്ടെടുപ്പില്‍ മൂന്നില്‍രണ്ടുപേരിത് നശിപ്പിക്കുന്നതിനെ എതിര്‍ത്തു. എതിര്‍പ്പുകള്‍ വകവയ്ക്കാതെ കെട്ടിടം നിലംപരിശാക്കാന്‍ മൂന്നു തവണ ശ്രമിച്ചു പരാജയപ്പെട്ടതിനുശേഷംനാലാം തവണ നശിപ്പിച്ചു. പ്രിന്‍സ് അലെക്സാണ്ടര്‍ ഓഫ് ബാറ്റന്‍ബെര്‍ഗ് ചത്വരത്തില്‍, മുസ്സോളിയം സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്ത് ഇപ്പോള്‍ ഓഡി കാറിന്റെ ഷോറൂം കാണാം..

മുസ്സോളിയത്തില്‍ നിന്നെടുത്ത ദിമിത്രോവിന്റെ ശവശരീരം പൊതുശ്മശാനത്തില്‍ അടക്കി.

ഒരു വീരനായകനോട് കാണിച്ച അനാദരവും ചരിത്രത്തോട് കാട്ടിയ അനീതിയുമായി ചിലരെങ്കിലും ഇന്നും അതിനെ പരിഗണിക്കുന്നു.

ബള്ഗേ:റിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 8)

കമ്മ്യൂണിസം ബള്‍ഗേറിയയില്‍ (രണ്ട്)

ബള്ഗേറിയന്‍ കമ്മ്യൂണിസത്തിന്റെ ഗ്ലാമര്താരം ഗിയോര്ഗി ദിമിത്രോവ് തന്നെയാണ്. പക്ഷെ അധികാരത്തില്‍ വന്ന് അധികം വൈകാതെ അദ്ദേഹം അന്തരിച്ചു. ദിമിത്രോവിനു ശേഷം പ്രധാനമന്ത്രിയായത് ചെര്വൊങ്കോവ് (Vulko Chervenkovഎന്നൊരാളാണ്. ദിമിത്രോവും ചെര്വെങ്കോവും റഷ്യയിലെ സ്റ്റാലിന്റെ ഭരണശൈലിയാണ് ബള്‍ഗേറിയയെ ഭരിക്കാന്‍ സ്വീകരിച്ചിരുന്നത്. സ്റ്റാലിന്റെ മരണാനന്തരംറഷ്യയിലെ മാറിവന്ന രാഷ്ട്രീയസാഹചര്യത്തില്‍ നാല്പത്തിമൂന്നു വയസുമാത്രം പ്രായമുണ്ടായിരുന്നതീരെ അപ്രശസ്തനായിരുന്ന  തോഡോര്‍ ഷിവ്ക്കൊവ് അധികാരത്തില്‍ വന്നു. ചെര്വൊങ്കോവ് കുറെനാള്‍ കൂടി ഷിവ്ക്കൊവിന്റെ കീഴില്‍ അധികാരത്തില്‍ തുടര്ന്നു . 1956- ചെര്വെകങ്കോവിന്റെ പൊതുപ്രവര്ത്തനം പൂര്ണ്ണമായും നിലച്ചു.

നിര്ധന കാര്ഷികകുടുംബത്തിലാണ് ഷിവ്ക്കൊവിന്റെ ജനനം (1911). രണ്ടാം ലോകമഹായുദ്ധകാലത്ത് ഷിവ്ക്കൊവിന്റെ പാര്ട്ടിയനുകൂല പ്രവര്ത്തനങ്ങളാണ് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്ക്ക്  പ്രിയപ്പെട്ടവനാക്കിയത്. 1954-ല്‍ ബള്‍ഗേറിയയുടെ പരമാധികാരിയായ ഷിവ്ക്കോവ് 1989 വരെ അധികാരം നിലനിര്ത്തി. ഈസ്റ്റ്ബ്ലോക്ക് രാജ്യങ്ങളില്‍ ഏറ്റവും നീണ്ടകാലം അധികാരത്തിലിരുന്ന വ്യക്തി. (52 വര്ഷയവും 62 ദിവസവും തുടര്ച്ചയായി അധികാരത്തിലിരുന്ന ഫീഡല്‍ കാസ്ട്രോയെ ഇവിടെ വിസ്മരിക്കുന്നില്ലപക്ഷെ ക്യൂബ ഒരു ഈസ്റ്റ്ബ്ലോക്ക് രാജ്യമായിരുന്നില്ലല്ലോ).

രാഷ്ട്രീയ വിഷയം സംസാരിക്കാന്‍ സാധിച്ച ബള്‍ഗേറിയന്‍ ജനതയില്‍ നിന്നും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് ഷിവ്ക്കോവിനെക്കുറിച്ച് കേള്ക്കാന്‍ ഇടയായത്. അദ്ദേഹം ദുഷ്ടനായ ഏകാധിപതി ആയിരുന്നു എന്നു പറഞ്ഞവര്‍ പോലും ഒരു കാര്യം സമ്മതിക്കുന്നു - സുഹൃത്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അതിവിടഗ്ദനായിരുന്നു ഷിവ്ക്കോവ്. ഹംഗറിപോളണ്ട്ചെക്കോസ്ലോവാക്യതുടങ്ങിയ രാജ്യങ്ങളെപ്പോലെ റഷ്യയുടെ അപ്രീതിയ്ക്ക് ഒരിക്കല്പോലും ബള്‍ഗേറിയ പാത്രമായില്ല. റഷ്യന്‍ അധികൃതരുമായി മാത്രമല്ലമറ്റു രാഷ്ട്രത്തലവന്മാരുമായും അദ്ദേഹത്തിന് വളരെ നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. അവരില്‍ ഒരാളാണ് ലിബിയയിലെ കേണല്‍ ഗദ്ദാഫി.

ഗദ്ദാഫിയുമായുള്ള നല്ല ബന്ധത്തിന്റെ ഫലമായി ആയിരക്കണക്കിന് ബള്‍ഗേറിയക്കാര്ക്ക് ലിബിയയില്‍ ജോലി ലഭിച്ചു. കൂടുതലും ആരോഗ്യഎഞ്ചിനീയറിംഗ് മേഖലകളില്‍. നൂറുകണക്കിന് ബള്‍ഗേറിയന്‍ കമ്പനികള്ക്ക്  കനത്ത കോണ്ട്രാക്ടുകളും ആ രാജ്യത്ത് ലഭിച്ചു. ഗദാഫി ബള്‍ഗേറിയയില്‍ ഒരു താരം തന്നെയായിരുന്നു. കൂടെക്കൂടെ ഗദാഫി ഷിവ്ക്കൊവിനെ സന്ദര്ശിലക്കുക പതിവായിരുന്നു. അത്തരമൊരു സന്ദര്ശനവേളയില്‍ ഷിവിക്കൊവ് ബള്‍ഗേറിയന്‍ കമ്പനികള്ക്ക്  ലിബിയയില്‍ നിന്നും ലഭിക്കാന്‍ വൈകുന്ന ഭീമന്‍ തുകയെക്കുറിച്ച് പരാതി പറഞ്ഞു.. (ഈ സംഭാഷണത്തിനു Kiryak Tsonev എന്നൊരാള്‍ സാക്ഷിയായിരുന്നുഅദ്ദേഹം പുറത്തുവിട്ടതാണീ കഥ). തുക എത്രവരുമെന്നു ഗദ്ദാഫി ചോദിച്ചപ്പോള്‍, ചില കടലാസുകള്‍ റഫര്‍ ചെയ്ത് 400 മില്യനടുത്തു വരുമെന്ന് ഷിവ്ക്കൊവ്.

ഗദ്ദാഫികോട്ടിന്റെ പോക്കറ്റില്‍ നിന്നും പച്ചനിറത്തിലുള്ളചേസ്‌മന്ഹട്ടന്‍ ബാങ്കിന്റെ ചെക്ക്ബുക്ക് പുറത്തെടുത്ത്ഇരുന്നൂറു മില്യണ്‍ ഡോളറിന്റെ ചെക്കെഴുതി അപ്പോള്‍ തന്നെ ഷിവ്ക്കൊവിന്റെ കൈയില്‍ കൊടുത്തു..

മനുഷ്യര്‍ ഏകാധിപതികളാകാന്‍ ശ്രമിക്കുന്നത് വെറുതെയാണോ?

കമ്മ്യൂണിസംടൂറിനു പോയപ്പോള്‍ ടൂര്‍ ഗൈഡ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, കാറല്‍ മാര്ക്സിന്റെ സിദ്ധാന്തങ്ങള്‍ ജര്മ്മനിയെന്ന Highly Industrialised രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് എഴുതപ്പെട്ടവയായിരുന്നു. ജര്മ്മനിയുടേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്ന കാര്ഷികസമൂഹമായിരുന്ന ബള്‍ഗേറിയിലെ അവസ്ഥ. മാര്ക്സിയന്‍ സിന്ധാന്തങ്ങള്ക്ക് പ്രസക്തിയുണ്ടാവണമെങ്കില്‍ ആദ്യമേ ഒരു വ്യാവസായിക അന്തരീക്ഷം ഉണ്ടാവണം. അതിനായി ഷിവ്ക്കൊവ് ഒരു നല്ല കാര്യം ചെയ്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലും വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ലഭ്യമാക്കി. അതും തികച്ചും സൌജന്യമായി. അങ്ങിനെ ബള്‍ഗേറിയന്‍ ജനത വിദ്യാഭ്യാസം നേടിഅവരുടെ ഗ്രാമം വിട്ട് നഗരത്തിലേയ്ക്ക് കുടിയേറി.

വിദ്യാഭ്യാസത്തിനു ഒരു വലിയ കുഴപ്പമുണ്ട്.. അത്അവരെ ചിന്തിപ്പിക്കാന്‍ ശീലിപ്പിക്കുന്നു.. ചിന്തിക്കുന്നവര്‍ എന്നും മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടാണ്. അവിടെയാണ് മസ്തിക്ഷപ്രക്ഷാളനത്തിറെ പ്രസക്തി. കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തിലെ കലാലയവുംപാഠപുസ്തകങ്ങളും അതിനായുള്ളതായിരുന്നു. കമ്മ്യുണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം  നിയമം പഠിച്ച ഗൈഡ് പറഞ്ഞു: റഫറന്സിനായി പഴയ ഒരു പുസ്തകം ലൈബ്രറിയില്നിന്നുമെടുത്തു നോക്കിയപ്പോള്‍, അതില്‍ ഇരുപത്തഞ്ചു ശതമാനത്തോളം മാര്ക്സിന്റെ ആദര്ശങ്ങളായിരുന്നു. നിയമപുസ്തകത്തിലൂടെപോലും മാര്‍ക്സിസം കുത്തിവച്ചു.

അങ്ങിനെ റഷ്യയുടെ ആശീര്വാദത്തോടെഷിവ്ക്കൊവിന്റെ നേതൃത്വത്തില്‍, ബള്‍ഗേറിയയിലെ രണ്ടു തലമുറകള്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തെ ചോദ്യം ചെയ്യാതെഅതിന്റെ ഭാഗമായി.

അവസാനകാലം പക്ഷെഷിവ്ക്കൊവിനെ സംബന്ധിച്ചിടത്തോളം ദുരന്തമായിരുന്നു. രണ്ടു മക്കള്‍ ഉണ്ടായിരുന്നതില്‍ മകള്‍ (അവര്‍ പോളിറ്റ്ബ്യുറോ അംഗമായിരുന്നു)ലുഡ്മീല മുപ്പത്തിയെട്ടാം വയസില്‍ മരിച്ചു. ബ്രെയിന്‍ ട്ര്യുമര്‍ മൂലം മരിച്ചു എന്നാണു ഔദ്യോഗികഭാഷ്യമെങ്കിലുംഅത് ആത്മഹത്യ ആയിരുന്നുകൊലപാതകമായിരുന്നു എന്നൊക്കെ കിംവദന്തികള്‍ സമൂഹത്തിലുണ്ട്. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം മകന്‍ അമേരിക്കയിലേയ്ക്ക് പാലായനം ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെടാത്ത സംസാരവും ജനങ്ങള്ക്കിടയിലുണ്ട്.

1989-ല്‍, കമ്മ്യൂണിസ്റ്റ്‌ ലോകത്തെ മാറിവന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പാര്ട്ടി ഷിവ്ക്കൊവിനെ അധികാരത്തില്‍ നിന്നും പുറത്താക്കി. 

അധികാരത്തില്‍ നിന്നും പുറത്തായശേഷംസ്വജനപക്ഷപാതംഅഴിമതിതുടങ്ങിയവയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പ്രായം പരിഗണിച്ച് വീട്ടുതടങ്കലില്‍ പാര്പ്പിക്കുകയും ചെയ്തു. 1996-ല്‍ ബള്‍ഗേറിയയിലെ സുപ്രീംകോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1998-ല്‍ എണ്പ.ത്തിയാറാമത്തെ വയസില്‍ ഷിവ്ക്കൊവ് അന്തരിച്ചു.

ബള്ഗേ:റിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 9)

കമ്മ്യൂണിസം ബള്ഗേുറിയയില്‍ (മൂന്ന്) - കമ്മ്യുണിസ്റ്റാനന്തര ബള്ഗേറിയ))

എ.ഡി. 893 മുതല്‍ 927 വരെയുള്ളസിമയോന്‍ ഒന്നാമന്‍ രാജാവായിരുന്ന കാലഘട്ടമാണ് ബള്ഗേറിയുടെ സുവര്ണ്ണ്കാലമായി കണക്കാക്കപ്പെടുന്നത്. സത്യത്തില്‍, അതിനുശേഷം ഈ രാജ്യം സ്വാതന്ത്ര്യം എന്നൊന്ന് അറിഞ്ഞിട്ടോഅനുഭവിച്ചിട്ടോയില്ല. അതിനുശേഷം 1989 വരെ ഇവര്‍ വിദേശശക്തികളുടെ പ്രത്യക്ഷമോ പരോഷമോ ആയ ഭരണത്തിന്‍ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ ജനതയുടെ മനോഘടന അടിമകളുടേതാണ്.(സ്ലാവ് എന്ന പദത്തില്‍ നിന്നാണോ slave എന്ന ആംഗലേയ വാക്കുണ്ടായത്അതോ തിരിച്ചാണോ എന്നത് ഇന്നും ഭാഷാപണ്ഡിതന്മാരുടെയിടയില്‍ തര്ക്കവിഷയമാണ്. ഏതായാലുംനാസികളുടെ ഭ്രാന്തന്‍ ആദര്ശത്തില്‍, അടിമകളാകാന്‍ മാത്രം യോഗ്യതയുള്ളവരാണ് സ്ലാവുകള്‍. ബള്ഗേറിയന്‍ ജനത ഒരു മിശ്രജനതയാണെങ്കിലും അവര്‍ തെക്കന്‍ സ്ലാവുകളായാണ് കണക്കാക്കപ്പെടുന്നത്.

റഷ്യയിലെ ഗോര്ബച്ചേവിന്റെ കാലത്ത് ബെര്ലിന്‍ മതില്‍ പൊളിച്ചതിനെതുടര്ന്ന്  സോവിയറ്റ്ബ്ലോക്ക് രാജ്യങ്ങളെല്ലാം തന്നെ കമ്മ്യൂണിസത്തോട് വിടപറഞ്ഞു. അതില്‍ ഏറ്റവും നിര്ദ്ദയമായ മാറ്റം ഉണ്ടായത് ഒരു പക്ഷെറൊമേനിയയില്‍ ആയിരുന്നിരിക്കണം. അത്രയ്ക്ക് പൊറുതിമുട്ടിയിരുന്നു ആ രാജ്യത്തെ ജനങ്ങള്‍. ചെഷസ്ക്യൂവിന്റെ കിരാതഭരണം അത്രയ്ക്ക് മൃഗീയമായിരുന്നു. അദ്ദേഹത്തെയും ഭാര്യയെയും കമ്മ്യുണിസ്റ്റ് വിരുദ്ധര്‍ വെടിവച്ചുകൊന്നു.

അതുപോലുള്ള നാടകീയസംഭവങ്ങളൊന്നും ബള്ഗേറിയയില്‍ അരങ്ങേറാത്തതിന്റെ കാരണംബള്ഗേറിയന്‍ ജനത കമ്മ്യുണിസവുമായി അത്രമാത്രം പൊരുത്തപ്പെട്ടിരുന്നു എന്നതാണ്. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്ത് സുസ്ഥിരതയുണ്ടായിരുന്നുഅഭിപ്രായസ്വാതന്ത്ര്യം തീരെയില്ലായിരുന്നുവെങ്കിലും പാര്പ്പിടവുംആഹാരവും എല്ലാവര്ക്കും ലഭിച്ചിരുന്നു. മുതലാളിത്തരാജ്യങ്ങളില്‍ തൊഴിലാളികള്‍ പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ പണിയെടുക്കേണ്ടിവന്നപ്പോള്‍ ഈ രാജ്യങ്ങളില്‍ പണിസമയം എട്ടുമണിക്കൂര്‍ മാത്രമായി നിജപ്പെടുത്തിയിരുന്നു.

[ഇതിനെക്കുറിച്ച്‌ രസകരമായ ഒരു വിശദീകരണം ടൂറിസ്റ്റ് ഗൈഡ് നല്കുകയുണ്ടായി.

പാര്ട്ടി നേതാക്കന്മാര്ക്ക്  സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മിക്ക ഫാക്റ്ററികളും സ്ഥാപിക്കപ്പെട്ടത്. ലാഭാമുണ്ടാക്കുകയെന്നതായിരുന്നില്ല ലക്‌ഷ്യം. അവിടെയെല്ലാം തൊഴിലാളികളെ നിയമിച്ചു. അത്രയും പേര്ക്ക് ജോലി ചെയ്യാനുള്ള ഉത്പാദനം ആ ഫാക്ടറികളില്‍ ഉണ്ടായിരുന്നില്ല. അങ്ങിനെ വന്നപ്പോള്‍ പ്രവര്ത്തനസമയം കുറയ്ക്കുക എന്നതുമാത്രമായിരുന്നു കരണീയമായുണ്ടായിരുന്നത്. 

ഗൈഡ് പറഞ്ഞതില്‍ എത്ര വാസ്തവം ഉണ്ടെന്ന് അറിയില്ല.]

ഉള്ളിന്റെയുള്ളില്‍ അന്നും ഇന്നും റഷ്യയോട് കൂറുള്ളവരാണ് ബള്‍ഗേറിയക്കാര്‍.

മുമ്പൊരിക്കല്‍ പോളണ്ടിലെ ക്രാക്കോവിനടുത്തുള്ള നോവ ഹുട്ട എന്ന ഒരു സ്റ്റാലിന്‍ നഗര്‍ കാണാന്‍ പോയപ്പോള്‍ വെറുതെ ഗൈഡിനോടു ചോദിച്ചു: "റഷ്യയില്‍ പോയിട്ടുണ്ടോ?"

ഗൈഡിന്റെ മറുപടി: “You want me to die there?”

പോളിഷ് ജനതയ്ക്ക് റഷ്യയോടും തിരിച്ചും വല്ലാത്ത പക ഇന്നുമുണ്ട് എന്നദ്ദേഹം വിശദീകരിച്ചു.

അത്തരത്തിലുള്ള പകയൊന്നും കണ്ടുമുട്ടിയ ബള്‍ഗേറിയക്കാരില്‍ കാണാന്‍ കഴിഞ്ഞില്ല. തീര്ച്ചയായും അവര്ക്കിന്ന്‍ കൂടുതല്‍ ആഭിമുഖ്യം അമേരിക്കയോടും പാശ്ചാത്യലോകത്തോടുമാണ്പക്ഷെ റഷ്യയോടു വിദ്വേഷം വച്ചുപുലര്ത്തുലന്നവര്‍ വിരളമാണ്.

മറ്റുള്ള കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ കമ്മ്യുണിസ്റ്റ് ദുര്ഭരണത്തിനും കൂടുതല്‍ സ്വാതന്ത്ര്യത്തിനും വേണ്ടി ജനം തെരുവിലിറങ്ങിയപ്പോള്‍, ബള്‍ഗേറിയയില്‍ പ്രതിക്ഷേധം ഉണ്ടായത് പാരിസ്ഥിതിക കാര്യങ്ങള്ക്കായിരുന്നു. അത് പിന്നീട് കൂടുതല്‍ പടര്ന്നു . മാറിയ സാഹചര്യം മനസിലാക്കികമ്മ്യൂണിസ്റ്റ്‌ പാര്ട്ടിതന്നെ വേണ്ട നടപടിയെടുക്കുകയും അതിന്റെ ഫലമായിഷിവ്ക്കൊവിനെ അധികാരത്തില്നിന്നും നീക്കം ചെയ്യുകയും ചെയ്തു. അതിനുശേഷവും കമ്മ്യൂണിസ്റ്റ്‌ ഭരണം തുടരുകയാണുണ്ടായത്

1990-ല്‍ നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്പോലും കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി  (The Bulgarian Socialist Party എന്ന പുതിയപേരില്‍) അധികാരത്തില്‍ വന്നു. രാജ്യത്ത് പ്രൈവറ്റൈസേഷന്‍ നടപ്പിലാക്കിയപ്പോള്‍ പഴയ നേതാക്കന്മാര്‍ തന്നെയായിരുന്നു അധികാരികള്‍. അവര്‍ ഈയവസരം വേണ്ടപോലെ ഉപയോഗിച്ച് രാജ്യത്തിന്റെ സമ്പത്തില്‍ നല്ല ശതമാനം കൈയ്ക്കലാക്കി. സാധാരണക്കാരന്റെ ജീവിതം ദയനീയമായ തരത്തിലായി.

പിന്നീട് പാര്ട്ടി  നേതാക്കള്ക്ക് അധികാരം വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അവര്ക്ക്  പിന്നാലെ വന്നവര്‍ ഭരണപരിചയമോകാര്യക്ഷമതയോ ഇല്ലാത്തവരായിരുന്നു. നിയമവ്യവസ്ഥ പാടേ തകര്ന്നുരാജ്യം മാഫിയസംഘങ്ങളുടെ പിടിയിലായി. ഈ അവസ്ഥ കാരണമാണ് 2004-ല്‍, പോളണ്ട്ഹംഗറിചെക്ക് റിപ്പബ്ലിക്സ്ലോവേക്കിയതുടങ്ങിയ രാജ്യങ്ങള്‍ യുറോപ്യന്‍ യുണിയനില്‍ അംഗങ്ങളായി ചേര്ന്നിപ്പോള്‍, മൂന്നു വര്ഷക്കാലംകൂടി ബള്‍ഗേറിയ്ക്ക് വെളിയില്‍ നില്ക്കേണ്ടിവന്നത്.

അരാജകത്വത്തിന്റെ ഈ നാളുകളിലാണ്‌ ബള്‍ഗേറിയുടെ പ്രത്യാശയായി വര്ഷങ്ങള്ക്കു മുമ്പ്തന്റെ ഒന്പതാം വയസില്‍ നാടുവിട്ടുപോകേണ്ടി വന്ന ബള്‍ഗേറിയന്‍ രാജാവ്സിമയോന്‍ രണ്ടാമന്‍, സ്പെയിനില്‍ നിന്നും ബള്‍ഗേറിയില്‍ തിരിച്ചുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബള്‍ഗേറിയന്‍ ജനത പഴയ രാജാവിനെ ആവേശത്തോടെ സ്വീകരിക്കുകയും വോട്ടു നല്കി വിജയിപ്പിക്കുകയും ചെയ്തു.

പക്ഷെരാജാവിന്റെ തിരിച്ചുവരവ്‌ വേണ്ടത്ര ഫലം ചെയ്തില്ല. ഒരു സുഹൃത്ത് പറഞ്ഞത്അങ്ങേര്‍ നാടുനന്നാക്കാനൊന്നുമല്ല തിരിച്ചുവന്നത്രാജകുടുംബത്തിന്റെ ഒരുപാട് സ്വത്ത്‌ രാജ്യത്തിന്റെ വകയായിപ്പോയിരുന്നു. അതെല്ലാം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂഅത് സാധിച്ചതിനുശേഷംസിമയോന്‍ രണ്ടാമന്‍ തന്റെ സ്പെയിനിലെയ്ക്കുതന്നെ തിരിച്ചുപോയി. അവിടെ സുഖമായി ജീവിക്കുന്നു.

Boyko Borisov എന്നയാളാണ് ഇന്നത്തെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഭരണത്തിലും ബള്‍ഗേറിയയ്ക്ക് യുറോപ്യന്‍ യുണിയനിലെ ഏറ്റവും ദരിദ്രരാജ്യം എന്ന സ്ഥാനം നഷ്ടമായിട്ടില്ല.

ബള്‍ഗേറിയയില്‍ ഇന്ന് എന്ത് ആഡംബരവസ്തുക്കളും ലഭ്യമാണ്. പാര്പ്പിടസൌകര്യങ്ങളുടെ വില ആര്ക്കും  താങ്ങാന്‍ സാധിക്കുന്നില്ല. എങ്കിലും വേതനം വളരെക്കുറവുതന്നെ.  (പ്രതിമാസ മിനിമം വേതനം ഇരുനൂറു യുറോ മാത്രമാണ്). സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പതിനായിരക്കണക്കിന് ആളുകള്‍ മറ്റു യുറോപ്യന്‍ യുണിയന്‍ രാജ്യങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് സ്പെയിന്‍, ഇറ്റലി) കുടിയേറി. പല ഗ്രാമങ്ങളിലും ആള്‍താമസംതന്നെ  ഇല്ലാതായി.

എങ്കിലും ചിലര്‍ ഇന്നും സ്വന്തം രാജ്യം വിട്ടുപോകാന്‍ ഇഷ്ടപ്പെടുന്നില്ല. വലിയ മോഹങ്ങളൊന്നും ഇല്ലാതെഅവര്‍ പുതിയതായി കൈവന്ന സ്വാതന്ത്ര്യം ആസ്വദിച്ച്കഷ്ടപ്പാടും സന്തോഷവും ഇടകലര്ന്ന ജീവിതം നയിക്കുന്നു. രാജ്യം യുറോപ്യന്‍ യുണിയനില്‍ അംഗമായതില്‍ ദുഖിക്കുന്ന ഒരാളെപ്പോലും കാണാന്‍ സാധിച്ചില്ല. ബള്‍ഗേറിയുടെ ഏക പ്രതീക്ഷരാജ്യത്തെ ജീവിതം യുറോപ്യന്‍ യുണിയന്റെ സഹായത്തോടെ കൂടുതല്‍ സുഖകരമാകുമെന്നാണ്.

പ്രതീക്ഷ – അതാണല്ലോ എല്ലാം..