ഒരു ബള്‍ഗേറിയന്‍ ഗ്രാമം
സോഫിയയില്‍ വന്നിട്ട് മാസം ഒന്നാകാറാകുന്നു. ഇതുവരെ നഗരത്തിനു വെളിയില്‍ പോയില്ല. നഗരമദ്ധ്യത്തില്‍ മാത്രമായിരുന്നു കറക്കമെല്ലാം. ഇന്നലെ ബില്‍ജിനുമായി കണ്ടപ്പോള്‍ നാളെ ഒരു ഗ്രാമം കാണാന്‍ പോയാലോ എന്നു ചോദിച്ചു. വൈകുന്നേരം ആറരയോടെ യുറോപ്യന്‍ യുണിയന്‍ മെട്രോ സ്റ്റേഷന്റെ വെളിയില്‍ കാണാമെന്നു തീരുമാനിച്ചു.
കൃത്യസമയത്തുതന്നെ ബില്‍ജിന്‍ എത്തി. അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ വന്ന നമ്പര്‍ 98 ബസില്‍ ഏതാണ്ട് നാല്പത്തഞ്ചു മിനിട്ട് യാത്ര. ബസിറങ്ങിയിടത്ത് നിന്ന് ഏതു ദിക്കിലേയ്ക്ക് നോക്കിയാലും കുന്നും മലയും പര്‍വതവും. ലേശം തണുപ്പുണ്ടായിരുന്നു, ആകാശം കാര്‍മേഘാവൃതമായിരുന്നു, ഫോട്ടോ എടുക്കാന്‍ പറ്റിയ അന്തരീക്ഷമല്ല. എങ്കിലും കറങ്ങിനടന്നു.
എന്റെ മനസിലുണ്ടായിരുന്ന ബള്‍ഗേറിയന്‍ ഗ്രാമത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. “അല്ല, ഇതൊരു ടിപ്പിക്കല്‍ ബള്‍ഗേറിയന്‍ ഗ്രാമമല്ല.. സോഫിയ നഗരത്തിന്റെ തൊട്ടടുത്തായതിനാല്‍ നഗരത്തിലെ പല സമ്പന്നരും ഇവിടെ വീടുകള്‍ വച്ചു താമസമാക്കുന്നു. പണ്ടുണ്ടായിരുന്ന ഗ്രാമീണാന്തരീക്ഷം പാടെ മാറിപ്പോയി” – ബില്‍ജിന്‍ വിശദീകരിച്ചു.
എങ്കിലും ഗ്രാമത്തിന്റെ ചില അടയാളങ്ങള്‍ കാണാന്‍ സാധിച്ചു. ചെറിയ അരുവി, തടിയിലുണ്ടാക്കിയ ബസ്സ്റ്റാന്‍ഡ്, തുടങ്ങിയവ.
തണുപ്പുണ്ടായിരുന്നതിനാല്‍ ചൂടുള്ള ഒരു സൂപ്പ് കഴിക്കണം എന്നു ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. (ജര്‍മ്മന്‍കാര്‍ സൂപ്പ് തിന്നുന്നു, ഇംഗ്ലീഷ്കാര് സൂപ്പ് കുടിക്കുന്നു.. ഏതാണ് ശരി?). ഇത്തരം അവസരത്തില്‍ ഉന്മേഷത്തിനു ഏറ്റവും പറ്റിയത് ചൂടു ചായയാണ്. പക്ഷെ ഇവിടെ കിട്ടുന്ന ചായ കുടിക്കാനേ കൊള്ളില്ല. പിന്നെ, ചായയില്‍ പാലൊഴിക്കണം എന്നു പറയുമ്പോള്‍ ഇവരുടെ മുഖത്തെ ആശ്ചര്യം കാണാന്‍ വയ്യ. സൂപ്പാകട്ടെ - തിന്നുകയോ കുടിക്കുകയോ ആവാം..
കയറിയ ഭക്ഷണശാല എന്തോ വിചിത്രമായി തോന്നി. ഒരു റെസ്റ്റോരന്റിന്റെ യാതൊരു പകിട്ടും ലുക്കും ഇല്ല. നാട്ടിലെ ഒരു കാന്റീന്‍ അന്തരീക്ഷം. ബില്ജിന് പറഞ്ഞു, മിക്കവാറും ഇത് പണ്ട് സര്‍ക്കാര്‍ സ്ഥാപനം ആയിരുന്നിരിക്കണം. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ഉടമയോട് ചരിത്രം ഒന്നു ചോദിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ.
“1962ലാണ് ഈ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചത്. അന്നത്തെ ഒരു സര്‍ക്കാര്‍ വക ഷോപ്പിംഗ് കോംമ്പ്ലെക്സ് ആയിരുന്നു. അന്നും ഇത് റെസ്റ്റോരന്റ് തന്നെയായിരുന്നു. 1990-ല്‍ ഞാന്‍ വാങ്ങി..”
ഞാന്‍ ഒരു സ്പിനാഷ് സൂപ്പ് ഓര്‍ഡര്‍ ചെയ്തു. ബില്‍ജിന്‍ ഡിന്നര്‍ കഴിക്കാന്‍ തീരുമാനിച്ചു. സൂപ്പിനോപ്പം ബ്രെഡ് വേണമോ എന്നു ചോദിച്ചപ്പോള്‍ രണ്ടു പീസ് പോരട്ടെ എന്നു പറഞ്ഞു. വന്നപ്പോള്‍ ഒരു ചെറിയ കുന്നിന്റെ അത്രയും വലുപ്പമുണ്ട്!
കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മുതലാളി വന്നു ചോദിച്ചു.. ആടിന്റെ പാലുകൊണ്ടുണ്ടാക്കിയ യോഗര്‍ട്ട് (തൈര്) ഉണ്ട്. അല്പം രുചിക്കുന്നോ? കൂടെയുള്ള വിദേശി (അതായത്, ഈ പാവം ഞാന്‍) കഴിച്ചിട്ടില്ലായിരിക്കുമല്ലോ.
അതും രുചിച്ചു നോക്കി. എനിക്കത്ര ഇഷ്ടപ്പെട്ടില്ല. പക്ഷെ ബില്‍ജിന് വളരെ സുഖിച്ചു. രണ്ടെണ്ണം പായ്ക്ക് ചെയ്യാന്‍ പറഞ്ഞു.
ഭക്ഷണം കഴിച്ചുതീര്‍ന്നപ്പോള്‍ ഇരുട്ടായി. ഇനിയും അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. വീണ്ടും ബസ് നമ്പര്‍ 98, യുറോപ്യന്‍ യുണിയന്‍ മെട്രോ സ്റ്റേഷന്‍, സെര്ഡിക്ക, വീട്...
ഗ്രാമക്കാഴ്ചകള്‍ കാര്യമായി ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല.
No comments:
Post a Comment