ബാറ്റെന്‍ബെര്‍ഗ് സ്മാരകസൌധം (Battenberg Mausoleum)
കമ്മ്യൂണിസം ടൂറിനു പോയപ്പോള്‍ അവര്‍ ബള്‍ഗേറിയിലെ കമ്മ്യൂണിസ്റ്റ് വീരനായകനായ (കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ താരപരിവേഷം ഉണ്ടായിരുന്ന) ഗിയോര്‍ഗി ഡിമിത്രിയ്ക്കുവേണ്ടി, ലെനിന്റെ മാതൃകയില്‍ സോഫിയയുടെ വളരെ പ്രധാനപ്പെട്ട ഒരിടത്ത് (റോയല്‍ പാലസിന്റെ തൊട്ടുമുന്നില്‍) ആറു ദിവസങ്ങള്‍കൊണ്ടു പണികഴിപ്പിച്ച സ്മാരകമണ്ഡപത്തെക്കുറിച്ച് കേട്ടിരുന്നു. ഡിമിത്രി റഷ്യയില്‍ വച്ചാണ് അന്തരിച്ചത്. ശവശരീരം ബള്‍ഗേറിയയില്‍ എത്താന്‍ ആറു ദിവസങ്ങള്‍ എടുത്തു. ആ കാലയളവില്‍ മേല്‍പറഞ്ഞ ശവകുടീരം പൂര്‍ത്തിയാക്കി.
കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം കമ്മ്യൂണിസ്റ്റ്-വിരുദ്ധവികാരം ശക്തമായപ്പോള്‍ ഇതു തച്ചുടയ്ക്കാന്‍ തീരുമാനിച്ചു. നാലാമത്തെ ശ്രമത്തിലാണ് അത് നിലംപരിശാക്കാന്‍ സാധിച്ചത്. അത്ര ബലവത്തായിരുന്നു ആ കെട്ടിടം. ശവകുടീരം എന്നത് ഒരു മറ മാത്രമായിരുന്നുവെന്നും, സത്യത്തില്‍ അത് നേതാക്കന്മാര്ക്ക, ന്യുക്ലിയര്‍ ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടര്‍ ആയിരുന്നുവെന്നും ഇന്നും പലരും വിശ്വസിക്കുന്നു. ആറുദിവസം കൊണ്ട് പണിതീര്‍ത്ത ആ സ്മാരകം ഇടിച്ചുതകര്‍ക്കാനും ആറുദിവസം വേണ്ടിവന്നു.
ഈ കഥ കേട്ടപ്പോള്‍ മുതല്‍ പലരോടും മറ്റൊരു സ്മാരകസൗധത്തെക്കുറിച്ച് ചോദിച്ചു – തുര്‍ക്കികളില്‍നിന്നുമുള്ള മോചനത്തിനുശേഷം ബള്‍ഗേറിയയുടെ ഭരണാധികാരിയായ പ്രിന്‍സ് അലക്സാണ്ടര്‍ ഓഫ് ബാറ്റന്‍ബര്‍ഗിന്റെ ശവകുടീരം. അവസാനം, ജോര്‍ജ് എന്ന സുഹൃത്താണ് അവിടെ പോകാനുള്ള വഴി കാണിച്ചുതന്നത്. സോഫിയ യുണിവേര്‍സിറ്റി മെട്രോസ്റ്റേഷനില്‍ നിന്നും മൂന്നു മിനിറ്റ് നടന്നാല്‍ സ്ഥലത്തെത്താം. അങ്ങോട്ട് പോകുന്ന വഴിയുടെ എതിര്‍വശത്താണ് സോഫിയയിലെ Monument of the Soviet Army.
ആദ്യം പോയ ദിവസം മഴയായിരുന്നു. വൈകുന്നേരം, മഴ മാറിക്കഴിഞ്ഞു വരാം എന്നുകരുതി തിരികെപോന്നു. വൈകുന്നേരം ചെന്നപ്പോള്‍ എല്ലാം അടച്ചു ഭദ്രമാക്കിയിരിക്കുന്നു. പിറ്റേദിവസം രാവിലെ വീണ്ടും പോയി, അങ്ങിനെ അതിനുള്ളില്‍ കയറി.
Hermann Mayer എന്ന സ്വിറ്റ്സര്‍ലന്‍ഡ്കാരനാണ് ഇത് രൂപകല്‍പന ചെയ്തത്. 80 ചതുരശ്ര മീറ്റര്‍ വിസ്താരവും, പതിനൊന്ന് മീറ്റര്‍ ഉയരവും ഉള്ള ഈ കെട്ടിടം 1897-ല്‍ പൂര്‍ത്തിയാക്കി. രാഷ്ട്രീയകാരണങ്ങളാല്‍ പ്രിന്‍സ് അലക്സാണ്ടര്‍ (ഇദ്ദേഹം റഷ്യന്‍ ചക്രവര്‍ത്തിയുടെ അടുത്ത ബന്ധു ആയിരുന്നു), ഏതാണ്ട് ഏഴു വര്ഷം രാഷ്ട്രത്തലവന്‍ ആയിരുന്നതിനുശേഷം 1886-ല്‍ സ്ഥാനത്യാഗം ചെയ്തതിനുശേഷം ഓസ്ട്രിയയിലെ Graz എന്ന നഗരത്തിലാണ് ജീവിച്ചത്. അവിടെവച്ച് 1893-ല്‍ അന്തരിച്ചു. ആദ്യം അവിടെ തന്നെ ശവം മറവുചെയ്തെങ്കിലും പ്രിന്‍സിന്റെ അഭീഷ്ടപ്രകാരവും ജനവികാരം മാനിച്ചും പിന്‍ഗാമിയായിരുന്ന കിംഗ് ഫെര്‍ഡിനാന്‍ഡ് ഭൌതികാവശിഷ്ടം ബള്‍ഗേറിയയില്‍ കൊണ്ടുവന്നു സംസ്ക്കരിക്കുകയായിരുന്നു. റഷ്യയുമായി അത്ര നല്ല ബന്ധമായിരുന്നില്ല ഫെര്‍ഡിനാന്‍ഡിന്റെത്. റഷ്യന്‍ ചക്രവര്‍ത്തിയുടെ ബന്ധുവിനെ വേണ്ടവിധത്തില്‍ ആദരിച്ചാല്‍, റഷ്യയുടെ പ്രീതി നേടാം എന്നുള്ള ലാക്കും ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.
ഏതായാലും ഇന്ന് ബള്‍ഗേറിയക്കാര്‍ക്ക് നഗരത്തിന്റെ ഒത്തനടുവില്‍ ഇടയ്ക്ക് പോയിരിക്കാന്‍ പ്രശാന്തസുന്ദരമായ ഏതാണ്ട് മുക്കാല്‍ ഏക്കര്‍ സ്ഥലവും, കാണാന്‍ മനോഹരമായ ഒരു സൌധവും ഉണ്ട്.
No comments:
Post a Comment