പത്തൊന്‍പത് – സോഫിയയിലെ രണ്ട് സെന്റ് പെറ്റ്ക്ക പള്ളികള്‍
ഇവിടെ വന്നതിന്റെ പിറ്റേദിവസം മുതല്‍ എന്തെങ്കിലും ആവശ്യത്തിനായി എന്നും നഗരമദ്ധ്യത്തില്‍ പോകാറുണ്ട്. മെട്രോയില്‍ ചെന്നിറങ്ങുന്നത് സെര്ഡിക്ക (Serdika) എന്ന സ്റ്റേഷനിലാണ്. ആ സ്റ്റേഷന്റെ ഉള്ളില്‍ തന്നെ വിചിത്രമായ ഒരു ചെറിയ പള്ളിയുടെ മുന്നിലൂടെയാണ് നിത്യവും പോകുന്നത്. നാളെ നാളെ, നീളെ നീളെ.. ഇതുവരെയും അതിനുള്ളില്‍ കയറിയില്ല. ഇന്ന് അതൊന്നുകാണാന്‍തന്നെ തീരുമാനിച്ചു.
Church of St Petka of the Saddlers (ബള്‍ഗേറിയന്‍ ഭാഷയില്‍ Sveta Petka Samardzhiiska) എന്നാണിതിന്റെ പേര്. സെന്റ് പെറ്റ്ക്ക എന്ന വിശുദ്ധന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബള്‍ഗേറിയന്‍ സ്വദേശിയാണ്. കുതിരയുടെ ഇരിപ്പടം പോലുള്ളവ പണി ചെയ്യുന്നവരുടെ മാധ്യസ്തന്‍ ആയതുകൊണ്ടാവാം St Petka of the Saddlers എന്ന പേര് വന്നത്.
ഈ ദേവാലയം തുര്‍ക്കികളുടെ ഭരണകാലത്ത്, പതിനാലാം നൂറ്റാണ്ടില്‍ പണികഴിച്ചതാണെന്ന് കരുതുന്നു. എങ്കിലും ഇതിനുള്ളിലെ മ്യുറല്‍സിന് അതിലും വളരെ പഴക്കമുണ്ട്. തുര്‍ക്കികള്‍ വളരെ ഉയരമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പണിയാന്‍ അനുവദിച്ചിരുന്നില്ല. ഇതിന്റെ വലിപ്പക്കുറവിന്റെ കാരണം അതാവാം.
മെട്രോ നെറ്റ്വര്‍ക്ക് ഉണ്ടാക്കാനായി കുഴിച്ചുചെന്നപ്പോഴാണ് ഈ ദേവാലയം പഴയ ഒരു റോമന്‍ ആരാധനാലയത്തിന്റെ മുകളിലാണ് പണിചെയ്തിരിക്കുന്നത് എന്നു മനസിലായത്.
തീരെ ചെറുത്; കാലപ്പഴക്കത്തിന്റെ അടയാളങ്ങള്‍ എല്ലാം ഉണ്ടെങ്കിലും ഇവിടെ ഇന്നും ഓര്ത്തഡോക്സ് സഭയുടെ ആരാധന നടക്കുന്നു. ദേവാലയത്തിനുള്ളില്‍ ഫോട്ടോ എടുക്കുന്നത് നിഷിദ്ധമാണെന്ന് ഒരു ഫോട്ടോ എടുത്തപ്പോള്‍ വൈദികന്‍ വന്നു പറഞ്ഞു. (ഇത്തരം നിയന്ത്രണങ്ങള്‍ എന്തിനാണെന്ന് മനസിലാകുന്നില്ല..). അതുകൊണ്ട് ഉള്ളിലെ ചിത്രങ്ങള്‍ ഒന്നുമാത്രം.
ബള്‍ഗേറിയയുടെ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്‍, വാസില്‍ ലെവ്സ്ക്കിയെ ഇതിനുള്ളിലാണ് രഹസ്യമായി അടക്കിയതെന്ന് സ്ഥിരീകരിക്കാത്ത വിശ്വാസം ഇന്നാട്ടുകാരുടെയിടയിലുണ്ട്.
കുറെ മാറി, (വിശുദ്ധ ഞായറാഴ്ച പള്ളിയുടെയടുത്ത്) വിശുദ്ധ പെറ്റ്ക്കയുടെതന്നെ മറ്റൊരു പള്ളിയും കണ്ടു. 1241-ല്‍ പൂര്ത്തിയാക്കിയതാണെന്നു പുറത്തുള്ള ബോര്‍ഡില്‍ നിന്നും മനസിലാകുന്നു. അവിടെയും ഫോട്ടോഗ്രാഫി നിഷിദ്ധം തന്നെ. എങ്കിലും അകത്തെ ഒരു പടമെടുത്തു.
അത് പഴയ ഒരു വലിയ അപ്പാര്ട്ട്മെന്റിന്റെ താഴത്തെനിലയിലാണ്. ഒരു പക്ഷെ, ഈ പള്ളി നശിപ്പിക്കാതെ, അതുംകൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ കെട്ടിടം പണിതതാവാം.
No comments:
Post a Comment