Tuesday, 9 June 2015

ബുഡാപെസ്റ്റ് യാത്ര (Part 3)

ഹംഗേറിയന്‍ ഭാഷയില്‍ റിപ്പബ്ലിക്ക്‌ ഓഫ് ഹംഗറിയുടെ ഔദ്യോഗിക നാമം “മജാര്‍ കൊഷ്താര്‍ ഷഷാഗ്” (Magyar Köztársaság) എന്നാണ്.
പത്ത് ശരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ‘ഒന്‍-ഒഗോര്‍’ എന്ന പുരാതന തുര്‍ക്കിഷ് വാക്കുകൊണ്ട് തുര്‍ക്കികള്‍ ഇവരെ വിളിച്ചിരുന്നു. ഒന്‍-ഒഗോര്‍ ലത്തീന്‍ ഭാഷയില്‍ ‘ഉന്ഗ്രി’ എന്നായി. ഉന്ഗ്രാന്‍- ഹോന്ഗ്രി-ഹംഗറി എന്ന നിലയില്‍ അതിനു പരിണാമമുണ്ടായി. ഹംഗേറിയന്‍ ഭാഷയ്ക്ക് മജാര്‍ (Magyar) എന്നാണു നാട്ടുപേര് 1.45 കോടിയോളം വരുന്ന ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷ മദ്ധ്യയുറോപ്പിലെ പൊതുഭാഷയായ ഇന്‍ഡോ-യുറോപ്യനില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. അല്‍പമെങ്കിലും സാമ്യമുള്ളത് എസ്റ്റോണിയന്‍, ഫിനിഷ് ഭാഷകളോടാണ്.
ഡാന്യുബ് നദിയ്ക്ക് ഇരുവശവുമായി സ്ഥിതി ചെയ്യുന്ന, തലസ്ഥാനമായ, ബുഡാപെസ്റ്റ് എന്ന നഗരദ്വയത്തില്‍ ഏതാണ്ട് പതിനേഴര ലക്ഷം ആള്‍ക്കാര്‍ സ്ഥിരതാമസമുണ്ട്. ഒരോ വര്‍ഷവും ഇവിടെ സുമാര്‍ നാല്പത് ലക്ഷം ആളുകള്‍ സന്ദര്‍ശനത്തിനെത്തുന്നു.
ഇരുപത്തിമൂന്നു ഡിസ്ട്രിക്റ്റുകളായി തിരിച്ചിരിക്കുന്ന തലസ്ഥാനത്തിന്റെ ഏറ്റവും വലിയ അഭിമാനം യുറോപ്യന്‍ വന്‍കരയിലെ ആദ്യത്തെ ഭൂഗര്‍ഭറെയില്‍വേ ഇവിടെയാണ്‌ തുടങ്ങിയതെന്നതാണ്. 1896-ലാണ് ഇതിന്റെ ആരംഭം. അതിനും വര്‍ഷങ്ങള്‍ മുമ്പ് ലണ്ടനില്‍ അണ്ടര്‍ഗ്രൌണ്ട് റെയില്‍വേ തുടങ്ങിയെങ്കിലും, അത് വന്‍കരയില്‍ അല്ലല്ലോ എന്ന് ഹംഗറിക്കാര്‍ സമാധാനിക്കുന്നു.
പൊതുവേ വിഷാദരും മ്ലാനവദനരും (melancholic) ആയ ജനത. അപരിചിതരോട് അടുക്കാന്‍ വിമുഖരാണ്.
ഹംഗേറിയന്‍ വംശജര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് റൊമേനിയക്കാര്‍ ആണ്. 5-10 ശതമാനം റോമാസ് എന്നറിയപ്പെടുന്ന ജിപ്സികളാണ്. പൊതുവില്‍ അവര്‍ വെറുക്കപ്പെട്ടവരാണ്. അവര്‍ക്കുനേരെ അക്രമങ്ങള്‍ കൂടെക്കൂടെ ഉണ്ടാകാറുണ്ട് എന്ന് കേട്ടിരുന്നു. തൊലിനിറം മൂലം ജിപ്സിയായി തെറ്റിദ്ധരിക്കപ്പെട്ടെങ്കിലോ എന്നു ഭയന്ന് രാത്രികാലങ്ങളിലെ കറക്കം മനപൂര്‍വം ഒഴിവാക്കി.
പക്ഷെ, ഒരിടത്തും ജിപ്സികളെ കാണാന്‍ സാധിച്ചില്ല. തൊലിനിറം കൊണ്ട് ജനക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിന്നെങ്കിലും ആരും അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. എല്ലാവരും തിരക്കിലാണ്.
ഭാഷ ഒരു പ്രശ്നം തന്നെയാണ്. മദ്ധ്യവയസ്സ് പിന്നിട്ടവരോട് എന്തെങ്കിലും ചോദിച്ചിട്ട് യാതൊരു കാര്യവും ഇല്ല. ചെറുപ്പക്കാരില്‍ തന്നെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. വര്‍ഷങ്ങളോളം ഓസ്ട്രിയയുടെ ഭാഗമായിരുന്നതിനാല്‍ അല്പം ജര്‍മ്മന്‍ ഉപകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. പരിമിതമായ എന്റെ ജര്‍മ്മന്‍ ഭാഷ ഒരിടത്തും സഹായകരമായില്ല എന്നത് അതിശയകരമായി തോന്നി. രണ്ടാം ഭാഷയായി ജര്‍മ്മന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് പഠിക്കണം. പക്ഷെ, കൂടുതല്‍പേരും ഇംഗ്ലീഷ് പഠിക്കാന്‍ താല്പര്യപ്പെടുന്നു.
ഫ്ലാറ്റില്‍ ഇന്റെര്നെറ്റ് കണക്ഷന്‍ വളരെ മോശമായിരുന്നു. കുറെയേറെ ശ്രമങ്ങള്‍ക്കു ശേഷം, ലാപ്ടോപ് കിച്ചനിലെ ജനലിന്റെ സമീപത്തേയ്ക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ അതിനു പരിഹാരമായി.
രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിച്ച്, ബ്രേക്ക്ഫാസ്റ്റ് കഴിക്കുക, ഒരു സിംകാര്‍ഡ് വാങ്ങുക എന്നീ ഉദ്ദേശങ്ങളുമായി വെളിയില്‍ ഇറങ്ങി.
ബുഡാപെസ്റ്റിന്റെ ഏഴാം ഡിസ്ട്രിക്റ്റിലാണ് താമസം. സിറ്റിസെന്ററില്‍ നിന്നും സാമാന്യം അകലമുണ്ട്. ഫ്ലാറ്റിന്റെ തൊട്ടരുകില്‍ നിന്ന് നഗരമദ്ധ്യത്തിലേയ്ക്ക് പോകുന്ന ട്രോളി ബസുണ്ട്. നമ്പര്‍ 74. സിംഗിള്‍ ടിക്കറ്റിനു 450 ഫ്ലോരിന്റ്റ്സ് കൊടുക്കണം. (ഒരു ബ്രിട്ടിഷ് പൌണ്ട് കൊടുത്താല്‍ ഏകദേശം നാനൂറു ഫ്ലോടിന്റ്റ്സ് ലഭിക്കും). അതിലും ലാഭം ട്രാവല്‍ കാര്‍ഡ് വാങ്ങുന്നതാണ്. അടുത്ത് അധികം കടകളോ മറ്റു സൌകര്യങ്ങളോ ഇല്ല. എങ്കിലും കാല്‍നടയായി ഒന്നു ചുറ്റിയടിച്ചു.
ഏതാനും കടകളില്‍ വെറുതെ കയറിയിറങ്ങി. സാധനങ്ങളുടെ വില അത്ഭുതപ്പെടുത്തി. ജീവിതനിലവാരത്തിന്റെയും, വേതനത്തിന്റെയും കാര്യത്തില്‍ ബ്രിട്ടനെക്കാള്‍ വളരെ പിന്നിലാണെങ്കിലും, വിലയ്ക്ക് യാതൊരു കുറവും കണ്ടില്ല. ടെസ്ക്കോ, ആല്‍‍ഡി, സ്പാര്‍, തുടങ്ങിയ ഇന്നാട്ടില്‍ കാണുന്ന നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവിടെ കണ്ടു. ചെറിയ കടകളുടെ മുന്നില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഇരുന്ന് ചിലര്‍ ബിയര്‍ നുണയുന്നു. അവര്‍ അവിടെയിരുന്നു സൃഷ്ടിക്കുന്നത് നമ്മുടെ കള്ളുഷാപ്പിനോട് ഉപമിക്കാവുന്ന അന്തരീക്ഷമാണ്. അവര്‍ക്കുമാത്രം യാതൊരു തിരക്കും ഉള്ളതായി തോന്നിയില്ല.
പ്രഭാതഭക്ഷണം കഴിക്കാനുള്ള സ്ഥലം കണ്ടെത്തുക എളുപ്പമായിരുന്നു; പക്ഷെ സിം കാര്‍ഡിനായി കുറെയേറെ അലയേണ്ടി വന്നു. അവസാനം കട കണ്ടുകിട്ടിയെങ്കിലും കടയിലെ പെണ്‍കുട്ടിയ്ക്ക് ഒരക്ഷരം പോലും ഇംഗ്ലീഷ് അറിയില്ല. ജര്‍മ്മനും തഥൈവ. ആംഗ്യഭാക്ഷയില്‍ കാര്യം അവതരിപ്പിച്ചു. ഒരെണ്ണം സ്വന്തമാക്കി. പക്ഷെ വോഡാഫോണ്‍ കമ്പനിയില്‍ നിന്ന് ആക്ടിവേറ്റ് ചെയ്യണം. രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ അവര്‍ വിളിക്കും എന്നു പറഞ്ഞു. മനസിലാക്കിയതില്‍ തെറ്റുണ്ടോ എന്ന് സംശയിച്ചു ഫ്ലാറ്റില്‍ വന്നു. പറഞ്ഞ സമയത്ത് അവര്‍ വിളിച്ചു. കുറെ പേര്‍സണല്‍ ചോദ്യങ്ങള്‍.. അവസാനം സംഗതി ആക്ടീവ് ആയികിട്ടി. ഇനി വീണ്ടും അതേ കടയില്‍ പോയി ചാര്‍ജ് ചെയ്യണം. അതും മുറപോലെ ചെയ്തു.
അടുത്തതായി, ബുഡാപെസ്റ്റ് സിറ്റി ടൂര്‍കാരെ വിളിച്ചു. ഇന്നത്തെ ടൂര്‍ പോയിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ദിവസത്തേയ്ക്ക് ബുക്ക് ചെയ്തു. രാവിലെ ഒന്‍പതര മണിയ്ക്ക് അവരുടെ വണ്ടി അപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വരും. (അതൊരു വലിയ സൗകര്യം തന്നെ...) സമയത്ത് തയ്യാറായി നില്‍ക്കുക..
ഒരു കറക്കം കൂടി കഴിഞ്ഞപ്പോള്‍ അന്നത്തെ ദിവസം കഴിഞ്ഞു. എന്തെങ്കിലും പറഞ്ഞുതരാന്‍ ആരും ഇല്ലാതിരുന്നിട്ടും ഇത്രയെങ്കിലും സാധിച്ചല്ലോ എന്ന സമാധാനത്തില്‍ കിടന്നുറങ്ങി.
ബുഡാപെസ്റ്റ് നഗരത്തെക്കുറിച്ച് നല്ല ഒരു രൂപം ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നിന്നും ലഭിക്കും.

1 comment:

  1. ഈ വീഡിയോ ബുഡാപെസ്റ്റിനെ ‘ബഡാ ഫസ്റ്റാക്കിയിരിക്കുന്നു ..കേട്ടൊ ഭായ്

    ReplyDelete