ബള്‍ഗേറിയയോട് വിട..
എല്ലാറ്റിനും അവസാനമുണ്ടല്ലോ.. അങ്ങിനെ എന്റെ ബള്‍ഗേറിയന്‍ സന്ദര്‍ശനം അവസാനിക്കുന്നു. തലേന്നുതന്നെ ഒരു ടാക്സികമ്പനിയെ വിളിച്ച് വൈകുന്നേരം ഏഴരയ്ക്ക് സോഫിയ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ ഒന്നില്‍ പോകണം എന്ന് ഏര്‍പ്പാട് ചെയ്തു.
സമയത്തിന് അഞ്ചുമിനിട്ടു മുന്നേ പെട്ടിയുമായി താഴെ വന്നപ്പോള്‍ ടാക്സി കാത്തുനില്‍ക്കുന്നു.. മുഖത്ത് യാതൊരു ഭാവപ്രകടനവും ഇല്ലാത്ത വൃദ്ധനായ ഡ്രൈവര്‍. സിനിമകളില്‍ കാണുന്ന റഷ്യന്‍ മുഖം. "Lady of Shalott" എന്ന കവിതയില്‍ ടെന്നിസന്‍ Glassy Countenance എന്ന പ്രയോഗം ഉണ്ടാക്കിയത് ഇങ്ങേരെ കണ്ടിട്ടാണോ എന്നുപോലും സംശയിച്ചുപോയി..
പോകേണ്ടത് ടെര്‍മിനല്‍ ഒന്നിലേയ്ക്കാണ് എന്ന് ഞാന്‍ ആംഗ്യഭാഷയില്‍ പാര്‍ത്ഥസാരഥിയെ അറിയിച്ചു.. "ഞാന്‍ നിന്നോടുകൂടിയുണ്ട്; ഭയപ്പെടേണ്ട" എന്ന ഭാവത്തില്‍ അദ്ദേഹം തലകുലുക്കി..
ഒരുമാസം മുമ്പ് എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ലാറ്റിലേയ്ക്ക് പോകുമ്പോള്‍ കണ്ടതെല്ലാം പുതുമയായിരുന്നു. ഒരു മാസത്തെ കറക്കത്തിനുശേഷം തിരികെ പോരുമ്പോള്‍ വഴിയിലുള്ളതെല്ലാം പരിചിതം..
ഹോളി സന്‍ഡേ പള്ളി കടന്ന്, പഴയ പാര്‍ട്ടി ഓഫീസിന്റെയും ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തിന്റെയും ഇടയിലൂടെ റെഡ് ആര്‍മി സ്മാരകവും ബോറിസോവ പാര്‍ക്കും കടന്നു ഈഗിള്‍ ബ്രിഡ്ജ്. അതു കഴിഞ്ഞ് സോഫിയ-ഈസ്താംബൂള്‍ മോട്ടോര്‍വേ. അതില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് വീണ്ടും മുന്നോട്ട്. ഏതാണ്ട് ഇരുപതുമിനിട്ടുകൊണ്ട് എയര്‍പോര്‍ട്ട്. നോക്കുമ്പോള്‍ ടെര്‍മിനല്‍ രണ്ട്.
ഇതു ടെര്‍മിനല്‍ രണ്ടാണല്ലോ എന്നുപറഞ്ഞപ്പോള്‍ നമ്മുടെ ഡ്രൈവര്‍സാറിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറഞ്ഞു.. “ഞാന്‍ എന്തൊരു മണ്ടനാടാ” എന്നായിരിക്കും. ഏതായാലും അഞ്ചുമിനിട്ട് തിരികെ ഓടി, ടെര്‍മിനല്‍ ഒന്നില്‍ എത്തി. ചാര്‍ജ് പതിനഞ്ചു ലേവ. താമസസൗകര്യം ശരിയാക്കിയ ട്രാവല്‍ ഏജന്‍സിയുടെ പിക്കപ്പ് സര്‍വീസിനു കൊടുത്തത് മുപ്പത് ലേവ. ആ സന്തോഷത്തില്‍ രണ്ടു ലേവ ടിപ്പ് കൊടുത്തപ്പോള്‍ മൂപ്പില്‍സിന്റെ മുഖത്ത് സന്തോഷം..
ടെര്‍മിനല്‍ രണ്ട് ആധുനികമാണ്. പക്ഷെ ടെര്‍മിനല്‍ ഒന്നിന് പുറമേനിന്നു കാണുമ്പോള്‍ തോന്നുന്ന സൌകര്യങ്ങള്‍ ഒന്നുമില്ല. ശരിയ്ക്കും ഒരു അവികസിത വിമാനത്താവളം. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഡ്യൂട്ടിഫ്രീയില്‍ നിന്നും ഒന്നുരണ്ടു റക്കിയയുടെ കുപ്പികള്‍ വാങ്ങി.
ഫ്ലൈറ്റില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. വിമാനം പൊങ്ങുന്നതിനു മുന്നേ തന്നെ ഉറങ്ങിപ്പോയി. ലാന്ഡ് ചെയ്തപ്പോഴാണ് ഉണര്‍ന്നത്. ബജറ്റ് എയര്‍ലൈന്‍സിന്റെ ഒരു സൗകര്യം.. എയര്‍ഹോസ്റ്റസ്മാര്‍ ഇടയ്ക്ക് വന്ന് തോണ്ടി വിളിക്കില്ല.
അങ്ങിനെ സോഫിയയിലെ ചൂടില്‍ നിന്നും മാഞ്ചെസ്റ്ററിലെ മേയ്മാസക്കുളിരില്‍..
സന്ദര്‍ശനം കഴിഞ്ഞു.. പക്ഷെ, യാത്രാക്കുറിപ്പുകള്‍ അവസാനിച്ചിട്ടില്ല. കണ്ട പലതിനെയുംക്കുറിച്ച് എഴുതാന്‍ സാധിച്ചിട്ടില്ല. വരുംദിനങ്ങളില്‍ അവയെക്കുറിച്ചുള്ള വിവരണം ഉണ്ടാകും. ഫേസ്ബുക്ക് ഭാഷയില്‍ പറഞ്ഞാല്‍..”വെറുപ്പിക്കല്‍ തുടരും..”
വാല്‍ക്കക്ഷണം:
മാഞ്ചെസ്റ്ററില്‍ വന്നിറങ്ങി, പുറത്തു വന്നപ്പോള്‍ മെട്രോടാക്സിക്കാരെ വിളിച്ചു. എന്റെ ലക്ഷണങ്ങള്‍ ചോദിച്ചിട്ട്, "ഇന്‍ഫോര്‍മേഷന്‍ കൌണ്ടറിന്റെ അടുത്തു നിന്നോ" എന്നു പറഞ്ഞു. അഞ്ചുനിമിഷങ്ങള്‍ക്കകം ഡ്രൈവര്‍ വന്ന് എന്നെ തിരിച്ചറിഞ്ഞു. യാത്രയ്ക്കിടയില്‍ അയാള്‍ ചോദിച്ചു: “Where have you been?” ഞാന്‍ മറുപടി പറഞ്ഞു: സോഫിയ, ഇന്‍ ബള്‍ഗേറിയ.
അദ്ദേഹത്തിന് ചിരി..
“I know Sofia is in Bulgaria.. I am Bulgarian...”
ബള്‍ഗേറിയന്‍ പര്യടനത്തിനു സമുചിതമായ പരിസമാപ്തി..
No comments:
Post a Comment