Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 26)

സോഫിയയിലെ ഡോക്ടര്‍സ് പാര്‍ക്ക് (Doktorska Gradina)

സോഫിയ സ്മാരകങ്ങളുടെ നഗരംകൂടിയാണ്. എന്തിനും ഏതിനുമുള്ള സ്മാരകങ്ങള്‍ നഗരത്തില്‍ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്നു. ഇത്രയൊക്കെ സ്മാരകങ്ങള്‍ ഉണ്ടായിട്ടും ഇവിടുത്തെ ജനത ഇതൊന്നും ഓര്‍മ്മിക്കുന്നതായി തോന്നുന്നില്ല. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും എന്നു തോന്നിപ്പോകും. റഷ്യയുടെ ഓര്‍മ്മ നിലനിര്‍ത്തി ലോകാവസാനം വരെ അവരോടു നന്ടിയുള്ളവരായിരിക്കാന്‍ എത്രയോ സ്മാരകങ്ങള്‍ പണിതിട്ടിരിക്കുന്നു. എന്നിട്ടും ഇപ്പോള്‍ ആ രാജ്യത്തോട് ആര്‍ക്കെങ്കിലും നന്ദിയുള്ളതായി തോന്നിയില്ല. ഇന്നെല്ലാവരും പടിഞ്ഞാറേയ്ക്കാണ് നോക്കുന്നത്.

മുപ്പത്തഞ്ചു വര്ഷം ബള്‍ഗേറിയയെ അടക്കിവാണ തോഡോര്‍ ഷിവ്ക്കൊവിന്റെ മകന്‍, വ്ലാഡിമിര്‍ ഷിവ്ക്കൊവ് പോലും കമ്മുണിസത്തിന്റെ പതനത്തിനുശേഷം അമേരിക്കയിലേയ്ക്ക് കുടിയേറി എന്നു ഇവരുടെയിടയില്‍ സംസാരമുണ്ട്. (അദ്ദേഹത്തിന് ഒരു പുത്രിയും ഉണ്ടായിരുന്നു – ലുഡ്മില ഷിവ്ക്കൊവ് – ഏറെ സ്വാധീനമുണ്ടായിരുന്ന ലുഡ്മില  പോളിറ്റ്ബ്യുറോ അംഗമായിരുന്നു. മുപ്പത്തിയെട്ടാം വയസില്‍ അവര്‍ ബ്രെയിന്‍ ടൂമര്‍ വന്നു മരിച്ചു. അത് സ്വാഭാവിക മരണമായിരുന്നില്ല എന്നും സംസാരമുണ്ട്.)

പറഞ്ഞുവരുന്നത് ഏറ്റവും കൂടുതല്‍ സ്മാരകങ്ങള്‍ സ്ഥാപിച്ചത് കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലായിരുന്നു. ഓരോ സ്മാരകവും ബള്‍ഗേറിയന്‍ ജനതയെ റഷ്യ അവര്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയായിരുന്നു.

അത്തരത്തിലൊന്നാണ് സോഫിയയുടെ നാഷണല്‍ ലൈബ്രറിയുടെ പിന്നിലുള്ള ഡോക്ടര്സ് ഗാര്‍ഡന്‍ അഥവാ ഡോക്ടര്സ് പാര്‍ക്ക്. മറ്റൊരു പാര്‍ക്കില്‍ വച്ചു രണ്ടുദിവസം മുമ്പ് കണ്ട ജോര്‍ജ് (ഇക്കാറസിന്റെ പ്രതിമ ചൂണ്ടിക്കാണിച്ചുതന്ന വൃദ്ധന്‍ - അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി) ഈ പാര്‍ക്കില്‍ കൂട്ടികൊണ്ടുപോയി.

1877-78-ല്‍ നടന്ന തുര്‍ക്കികളില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള യുദ്ധത്തില്‍ റഷ്യന്‍ റെഡ്ക്രോസ്സില്‍ ജോലി ചെയ്തിരുന്ന നിരവധി ഡോക്ടര്‍മാരും കൊല്ലപ്പെട്ടു. അവരുടെ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ചതാണ് ഈ പാര്‍ക്ക്. വളരെ മനോഹരമായി തോന്നി. 1882-83-ലായിരുന്നു ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.

കൂറ്റന്‍ സ്മാരകത്തിനുപുറമേആബാലവൃദ്ധം ജനങ്ങള്‍ക്കും സമയം ചെലവഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മഴയായിരുന്നതിനാലാവാംഅധികം ആളുകളെ കണ്ടില്ല.

പാര്‍ക്കിന്റെ ഒരു മൂലയില്‍ അനാഥമായി നിരവധി പഴയകാല തൂണുകളുംമറ്റു ചരിത്രസ്മാരകനങ്ങളും കിടക്കുന്നതു കണ്ടു. എത്രയോ മനുഷ്യരുടെ വിയര്‍പ്പിന്റെ ഫലമായിരിക്കണം ഈ ചിതറിക്കിടക്കുന്ന കല്ലുകള്‍. സ്മാരകങ്ങള്‍ പണികഴിപ്പിച്ചു ശാശ്വതമായ ഖ്യാതി നേടാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ വിഡ്ഢിത്തരങ്ങള്‍!

No comments:

Post a Comment