Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ Part 3)

അല്പം ബള്‍ഗേറിയന്‍ ചരിത്രം..

യാത്രാവിവരണത്തിനിടയില്‍ ചരിത്രം ഒരു കല്ലുകടി തന്നെയാണ്. എങ്കിലും ഇനിയും മുന്നോട്ടു പോകണമെങ്കില്‍ അല്പം ചരിത്രം പറയാതെ വയ്യ. അനേക നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യമാണ്പക്ഷെ പഴയതെല്ലാം അവഗണിച്ച്ആധുനികചരിത്രം മാത്രം കുറിക്കട്ടെ.

നീണ്ട അഞ്ചുനൂറ്റാണ്ടുകാലം ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബള്‍ഗേറിയ. (കൃത്യമായിപ്പറഞ്ഞാല്‍ 1362 മുതല്‍ 1878 വരെ). തുര്‍ക്കികളുടെ കീഴില്‍ ജീവിതം ദുസ്സഹമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തില്‍നിന്നും പ്രചോദിതരായ സ്വദേശികള്‍ പത്തൊന്‍പതാം നൂറ്റാണ്ടോടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമങ്ങളാരംഭിച്ചു. സ്വാതന്ത്ര്യത്തിനായുള്ള വിപ്ലവം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. തുര്‍ക്കികളുമായി ഇടയാന്‍ കാത്തിരുന്ന റഷ്യയിലെ അന്നത്തെ സാര്‍ ആയിരുന്ന അലക്സാണ്ടര്‍ രണ്ടാമന്‍ ഈയവസരം മുതലാക്കി അവരുമായി യുദ്ധം പ്രഖ്യാപിച്ചു. 1877 മുതല്‍ 1878 വരെ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ രണ്ടുലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
അന്നുമുതല്‍ ഇന്നുവരെ റഷ്യയോടുള്ള നന്ദിയും കടപ്പാടും ബള്‍ഗേറിയക്കാര്‍ മറന്നിട്ടില്ല. അതിന്റെ ഫലമായാണ് ബള്‍ഗേറിയ കമ്മ്യൂണിസത്തിന്റെ ഏറ്റവും നല്ല കുഞ്ഞാടായി പെരുമാറിയത്. അലെക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്നാട്ടുകാര്‍ക്ക് Tsar Liberator” ആയി. അതിന്റെ ഉപകാരസ്മരണയ്ക്ക് പണി കഴിപ്പിച്ചതാണ്‌ സോഫിയയിലെ ഏറ്റവും വലിയ അലക്സാണ്ടര്‍ നെവിസ്ക്കി ചര്ച്ച്.

പക്ഷെ വിമോചനം രാജ്യത്ത് ഒരു പ്രതിസന്ധി സൃഷ്ടിച്ചു – ആരാവണം ബള്‍ഗേറിയയുടെ രാജാവ്?

ഇന്ത്യയിലാണെങ്കില്‍ പരിഹാരം ദുഷ്ക്കരമല്ല. ക്ഷത്രിയകുലത്തില്‍ പിറന്ന ആരും രാജാവാകാന്‍ യോഗ്യനാണ്. പക്ഷെയുറോപ്പിലെ സ്ഥിതി അതല്ല. റോയല്‍ ഫാമിലിയില്‍ ജനിച്ച ഒരാള്‍ക്കുമാത്രമേ രാജാവാകാന്‍ സാധിക്കൂ. അഞ്ഞൂറ് വര്‍ഷത്തോളം തുര്‍ക്കികളുടെ കീഴില്‍ കഴിഞ്ഞ ബള്‍ഗേറിയയില്‍ രാജവംശം എന്നൊന്നില്ലായിരുന്നു. റോയല്‍ ബ്ലഡ്‌ ഉണ്ടെന്ന് അവകാശപ്പെടാന്പോലും ആരും ഉണ്ടായിരുന്നില്ല.
അവസാനം ഒരു തീരുമാനത്തിലെത്തി. രാജാവിനെ ഇറക്കുമതി ചെയ്യുക. വിമോചകനായ റഷ്യന്‍ ചക്രവര്‍ത്തിയുടെ സഹോദരീപുത്രന്‍, ജര്‍മ്മന്‍കാരന്‍ അലെക്സാണ്ടര്‍ ബാറ്റന്‍ബര്‍ഗ് അങ്ങിനെ ബള്‍ഗേറിയയുടെ ഭരണാധിപതിയായി. പക്ഷെഅദ്ദേഹത്തിന്റെ ഭരണം അധികനാള്‍ നീണ്ടുനിന്നില്ല. ഭരണകാര്യങ്ങളില്‍ യാതൊരു മുന്‍പരിചയവും ഇല്ലായിരുന്ന പുതിയ ബള്‍ഗേറിയന്‍ സാര്‍ ഒരു തികഞ്ഞ പരാജയമായിരുന്നു ബള്‍ഗേറിയന്‍ രാഷ്ട്രീയക്കാരുടെയുംറഷ്യന്‍ ഉദ്യോഗസ്ഥരുടേയും നടുവില്‍ അദ്ദേഹം നിസ്സഹായനായി. 1886-ല്‍ അദ്ദേഹം പുറത്താക്കപ്പെട്ടു. രാജകീയഭാഷയില്‍ പറഞ്ഞാല്‍, സ്ഥാനത്യാഗം ചെയ്തു.

അതിനുശേഷം രാജാവായത് ഒരു ഓസ്ട്രിയന്‍ രാജകുമാരനാണ്. കിംഗ് ഫെര്ഡിനാന്‍ഡ്. ഇദ്ദേഹം ജര്‍മ്മനിയിലെ Saxe-Coburg and Gotha എന്ന രാജവംശത്തില്‍ പെട്ടതായിരുന്നു.. (ഇവിടെ ഒരു കാര്യംകൂടി പറയട്ടെ.. ഇതേ രാജവംശത്തില്‍ പെട്ടതാണ്ബ്രിട്ടനിലെ ഇപ്പോഴത്തെ എലിസബത്ത് രാജ്ഞി. അവരുടെ പിതാവ്ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഈ കുടുംബപ്പേര്‍ നല്ലതല്ല എന്നു തിരിച്ചറിഞ്ഞു - ജനവികാരത്തെ ഭയന്നോമാനിച്ചോ, Windsor എന്ന പേര് സ്വീകരിക്കുകയായിരുന്നു).

ഫെര്ഡിനാന്‍ഡ് വിദ്യാസമ്പന്നനും മാന്യനുമായിരുന്നു. പക്ഷെ ഓസ്ട്രിയയിലെയും ജര്‍മ്മനിയിലെയും രാജാക്കന്മാരുമായി (അവര്‍ ബന്ധുക്കളായിരുന്നുവെങ്കിലും) ഒത്തുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആദ്യഭാര്യ ഇറ്റലിക്കാരി ആയിരുന്നു (ഇവരില്‍ നാല് മക്കള്‍)അവരുടെ മരണശേഷം വീണ്ടും വിവാഹിതനായി. എങ്കിലും ഇദ്ദേഹം സ്വവര്‍ഗാനുരാഗി ആയിരുന്നു എന്നും സംസാരമുണ്ട്.
ഫെര്ഡിനാന്‍ഡിന്റെ കാലത്ത്രാജ്യത്തിന് ഒട്ടോമാന്‍കാലത്ത് നഷ്ടമായ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ സെര്‍ബിയമാസിഡോണിയ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെടെണ്ടിവന്നു. യുദ്ധങ്ങള്‍ എല്ലാം തന്നെ പരാജയമായിരുന്നു. കൂടുതല്‍ പ്രദേശങ്ങള്‍ അങ്ങിനെ നഷ്ടമായി. 1918-ല്‍, ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ഫെര്ഡിനാന്‍ഡ് സ്ഥാനത്യാഗം ചെയ്യുകയുംമൂത്ത പുത്രന്‍, ബോറിസ് മൂന്നാമന്‍ എന്ന പേരില്‍ ബള്‍ഗേറിയയുടെ പുതിയ രാജാവായി സ്ഥാനമേല്‍ക്കുകായും ചെയ്തു.

ഫെര്ഡിനാന്‍ഡ് തന്റെ ശിഷ്ടകാലം ജര്‍മ്മനിയില്‍ കഴിച്ചുകൂട്ടി. വാര്‍ധക്യത്തില്‍ അദ്ദേഹത്തിന് താങ്ങാനാവാത്ത ചില ദുരന്തങ്ങളുണ്ടായി – മൂത്ത പുത്രനും തന്റെ പിന്‍ഗാമിയുമായ ബോറിസ് മൂന്നാമന്‍, ജര്‍മ്മനിയില്‍ ഹിറ്റ്ലറെ സന്ദര്‍ശിച്ചു മടങ്ങുന്ന വഴിദുരൂഹസാഹചര്യത്തില്‍ അന്തരിച്ചു (28 August 1943). ഫെര്ഡിനാന്‍ഡിന്റെ അവശേഷിച്ചിരുന്ന ഏക പുത്രന്‍ സിറിളിനെ കമ്മ്യൂണിസ്റ്റ്‌ അധികാരികള്‍ വധിച്ചു.

ബോറിസ് മൂന്നാമന് നല്ല ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചു. അദ്ദേഹം തന്റെ പ്രജകള്‍ക്ക് വളരെ പ്രിയങ്കരനായിരുന്നു. ജൂതന്മാരെ കൊലയ്ക്ക് വിട്ടുകൊടുക്കാതെഇദ്ദേഹം ഹിറ്റ്ലറെ കബളിപ്പിക്കുകയും പതിനായിരക്കണക്കിന് യഹൂദരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ബോറിസ് മൂന്നാമനുശേഷം അദ്ദേഹത്തിന്റെ ആറുവയസുകാരന്‍ മകന്‍, സിമിയോന്‍ രണ്ടാമന്‍ (Simeon II) എന്ന പേരില്‍ രാജാവായി എന്നാല്‍, അടുത്ത വര്ഷം റഷ്യയുടെ റെഡ് ആര്‍മി ബള്‍ഗേറിയയില്‍ പ്രവേശിച്ചപ്പോള്‍, കുട്ടിരാജാവും കുടുംബവും രക്ഷപ്പെട്ട് ഈജിപ്തിലേയ്ക്ക് കടന്നു. അവിടെ കുറെനാള്‍ വിദ്യാഭ്യാസം കഴിഞ്ഞ് സ്പെയിനില്‍ അഭയാര്‍ത്ഥിയായി വര്‍ഷങ്ങളോളം കഴിഞ്ഞു.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം സിമിയോന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തുകയും ജനങ്ങളുടെ ആവേശപൂര്‍വമായ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. 2001-ല്‍ ഇദ്ദേഹം ജനാധ്യപത്യ ബള്‍ഗേറിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

തല്‍ക്കാലം ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു.

No comments:

Post a Comment