ആദ്യാനുഭവങ്ങള്‍
രാവിലെ 6.20-നു മാഞ്ചെസ്റ്ററില്‍ നിന്നും ഈസിജെറ്റിന്റെ ഫ്ലൈറ്റ് പുറപ്പെട്ടു. യാത്രക്കാരില്‍ കൂടുതലും ഏതോ ഹെന്‍ പാര്‍ട്ടിയ്ക്ക് പോകുന്ന ബ്രിട്ടിഷ് സ്ത്രീകളായിരുന്നു. അരമണിക്കൂര്‍ മുന്നേ, 11.10നു സോഫിയ എയര്‍പോര്ട്ടിന്റെ ഒന്നാമത്തെ ടെര്‍മിനലില്‍ ലാന്ഡ് ചെയ്തു. പെട്ടിയുമെടുത്ത് പുറത്തുവന്നപ്പോള്‍ താമസസൗകര്യം ഒരുക്കിയ സാറാ ടൂര്‍സ്കാരുടെ ഡ്രൈവര്‍ കാത്തുനില്‍ക്കുന്നു. അയാള്‍ക്കൊപ്പം കാറില്‍ ഫ്ലാറ്റിലേയ്ക്ക് തിരിച്ചു. ഒരു ഗൈഡിനെപ്പോലെ വഴിയിലുള്ള കാഴ്ചകള്‍ അദ്ദേഹം വിശദീകരിച്ചു. ഇടയ്ക്ക് ബാങ്കില്‍ കയറി കുറെ പൌണ്ട് ലേവയിലേയ്ക്ക് മാറ്റി. പൌണ്ടൊന്നിനു 2.68 ലേവ.
താമസസൗകര്യം ബോധിച്ചു. ഒരു കിടപ്പുമുറിയും സിറ്റിംഗ്റൂമും, ഓപ്പണ്‍ കിച്ചനും.. അത്യാവശ്യം രണ്ടുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ധാരാളം. ഒറ്റയ്ക്കായതുകൊണ്ട്, വിശാലം.
തലേരാത്രിയില്‍ തീരെ ഉറങ്ങാത്തതിന്റെയും യാത്രയുടെയും ക്ഷീണം കാരണം വെളിയില്‍ പോയതേയില്ല. ചായയുണ്ടാക്കി, കൈയില്‍ കരുതിയിരുന്ന സാന്ഡ്വിച്ചും കഴിച്ച് നേരത്തെ കിടന്നു.
രാവിലെ എഴുന്നേറ്റപ്പോള്‍ ബില്‍ജിന്‍ എര്സോയി എന്നൊരാളെ വിളിച്ചു. ഇദ്ദേഹത്തെ, മാഞ്ചെസ്റ്ററിലെ സുഹൃത്ത്, ജാനേഷ് നായര്‍ വഴി കിട്ടിയതാണ്. ബില്‍ജിന്റെ പ്രതിശ്രുതവധു ജാനേഷിനൊപ്പം ഡോക്ടറായി വിഥിന്‍ഷോ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.
താമസിയാതെ ബില്‍ജിന്‍ താഴെ വന്നുവിളിച്ചു. ഇല്ല, ഫ്ലാറ്റിലേയ്ക്ക് വരുന്നില്ല. വല്ലാത്ത ഫ്ലു ഉണ്ട്.. ഫ്ലാറ്റ് ഇന്ഫെക്ടഡ് ആക്കാന്‍ താല്പര്യമില്ല. ഒരുമിച്ചു അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്നുള്ള ഭോജനശാലയില്‍ കയറി. ഒരു ആനയെ വിഴുങ്ങാനുള്ള വിശപ്പുണ്ട്. രണ്ടു ആനയുടെ വലിപ്പമുള്ള പ്രഭാതഭക്ഷണം വന്നു. നല്ലൊരു പങ്ക് അകത്താക്കി..
ബില്‍ജിനോപ്പം ചുറ്റുപാടും ഒന്നു കറങ്ങിനടന്നു. സിറ്റി സെന്ററില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുതന്നു. തൊട്ടടുത്തുള്ള സ്ട്രീറ്റില്‍ നിന്നും ഇരുപത്തിരണ്ടാം നമ്പര്‍ ട്രാമില്‍ കയറിയാല്‍ അവിടെയെത്താം, അല്ലെങ്കില്‍ രണ്ടുമിനിട്ടുമാത്രം നടന്നാല്‍ മെട്രോ സ്റ്റേഷനായി. അതില്‍ കയറിയാല്‍ അടുത്ത സെര്ഡിക്കാ എന്ന സ്റ്റോപ്പ് സിറ്റിസെന്റര്‍ ആണ്. പക്ഷെ, ഇതു രണ്ടും വേണ്ട, നമുക്ക് നടക്കാം എന്നു ബില്‍ജിന്‍. നഗരം കാണാന്‍ നടപ്പിനെക്കാള്‍ നല്ല എന്തു മാര്‍ഗമാണുള്ളത്! ഞാന്‍ റെഡി. പതിനഞ്ചു മിനിട്ടുകൊണ്ട് സെര്ഡിക്കാ സ്റ്റേഷന്‍ എത്തി. ഒരു മാസത്തേയ്ക്കുള്ള ട്രാവല്‍ കാര്‍ഡ് സംഘടിപ്പിക്കാന്‍ ഓഫീസില്‍ ചെന്നു. മെയ് ഒന്നാം തിയതി അവധിയാണ്. എങ്കിലും കാര്യം നടന്നു. അമ്പതു ലേവയും സര്‍വീസ് ചാര്‍ജായി രണ്ടു ലേവ അധികവും നല്‍കിയപ്പോള്‍ ഫോട്ടോ പതിപ്പിച്ച കാര്‍ഡ്. രണ്ടു മിനിട്ടു കൊണ്ട് കാര്യം സാധിച്ചു.
പാസ്പോര്‍ട്ടിലെ എന്റെ കണിയാംപറമ്പില്‍ എന്ന പേര് കണ്ട്, സ്ത്രീ അന്ധാളിച്ചു. മോഹാലസ്യം ഭയന്ന്, കണി അലക്സ് എന്നെഴുതിയാല്‍ മതിയെന്ന് ഞാന്‍. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം കണ്ടു അവരുടെ മുഖത്ത്.
നഗരത്തിലൂടെ അലക്ഷ്യമായി കുറെ അലഞ്ഞു. ക്ഷീണം തോന്നിയപ്പോള്‍ മെട്രോയില്‍ കയറി അടുത്ത സ്റ്റേഷനില്‍ (ഓപ്പല്‍ചെന്‍സ്ക്കാ - Opalchenska) എത്തി.
1960-ല്‍, കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ പ്ലാന്‍ ചെയ്തെങ്കിലും, മെട്രോ യാഥാര്‍ഥ്യമായത്, തൊണ്ണൂറുകളുടെ അവസാനം മാത്രമാണ്. മെട്രോയുടെ ആവശ്യത്തെ സാധൂകരിക്കുന്ന ഗതാഗതാമോ, ആളുകളോ സോഫിയയില്‍ ഇല്ല എന്നതായിരുന്നു ഔദ്യോഗിക കാരണം. ഇന്ന് രണ്ടു ലൈന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ സ്റ്റേഷനുകളും, ലൈനുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. വളരെ കാര്യക്ഷമമാണ് പ്രവര്‍ത്തനം. ഡല്‍ഹിമെട്രോയും ഇതുപോലെത്തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് അടുത്ത കാലത്താണ് കണ്ടത്. പക്ഷെ ഡല്‍ഹിയിലെ അത്രയും ജനനിബിഡമല്ലാത്തതിനാല്‍ കൂടുതല്‍ സൌകര്യപ്രദമായി തോന്നി.
വീട്ടില്‍ വന്നു ഒരു ചായയും കുടിച്ച് അല്പം വിശ്രമിച്ചതിനുശേഷം അടുത്തുള്ള ലിഡില്‍ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി നടന്നു. മെയ്‌ദിനത്തിന്റെ അവധി ആയതിനാലാവണം വഴിയില്‍ അധികമാരെയും കാണാന്‍ സാധിച്ചില്ല. പോകുന്നവഴി മാള്‍ ഓഫ് സോഫിയ കണ്ടു. നഗരത്തിലെ ആദ്യത്തെ ആധുനിക ഷോപ്പിംഗ് മാള്‍ ആണ്. പിന്നീട് മറ്റു പലതും ഉണ്ടായപ്പോള്‍ മാള്‍ ഓഫ് സോഫിയയുടെ പ്രാധാന്യവും പ്രശസ്തിയും കുറഞ്ഞു. സ്റ്റാലിനിസ്റ്റിക്ക് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൂറ്റന്‍ ബഹുനിലകെട്ടിടങ്ങള്‍ പോകുന്നവഴിയില്‍ ധാരാളം കണ്ടു. ലിഡിലില്‍ യു.കെ.യില്‍ കിട്ടുന്ന സാധനങ്ങള്‍ എല്ലാം തന്നെയുണ്ട്. വില കുറവും..
ശനിയാഴ്ച രാവിലെ ഒരുങ്ങി സിറ്റി ലക്ഷ്യമാക്കി മെട്രോയില്‍ കയറി.
www.freesofiatour.com എന്ന വെബ്സൈറ്റിലൂടെ സോഫിയയിലെ കുറെ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്തു നടത്തുന്ന ഒരു കാല്‍നട ടൂറിനെക്കുറിച്ച് അറിഞ്ഞിരുന്നു. ഏതു കാലാവസ്ഥയിലും അവധി ദിവസങ്ങളിലും ഇതുണ്ടാവും. സോഫിയയിലെ പാലസ് ഓഫ് ജസ്റ്റിസിനു മുന്നില്‍ ചെല്ലുക, നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. തികച്ചും സൌജന്യം. സംഭാവനകള്‍ സ്വാഗതം.
ഇതുപോലൊന്ന് ചെയ്യാന്‍ എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ മുതിരുന്നില്ല?
ദിവസവും രണ്ടു ടൂര്‍ ആണുള്ളത് - രാവിലെ പതിനൊന്നിനും വൈകുന്നേരം ആറു മണിക്കും. കുറെ നേരത്തെ എത്തിയതിനാല്‍ പാലസിന്റെ ചുറ്റും ഒന്നു കറങ്ങി. തൊട്ടടുത്ത് ഒരു പള്ളി കണ്ടു – ഹോളി സണ്ടേ ചര്ച്ച്.
പാലസിന്റെ സൈഡിലുള്ള വഴിയെ നടന്നു.. ഇറ്റാലിയന്‍ പേരുള്ള റോഡ്.. വിറ്റോറിയോ പോസിറ്റാനോ സ്ട്രീറ്റ്.. വിറ്റോറിയോ ഡി സിക്കാ എന്നു കേട്ടിട്ടുണ്ട്; എന്നാല്‍ ആരാണോ ഈ പോസിറ്റാനോ? കുറെ നടന്നപ്പോള്‍, ഒരു ബോര്‍ഡ് കണ്ടപ്പോള്‍ ആ കഥയുടെ ചുരുള്‍ അഴിഞ്ഞു..
ഓട്ടോമന്‍ അധീനതയിലായിരുന്ന ബള്‍ഗേറിയയെ 1877-78 കാലങ്ങളില്‍ റഷ്യയാണ് അവരില്‍ നിന്നും കടുത്ത ഒരു യുദ്ധത്തിനുശേഷം മോചിപ്പിച്ചത്. അക്കാലത്ത് നമ്മുടെ വിറ്റോറിയോ സോഫിയയിലെ ഇറ്റാലിയന്‍ വൈസ് കോണ്‍സുള്‍ ആയിരുന്നു. യുദ്ധം തോല്‍ക്കുമെന്ന നിലവന്നപ്പോള്‍ ഒസ്മാന്‍ നൂറി പാഷ എന്ന തുര്‍ക്കിയുടെ കമാണ്ടര്‍ സോഫിയ നഗരം ചുട്ടെരിക്കാന്‍ തീരുമാനിച്ചു. മറ്റു പലരുടെയും സഹായത്തോടെ ഈ വിറ്റോറിയോയാണ് ആ ശ്രമം പരാജയപ്പെടുത്തിയത്..
ഓട്ടോമന്‍ അധീനതയിലായിരുന്ന ബള്‍ഗേറിയയെ 1877-78 കാലങ്ങളില്‍ റഷ്യയാണ് അവരില്‍ നിന്നും കടുത്ത ഒരു യുദ്ധത്തിനുശേഷം മോചിപ്പിച്ചത്. അക്കാലത്ത് നമ്മുടെ വിറ്റോറിയോ സോഫിയയിലെ ഇറ്റാലിയന്‍ വൈസ് കോണ്‍സുള്‍ ആയിരുന്നു. യുദ്ധം തോല്‍ക്കുമെന്ന നിലവന്നപ്പോള്‍ ഒസ്മാന്‍ നൂറി പാഷ എന്ന തുര്‍ക്കിയുടെ കമാണ്ടര്‍ സോഫിയ നഗരം ചുട്ടെരിക്കാന്‍ തീരുമാനിച്ചു. മറ്റു പലരുടെയും സഹായത്തോടെ ഈ വിറ്റോറിയോയാണ് ആ ശ്രമം പരാജയപ്പെടുത്തിയത്..
നന്ദിയുള്ളവരാന് ബള്‍ഗേറിയക്കാര്‍...
No comments:
Post a Comment