Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 25)

സോഫിയയിലെ റഷ്യന്‍ ചര്ച്ച് (Church of St Nicholas the Miracle-Maker).

ഇന്നലെ വെളിയില്‍ നിന്നും കണ്ട റഷ്യന്‍പള്ളി നേരെചൊവ്വേ കണ്ടിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ച്രാവിലത്തെ കറക്കത്തിന്റെ ക്ഷീണം വകവയ്ക്കാതെ സ്ഥലത്തെത്തി.

1914-ല്‍ കൂദാശ ചെയ്യപ്പെട്ട ഈ ദേവാലയം ഇരിക്കുന്ന സ്ഥലത്ത് മുമ്പ് ഒരു മോസ്ക്കായിരുന്നു - Saray Mosque. ബള്‍ഗേറിയയുടെ വിമോചനത്തിനായി നടന്ന റഷ്യന്‍-തുര്‍ക്കി യുദ്ധത്തിനുശേഷം (1878) പ്രസ്തുത മോസ്ക്ക് 1882-ല്‍ ഇടിച്ചുനിരത്തി. അന്നൊക്കെ ബള്‍ഗേറിയന്‍ ജനത റഷ്യയ്ക്ക് ദൈവത്തിന്റെ സ്ഥാനമാണ് നല്‍കിയിരുന്നത്. അവസാനം ആ ബന്ധം അവര്‍ക്ക് തോഡോര്‍ ഷിവ്ക്കൊവിന്റെ മുപ്പത്തഞ്ചു വര്ഷം നീണ്ടുനിന്ന ദുര്‍ഭരണം നല്‍കുമെന്ന് പാവങ്ങള്‍ അന്ന് അറിഞ്ഞിരുന്നില്ലല്ലോ.

മോസ്ക്ക് ഇടിച്ചുനിരത്തിയ സ്ഥാനത്ത്റഷ്യന്‍ എംബസിയിലെ ജീവനക്കാര്‍ക്കുംസോഫിയയില്‍ അന്ന് താമസമുണ്ടായിരുന്ന  നിരവധി റഷ്യക്കാര്‍ക്കുമായാണ് ഈ പള്ളി നിര്‍മ്മിച്ചത്.

ഈ പള്ളിയുടെ പണി നടക്കുമ്പോള്‍ ഇതിന്റെ വളരെയടുത്ത് അലക്സാണ്ടര്‍ നെവ്സ്ക്കി കത്തീഡ്രലിന്റെ പണിയും നടക്കുന്നുണ്ടായിരുന്നു. കത്തീഡ്രല്‍ ഡിസൈന്‍ ചെയ്ത പ്രിയോബ്രാഷെന്സകി  (Mikhail Preobrazhenski) തന്നെയാണ് റഷ്യന്‍ ദേവാലയവും ഡിസൈന്‍ ചെയ്തത്. രണ്ടിന്റെയും പണിയുടെ മേല്‍നോട്ടം വഹിച്ചതും ഒരാള്‍ തന്നെ (Architect A. Smirnov)അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്‍ ഈ പള്ളിയുടെ മണി ദാനമായി നല്‍കി. കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തിലും ഈ പള്ളിയില്‍ ആരാധന നിര്‍ബാധം തുടര്‍ന്നു. പക്ഷെ പുരോഹിതരും പള്ളിയില്‍ പോയിരുന്ന വിശ്വാസികളും സെക്യൂരിറ്റി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവത്രെ.

പള്ളിയുടെ മുന്നില്‍ വാച്ച്മാന്‍ ഉണ്ടായിരുന്നു. ആംഗ്യഭാഷയില്‍ അകത്തുകയറിക്കോട്ടെ എന്നു ചോദിച്ചു. വാച്ച്മാന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റുവന്നു വാതില്‍ തുറന്നുതന്നു. കൈയിലുണ്ടായിരുന്ന ക്യാമറ കാണിച്ചപ്പോള്‍ അരുത്” എന്ന് ആംഗ്യഭാഷയിലൂടെ പറഞ്ഞു.

അകത്തുകയറിയപ്പോള്‍ പള്ളിയില്‍ ആരാധന നടക്കുന്നു. ഏറിയാല്‍ ഇരുപത്തഞ്ച് വിശ്വാസികള്‍ കാണും. വൈദികര്‍ പക്ഷെ അഞ്ചോളം ഉണ്ടായിരുന്നു. ആജാനബാഹുക്കള്‍. അതില്‍ രണ്ടുപേര്‍ക്കെങ്കിലും എഴടിയില്‍ കുറയാത്ത ഉയരം കാണും. ഓര്ത്തഡോക്സ് ആരാധന ഇതുവരെയും കണ്ടിട്ടില്ലാത്ത എനിക്ക് പള്ളിയുടെ നടുവില്‍ (അള്‍ത്താരയിലല്ല) നിന്ന് അവര്‍ ദിവ്യബലി അര്‍പ്പിക്കുന്ന കാഴ്ച കൌതുകകരമായി തോന്നി. ആള് കുറവാണെങ്കിലും ഒരു വൈദികന്‍ കത്തുന്ന കുന്തിരിക്കത്തിന്റെ ധൂമകുറ്റിയും ആട്ടിക്കൊണ്ട് പള്ളിയുടെ സകല മുക്കിലുംമൂലയിലും നടക്കുന്നുണ്ടായിരുന്നു.

ദേവാലയത്തിന്റെ അകം വര്‍ണ്ണനാതീതമായ രീതിയില്‍ മനോഹരമാണ്. എവിടെയും അതിമനോഹരമായ ചുവര്‍ചിത്രങ്ങള്‍; ആകെ സ്വര്‍ണവര്‍ണ്ണത്തിന്റെ വിളയാട്ടം. പള്ളിയുടെ ഉള്ളില്‍ ആവശ്യത്തിന് പ്രകാശവും ഉണ്ട്. ഫോട്ടോ എടുക്കാന്‍ കൈകള്‍ തരിച്ചു.. വേണ്ടകളി പുട്ടിനോടു വേണ്ട.. എങ്കിലുംവിശ്വാസികള്‍ മെഴുകുതിരി കത്തിക്കുന്ന സ്ഥലത്തിന്റെ ഒരു ഫോട്ടോ എടുത്തു.. (പുട്ടിനോട് ആരും പറയരുതേ...) ആരാധന തുടരുന്നു. ഞാന്‍ വെളിയില്‍ ഇറങ്ങി വെളിയിലെ ചിത്രങ്ങള്‍ എടുത്തുനടന്നു. അപ്പോള്‍ രണ്ടുപേര്‍ താഴത്തെനിലയിലേയ്ക്ക് പോകുന്നു.. ഞാന്‍ വീണ്ടും വാച്ച്മാനുമായി കഥകളിഭാഷയില്‍ സംവദിച്ചു. വാച്ച്മാന്‍വേഷം ഉവാചഃ പൊയ്ക്കോ.. ഫോട്ടോ പിടിച്ചാല്‍, ബാക്കി ഞാന്‍ നോക്കിക്കോളാം

താഴെ ചെന്നപ്പോള്‍ വിശുദ്ധസാമഗ്രികള്‍ വില്‍ക്കുന്ന ഒരു ചെറിയ കട. അത് കടന്ന് അകത്തുചെല്ലുമ്പോള്‍ മൂന്നാലു മേശയും ആവശ്യത്തിന് കസേരകളും. മേശയില്‍ ചെറിയ കടലാസുതുണ്ടുകള്‍ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. പലപ്രായത്തിലുള്ളവര്‍ അതിലോരോ കടലാസെടുത്ത്‌ എന്തോ കുത്തിക്കുറിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു എത്തുംപിടിയും കിട്ടുന്നില്ല.. അടുത്തമുറിയില്‍ കടന്നുചെന്നു. ശവകുടീരം പോലൊന്ന്. അതിനു മുകളില്‍ ഒരു ദിവ്യന്റെ ഫോട്ടോയും ഉണ്ട്. ഒരു സ്ത്രീ കുടീരത്തിന്റെ മുകളില്‍ അബോധാവസ്ഥയില്‍ എന്നപോലെ കമഴ്ന്നുകിടക്കുന്നു. ജീവനുണ്ടോ എന്നുപോലും സംശയിച്ചു. ഞാന്‍ കാത്തുനിന്നു.. കുറെക്കഴിഞ്ഞപ്പോള്‍ സ്ത്രീ എഴുന്നേറ്റു. അവരുടെ കൈയില്‍ കടലാസുതുണ്ടുണ്ട്. അത് അടുത്തുള്ള ഒരു പെട്ടിയുടെ ഓട്ടയിലൂടെ അകത്ത് നിക്ഷേപിക്കുന്നു. കാര്യം ഞാന്‍ ഊഹിച്ചു.. ഏതോ വലിയ ദിവ്യനാണ്. ആവശ്യങ്ങളുടെ പട്ടിക എഴുതി പെട്ടിയില്‍ ഇടുന്നു. അല്ഭുതം സംഭവിക്കാന്‍ ഇനി താമസമില്ല. ഉദ്ദിഷ്ടകാര്യം സാധിച്ചതിനു നന്ദി..

ആ സ്ത്രീയോട് ഞാന്‍ ആ ശവകുടീരം ചൂണ്ടിക്കാണിച്ചു ചോദിച്ചു..ആരാ കക്ഷി?” ഇവന്‍ എവിടുന്നു വരുന്നെടാ എന്ന ഭാവം അവരുടെ മുഖത്ത്.. എങ്കിലും സൌമ്യമായി സാവധാനം ആ പേര്‍ ഉച്ചരിച്ചു.. സെ...റാ...ഫിം. ആംഗ്യഭാഷയില്‍ അവര്‍ ചോദിച്ചു.. എഴുതി തരണമോ?” വേണ്ടായെന്ന് ഞാന്‍ തലയാട്ടി. അവര്‍ ആ പേര് വീണ്ടും പറഞ്ഞു.

വിക്കിപീഡിയ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു വിഷമിക്കണം?

സെന്റ്‌ സെറാഫിം.  1754-ല്‍ ജനിച്ച്‌   1833-ല്‍ കാലം ചെയ്ത സെന്റ്‌ ആര്‍ച്ചുബിഷപ്പ് സെറാഫിം ഓഫ് സാറോവ്. റഷ്യകാര്‍ക്ക് സംപൂജ്യന്‍. കക്ഷി വിശുദ്ധനാണെന്ന സര്‍ട്ടിഫിക്കറ്റ് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ വരെ നല്‍കി. ആവശ്യങ്ങളുടെ പട്ടിക ഉണ്ടാക്കിയില്ലെങ്കില്‍ അല്ഭുതപ്പെട്ടാല്‍ മതി. വീണ്ടും വെളിയില്‍ ഇറങ്ങി ചുറ്റും നടന്നു കണ്ടതെല്ലാം ക്യാമറയില്‍ പകര്‍ത്തി. പള്ളിയുടെ ഇടതുവശത്ത്ചെറുതെങ്കിലും മനോഹരമായ ഉദ്യാനവും ഉണ്ട്. മറ്റുപാര്‍ക്കുകളിലെപ്പോലെ അധികം ആളുകളെ കണ്ടില്ല.

No comments:

Post a Comment