Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 35)

സോഫിയയിലെ സോവിയറ്റ് ആര്‍മി സ്മാരകം (Monument to the Soviet Army)

തങ്ങളെ അഞ്ചു നൂറ്റാണ്ടുകാലം അടിച്ചമര്‍ത്തി ഭരിച്ച തുര്‍ക്കികളില്‍ നിന്നും സ്വാതന്ത്ര്യം നേടാനായി വാസില്‍ ലെവിസ്ക്കിയുടെ നേതൃത്വത്തില്‍ പടപൊരുതുന്നതിനിടയില്‍ ഒരു സുഹൃത്ത് ലെവിസ്ക്കിയോട്തങ്ങളുടെ പോരാട്ടത്തിന് അയല്‍രാജ്യങ്ങളുടെ സഹായം തേടുന്നതിനെക്കുറിച്ച് ആരാഞ്ഞു. "സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്‍" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ലെവിസ്ക്കിയുടെ മറുപടി ഇപ്രകാരമായിരുന്നു..

ഇന്നത്തെ രക്ഷകന്‍ നാളത്തെ യജമാനാനാകും..

ലെവിസ്ക്കി പറഞ്ഞത് ശരിയായിരുന്നുവെന്ന് പിന്നീടുള്ള ബള്‍ഗേറിയന്‍ ചരിത്രം തെളിയിക്കുന്നു.

ലെവിസ്ക്കിയെ തുര്‍ക്കികള്‍ തൂക്കിലേറ്റി. പിന്നീട് റഷ്യ തുര്‍ക്കിയുമായി യുദ്ധം പ്രഖ്യാപിക്കുകയും നീണ്ടുനിന്ന യുദ്ധത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തുകയും ചെയ്തു. അന്നുമുതല്‍ ബള്‍ഗേറിയയുടെ റഷ്യന്‍ വിധേയത്വം തുടങ്ങി.. അവരുടെ കഷ്ടകാലവും.

അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇവര്‍ക്ക് "വിമോചകനായ ചക്രവര്‍ത്തി"യായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പാവം രാജ്യം യുദ്ധത്തില്‍ പങ്കെടുത്തവരുടെയെല്ലാം ശത്രുവായി. ബ്രിട്ടനും അമേരിക്കയും രാജ്യത്ത് തുരുതുരാ ബോംബ്‌ വര്‍ഷിച്ചു. അവസാനംഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നത് ജര്‍മ്മന്‍ സൈന്യത്തില്‍ നിന്നാണ്. ബള്‍ഗേറിയയ്ക്ക് വീണ്ടും ഒരു രക്ഷകന്റെ ആവശ്യമുണ്ടായി. ഇത്തവണ രക്ഷകനായി വന്നത് സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍ ആയിരുന്നു.

ലെവിസ്ക്കി പ്രവചിച്ചതുപോലെ തന്നെ രക്ഷകനായി വന്ന സ്റ്റാലിന്‍ പിന്നീട് യജമാനനായി. അതിന്റെ തിക്തത വര്‍ഷങ്ങളോളം അവര്‍ അനുഭവിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ ജര്‍മ്മനിയില്‍ നിന്നും സോവിയറ്റ് റെഡ് ആര്‍മി ബള്‍ഗേറിയയെ മോചിപ്പിച്ചതിന്റെ സ്മാരകമാണ് സോഫിയ സര്‍വകലാശാലയുടെയും ബോറിസോവ പാര്‍ക്കിന്റെയും സമീപത്തുള്ള Monument to the Soviet Army.

കമ്മ്യൂണിസം ടൂറിനു പോയപ്പോള്‍ ഇവിടം കണ്ടതാണ്. ബാറ്റന്‍ബെര്‍ഗ് സ്മാരകസൌധം കണ്ടതിനുശേഷംഅതിന്റെ തൊട്ടടുത്തായിരുന്നതിനാല്‍, ഇവിടെ അല്പംകൂടി സമയം ചെലവഴിക്കാം എന്നു വിചാരിച്ചു.

സത്യത്തില്‍ ഇത് സ്മാരകങ്ങളുടെ ഒരു കോംമ്പ്ലെക്സാണ്. പ്രധാന സ്മാരകം മുപ്പത്തിയേഴു മീറ്റര്‍ ഉയരമുള്ള ഒരു പീഠത്തിലാണ് സ്ഥിതി ചെയ്യുന്നത്. തോക്ക് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു റഷ്യന്‍ പടയാളിയെയും അയാള്‍ക്കൊപ്പം ഒരു ബള്‍ഗേറിയന്‍ പുരുഷനെയും സ്ത്രീയെയും ഇതില്‍ കാണാം.

ഇതുകൂടാതെ വിശാലമായ ഈ കോംമ്പ്ലെക്സില്‍ മറ്റു നിരവധി സ്മാരകങ്ങള്‍ വേറെയുമുണ്ട്.

1954-ലാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.

ബള്‍ഗേറിയന്‍ ജനതയെ റഷ്യയോട് എന്നും നന്ദിയുള്ളവരായിരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി നിര്‍മ്മിച്ച ഈ സ്മാരകംനിര്‍ഭാഗ്യവശാല്‍ ഇന്നൊരു ജോക്കായി മാറിയിരിക്കുന്നു.

രാത്രികാലങ്ങളില്‍ ബള്‍ഗേറിയന്‍ കലാകാരന്മാര്‍ ഇതിലെ ഒരു സ്മാരകം പരിഹാസ്യമായ വിധത്തില്‍ ചായമടിച്ച്‌ അലങ്കോലമാക്കാറുണ്ട്. അധികാരികള്‍ കണ്ണടയ്ക്കുന്നു എന്നുവേണം വിശ്വസിക്കാന്‍.

ഈ സ്മാരകം ഇവിടെനിന്നും മാറ്റണമെന്നുംഅല്ലെങ്കില്‍ നശിപ്പിക്കണമെന്നും ആവശ്യങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെചിലരെങ്കിലുംചെറുപ്പക്കാരുടെ ഒരു സമ്മേളനസ്ഥലമായ ഇത് ഇല്ലാതാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. ഭാവി അനിശ്ചിതമാണെങ്കിലും ഇത് സോഫിയയുടെ ആകര്‍ഷണത്തിന് മറ്റു കൂട്ടുന്നുണ്ട്. സമീപത്ത് മനോഹരമായ ഒരു പാര്‍ക്കുമുണ്ട്.

(അവസാനിച്ചു)

No comments:

Post a Comment