സോഫിയ നഗരത്തിനു വെളിയിലുള്ള ബൊയാന ദേവാലയം.
1979-ല്‍ യുനെസ്ക്കോയുടെ World Heritage List-ല്‍ കയറിക്കൂടിയ ദേവാലയമാണ് സോഫിയനഗരത്തിന്റെ വെളിയില്‍, നഗരത്തിന്റെ പ്രാന്തപ്രദേശമെന്നു പറയാവുന്ന ബൊയാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ പള്ളി. ബൊയാന ചര്ച്ച് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന്റെ ഔദ്യോഗികനാമം, St. Nikola & St Penteleimon Boyana Church എന്നാണ്.
മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മ്മാണം നടന്നത്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളില്‍ ആദ്യഘട്ടം, പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ടാംഘട്ടം, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം. ഇന്നിതു കണ്ടാല്‍ ഒരൊറ്റ കെട്ടിടമായി തോന്നും. ഇതിനുള്ളിലെ ചുവര്‍ചിത്രങ്ങളാണ് ബൊയാന ചര്ച്ചിനെ പ്രശസ്തമാക്കുന്നത്.
താമസസ്ഥലത്തുനിന്നും അല്പം അകലെയായതിനാല്‍ എങ്ങിനെ അവിടെവരെ പോകും എന്നോര്‍ത്തിരിക്കുമ്പോഴായാണ് ബോറിസോവ പാര്‍ക്കില്‍ വച്ച് രണ്ടു ചെറുപ്പക്കാരുടെ ഫോട്ടോ എടുക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചതും, അവര്‍ വളരെ സൌഹാര്‍ദ്ദത്തോടെ പ്രതികരിച്ചതും. ബുവാഷ്ക്ക, ഇവോ എന്നു പേരുള്ള ഈ അദ്ധ്യാപകര്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. അവര്‍ എന്നെ ബൊയാന ചര്‍ച്ചില്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചു. അങ്ങിനെ ഞാനും ഇവോയും മാള്‍ ഓഫ് സോഫിയയുടെ മുന്നില്‍ കണ്ടുമുട്ടി, ട്രാമില്‍ കയറി ഒരിടത്തു ചെന്നിറങ്ങി. അവിടെ ബുവാഷ്ക്ക കാറുമായി കാത്തുനില്ക്കുന്നുണ്ടായിരുന് നു. അദ്ധ്യാപകരാണെങ്കിലും ഇനിയും കുട്ടിക്കളികള്‍ മാറാത്ത (“യൌവനം വന്നുദിചിട്ടും ചെറുതായില്ല ചെറുപ്പം..”) അവര്‍ക്കൊപ്പമുള്ള യാത്ര വളരെ രസകരമായിരുന്നു.
ഏതാണ്ട് നാല്പതു മിനിറ്റ് കാറില്‍ സഞ്ചരിച്ചപ്പോള്‍ ദേവാലയപരിസരത്തെത്തി. ഭാഗ്യത്തിന് നല്ല ഒരു വിവരണം ഇംഗ്ലീഷില്‍ എഴുതിവച്ചിട്ടുണ്ട്. പഴമ നല്ലപോലെ തോന്നിക്കുന്ന തടികൊണ്ടുള്ള വാതില്‍ കടന്നാല്‍ ഒരു ചെറിയ വനത്തിലെത്തിയ പ്രതീതിയാണ്. ഒരു ഭീമാകാരന്‍ റെഡ്-വുഡ് വൃക്ഷമാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അതിനടുത്തു ചെന്നുനോക്കിയപ്പോള്‍ കണ്ട ബോര്‍ഡില്‍നിന്നും അത് 1907/08-ല്‍, അന്നത്തെ ബള്‍ഗേറിയന്‍ രാജാവായിരുന്ന ഫെര്‍ഡിനാന്‍ഡ് നട്ടതാണെന്ന് കണ്ടു. അതിന്റെ മുന്നില്‍ ഒന്നു പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ നമ്മുടെ അദ്ധ്യാപകരുടെ കുട്ടിക്കളി വളരെ പ്രകടമായി. അവര്‍ക്കിതൊരു ഉല്ലാസയാത്രയാണ്.
പള്ളിയുടെ ഉള്ളില്‍ കയറാന്‍ പത്തു ലേവ പ്രവേശനഫീസുണ്ട്. ഗൈഡിന്റെ സഹായം വേണമെങ്കില്‍ പത്തു ലേവ വേറെയും. “ഞങ്ങള്‍ പലവട്ടം ഇതിനുള്ളില്‍ കയറിയിട്ടുള്ളതാണ്, എന്തിനാണ് വെറുതെ ഇത്രയും തുക ചെലവഴിക്കുന്നത്, ഞങ്ങള്‍ ഇവിടെ മിണ്ടിയും പറഞ്ഞും ഇരുന്നോളാം” എന്നായി അവര്‍. ഞാന്‍ ഇരുപതു ലേവ കൊടുത്ത് ടിക്കറ്റുമെടുത്ത് ഗൈഡിനായി കാത്തുനിന്നു. ഏതാണ്ട് പത്തുനിമിഷങ്ങള്‍ക്കകം വിശുദ്ധ പത്രോസ് സ്ത്രീവേഷം കെട്ടിയമട്ടില്‍ ഒരു സ്ത്രീ വലിയ താക്കോലുകളുമായി വന്നു. പള്ളിയിലേയ്ക്കുള്ള വാതിലിനു ഉയരം നന്നേ കുറവ്. "തല മുട്ടാതെ സൂക്ഷിക്കണം" എന്നൊരു മുന്നറിയിപ്പ്.
അകത്തുകയറി ചുവര്‍ചിത്രങ്ങളെക്കുറിച്ച് സാമാന്യം നല്ല രീതിയില്‍ വിശദീകരിച്ചുതന്നു. ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവരുടെ ഭാവം മാറി. “സാധ്യമല്ല” എന്നവര്‍ തീര്‍ത്തുപറഞ്ഞു. ഞാനാണെങ്കില്‍ പള്ളികളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നതിന്റെ ഔചിത്യം മനസിലാകാതെ രോഷാകുലനാണ്. അവരോട് വളരെ സൌമ്യമായ ഭാഷയില്‍ ചോദിച്ചു:
“നിയമവിരുദ്ധമാണങ്കില്‍ എടുക്കുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നതെന്ന് പറഞ്ഞുതരാമോ?” ഞാന്‍ തുടര്‍ന്നു.. “ഇവിടെ വന്നതിനുശേഷം ഞാന്‍ സോഫിയയിലെ മോസ്ക്കിലും സിനഗോഗിലും കയറി. അവിടെയൊന്നും ഫോട്ടോ എടുക്കുന്നതിന് പ്രശ്നമില്ല. പക്ഷെ ഒരു പള്ളികളിലും അനുവദനീയമല്ല. ആരാധന നടക്കുന്ന സമയമാണെങ്കില്‍ മനസിലാക്കാം. ഫ്ലാഷ് ഉപയൊഗിക്കരുതെന്നു പറഞ്ഞാല്‍ മനസിലാക്കാം. ഫോട്ടോ എടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നറിഞ്ഞാല്‍ കൊള്ളാം.”
ഇല്ല അവര്‍ സമ്മതിക്കില്ല.
“ഇത്രയും അകലെനിന്നും ഈ പള്ളി കാണാന്‍ വരുന്നവരോട് ഓര്‍മ്മയ്ക്കായി ഒരു ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്നു പറയുന്നതില്‍ യാതൊരു മര്യാദയോ, ക്രിസ്തീയതയോ, സെന്‍സോ ഇല്ല..”
ഇത്രയുമായപ്പോള്‍ അവര്‍ കീഴടങ്ങി.. “ഓക്കേ.. എടുത്തോ.. പക്ഷെ ഒരെണ്ണം മാത്രം.. ഒറ്റയൊരെണ്ണം..”
ഒന്നെങ്കില്‍ ഒന്ന്.
അവരോടു ഞാന്‍ ഇത്രയുംകൂടി പറഞ്ഞു.. “യുട്യുബില്‍ തപ്പിയാല്‍ ബൊയാന ചര്‍ച്ചിന്റെ അകവും പുറവും എല്ലാം കാണാം..”
അവര്‍ അക്ഷോഭ്യയായി പുഞ്ചിരിച്ചു.
അങ്ങിനെ അകത്തുള്ള ദൃശ്യങ്ങള്‍ കണ്ടതിനുശേഷം വെളിയില്‍ വന്നു. അവരുടെ വിശദീകരണത്തില്‍ ഒരു കാര്യം രസകരമായി തോന്നി.. ഇരുന്നൂറ്റിനാല്പതു ചിത്രങ്ങളോളം ദേവാലയത്തിനുള്ളിലുണ്ട്. പക്ഷെ ഒരു ആര്‍ട്ടിസ്റ്റ് പോലും പടത്തില്‍ തന്റെ പേര് എഴുതിയിട്ടില്ല. അന്നത്തെ വിശ്വാസമനുസരിച്ച് ദേവാലയത്തിനുള്ളിലെ ചിത്രങ്ങള്‍ വരയ്ക്കുന്നത് ഒരു ദൈവവേലയാണ്. കലാകാരനല്ല അതൊക്കെ വരയ്ക്കുന്നത്. ദൈവം അവരുടെ ബ്രഷിലൂടെ ചിത്രം വരയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ കലാകാരനും അവന്റെ പേരും വ്യക്തിത്വവും അവിടെ അപ്രസക്തമാണ്.
അവിടെ നിന്നും ക്രിസ്തുമതം ഇന്നെവിടെയെത്തിനില്‍ക്കുന്നു! ഇന്ന് സംഭാവന കൊടുക്കുന്ന പ്രാഞ്ചിയേട്ടന്മാരുടെ പേര് ഫലകങ്ങളില്‍ കൊത്തിവയ്ക്കുന്നു. കാലത്തിനനുസരിച്ച് ദൈവത്തിന്റെയും കോലം മാറുന്നു.. അല്ലെങ്കില്‍ മാറ്റുന്നു.
ഈ പള്ളിയുടെ പരിസരത്ത് നിരവധിപേരുടെ കുഴിമാടങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി കാണപ്പെടുന്നത്, റെഡ് വുഡ് വൃക്ഷം നട്ട ഫെര്‍ഡിനാന്‍ഡ് രാജാവിന്റെ ഭാര്യയുടെ കുഴിമാടമാണ്.
ബുവാഷക്കയ്ക്ക് വൈകുന്നേരം ടിവിയില്‍ അഭിമുഖമുണ്ട്. അതിനു വേഷം മാറണം. എന്റെ താമസസ്ഥലത്തേയ്ക്ക് പോകുന്നവഴി വീട്ടില്‍ കയറണം.
പക്ഷെ, എനിക്ക് മറ്റൊരാവശ്യം കൂടിയുണ്ട്. ബൊയാന ഗ്രാമത്തില്‍തന്നെയാണ് മുപ്പത്തിയഞ്ചു വര്ഷം ബള്‍ഗേറിയയെ ഭരിച്ച തോഡോര്‍ ഷിവ്ക്കൊവിന്റെ പഴയ വസതി. അതൊന്നുകാണണം.
"അത് അത്ര എളുപ്പമുള്ള കാര്യമാവില്ല" എന്ന് ഇവോ മുന്നറിയിപ്പ് തന്നു. സാരമില്ല, വെളിയില്‍ നിന്നെങ്കിലും കാണണം എന്ന് ഞാന്‍. ഏതാണ്ട് അഞ്ചുമിനിട്ടു കൊണ്ട് സംഭവസ്ഥലത്തെത്തി. ബലമുള്ള ഇരുമ്പില്‍ തീര്‍ത്ത വേലിയ്ക്കുള്ളില്‍ 150 ഏക്കര്‍ വനഭൂമി പോലുള്ള സ്ഥലം. അതിനുള്ളിലായിരുന്നു അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവ് താമസിച്ചിരുന്നത്. ഇന്നവിടെ ബള്‍ഗേറിയന്‍ പ്രസിഡന്റും മറ്റനവധിപേരും താമസിക്കുന്നു.
ഗാര്‍ഡിനോട് ചോദിച്ചു.. സാധ്യമല്ല. ക്ഷണിക്കപ്പെടുന്നവര്‍ക്കു മാത്രമാണ് അകത്തു പ്രവേശനം. അങ്ങിനെ, ഷിവ്ക്കൊവ് വസതിയുടെ ഇരുമ്പുവേലിയും കണ്ട്, ബുവാഷ്ക്കയുടെ ഫ്ലാറ്റിനു മുന്നില്‍ അല്പം കാത്തുനിന്നതിനു ശേഷം ഞങ്ങള്‍ മൂന്നുപേരും എന്റെ ഫ്ലാറ്റിലെത്തി. ഇന്ത്യന്‍ മസാലയുടെ ഗന്ധവും രുചിയുമുള്ള കോഴി വറത്തതും കഴിച്ച് അവര്‍ യാത്രയായി.
No comments:
Post a Comment