Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 5)

ബാള്‍ക്കന്‍ പര്‍വതതിനപ്പുറം

പട്ടാളക്കാരില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള കക്ഷി ആരെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം ഗിവര്‍ഗീസ് പുണ്യാളന്‍ എന്നു തന്നെയാണ്. എന്താ ഇഷ്ടന്റെ ഒരു ഗ്ലാമര്‍.. എടത്വാ മുതല്‍ ബിലാത്തിവരെ..

അങ്ങേര്‍ ഇവിടെയും ഹീറോ ആണെന്ന് അറിഞ്ഞിരുന്നില്ല.. ഇന്ന്മെയ്‌ ആറാം തിയതിസെന്റ്‌ ജോര്‍ജ്സ് ഡേയ്.. അതുകൊണ്ട് ഇവിടെ പൊതുഅവധിദിനം.. ഇത് ഇവരുടെ മിലിട്ടറിദിനം കൂടിയാണ്. നഗരത്തില്‍ ഇന്ത്യയിലെ റിപബ്ലിക് ഡേ പരേഡ് പോലുള്ള പരേഡ് ഉണ്ടെന്നു കേട്ടിരുന്നു. അപ്പോഴാണ്‌ സുഹൃത്ത് ബില്‍ജിന്‍ ഈന്നലെ ഒരു നിര്‍ദ്ദേശം വച്ചത്. നാളെ അവധിയാണ്. വ്രാറ്റ്സാ എന്നൊരു സ്ഥലമുണ്ട്. ട്രെയിനില്‍ രണ്ടുമണിക്കൂര്‍ യാത്ര.

പഴയ സോഷ്യലിസത്തിന്റെ മുഖം സോഫിയയില്‍ തീരെ കാണാനില്ല. 1989-നു ശേഷം നഗരത്തിന്റെ മുഖച്ഛായ വല്ലാതെ മാറ്റിക്കളഞ്ഞു. പക്ഷെ ചില ചെറുപട്ടണങ്ങളില്‍ ഇന്നും ആ പഴയ മുഖം കാണാം.. അത്തരത്തില്‍ ഒരു പട്ടണമാണ് വ്രാറ്റ്സാ (Vratsa). ബാള്‍ക്കന്‍ പര്‍വതത്തിനപ്പുറമാണ്. ട്രെയിനില്‍ പോയാല്‍ കാഴ്ചകള്‍ കണ്ടുപോകാം.

ബാള്‍ക്കന്‍ എന്നു കേട്ടിട്ടുള്ളതല്ലാതെഅതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. ഈ പര്‍വതനിരകള്‍ ബള്‍ഗേറിയയെ തെക്കന്‍ ബള്‍ഗേറിയ എന്നും വടക്കന്‍ ബള്‍ഗേറിയയെന്നും രണ്ടായി തിരിക്കുന്നു. സോഫിയ തെക്കന്‍ ബള്‍ഗേറിയയിലാണ്.

[ബാള്‍ക്കന്‍ പെനിന്‍സുല എന്നറിയപ്പെടുന്ന പ്രദേശത്ത് താഴെപറയുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു:

Albania,
Bosnia & Herzegovina,
Bulgaria,
Croatia,
Greece,
Kosovo,
The Republic of Macedonia,
Montenegro,
Serbia,
Slovenia,
and The European part of Turkey.]

ബള്‍ഗേറിയക്കാര്‍ പൊതുവില്‍ ട്രെയിന്‍യാത്ര ഇഷ്ടപ്പെടുന്നില്ല. വേഗത കുറവാണ് എന്നതാണ് പരാതി. യാത്രക്കൂലിയില്‍ കാര്യമായ വ്യത്യാസമില്ല. അതുകൊണ്ട് കൂടുതല്‍പേരും യാത്രയ്ക്ക് ബസിനെയാണ് ആശ്രയിക്കുന്നത്. പഴയകാലത്ത് ട്രെയിന്‍ മാത്രമായിരുന്നു ദൂരയാത്രകള്‍ക്ക് ആശ്രയം. ഇന്ന് സ്ഥിതി മാറി.

രണ്ടുമണിക്കൂര്‍ യാത്രയ്ക്ക് ഏതാണ്ട് ആറു ലേവ ആയിരുന്നു ചാര്‍ജ്. തിരിച്ചുവന്നപ്പോള്‍ ഫാസ്റ്റ്ക്ലാസില്‍ കയറി ചാര്‍ജിലുള്ള വ്യത്യാസം വെറും രണ്ടു ലേവ മാത്രം. സൌകര്യത്തിന്റെ കാര്യത്തിലും കാര്യമായ വ്യത്യാസമൊന്നും കണ്ടില്ല. ശരാശരി ഇന്ത്യന്‍ ട്രെയിനുകളെക്കാള്‍ മെച്ചംപക്ഷെ യുറോപ്യന്‍ നിലവാരം വച്ചു നോക്കിയാല്‍ മോശം.

എനിക്ക് യാത്രയില്‍ കാഴ്ചകള്‍ അധികം കാണാന്‍ സാധിച്ചില്ല. രാവിലെ നേരത്തെ എഴുന്നേല്‍ക്കേണ്ടി വന്നതിനാല്‍ ഉറങ്ങിപ്പോയി. എങ്കിലും ഇടയ്ക്കിടയ്ക്ക് കണ്ണു തുറന്നപ്പോള്‍ കണ്ട കാഴ്ചകളെ അതിമനോഹരമെന്നു വിശേഷ്പ്പിക്കാം.

വ്രാറ്റ്സായിലൂടെ കുറെ ഏറെനേരം ചുറ്റിയടിച്ചു നടന്നു. കുറെയേറെ ഫോട്ടോ എടുത്തു. ലഘുവിവരണത്തോടെ അവയും പോസ്റ്റ്‌ ചെയ്യുന്നു.

മനസ്സില്‍ നിന്നും വിട്ടുപോകാത്ത ഒരു കാഴ്ചവഴിയോരത്ത് ഏതാനും പടുവൃദ്ധജനം പച്ചക്കറികള്‍ വില്‍ക്കാനിരിക്കുന്ന കാഴ്ചയാണ്. കണ്ണുകളില്‍ പ്രതീക്ഷയുടെ നാമ്പു പോലുമില്ലാത്ത ചില നിസാഹായ രൂപങ്ങള്‍. വില്‍പനയ്ക്ക് വച്ചിരിക്കുന്നതാകട്ടെഉണങ്ങിക്കരിഞ്ഞ വളരെക്കുറച്ചു പച്ചക്കറികള്‍. ഇതിനെക്കുറിച് സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന വിശദീകരണം ഇങ്ങനെ..

പെന്‍ഷന്‍പറ്റിയവരുടെ ജീവിതം വല്ലാതെ ദുസ്സഹമാണ്. കിട്ടുന്ന തുകകൊണ്ട് ഒന്നിനും തികയുകയില്ല. മിക്കവാറും മക്കളെ ആശ്രയിച്ചാണ് അവര്‍ കഴിയുന്നത്. മക്കള്‍ ഇല്ലാത്തവര്‍, അല്ലെങ്കില്‍ മക്കള്‍ തിരിഞ്ഞുനോക്കാത്തവര്‍, ഇങ്ങിനെയൊക്കെ അവരുടെ വാര്‍ദ്ധക്യം തള്ളിനീക്കുന്നു.

അവരുടെ കൌമാരപ്രായത്തില്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍ സോഷ്യലിസം അവര്‍ക്ക് നല്കിയിട്ടുണ്ടാവണം. അതില്‍ വിശ്വസിച്ച് എത്ര ആവേശഭരിതരായിക്കാണും ഇവരില്‍ ചിലരെങ്കിലും..

അവരുടെ ഫോട്ടോ എടുക്കുന്നതില്‍ പന്തികേട്‌ തോന്നിയതിനാല്‍ അതിനു മുതിര്‍ന്നില്ല.

ധ്യാനകേന്ദ്രങ്ങളില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ മോഹനവാഗ്ദാനങ്ങളില്‍പെട്ട് കൈകള്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തി ആര്‍ത്തലച്ചു പാടുന്നവര്‍ സ്വര്‍ഗത്തില്‍ ചെന്നാല്‍ - അങ്ങിനെയൊന്നുണ്ടെങ്കില്‍ - അവിടെ അവരുടെ ഗതിയും ഇതൊക്കെത്തന്നെ..

വാഗ്ദാനങ്ങള്‍ മനുഷ്യനെ കബളിപ്പിക്കാന്‍ പറ്റിയ ഉപകരണം തന്നെ.

No comments:

Post a Comment