അടുത്ത സന്ദര്‍ശനം ഹംഗേറിയന്‍ പാര്‍ലമെന്‍റ് മന്ദിരമാണെന്ന് ഗൈഡ് പറഞ്ഞു. പോയ വഴി ബുഡാപെസ്റ്റിലെ പ്രസിദ്ധമായ സിനഗോഗ് കാണിച്ചുതന്നു. അവിടെ ഇറങ്ങാന്‍ സാധിച്ചില്ല.
ബുഡാപെസ്റ്റിലെ ഡോഹാനി സ്ട്രീറ്റിലുള്ള ഈ ജൂതപ്പള്ളി വലിപ്പത്തില്‍ ലോകത്തിലെ രണ്ടാമത്തെയാണ്. (ഒന്നാം സ്ഥാനം ന്യൂയോര്‍ക്കിലെ സിനഗോഗിനാണ്). യുറോപ്പിലെ ഏറ്റവും വലിപ്പം കൂടിയ സിനഗോഗ് എന്നാണു ഇതിന്റെ ഖ്യാതി. 2009-ല്‍ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ച ഈ സിനഗോഗിനോട് ചേര്‍ന്ന് Jewish Museum ഉണ്ട്.
A.D. 895-ല്‍ ഹംഗറി എന്ന രാജ്യം സ്ഥാപിതമാകുമ്പോള്‍തന്നെ അവിടെ ജൂതന്മാര്‍ ഉണ്ടായിരുന്നു. മറ്റേതു യുറോപ്യന്‍ രാജ്യത്തെയും പോലെ ഇവിടെയും ജൂതവിശ്വാസികള്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം ഉണ്ടായിരുന്നില്ല. കത്തോലിക്കാസഭയുടെ ജൂതവിരോധം തന്നെയായിരുന്നു ഇതിന്റെ പിന്നിലെ കാരണം. ആ വിഷയത്തിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. ഏതായാലും വത്തിക്കാന്റെ നയത്തിന്റെ ഭാഗമായി യുറോപ്പില്‍ ഒരിടത്തും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുമിച്ചു താമസിക്കാന്‍ അനുവാദമില്ലായിരുന്നു. അങ്ങിനെയാണ് “ഘെട്ടോ” (Ghetto) എന്ന പേരില്‍ അറിയപ്പെട്ട ജൂതവാസകേന്ദ്രങ്ങള്‍ യുറോപ്പില്‍ ഉടനീളം ഉണ്ടായത്.
1645-ല്‍ ഹംഗറിയില്‍ പുറപ്പെടുവിച്ച നിയമമനുസരിച്ച് ജൂതന്മാര്‍ അവിശ്വാസികളും മനസാക്ഷിയില്ലാത്തവരും ആണെന്ന് മുദ്രകുത്തപ്പെടുകയും, അവര്‍ക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെടുകയും ഉണ്ടായി.
ഇവിടെയാണ് ഭാരതത്തിന്റെ മഹത്വം കാണാന്‍ സാധിക്കുന്നത്. കൊച്ചിയിലും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും താമസിച്ചിരുന്ന ജൂതന്മാര്‍ക്കും, ഇറാനില്‍നിന്നും വന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പാര്‍സികള്‍ക്കും യാതൊരുവിധ പീഡനമോ വിവേചനമോ ഭാരതീയരില്‍ നിന്നും നേരിടേണ്ടി വന്നില്ല.
ഏതായാലും മനോഹരമായ ഈ സിനഗോഗ് വിശദമായി കാണാന്‍ സാധിക്കാത്തത് ഒരു നഷ്ടം തന്നെ. ഇനിയും ഒരവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാര്ലമെന്റ്റ് കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോള്‍ അവിടം ചുറ്റിനടന്നു കാണുവാന്‍ സമയം തരുന്നതിനു മുമ്പ് ആ കെട്ടിടത്തെക്കുറിച്ച് ഗൈഡ് ഒരു ലഘുവിവരണം തന്നു.
യു.കെ. പാര്ലമെന്റ്റ് കെട്ടിടമായ വെസ്റ്റ്മിനിസ്റ്റര്‍ ആബിയെക്കാള്‍ വലിപ്പുമുണ്ടെന്ന് അവകാശപ്പെടുന്ന ഈ കെട്ടിടം ഹംഗറിയിലെ ഏറ്റവും വലിയ കെട്ടിടമാണ്. ഹംഗറി എന്ന രാജ്യം നിലവില്‍ വന്നതിന്റെ ആയിരം വര്ഷം ആഘോഷിച്ചതിന്റെ ഭാഗമായി പണികഴിപ്പിച്ച ഈ മന്ദിരം 1896-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പണി പൂര്‍ത്തിയായത് 1904-ല്‍ മാത്രമാണ്. നാല്പതു കിലോ സ്വര്‍ണ്ണം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
1956-ലെ റഷ്യന്‍ വിരുദ്ധ വിപ്ലവത്തിന്റെ ഭാഗമായി വധിക്കപ്പെട്ട ഇമ്രെ നാജിയുടെ പ്രതിമ കെട്ടിടത്തിന്റെ എതിര്‍വശത്ത് കാണാം.
മന്ദിരത്തിന്റെ ഉള്‍വശം കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ട്. മന്ദിരത്തിന്റെ സൈഡിലൂടെ നോക്കിയാല്‍ ഡാന്യുബ് നദിയുടെയും എതിര്‍വശത്തുള്ള ബുഡാ നഗരത്തിന്റെയും നല്ല വ്യൂ ലഭിക്കും.
അടുത്ത സന്ദര്‍ശനം ഡാന്യുബ് നദിയുടെ കുറുകെയുള്ള ചെയിന്‍ ബ്രിഡ്ജ് കടന്ന് ബുഡാ നഗരത്തിലെ ബുഡാ കാസിലിലേയ്ക്കായിരുന്നു.
William Tierney Clark എന്ന ഇംഗ്ലീഷ് എഞ്ചിനീയര്‍ ഡിസൈന്‍ ചെയ്ത ഈ പാലം നഗരത്തിലെ നദിയ്ക്ക് കുറുകെയുള്ള നിരവധി പാലങ്ങളില്‍ ആദ്യത്തേതാണ്. 1849-ല്‍ ഗതാഗതത്തിനു തുറന്നു കൊടുത്ത ഈ പാലത്തിന് രണ്ടാംലോകമഹായുദ്ധത്തില്‍ കാര്യമായ നാശമുണ്ടായി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് 1949-ല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായി.
ബുഡാ കാസിലില്‍ ചെന്നാല്‍ ഡാന്യുബ് നദിയുടെയും എതിര്‍വശത്തുള്ള പെസ്റ്റ് നഗരപ്രദേശത്തിന്റെയും മനോഹരമായ കാഴ്ചകള്‍ കാണാം. വിശദമായി കാണാന്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണം. പക്ഷെ, അനുവദിച്ചുകിട്ടിയത് വെറും ഒരു മണിക്കൂര്‍. ഉള്ള സമയം കൊണ്ട് ഒന്നു ചുറ്റിയടിച്ചു. ഏറ്റവും മനോഹരമായി തോന്നിയത് സെന്റ് മത്തിയാസ് പള്ളിയാണ്.
ഹംഗറിയിലെ നിരവധി രാജാക്കന്മാരുടെ കിരീടധാരണം നടന്നിട്ടുള്ള ഈ കത്തോലിക്കാപ്പള്ളി 1015-ല്‍ അന്നത്തെ രാജാവ് (പിന്നീട് വിശുദ്ധന്‍) സെന്റ് സ്റ്റീഫന്‍ പണികഴിപ്പിച്ചതാണ്. 1241-ല്‍ മംഗോളിയന്‍ ആക്രമണത്തില്‍ ഇത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ ഇത് വീണ്ടും അതെ സ്ഥാനത്ത് നീര്‍മ്മിക്കപ്പെട്ടു. തുടക്കത്തില്‍ ഇത് മാതാവിന്റെ പേരിലായിരുന്നു. (The Church of Our Lady). പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ King Matthias-ന്റെ പേര് ഇതിനു വീണു. മത്തിയാസ് രാജാവിന്റെ രണ്ടു വിവാഹങ്ങള്‍ ഇവിടെവച്ചു നടക്കുകയുണ്ടായി.
തുര്‍ക്കികള്‍ ഹംഗറിയെ കീഴടക്കിയതിനെ തുടര്‍ന്ന് ഇതില്‍ നിന്നും വിലപിടിച്ച മിക്ക സാധനങ്ങളും കടത്തിക്കൊണ്ടു പോവുകയും 1541 മുതല്‍ ഇത് നഗരത്തിലെ പ്രമുഖ മോസ്ക്ക് ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.
1645-ല്‍ ഹംഗറിയില്‍ പുറപ്പെടുവിച്ച നിയമമനുസരിച്ച് ജൂതന്മാര്‍ അവിശ്വാസികളും മനസാക്ഷിയില്ലാത്തവരും ആണെന്ന് മുദ്രകുത്തപ്പെടുകയും, അവര്‍ക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെടുകയും ഉണ്ടായി.
ReplyDeleteഇവിടെയാണ് ഭാരതത്തിന്റെ മഹത്വം കാണാന്‍ സാധിക്കുന്നത്. കൊച്ചിയിലും, ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും താമസിച്ചിരുന്ന ജൂതന്മാര്‍ക്കും, ഇറാനില്‍നിന്നും വന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പാര്‍സികള്‍ക്കും യാതൊരുവിധ പീഡനമോ വിവേചനമോ ഭാരതീയരില്‍ നിന്നും നേരിടേണ്ടി വന്നില്ല.