Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 31)

സോഫിയയിലെ ഏറ്റവും പ്രധാന ആകര്‍ഷണം: അലക്സാണ്ടര്‍ നെവിസ്ക്കി കത്തീഡ്രല്‍ (ഒന്ന്)

ഒരുകാലത്ത് ഏറ്റവുംകൂടുതല്‍ ഫൊട്ടോഗ്രാഫ് ചെയ്യപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഡയാനരാജകുമാരി എന്നു കേട്ടിട്ടുണ്ട്. അതുപോലെസോഫിയയില്‍ ഏറ്റവും കൂടുതല്‍ ഫൊട്ടോഗ്രാഫ് ചെയ്യപ്പെടുന്ന കെട്ടിടം ഏതാണെന്ന് ചോദിച്ചാല്‍ സംശയലേശ്യമന്നെ പറയാം - അലക്സാണ്ടര്‍ നെവിസ്ക്കി കത്തീഡ്രല്‍.

ഈ കത്തീഡ്രലിന്റെ പ്രാധാന്യം നേരത്തെ വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ സോഫിയയില്‍ എത്തിയതിന്റെ അടുത്ത ദിവസംതന്നെ ഇതു കാണാന്‍ പോയിരുന്നു. ഫോട്ടോഗ്രഫിയില്‍ എന്തെങ്കിലും താല്പര്യം ഉള്ളവര്‍ ഇതിനടുത്തെത്തിയാല്‍ ചുറ്റിനും ഓടിനടന്ന് പടങ്ങള്‍ എടുത്തുപോകും. അത്ര മനോഹരമായ കാഴ്ചയാണ്. റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭ സംഭാവനയായി നല്‍കിയ സ്വര്‍ണ്ണതാളുകളില്‍ പൊതിഞ്ഞവളരെദൂരെനിന്നു തന്നെ വെട്ടിത്തിളങ്ങുന്നതായി കാണാന്‍ സാധിക്കുന്നമനോഹരമായ താഴികക്കുടങ്ങള്‍. കാണികളെ അമ്പരപ്പിക്കാന്‍ പോന്ന വലിപ്പം. (3170 ചതുരശ്ര മീറ്റര്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണംഅതായത് 34,100  ചതുരശ്ര അടി). ഇതിനെക്കുറിച്ച്‌ കാര്യമായി എഴുതണം എന്ന കാരണത്താല്‍ നീട്ടിവയ്ക്കുകയായിരുന്നു.

ഉപകാരസ്മരണയായി നിര്‍മ്മിച്ച ദേവാലയം ആയതിനാല്‍ ഇതിന്റെ ചരിത്രപശ്ചാത്തലം അല്‍പമെങ്കിലും അറിയേണ്ടത് ആവശ്യമാണ്‌.

ബാള്‍ക്കന്‍ പ്രദേശങ്ങള്‍ എല്ലാംതന്നെ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. സ്വാതന്ത്ര്യം നേടാനുള്ള ബള്‍ഗേറിയന്‍ ജനതയുടെ ശ്രമങ്ങള്‍ അതിക്രൂരമായാണ് തുര്‍ക്കികള്‍ അടിച്ചമര്‍ത്തിയത്. 1876 ഏപ്രില്‍ മാസമായപ്പോള്‍ അടിച്ചമര്‍ത്തലിന്റെ ഫലമായി രക്തപ്പുഴകള്‍ രാജ്യത്തെവിടെയും ഒഴുകി. യുറോപ്പ് മൊത്തം ഇതിനെതിരെ പ്രതികരിച്ചു. ഫ്രഞ്ച് എഴുത്തുകാരനായ വിക്ടര്‍ യുഗോയും ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വില്ല്യം ഗ്ലാഡ്സ്റ്റനും (William Gladstoneഅവരില്‍ പ്രമുഖരായിരുന്നു. പ്രശ്നപരിഹാരത്തിനായി നിരവധി അന്തര്‍രാഷ്ട്ര കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല.

ഇക്കാര്യത്തില്‍ ചര്‍ച്ചയല്ലയുദ്ധമാണ് കരണീയം എന്നു മനസിലാക്കിയ റഷ്യന്‍ ചക്രവര്‍ത്തിഅലക്സാണ്ടര്‍ രണ്ടാമന്‍ പല ലോകനേതാക്കളുമായി സംസാരിച്ച്റഷ്യ യുദ്ധം തുടങ്ങിയാല്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുകയില്ല എന്നുറപ്പു വരുത്തി. ക്രൈമിയന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതലുകള്‍.

അങ്ങിനെ 1877 ഏപ്രില്‍ പതിനേഴാം തിയതി റഷ്യ ഒട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1878 ഫെബ്രുവരി പത്തൊന്‍പതാം തിയതി ഒപ്പുവച്ച ഒരു ഉടമ്പടിയോടെ യുദ്ധം അവസാനിക്കുകയുംബള്‍ഗേറിയ 1396-നുശേഷം ആദ്യമായി വീണ്ടും സ്വതന്ത്രരാജ്യമാവുകയും ചെയ്തു.

രാജവംശത്തില്‍ പിറന്ന ആരും രാജ്യത്തില്ലാതിരുന്നതിനാല്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തിയോടുള്ള നന്ദിസൂചകമായിഅദ്ദേഹത്തിന്റെ ബന്ധുവായ ജര്‍മ്മന്‍ രാജകുമാരന്‍, അലക്സാണ്ടര്‍ ഓഫ് ബാറ്റന്‍ബെര്‍ഗിനെ രാജ്യത്തിന്റെ ഭരണാധികാരിയായി വാഴിച്ച ചരിത്രം മുമ്പൊരിക്കല്‍ എഴുതിയിരുന്നല്ലോ.

അലക്സാണ്ടര്‍ ചക്രവര്‍ത്തി അങ്ങിനെ ബള്‍ഗേറിയന്‍ ജനതയുടെ കണ്കണ്ട ദൈവമായി. വിമോചകനായ ചക്രവര്‍ത്തി (Tsar-Liberator of Russians and Bulgariansഎന്ന അപരനാമത്തില്‍ അദ്ദേഹത്തെ അവര്‍ വിളിച്ചു. ഈ വിമോചനത്തിന്റെ കൂറ്റന്‍ സ്മാരകം ഇന്ന് ബള്‍ഗേറിയന്‍ പാര്ലമെന്റ്റിന്റെ മുന്നില്‍ കാണാം.

ബള്‍ഗേറിയന്‍ ജനതയുടെ നന്ദിപ്രകടനം അവിടം കൊണ്ടവസാനിച്ചില്ല. ചക്രവര്‍ത്തിയുടെ പേട്രന്‍-സെയിന്റായ അലക്സാണ്ടര്‍ നെവിസ്ക്കിയുടെ നാമദേയത്തില്‍ ഒരു ദേവാലയം പണിയാന്‍ തീരുമാനിച്ചു. 1882-ല്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനം മുപ്പതുവര്ഷം കഴിഞ്ഞ്1912-ല്‍ പൂര്‍ത്തീകരിച്ചു.

അലക്സാണ്ടര്‍ നെവ്സ്ക്കി എന്ന വിശുദ്ധനെക്കുറിച്ച് ഹൃസ്വമായി പരാമര്‍ശിക്കട്ടെ.

1221-1263 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം റഷ്യയുടെ വീരനായകനാണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന യുദ്ധങ്ങളില്‍ ജര്‍മ്മനിയെയും സ്വീഡനെയും റഷ്യയ്ക്ക് തോല്പിക്കാന്‍ കഴിഞ്ഞു. 1547-ല്‍ റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിച്ച നെവിസ്ക്കിയെ 2008-ല്‍ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ റഷ്യന്‍ ജനത The Main Hero of Russia’s History ആയി തിരഞ്ഞെടുക്കുകയുണ്ടായി. ഒരു റഷ്യന്‍ ടെലെവിഷന്‍ സര്‍വേയിലും ഇദ്ദേഹം തന്നെയാണ് The Greatest Russian ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ ഓര്‍ത്തോഡോക്സ് വിശുദ്ധന്റെ പേരില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി നിരവധി കത്തീഡ്രലുകളും ദേവാലയങ്ങളും ഉണ്ട്. അവയില്‍ ചിലതുമാത്രം ചുവടെ കൊടുക്കുന്നു.

Baku (Azerbaijan), Tallinn (Estonia), Paris (France), Tiflis (Georgia), Jerusalem (Isralel), Łódź (Poland), Warsaw (Poland), Izhevsk (Russia), Moscow (Russia), Nizhny Novgorod (Russia), Novosibirsk (Russia), Novosibirsk (Russia), Petrozavodsk (Russia), St Petersburg (Russia), Belgrade (Serbia), Prešov (Slovakia), Kamianets-Podilskyi (Ukraine), Yalta (Ukraine), Tashkent (Uzbekistan), Howell, New Jersey (USA), Allison Park, Pittsburgh, Pennsylvania (USA).

ഇവയില്‍ ഒരു പക്ഷെ ഏറ്റവും ചേതോഹരമായത്‌ നിയോ-ബൈസന്റൈന്‍ ശൈലിയില്‍ നിര്‍മ്മിച്ച സോഫിയയിലെ ഈ കത്തീഡ്രല്‍ തന്നെ..

(അലെക്സാണ്ടര്‍ നെവ്സ്ക്കി കത്തീഡ്രലിനെക്കുറിച്ചുള്ള വിവരണം അടുത്ത അദ്ധ്യായത്തില്‍ തുടരും..)

No comments:

Post a Comment