Tuesday, 17 November 2015

കിയേവ് കുറിപ്പുകള്‍ (ആമുഖം)

അബദ്ധങ്ങള്‍, അപകടങ്ങള്‍, ഇവ എപ്പോള്‍ എങ്ങിനെ വരുമെന്ന് പ്രവചിക്കുക വയ്യല്ലോ...

കിയെവിലെത്തി, രണ്ടാംദിവസം ഒരു സിറ്റി ടൂര്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, കണ്ട വിശേഷങ്ങള്‍ കുറിക്കുന്നതിന്റെ മുന്‍നടപടിയായി ഒരു ചായ ഉണ്ടാക്കി, കുടിച്ചുകൊണ്ട് ലാപ്ടോപ് ഓണ്‍ ചെയ്തു.. കൈതട്ടിയതിനാല്‍  ചായ മൊത്തം ലാപ്ടോപ് കുടിച്ചു.. യന്ത്രം കര്‍ത്താവില്‍ സുഖനിന്ദ്ര പ്രാപിച്ചു.

സഹായത്തിനാരുമില്ല, എങ്ങോട്ടുപോകണമെന്നറിയില്ല.. സഹായം ബ്രിട്ടനില്‍ നിന്നെത്തി.. സന്തോഷ്‌ മാത്യു എന്ന സുഹൃത്ത് ബാറ്ററി ഊരുന്നതെങ്ങിനെയെന്നു പറഞ്ഞുതന്നു.. ആന്‍ഡോവര്‍ എന്ന സ്ഥലത്തു താമസിക്കുന്ന, മകന്റെ പരിചയക്കാരി ഒരു യുക്രൈന്‍ സ്ത്രീ അവരുടെ ഇവിടെയുള്ള സുഹൃത്തിനെ കണക്റ്റ് ചെയ്തുതന്നു.. അങ്ങിനെ പിറ്റേദിവസംതന്നെ ലാപ്ടോപ് സര്‍വീസ് സെന്ററില്‍ എത്തി. അന്നുമുതല്‍ ഇന്നുവരെ അത് തിരികെ കിട്ടാനായി കാത്തിരുന്നു..  അഞ്ചുദിവസത്തെ കാത്തിരിപ്പിനുശേഷം അവസാനം ഇന്ന് കിട്ടി.

ഒക്ടോബര്‍ മൂന്നാം തിയതി ശനിയാഴ്ചയാണ് മാഞ്ചെസ്റ്ററില്‍ നിന്നും ആംസ്റ്റര്‍ഡാം വഴി കിയേവില്‍ എത്തുന്നത്. പുലര്കാലെയുള്ള ഫ്ലൈറ്റ്.. ഫ്ലൈറ്റില്‍ കയറി, ഹാന്‍ഡ് ലഗേജ്  അതിന്റെ സ്ഥാനത്തു വയ്ക്കുമ്പോള്‍ എവിടെ നിന്നോ വരുന്നു ഒരു ശബ്ദം: "അങ്കിള്‍ ഇതെങ്ങോട്ടാ?"

കെ.ജി.ബി.യുടെ ചാരന്മാരെ പിറകെവിടും എന്നൊരു കശ്മലന്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു - ജേക്കബ്‌ കോയിപ്പള്ളി.. ഇനി അതില്‍ വല്ല കാര്യവുമുണ്ടോ? തിരിഞ്ഞുനോക്കുമ്പോള്‍, സ്നേഹിതനായ ജാനെഷ്.. ജാനെഷ് കിടങ്ങൂര്‍... കക്ഷി ആംസ്റ്റര്‍ഡാമില്‍ എന്തോ കോണ്ഫറന്‍സിനു പോകുന്നു.  അങ്ങിനെ ആംസ്റ്റര്‍ഡാം വരെ കത്തിവയ്പും ഉറക്കവുമായി കഴിഞ്ഞു.. ഏതാണ്ട് ഇരുപത് മിനിറ്റ് ലേറ്റായാണ് എത്തിയത്. അതുകൊണ്ട് ഷിഫോള്‍ എയര്‍പോര്‍ട്ട് ശരിയ്ക്ക് കാണാന്‍ സാധിച്ചില്ല.  

1984-ല്‍ ആംസ്റ്റര്‍ഡാം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലണ്ടില്‍ നിന്നും ഫെറിയിലാണ് പോയത്. എയര്‍പോര്‍ട്ട് ആദ്യമായി കാണുന്നു. പണ്ടൊക്കെ ഇതിന്റെ ഖ്യാതി വളരെ വലുതായിരുന്നു.. ലോകോത്തരമായ ഡ്യുട്ടിഫ്രീ ഷോപ്പുള്ള എയര്‍പോര്‍ട്ട്. ഇന്നാ സ്ഥാനം ദുബായി കൈയ്യടക്കിയിരിക്കുന്നു. 

ആംസ്റ്റര്‍ഡാമില്‍ നിന്നും രണ്ടേമുക്കാല്‍ മണിക്കൂര്‍ പറന്നപ്പോള്‍ കിയേവ്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഒരു എയര്‍പോര്‍ട്ട്. ഇമ്മിഗ്രെഷനില്‍ പ്രശ്നമൊന്നും ഇല്ല.  (ഉണ്ടായേക്കാം എന്ന് താക്കീതുണ്ടായിരുന്നു). പെട്ടി ഉടന്‍ തന്നെ കിട്ടി. കസ്റ്റംസിലും പ്രശ്നമൊന്നും ഇല്ല. എന്തെങ്കിലും പ്രസന്റ്സ് കൊണ്ടുവന്നിട്ടുണ്ടോ എന്നൊരാള്‍ ഗ്രീന്‍ ചാനലിലൂടെ കടക്കുമ്പോള്‍ ചോദിച്ചു.  ആര്‍ക്ക്, എന്തു കൊണ്ടു വരാന്‍? എന്റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ അയാള്‍ പിന്നെയൊന്നും ചോദിച്ചില്ല.

നേരത്തെകൂട്ടി ബുക്ക് ചെയ്തിരുന്ന അപ്പാര്ട്ട്മെന്റ്റ് ഉടമ ടാക്സി വിട്ടിരുന്നു. എന്റെ പേരുള്ള പോസ്റ്ററുമായി അദ്ദേഹം അവിടെയുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു മിനിട്ടുകൊണ്ട് അവരുടെ ഓഫീസിലെത്തി. ഇതിനിടയില്‍ പൌണ്ട് മാറാന്‍ കഴിഞ്ഞിരുന്നില്ല. കറന്‍സി മാറി, തിങ്കളാഴ്ച പേയ്മെന്റ് ചെയ്യാം. അവര്‍ക്ക് സമ്മതം. താക്കോലും വാങ്ങി അതേ ടാക്സിയില്‍ ഫ്ലാറ്റിലെത്തി. അത്യാവശ്യ സൌകര്യങ്ങള്‍ ഒക്കെയുണ്ട്. സ്റ്റാലിന്റെ മുഖ മുദ്രയുള്ള ബഹുനിലകെട്ടിടം ഏഴാംനിലയിലെ വണ്‍ബെഡ്റൂം അപാര്‍ട്മെന്‍റ്. ഫ്ലാറ്റിനുള്ളില്‍ സ്റ്റാലിന്റെ പ്രേതത്തെ കാണാനായില്ല. എല്ലാം ആധുനികം. 

ചെറുതായി ഒന്നു വിശ്രമിച്ചു കഴിഞ്ഞപ്പോള്‍, കിയേവ് വാസിയായ ടുട്ടൂസ് എന്ന മലയാളി എത്തി. വെളിയിലൂടെ ഒരു ചെറിയ കറക്കം. അല്പം കാശ് മാറി, ഭക്ഷണം കഴിച്ചു, മെട്രോ സ്റേഷന്‍ കണ്ടു.. തല്‍ക്കാലം ഇത്രയും മതി,  വിശ്രമമാണ് ഇനി ആവശ്യം. കാഴ്ചകള്‍ കാണാന്‍ സമയം വേണ്ടുവോളം ഉണ്ടല്ലോ..

അടുത്തദിവസം മുതല്‍ കറക്കം ആരംഭിച്ചു. അതിന്റെയെല്ലാം വിശേഷങ്ങള്‍ വരുംദിവസങ്ങളില്‍.

യുക്രൈന്‍ എന്ന രാജ്യത്തെ ചെറുതായി  പരിചയപ്പെടുത്തട്ടെ.

യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായാണ്‌ യുക്രൈന്‍ കണക്കാക്കപ്പെട്ടിരുന്നത്. ക്രൈമിയ റഷ്യയുടെ ഭാഗമായതോടെ ആ സ്ഥാനം നഷ്ടമായി എന്നു കരുതുന്നു. എങ്കിലും വലിപ്പത്തില്‍ രണ്ടാംസ്ഥാനം തീര്‍ച്ചയായുമുണ്ട്. ജനസംഖ്യ (ഏകദേശം) നാല്പത്തിയഞ്ച് മില്യണ്‍ മാത്രം.. കേരളത്തിന്റെ ഒന്നര ഇരട്ടി. റഷ്യയാണ് മുഖ്യ അയല്‍പക്കം.. ബലാറസ്, പോളണ്ട്, സ്ലോവേക്യ, ഹംഗറി, റൊമാനിയ, മൊള്‍ഡോവ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്‌. കിയേവ് ആണ് തലസ്ഥാനം. പൊതുവേ Kiev എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നതെങ്കിലും ലാറ്റിന്‍ അക്ഷരമാലയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന സ്പെല്ലിംഗ് Kyiv (ഉച്ചാരണം കീവ്) എന്നാണ്.

റഷ്യന്‍ ഭാഷയോട് കുറെയൊക്കെ സാമ്യമുള്ള യുക്രൈനിയന്‍ ആണ് ഭാഷ. ജനസംഖ്യയുടെ 77.8 ശതമാനം യുക്രൈനികളും 17.3 ശതമാനത്തോളം റഷ്യക്കാരുമാണ്.

ഏതാനും കിയേവ് ചിത്രങ്ങള്‍ ചുവടെ...

കിയേവ് കുറിപ്പുകള്‍ (ഒന്ന്): കിയേവിലുമുണ്ടൊരു തിരുനക്കര....

കോളേജ്കാലത്ത്, ക്ലാസ് വിട്ടാല്‍ ബസ്‌ കയറാനായി ബസ്സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നവഴിയാണ് കോട്ടയത്തെ തിരുനക്കരമൈതാനം. മിക്ക ദിവസങ്ങളിലും അവിടെ മീറ്റിംഗ് ഉണ്ടാവും. രാഷ്ട്രീയക്കാര്‍ ഘോരഘോരം പ്രസംഗിക്കും.. ഇന്നത്തെ നേതാക്കളുമായി നോക്കിയാല്‍ അവരൊക്കെ പാവങ്ങളായിരുന്നു.  പ്രസംഗം ഏതാണ്ടിങ്ങനെ...

"ഇക്കാണുന്ന ടാറിട്ട റോഡുകള്‍ നോക്കൂ.. ആരാണിതൊക്കെ ചെയ്തത്.. ആരാണ് കോട്ടയത്ത് മെഡിക്കല്‍കോളേജ് കൊണ്ടുവന്നത്?"

ഒപ്പമുള്ള ഏതെങ്കിലും ഒരു കുരുത്തന്‍കെട്ടവന്‍ അപ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും:

"ഇതൊക്കെ നിന്റെ വീട്ടീന്നു കൊണ്ടുവന്നതാണോടാ?"

കണ്ണുരുട്ടി പേടിപ്പിക്കാന്‍ അന്നത്തെ മൂപ്പില്‍സ് അടുത്തുവരും. പിറകെ കോളേജ്പട വരുന്നതു കാണുമ്പോള്‍ അനുനയിപ്പിക്കും..

"മക്കളെ, അലമ്പുണ്ടാക്കരുത്.. പ്ലീസ്"

എന്തോ മഹാകാര്യം സാധിച്ച മട്ടില്‍ ഞങ്ങള്‍ മുന്നോട്ടു നടക്കും.

അന്നൊന്നും മൈതാനം എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ചിന്തിക്കേണ്ട ആവശ്യമെന്താണ്? ശുദ്ധ മലയാളംവാക്കല്ലേ..

പക്ഷെ, കിയേവിലും മൈതാനം കണ്ടപ്പോള്‍ അമ്പരന്നു.. ഗൈഡിനോടു ചോദിച്ചപ്പോള്‍ അത് തുര്‍ക്കി വാക്കാണെന്നു പറഞ്ഞു.. ആ വാക്കിന് അറബിക്ക്, പേര്‍ഷ്യന്‍ വേരുകളും ഉണ്ടത്രേ.. തുറസ്സായ സ്ഥലം എന്നാണര്‍ത്ഥം.

കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളിലും മൈതാനമുണ്ട്.. പക്ഷെ എന്റെ പഴയ കോട്ടയംമനസിന്‌ മൈതാനം തിരുനക്കര തന്നെ.. കലണ്ടര്‍ മനോരമ തന്നെ എന്നൊക്കെ പറയുന്നതുപോലെ.  മറ്റു നാട്ടുകാര്‍ വഴക്കിനു വരേണ്ട.. നമുക്ക് കിയേവ് മൈതാനത്തെക്കുറിച്ച് പറയാം.

ഇതിന്റെ ശരിയായ പേര് Maidan Nezalezhnosti അഥവാ Independence Square എന്നാണ്. യുക്രൈനികള്‍ ഇതിനെ മൈതാന്‍ എന്നു വിളിക്കുന്നു. നമുക്ക് മലയാളീകരിച്ച് മൈതാനം എന്നുതന്നെ വിളിക്കാം.

കിയേവ് നഗരമദ്ധ്യത്തിലെ സിരാകേന്ദ്രമാണ് ഈ മൈതാനം. 1.2 കിലോമീറ്റര്‍ നീളവും, ഏതാണ്ട് നൂറുമീറ്റര്‍ വീതിയുമുള്ള കിയേവിലെ മുഖ്യതെരുവായ ക്രെഷ്യാറ്റിക്ക് ഈ മൈതാനത്തെ രണ്ടായി വിഭജിക്കുന്നു. 1990-ല്‍ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ മുതല്‍ ഇവിടെ രാഷ്ട്രീയ റാലികളും പ്രധിക്ഷേധങ്ങളും പലവട്ടം അരങ്ങേറി. യുക്രൈന്‍ വിദ്യാര്‍ഥികള്‍ നാട്ടിലെപ്പോലെ നേതാക്കന്മാരുടെ കുട്ടിക്കുരങ്ങുകളല്ല. രാഷ്ട്രീയ പ്രധിസന്ധി ഉണ്ടാകുമ്പോഴോക്കെ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട്. 1989, 2001, 2004, 2013-14 എന്നീ വര്‍ഷങ്ങളിലോക്കെ അവര്‍ ഇവിടം പടക്കളമാക്കി. 2001-ല്‍ നടന്ന സമരത്തിന്റെ പേര് ശ്രദ്ധേയമാണ് -  "Ukraine Without Kuchma." Kuchma റഷ്യയുടെ പാവ എന്ന ദുഷ്പേരുണ്ടായിരുന്ന യുക്രൈന്‍ പ്രസിഡന്റ്‌ ആയിരുന്നു കുച്ച്മ. അദ്ദേഹത്തിന് രാജിവച്ച് പോകേണ്ടി വന്നു.  തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നതിന്റെ പേരിലാണ് 2004-ലെ Orange Revolution ഉണ്ടായത്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വന്നു. 

വിദ്യാര്‍ഥികള്‍ ഇത്രയൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. അധികാരത്തില്‍ വന്നവരൊക്കെ അഴിമതിയില്‍ മുങ്ങിനീന്തി. ചിലരെ പുട്ടിന്‍ വിലയ്ക്കെടുത്തു. യുവതയ്ക്ക് യുക്രൈന്‍ എങ്ങിനെയെങ്കിലും യുറോപ്യന്‍ യുണിയനില്‍ ചേരണം. അതിനായി 2013-14ല്‍ നടന്ന സമരം യുറോമൈതാന്‍ എന്നറിയപ്പെടുന്നു. ഇപ്പറഞ്ഞ ഓരോ സമരത്തിലും രക്തസാക്ഷികള്‍ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. അവരുടെ മണ്ഡപങ്ങള്‍ മൈതാനത്തിന്റെ പല ഭാഗത്തും കാണാം.

രാഷ്ട്രീയേതരമായ പല ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. യുക്രൈന്‍ സ്വാതന്ത്ര്യദിനം, കിയേവ് നഗരദിനം - ഇതൊക്കെ ഇവിടെത്തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. 

ഈ മൈതാനത്തെ പേര് പലവട്ടം മാറിയിട്ടുണ്ട്.. 1919-ല്‍ ഇത് സോവിയറ്റ് സ്ക്വയര്‍ ആയി നാമകരണം ചെയ്യപ്പെട്ടു. 1935-ല്‍ ഇത് "കാലിനിന്‍ സ്ക്വയര്‍" ആയി. (മിഖേയില്‍ കാലിനിന്‍ പ്രഥമ Supreme Soviet of the USSR-ന്റെ ചെയര്‍മാന്‍ ആയിരുന്നു). 1976-77-ല്‍ പേര് വീണ്ടും മാറി. ഇത്തവണ ലഭിച്ചത് "ഒക്ടോബര്‍ റെവലൂഷന്‍ സ്ക്വയര്‍" എന്ന പേരായിരുന്നു. 1991-ല്‍ റഷ്യയില്‍ നിന്നും രാജ്യം സ്വതന്ത്രമായതിനുശേഷമാണ് ഇപ്പോള്‍ നിലവിലുള്ള പേരു ലഭിച്ചത്.  പെരുമാറ്റങ്ങളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ:

1869: Khreshchatyk Square (Khreshchatitskaya ploshchad)
1876: Council (Parliament) Square (Dumskaya ploshchad)
1919: Soviet Square (Sovetskaya ploshchad)
1935: Kalinin Square (Ploshchad Kalinina)
1941: Council (Parliament) Square (Dumska ploshcha)
1943: Kalinin Square (Ploshchad Kalinina)
1977: Square of the October Revolution (Ploshchad Oktyabrskoi Revolutsyi)
1991: Independence Square (Maidan Nezalezhnosti)

മിഖായേല്‍ മാലാഖ തങ്ങളുടെ സ്വന്തമാണ് എന്ന് കേരളത്തിലെ നീണ്ടൂര്‍, വെളിയനാട് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. അദ്ദേഹം ഇവിടെയും "ബല്യ പുള്ളി" തന്നെയാണ്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ യുക്രൈന്റെ സംരക്ഷകനായാണ് മിഖായേല്‍ മാലാഖ അറിയപ്പെടുന്നത്.  മൈതാനത്തിന്റെ പിന്നിലുള്ള പഴയ ഒരു ഗേറ്റിന്റെ മുകളില്‍ മിഖായേല്‍ മാലാഖയുടെ കൂറ്റന്‍പ്രതിമ കാണാം.

വാരാന്ത്യങ്ങളില്‍ ക്രെഷ്യാറ്റിക്ക് തെരുവില്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. അതുകൊണ്ടുതന്നെ തെരുവ് മുറിച്ചു കടക്കാം. പ്രവര്‍ത്തിദിനങ്ങളില്‍ അണ്ടര്‍പാസിലൂടെ വേണം മറുവശത്ത്‌ എത്തുവാന്‍. ഈ തെരുവ് വാരാന്ത്യങ്ങളില്‍ ജനനിബിഡവും, പ്രവര്‍ത്തിദിനങ്ങളില്‍ വാഹനനിബിഡവുമാണ്.

രസകരമായ കാഴ്ചകള്‍ക്ക് യാതൊരു ക്ഷാമവുമില്ല.

കിയേവ് കുറിപ്പുകള്‍ (രണ്ട്): ഒരു യുക്രൈനിയന്‍ പ്രണയഗാഥ (Mokryna Yurzuk & Luigi Pedutto)

ഇറ്റലിക്കാരന്‍ ലൂഗിയും യുക്രൈന്‍കാരി, മൊക്രിനയും കണ്ടുമുട്ടിയത് 1943-ല്‍. അന്ന് രണ്ടുപേര്‍ക്കും ചെറുപ്പം. പക്ഷെ, റൊമാന്‍സിനു പറ്റിയ സാഹചര്യമായിരുന്നില്ല. ഓസ്ട്രിയയിലെ ഒരു നാസി ലേബര്‍ ക്യാംപില്‍ രണ്ടുപേരും തടവുകാരായിരുന്നു. ആശയവിനിമയം നടത്താന്‍ ഒരു പൊതുഭാഷയില്ലാതിരുന്നിട്ടും അവര്‍ അനുരാഗബദ്ധരായി. പരസ്പരം താങ്ങുംതണലുമായി അവര്‍ ആ കാരാഗ്രഹവാസം കഴിച്ചുകൂട്ടി.

തുണികള്‍ തയ്ക്കുന്ന വര്‍ക്ക്ഷോപ്പിലായിരുന്നു രണ്ടുപേര്‍ക്കും ജോലി. സൌകര്യപ്പെടുംപോഴൊക്കെ ലൂഗി, തന്റെ പ്രേയസിയ്ക്ക് എന്തെങ്കിലും നല്ല വസ്ത്രം തുന്നിക്കൊടുക്കും. വിശ്രമവേളകളില്‍ അവര്‍ കൈകള്‍കോര്‍ത്ത് നിശബ്ദമായി നടക്കും.

യുദ്ധാവസാനം തടവുകാര്‍ മോചിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വന്നു. തന്റെ പ്രിയതമയെ കാണാനായി അന്നു റഷ്യയുടെ ഭാഗമായിരുന്ന യുക്രൈനില്‍ പോകാന്‍ ലൂഗി ഒരുപാട് ശ്രമിച്ചു. പക്ഷെ, ഇരുമ്പുമറയ്ക്ക് അപ്പുറമുള്ള ഒരാള്‍ക്ക് അന്ന് റഷ്യയില്‍ എത്തുക ഏതാണ്ട് അസാധ്യമായിരുന്നു.

വീണ്ടും ഒരുമിക്കാമെന്ന പ്രതീക്ഷ നശിച്ചതിനാല്‍ രണ്ടുപേരും വേറെ വിവാഹം കഴിച്ചു. പക്ഷെ അവര്‍ രണ്ടുപേരുടെയും ഇണകള്‍ മരിച്ചു. ലൂഗിയുടെ മനസ്സില്‍ നിന്നും മൊക്രിനയുടെ ഓര്‍മ്മകള്‍ മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം ലൂഗി “വെയിറ്റ് ഫോര്‍ മീ” എന്ന റഷ്യന്‍ ടെലെവിഷന്‍ ചാനല്‍കാര്‍ക്ക് മൊക്രിനയെ വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതി. അപ്പോഴേയ്ക്കും ബെര്‍ലിന്‍മതില്‍ പൊളിഞ്ഞിരുന്നു.

കത്തിന് പ്രയോജനമുണ്ടായി. അവര്‍ മൊക്രിനയെ കണ്ടെത്തി. അപ്പോഴേയ്ക്കും മുത്തശ്ശി ആയിക്കഴിഞ്ഞിരുന്ന അവര്‍ യുക്രൈനിലെ Dnipropetrovsk എന്ന പ്രവശ്യയിലെ ഒരു കൊച്ചുഗ്രാമത്തില്‍ താമസമുണ്ടായിരുന്നു. അങ്ങിനെ 2004-ല്‍ അവര്‍ ടെലെവിഷന്‍ സ്റ്റുഡിയോയില്‍ വച്ച്, ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. അതിനുശേഷം ലൂഗി കൂടെക്കൂടെ ആ ഗ്രാമത്തില്‍ ചെന്ന് തന്റെ പഴയ കാമുകിയെ കാണുമായിരുന്നു.

ഇവരുടെ ജീവിതത്തിന്റെ ഓര്‍മ്മയ്ക്ക് കിയെവില്‍ ഒരു പ്രതിമയുണ്ടാക്കിയിട്ടുണ്ട്. ആ പ്രതിമ സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലവും ഉചിതം തന്നെ. ബ്രിഡ്ജ് ഓഫ് ലവേര്‍സ് എന്നറിയപ്പെടുന്ന പാലത്തിന്റെ തൊട്ടടുത്ത്‌ മൊക്രിനയുടെയും ലൂഗിയുടെയും പ്രതിമ ഗൈഡ് കാണിച്ചുതന്നു. പ്രതിമ അനാഛാദനം ചെയ്ത ചടങ്ങില്‍ അപ്പോഴേയ്ക്കും തൊണ്ണൂറു വര്ഷം പ്രായമായിരുന്ന ലൂഗി ഇറ്റാലിയന്‍ ആര്‍മി വേഷത്തില്‍, തൊപ്പിയില്‍ ഒരു നീണ്ട തൂവലുമായി പങ്കെടുത്തു. വികാരാധീനനായി ലൂഗി അവിടെവച്ച് പൊട്ടിക്കരഞ്ഞു.

ദേഹാസ്വാസ്ഥ്യം മൂലം മൊക്രിനയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അവരുടെ കൊച്ചുമോള്‍ ചടങ്ങില്‍, പ്രതിനിധിയായി സംബന്ധിച്ചു.

പ്രതിമയോടു ചേര്‍ന്നുള്ള ഫലകത്തില്‍ എഴുതി വച്ചിരിക്കുന്നതില്‍ ഈ ഒരു വാചകങ്ങള്‍ ശ്രദ്ധിച്ചു...

"Luigi will remember the Ukrainian beauty with dimples on her cheeks all his life…  And will find her after 60 years. They will meet in 2004 on Inter TV Channel’s Show, ‘Zhdi  Menya’ to reveal to the world that love conquers distances, overpowers time and out-fights wars!"കിയേവ് കുറിപ്പുകള്‍ (മൂന്ന്): കിയേവിലെ ഗുഹാ ആശ്രമം..

പതിനൊന്നാം നൂറ്റാണ്ടില്‍, ഓര്‍ത്തോഡോക്സ് വിശ്വാസിയായിരുന്ന ആന്റണി എന്നുപേരുള്ള ഒരു സന്യാസി തന്റെ താവളമായിരുന്ന ഗ്രീസിലെ മൌണ്ട് ആതോസ് ഉപേക്ഷിച്ച്, കിയെവിലെത്തി. നീപ്പര്‍ നദിയുടെ കരയിലുള്ള ഒരു ഗുഹയില്‍ അദ്ദേഹം വാസം തുടങ്ങി.  (വോള്‍ഗയും ഡാന്യൂബും കഴിഞ്ഞാല്‍ ദൈര്‍ഘ്യത്തില്‍ യുറോപ്പിലെ മൂന്നാംസ്ഥാനമുള്ള നീപ്പര്‍ - Dnieper - നദിയുടെ കരയിലാണ് കിയേവ് സ്ഥിതി ചെയ്യുന്നത്). കാലക്രമത്തില്‍ സന്യാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും അവരുടെ ആവശ്യത്തിനായി കിയേവിന്റെ ഭരണാധികാരി ആ ഗുഹ ഉണ്ടായിരുന്ന മല മൊത്തമായി, ഇതിനോടകം അന്റോണിയൈറ്റ്സ്  എന്നറിയപ്പെട്ടിരുന്ന സന്യാസികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കാലാന്തരത്തില്‍ കൊന്‍സ്റ്റാന്‍റ്റിനോപ്പിളില്‍ നിന്നുമെത്തിയ ശില്‍പികള്‍ അവിടെ മൊണാസ്ട്രി നിര്‍മ്മിച്ചു. പിന്നീട് അവിടെ ദേവാലയങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. പലതും നശിച്ചു; നശിച്ചവ വീണ്ടും പണിതു.

Kiev Pechersk Lavra എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഇംഗ്ലീഷില്‍ Cave Monastery of Kiev എന്നു പറയാം. 

ഗുഹാ ആശ്രമം കാണാന്‍ പോയത് ഒരു ഗൈഡിനൊപ്പമാണ്. പള്ളി കണ്ടാല്‍ ഭക്തപരവശയാകുന്ന ഒരു പെണ്‍കുട്ടി - മറീന. കിയെവിലെ യുണിവേര്‍സിറ്റിയില്‍ പഠിക്കുന്നു, ഒപ്പം ഒരു സിനിമാസംവിധായകയാകുന്ന സ്വപ്നം കാണുന്നു. മതത്തെയും, വിശ്വാസത്തെയും ഇല്ലായ്മ ചെയ്യാന്‍ സോഷ്യലിസ്റ്റ്‌ അധികൃതര്‍ കഠിനശ്രമം നടത്തിയ രാജ്യത്തെ കൊച്ചുപെണ്‍കുട്ടിയ്ക്ക് ഇത്ര ഭക്തിയോ! കൂടുതല്‍ സംസാരിച്ചുവന്നപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലേറെ സങ്കീര്‍ണ്ണമാണെന്നു മനസിലായി.  

മറീനയുടെ ബോയ്‌ഫ്രണ്ട് അമേരിക്കയില്‍ ജീവിക്കുന്ന യുക്രൈന്‍വംശജനായ ജൂതനാണ്. രണ്ടുപേരും അഗാധപ്രണയത്തിലാണ്. വിട്ടുപിരിയാന്‍ വയ്യ. പക്ഷെ കക്ഷി, ജീസസിനെ ദൈവപുത്രനായി അംഗീകരിക്കുന്നില്ല.. എന്തു ചെയ്യും? ഭാവിയില്‍ മക്കളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തും?

"നിന്റെ പ്രശ്നങ്ങള്‍ മനസിലാകുന്നുണ്ട്; പക്ഷെ പരിഹാരം എനിക്കറിയില്ല.."

ഒരു ഇരുപതുവര്ഷം കഴിയുമ്പോള്‍ അവള്‍ ഇന്നത്തെ മറീന ആയിരിക്കില്ല.. വേണ്ട, അനാവശ്യകാര്യങ്ങളില്‍ തലയിടെണ്ട.

ഞങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്തുനിന്നും മെട്രോ പിടിച്ച്, Arselana എന്ന സ്റേഷനില്‍ ചെന്നിറങ്ങി. 

One of the deepest underground station in the world - എന്ന റെക്കോര്‍ഡ്‌ ഈ സ്റ്റേഷന് സ്വന്തമാണ്.  ഭൂനിരപ്പില്‍ നിന്നും 105.5 മീറ്റര്‍ താഴെക്കൂടിയാണ് ഇവിടെ ട്രെയിന്‍ പോകുന്നത്. രണ്ട് എക്സലേറ്ററില്‍  കയറി വേണം മുകളില്‍ എത്താന്‍.. രണ്ടു ചെറിയ മയക്കത്തിനുള്ള സമയമുണ്ട്!

അവിടെനിന്നും ബസ് പിടിച്ച് ആശ്രമത്തിന്റെ മുന്നില്‍ വന്നു. മുന്നില്‍ കണ്ട കാഴ്ചകള്‍ അമ്പരപ്പിച്ചു. എവിടെ നോക്കിയാലും സ്വര്‍ണനിറമുള്ള താഴികക്കുടങ്ങള്‍.. 

ലൌകികജീവിതവും ഐഹികസുഖങ്ങളും പരിത്യജിച്ചു കഴിയുന്ന സന്യാസികളുടെ ലോകത്താണ് ഈ ആഡംബരമെല്ലാം.. വലിയ ഷോപ്പിംഗ് മാളുകളില്‍ കടകള്‍ ഉള്ളതുപോലെ തൊട്ടുചേര്‍ന്ന് നിരവധി ദേവാലയങ്ങള്‍.. 

പള്ളികള്‍ കണ്ടുനടന്ന് സമയം പോയതറിഞ്ഞില്ല.. ഗുഹകളില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍, സമയം കഴിഞ്ഞുപോയി എന്ന്‍ കേള്‍ക്കേണ്ടിവന്നു. 

ഗുഹയില്‍ മറ്റൊരു ദിവസം.. ഇനി വേണമെങ്കില്‍ തനിയെ പോകാം..

അവിടെ കണ്ട കാഴ്ചകളുടെ ചിത്രങ്ങള്‍..


കിയേവ് കുറിപ്പുകള്‍ (നാല്): മാമായേവ സ്ലോബോദാ (Mamayeva Sloboda) - പുനര്‍സൃഷ്ടിക്കപ്പെട്ട കൊസാക്ക് ഗ്രാമം

കൊസാക്കുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ ഇല്ലെങ്കിലും, അവര്‍ യുക്രൈന്‍കാരായാണ് അറിയപ്പെടുന്നത്.

സ്വാതന്ത്ര്യദാഹം തലയ്ക്കുപിടിച്ച യോദ്ധാക്കളായിരുന്നു അവര്‍. നമ്മുടെ ഗൂര്‍ഖകളോട് തുലനം ചെയ്യാവുന്ന വീരശൂരന്മാര്‍. ഇവര്‍ ഭരണാധികാരികള്‍ക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമായിരുന്നു. സ്വന്തം സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും, കൂലിപട്ടാളമായും അവര്‍ യുദ്ധം ചെയ്യും. അവരെ തോല്‍പിക്കുക അത്ര അനായാസമായിരുന്നില്ല. റഷ്യന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഇവര്‍ ഉണ്ടാക്കിക്കൊടുത്ത തലവേദനകള്‍ നിസാരമായിരുന്നില്ല.

ഇവരില്‍ നിന്നും ഏറ്റവും കൂടുതല്‍ ശല്യം ഉണ്ടായത് ഒരു പക്ഷെ പോളണ്ടിനായിരുന്നു. കത്തോലിക്കാരായ പോളണ്ടിന് തങ്ങളുടെ കീഴിലുള്ള പ്രദേശമെല്ലാം മാര്‍പാപ്പയുടെ കീഴിലാക്കണം. കൊസാക്കുകള്‍ കടുത്ത ഓര്‍ത്തോഡോക്സ് വിശ്വാസികളാണ്. അതുകൊണ്ടുതന്നെ അത്തരം നീക്കങ്ങളെ അവര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുവന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു ഫ്രെഞ്ചുകാരന്‍  പറഞ്ഞു - Ukraine is a Land of Cossacks.

യുക്രൈനിലെ പരമ്പരാഗത കൊസാക്ക് ജീവിതശൈലി ഇന്നും നിലനിര്‍ത്തിയിരിക്കുന്ന ഒരു സ്ഥലം ഇന്ന് സന്ദര്‍ശിച്ചു.

സത്യത്തില്‍, മറ്റൊരു ഓപ്പണ്‍ എക്സിബിഷന്‍ കാണാനായാണ് ഗൈഡുമായി ഇറങ്ങിയത്. പക്ഷെ, ഗൈഡ്, മറീനയ്ക്കുപോലും അവിടെ ചെന്നെതാനുള്ള വഴി കണ്ടുപിടിക്കാനായില്ല. കുറെ ഇന്റര്‍നെറ്റ് അന്വേക്ഷണവും, ഫോണ്‍ വിളികളും കഴിഞ്ഞപ്പോള്‍ മറീന പറഞ്ഞു.. ഇന്ന് അവധിദിനമാണ്. ഇത്ര കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍തന്നെ അവിടെ തുറന്നിട്ടുണ്ടോ എന്നറിയില്ല. നമുക്ക് ഒരു കൊസാക്ക് ഗ്രാമം കാണാം.

പോയത് ശരിയ്ക്കും ഒരു ഗ്രമത്തിലേയ്ക്കല്ല.  കിയെവിലെ മൈതാനത്തുനിന്നും ഏഴു കിലോമീറ്റര്‍ മാത്രം അകലെ ഒരിടത്താണ് കൊസാക്ക് ഗ്രാമം പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് St Michael's Golden-Domed Monastery-കാരുടെ വകയായിരുന്ന ഒന്‍പത ഹെക്ടര്‍ സ്ഥലം വിലയ്ക്കു വാങ്ങിയാണ് ഇതൊരുക്കിയിരിക്കുന്നത്. അവധിദിവസം ആയിരുന്നതിനാല്‍ സന്ദര്‍ശകര്‍ നിരവധി ആയിരുന്നു. 

പ്രവേശനത്തിന് അന്‍പത് ഗ്രീവന (ഒരു പൌണ്ട് ഏതാണ്ട് 34 ഗ്രീവനയാണ്) ചാര്‍ജുണ്ട്. മറീന പറഞ്ഞു: "തിരിച്ച് ഒറ്റയ്ക്ക് പോകാമെന്ന് ധൈര്യമുണ്ടെങ്കില്‍ ഞാന്‍ കയറുന്നില്ല.. പോയിട്ട് ചില്ലറ ആവശ്യവും ഉണ്ട്." 

നോ പ്രോബ്ലംസ്..

ടിക്കറ്റ്‌ എടുത്തുതന്നിട്ട് മറീന വിടപറഞ്ഞു പോയി.

അകത്തെ കാഴ്ചകളുടെ ചിത്രങ്ങള്‍ ചുവടെ..

കിയേവ് കുറിപ്പുകള്‍ (അഞ്ച്): കിയേവ് മെട്രോ സിസ്റ്റം

റഷ്യ സോഷ്യലിസ്റ്റ്‌ രാജ്യമാകുന്നതിനു മുന്നേ തന്നെ, 1916-ല്‍ കിയെവില്‍ ഒരു മെട്രോസിസ്റ്റം തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ടായതാണ്. ബോള്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ പദ്ധതി പെട്ടിയിലായി. ജോസഫ്‌ സ്റ്റാലിന്‍ യുക്രൈനിനോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നില്ല കൈക്കൊണ്ടിരുന്നത്. അദ്ദേഹത്തിന് ഈ രാജ്യത്തോടുണ്ടായിരുന്ന ശത്രുതയുടെ ഏറ്റവും വലിയ തെളിവാണ് ഇവിടെ തൊള്ളായിരത്തി മുപ്പതുകളില്‍ അരങ്ങേറിയ "ഹോളോഡോമോര്‍" എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം. ഇതിന്റെ ഇരകളായി ഏതാണ്ട് ഒരു കോടി ജനം പട്ടിണി കിടന്ന് മരിക്കുകയുണ്ടായി.

1934-ലാണ് ഖാര്‍ക്കീവ് എന്ന നഗരത്തില്‍ നിന്നും കിയെവിലെയ്ക്ക് യുക്രൈന്റെ തലസ്ഥാനം മാറ്റുന്നത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ മെട്രോയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു അധികാരികള്‍ തിരിച്ചറിയുകയും 1949-ല്‍ കിയേവ് മെട്രോയുടെ പണി ആരംഭിക്കുകയും ചെയ്തു. ഇതിനോടകം റഷ്യന്‍നഗരങ്ങളായ മോസ്ക്കൊയിലും സെന്റ്‌ പീറ്റേഴ്സ്ബെര്‍ഗിലും മെട്രോസംവിധാനം തുടങ്ങിയിരുന്നു. 

പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, 1960-ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ആകെ ദൈര്‍ഘ്യം വെറും 5.2 കിലോമീറ്റര്‍ ആയിരുന്നു. വോക്സാല്‍ന മുതല്‍ നീപ്രോ (Vokalzna Station to Dnipro Station) വരെ.  ആ സ്ഥാനത്ത്, ഘട്ടംഘട്ടമായ വികസനത്തിനുശേഷം ഇന്ന് 67.65 കിലോമീറ്റര്‍ ദൈര്‍ഘ്യവും അന്‍പത്തിരണ്ടു സ്റേഷനുകളും ഉണ്ട്. ദിവസം ശരാശരി 1.439 മില്യണ്‍ യാത്രക്കാര്‍ ഇന്ന് കിയേവ് മെട്രോയിലൂടെ സഞ്ചരിക്കുന്നു. നഗരത്തിന്റെ ഗതാഗതത്തിന്റെ മുപ്പത്തിയെട്ടു ശതമാനം മെട്രോയിലൂടെയാണ് നടക്കുന്നത്. 2013-ല്‍ 536.2 മില്യണ്‍ യാത്രക്കാര്‍ മെട്രോ സൗകര്യം പ്രയോജനപ്പെടുത്തിയത്രെ.

മെട്രോ വികസനം തുടരുന്നു. 2030-35 ആകുമ്പോഴേയ്ക്കും മെട്രോയുടെ ദൈര്‍ഘ്യം ഇന്നുള്ളതിന്റെ ഇരട്ടിയാക്കാനാണ് പദ്ധതി.

ലണ്ടനുമായി താരതമ്യം ചെയ്‌താല്‍ ഭൂമിയുടെ വളരെ താഴെക്കൂടിയാണ് മെട്രോട്രെയിന്‍ പോകുന്നത്. Arselana എന്ന സ്റ്റേഷന്‍ One of the deepest stations in the world ആയി അറിയപ്പെടുന്നു.  മിക്ക സ്റ്റേഷനുകളും ബോംബ്‌ ഷെല്‍ട്ടര്‍ കൂടിയാണ്. 

നാല് ഗ്രീവന (1 Pound = 34 Grivna) കൊടുത്താല്‍ കിയെവില്‍ എവിടെയും മെട്രോയിലൂടെ സഞ്ചരിക്കാം. കയറുമ്പോള്‍ ടിക്കറ്റ്‌ റീഡറില്‍ കാണിക്കുക, അത്രതന്നെ. ഒരിക്കല്‍ മെട്രോയില്‍ കയറിക്കഴിഞ്ഞാല്‍, മറ്റു ലൈനില്‍ മാറിക്കയറാന്‍ വീണ്ടും ടിക്കറ്റ് വേണ്ട. വെളിയില്‍ ഇറങ്ങുമ്പോള്‍ ടിക്കറ്റ് എങ്ങും കാണിക്കേണ്ടതില്ല. വളരെ ലളിതവും ചെലവു കുറഞ്ഞതുമായ സംവിധാനങ്ങള്‍. ഒരു മാസത്തേയ്ക്കുള്ള പാസും ലഭ്യമാണ്. 

കിയേവ് മെട്രോയുടെ ഏതാനും ചിത്രങ്ങള്‍ ചുവടെ..

കിയേവ് കുറിപ്പുകള്‍ (ആറ്): ചെര്ണിവിസ്റ്റി എന്ന യുക്രൈന്‍ പട്ടണത്തില്‍...

നേരത്തെ ബുക്ക്‌ ചെയ്തിരുന്നതനുസരിച്ചു വ്യാഴാച വൈകുന്നേരമുള്ള ട്രെയിനില്‍ കയറി കിയെവില്‍ നിന്നും ഏതാണ്ട് 275 കിലോമീറ്റര്‍ ദൂരെയുള്ള ചെര്ണിവിസ്റ്റി എന്ന പട്ടണത്തിലേയ്ക്ക് യാത്ര തിരിച്ചു.

യുറോപ്പിലെ മിക്ക ട്രെയിനും കാണുമ്പോള്‍ ഓര്‍ക്കും - ഇവയൊക്കെ ഇന്ത്യന്‍ ട്രൈനുകളുമായി നോക്കിയാല്‍ എത്ര ചെറുതാണ്.. ആ ധാരണ കിയേവില്‍ നിന്നും ചെര്ണിവിസ്റ്റിയിലെയ്ക്കുള്ള ട്രെയിന്‍ കണ്ടപ്പോള്‍ മാറി. ഏതാണ്ട് നമ്മുടെ കെ.കെ. എക്സ്പ്രസിന്റെ അനുജന്‍. മുന്‍ റഷ്യന്‍ രാജ്യത്തെ ട്രെയിനില്‍നിന്ന് അധികം സൗകര്യം പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, യാത്ര വളരെ സുഖകരമായിരുന്നു. പുറത്ത് വല്ലാത്ത തണുപ്പുണ്ടെങ്കിലും അകത്ത് ആവശ്യത്തിന് ഹീറ്റിംഗ് ഉണ്ടായിരുന്നു. കമ്പാര്‍ട്ട്മെന്റില്‍ ആകെ നാലു സീറ്റുകള്‍. ഒരു സ്ത്രീ യാത്ര തുടങ്ങുന്നതിനു മുന്നേ ഉറക്കം പിടിച്ചു. പിന്നെ ഉണ്ടായിരുന്ന ഒരാള്‍, പാവ്ലോ. അദ്ദേഹത്തിന് ഇംഗ്ലീഷ് തീരെ വശമില്ല. മൂന്നാമത്തെ യാത്രക്കാരി ഇറീന, മുമ്പ് എയര്‍ ഹോസ്റ്റസ് ആയിരുന്നു. ഇപ്പോള്‍ പുതിയ എയര്‍ ഹോസ്റ്റസുമാരുടെ പരിശീലകയാണ്. നല്ല രീതിയില്‍ ആംഗലേയം വഴങ്ങും. വളരെ ലോഹ്യം കാണിച്ചു. കിടക്കയും ഷീറ്റുമൊക്കെ വിരിച്ചുതന്നു, കൂടാതെ ചായ വരുത്തിതന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്.. യുക്രൈന്‍ ആഥിതേയത്വം നല്ല രീതിയില്‍ അനുഭവപ്പെട്ടു. ഇവിടെയും അഥിതി ദേവോ ഭവ..

യാത്രയില്‍ മൊത്തം ഏതാണ്ട് സുഖമായി ഉറങ്ങി. രാവിലെ ഏഴുമണിയോടെ ചെര്ണിവിസ്റ്റിയില്‍ എത്തി. ബന്ധുവും, അതിലേറെ സുഹൃത്തുമായ എഡ്വിന്‍ സ്റേഷനില്‍ ഉണ്ടായിരുന്നു. ടാക്സിയില്‍ കയറി എഡ്വിന്‍ പഠിക്കുന്ന മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍ പോയി. അവിടെ നേരത്തെ ശരിയാക്കിയിരുന്ന ഗ്വസ്റ്റ്  റൂമിന്റെ താക്കോല്‍ വാങ്ങി, പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ചു. 

അടുത്തൊരു ഭോജനശാലയുണ്ട്, ഒരു വടക്കേയിന്ത്യന്റെ വക. അവിടെ കയറി പ്രഭാതഭക്ഷണം. ഏലം ചേര്‍ത്ത സുന്ദരമായ ചായ..

എഡ്വിന്‍, റൂബന്‍ എന്നിവരോടൊപ്പം ചെര്ണിവിസ്റ്റിയിലെ പ്രശസ്തമായ ചെര്ണിവിസ്റ്റി നാഷണല്‍ യുനിവേര്‍സിറ്റിയില്‍ പോയി.

ചെര്ണിവിസ്റ്റിയെക്കുറിച്ച് ചെറുതായി കുറിക്കട്ടെ..

ചെര്ണിവിസ്റ്റി പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ് ചെര്ണിവിസ്റ്റി. ഈ പ്രദേശം 1359 മുതല്‍ 1775 വരെ മൊള്‍ഡോവയുടെ ഭാഗമായിരുന്നു. 1775-ല്‍ ഇത് ഹാപ്സ്ബെര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായി. 1849-ല്‍ ഈ പ്രദേശത്തിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും, ബുക്കൊവീന എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുകയും ചെയ്തു. അക്കാലം തൊട്ട് ഇവിടെ സാമ്സ്ക്കാരികമായും വിദ്യാഭ്യാസപരമായും നല്ല പുരോഗതി ഉണ്ടായി. അങ്ങിനെ ഹാപ്സ്ബെര്‍ഗ് (ഓസ്ട്രിയന്‍) അധികൃതര്‍ സ്ഥാപിച്ചതാണ് മുകളില്‍ പറഞ്ഞ സര്‍വകലാശാല. 1866-ല്‍, ഇത് സ്ഥാപിക്കപ്പെടുമ്പോള്‍  ഇതിന്റെ പേര്  Franz Joseph University എന്നായിരുന്നു.  തുടക്കത്തില്‍, പഠിച്ചിരുന്നവരില്‍ കൂടുതലും യഹൂദരും ഓസ്ട്രിയക്കാരുമായിരുന്നു.  ചെര്ണിവിസ്റ്റിയ്ക്ക് ഇന്നും "കൊച്ചുവിയന്ന" എന്നൊരു അപരനാമമുണ്ട്).

1918 മുതല്‍ 1941 വരെ ഈ (ബുക്കൊവിന) പ്രദേശം റൊമേനിയുടെ ഭാഗമായിരുന്നു. 1941-ല്‍ ഈ പ്രദേശം സോവിയറ്റ് റെഡ് ആര്‍മി കൈയ്യടക്കിയതോടെ, ചെര്ണിവിസ്റ്റിയും ഈ പട്ടണം അടങ്ങുന്ന ബുക്കോവിനയും അന്നു ഒരു സോവിയറ്റ് റിപബ്ലിക്‌ ആയിരുന്ന യുക്രൈന്റെ ഭാഗമായി. ഇന്നും ഇത് യുക്രൈന്റെ ഭാഗം തന്നെ.

ചെര്ണിവിസ്റ്റി ചിത്രങ്ങള്‍ ചുവടെ.