Friday 6 February 2015

റഷ്യന്ചരിത്രം – അവതാരിക (മുരുകേഷ് പനയറ)

ചരിത്രം ഭൂതകാലത്തിലെ ഉദാഹരണങ്ങളിലൂടെ വര്‍ത്തമാനകാലത്തിനു ഭാവിയിലേക്കുള്ള പ്രയാണം സുഗമമാക്കാന്‍ പോന്ന സംഭവപരമ്പരകളുടെ സംഹിതയാണ്. കാലികമായ സാഹിത്യം ചരിത്രത്തിന്‍റെ പ്രഭാവം അവഗണിക്കാന്‍ ത്രാണിയില്ലാത്ത മനസ്സുകളുടെ ഭാവനാപൂര്‍ണ്ണമായ പ്രതികരണവും.  ചരിത്രപഠനം വ്യക്തിത്വവികാസ പരിണാമങ്ങള്‍ക്കും  അത്തരം വ്യക്തികളുടെ കൂട്ടായ്മയിലൂടെ കരുത്താര്‍ന്ന കുലാരൂപീകരണ പ്രക്രിയക്കും അസ്ഥിവാരമാകുന്നു. നിര്‍ഭാഗ്യവശാല്‍ തലമുറകളുടെ ആധുനികവല്‍ക്കരണത്തിനിടയില്‍ സംഭവിച്ച സംസ്കാരമിശ്രണവും അല്ലാതെയുള്ള അപചയങ്ങളും ചരിത്രപഠനത്തെ തുലോം പ്രാധാന്യം കുറഞ്ഞ പ്രവൃത്തി എന്ന വിവക്ഷയിലേക്ക് ഒതുക്കിക്കൂട്ടി. വാസ്തവം അപ്പോഴും മറിച്ചുതന്നെ എന്നത് ബോധപൂര്‍വ്വമായി വിസ്മൃതിയിലേക്ക് ആവാഹിക്കപ്പെട്ടു. അതിന്റെ അക്ഷരതേജസ്സാര്‍ന്ന ഓര്‍മ്മപ്പെടുത്തലാണ് ശ്രീ അലക്സ്‌ കണിയാംപറമ്പില്‍ ചെയ്തിരിക്കുന്ന ഈ ചരിത്രകുറിപ്പുകള്‍.

മോസ്ക്കോയിലെ പ്രസിദ്ധമായ സെന്റ്‌ ബാസില്‍സ് കതീദ്രല്‍
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ (Photographer: Christophe Meneboeuf)
റഷ്യന്‍ ചരിത്രമല്ല, ഏതു ജനതതിയുടെ ചരിത്രവും സ്വയം സംസാരിക്കാന്‍ പ്രാപ്തമാണെന്നിരിക്കെ അതിനെക്കുറിച്ച് വചാലനാകുന്നത് ഔചിത്യമല്ല. വായനയുടെ ആസ്വാദ്യതയെ അതൊരുപക്ഷേ ലഘൂകരിച്ചേക്കും. ഭൂരിപക്ഷഭൂവിഭാഗവും ഏഷ്യയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന യോറോപ്പ്യന്‍ രാഷ്ട്രമാണ് റഷ്യ. അത് യൂറോപ്പ്യന്‍ സംസ്കൃതിയെ സ്വാധീനിച്ച തോത് വലുതുമാണ്. തന്റെ കുറിപ്പുകള്‍ക്ക് പ്രേരണയത് എന്ത് എന്ന് ശ്രീ അലക്സ്‌ തന്നെ വ്യക്തമാക്കിയിരിക്കുന്നു. യൂറേഷ്യ എന്ന പദം ചരിത്രപുസ്തകത്തിലും മനസ്സുകളിലും രൂപപ്പെടാന്‍ റഷ്യ വഹിച്ച പങ്കു ചെറുതല്ലല്ലോ. റഷ്യന്‍സാഹിത്യം ഒരുപക്ഷെ മലയാളിയുടെ സാഹിത്യനൈതികതെയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ടാമത്തെ വിഭാഗവുമാണ്. ആകയാല്‍ ഈ ചരിത്രക്കുറിപ്പുകള്‍ ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത മലയാളികളുടെ ഗൌരവപൂര്‍ണ്ണമായ വായന അര്‍ഹിക്കുന്നു എന്ന് സംശയമില്ലാതെ പറയാനാവും.

മുരുകേഷ് പനയറ

റഷ്യന്ചരിത്രം (ഒന്ന്)

ആമുഖം
“Russia is a riddle wrapped in a mystery inside an enigma.”.
ചര്‍ച്ചിലിന്റെ വാക്കുകളാണ്..
വളരെയടുത്തകാലത്താണ് റഷ്യന്‍ ചരിത്രത്തോട് അഭിനിവേശം തോന്നിയത്. ചരിത്രമറിയാനുള്ള കുറുക്കുവഴി കണ്ടുകിട്ടിയത് യുട്യൂബിലും. ഇരുപതു ഭാഗങ്ങളുള്ള ഒരു വീഡിയോ സീരിസ് കാണാനിടയായി. അവയോരോന്നായി കണ്ടുകൊണ്ടിരിക്കുന്നു.
മറ്റു ഗവേഷണമൊന്നും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. ഈ വീഡിയോ നിര്‍മ്മിച്ചവര്‍ പറയുന്ന ചരിത്രം ഞാന്‍ ഇവിടെ കുറിക്കുന്നു. ചരിത്രപണ്ഡിതന്മാര്‍ ഇതില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം എന്നതുകൊണ്ട് ഒരു മുന്‍‌കൂര്‍ജാമ്യം എടുക്കുന്നു. 

ഈ കുറിപ്പിന്റെ അവസാനം ബന്ധപ്പെട്ട വീഡിയോയും പോസ്റ്റ് ചെയ്യുന്നുണ്ട്. താല്പര്യം ഇല്ലാത്തവര്‍ ഇത്‌ അവഗണിക്കുക. താല്പര്യമുള്ള ചിലരെങ്കിലും ഉണ്ടാകും എന്ന വിശ്വാസിക്കുന്നു.

****
ഭൂമിയുടെ ആറിലൊന്നു വിസ്തീര്‍ണ്ണമുള്ള റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. വൈരുധ്യങ്ങളുടെ കലവറയും.. റഷ്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ദൂരം മോസ്കോയില്‍ നിന്ന് ചിക്കാഗോയിലേയ്ക്കുള്ളത്ര ദൂരത്തിനു സമമാണ്. റഷ്യ യുറോപ്യന്‍ രാജ്യമായാണ്‌ കണക്കാക്കപ്പെടുന്നതെങ്കിലും ഈ രാജ്യത്തിന്റെ നല്ലൊരു ഭാഗം ഏഷ്യാഭൂഖണ്ഡത്തിലാണ് (സത്യത്തില്‍ യുറോപ്പ് എന്നൊരു ഭൂഖണ്ഡമുണ്ടോ?).
വിസ്തൃതമായ ഈ രാജ്യത്തെ ബന്ധിപ്പിച്ചിരുന്നത് നദികളായിരുന്നു. ഈ നിരവധി നദികളാണ് മനുഷ്യരുടെ യാത്രയും ചരക്കുകളുടെ നീക്കവും സാധ്യമാക്കിയത്. ഇതേ നദികള്‍ അസൌകര്യവും ഒരുക്കി. ഈ നദികളിലൂടെയാണ് ഒന്‍പതാം നൂറ്റാണ്ടില്‍ അന്ന് ലോകത്തിലെ പ്രമുഖ കടല്ക്കൊള്ളക്കാരായിരുന്ന സ്കാണ്ടിനെവിയന്‍ പ്രദേശത്തെ വൈക്കിംഗ്സ് (റഷ്യന്‍ ഭാഷയില്‍ അവര്‍ റൂസ് എന്നാണറിയപ്പെട്ടിരുന്നത്) റഷ്യയുടെ ഉള്‍ഭാഗത്ത് കയറിക്കൂടിയത്. വൈക്കിംഗ് കൊള്ളക്കാര്‍ വ്യാപാരികളുമായിരുന്നു. റഷ്യ ആസ്ഥാനമാക്കിയാണ് അവര്‍ അറേബ്യ, കോന്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സ്ഥലങ്ങളുമായി വ്യാപാരത്തിലേര്‍പ്പെട്ടത്. അങ്ങിനെ, കാലാന്തരത്തില്‍ ഈ രാജ്യം "വൈക്കിംഗ്സിന്റെ നാട്" എന്ന അര്‍ത്ഥംവരുന്ന റഷ്യആയി പുറംലോകത്ത് അറിയപ്പെട്ടു.
പത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യ പരസ്പരം കലഹിക്കുന്ന വൈക്കിംഗ് പ്രഭുക്കന്മാരുടെ നാടായിതീരുന്നു. കിയേവ് (ഇന്നത്തെ യുക്രൈന്‍ തലസ്ഥാനം) പ്രഭു ആയിരുന്ന വ്ലാഡിമിര്‍ ആയിരുന്നു അവരില്‍ ഏറ്റവും ശക്തന്‍.
തന്റെ കീഴിലുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സാംസ്ക്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നാക്കാന്‍ കഴിയുന്ന ശക്തി ഏതാണെന്ന് വ്ലാഡിമിര്‍ അന്വേക്ഷിച്ചു. ഇക്കാര്യത്തില്‍ മതത്തോളം പറ്റിയ മറ്റൊന്നും ഇല്ലെന്ന് മനസിലാക്കിയ വ്ലാഡിമിര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെയ്ക്കും തന്റെ ദൂതന്മാരെ അയച്ചു. അവര്‍ ജൂത, ഇസ്ലാം, കത്തോലിക്കാ മതങ്ങളിലെ നേതാക്കന്മാരെ കണ്ട് സംഭാഷണം നടത്തി. പക്ഷെ അവര്‍ക്ക് ഏറ്റവും മെച്ചമായിതോന്നിയത് തുര്‍ക്കിയിലെ കോന്‍സ്റ്റാന്റിനോപ്പിളില്‍ (ഇന്നത്തെ ഈസ്താംപൂള്‍) നിലവിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്തുമതമായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിലെ തലസ്ഥാനത്തെ രാജകീയപ്രൌഡിയും ദേവാലയങ്ങളുടെ മായികസൗന്ദര്യവും വ്ലാഡിമിര്‍ ദൂതന്മാരെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ അധികാരം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ മെച്ചമായതൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞ വ്ലാഡിമിര്‍ ജനങ്ങളോട് മാമോദീസാ സ്വീകരിച്ചു പുതിയ മതത്തിന്റെ അനുയായികള്‍ ആകാന്‍ ഉത്തരവിട്ടു. ആജ്ഞ അനുസരിക്കാത്തവര്‍ അദ്ദേഹത്തിന്റെ കൊപത്തിനിരകളായി.
വ്ലാഡിമിര്‍ അങ്ങിനെ റഷ്യയെ ഒന്നാക്കി. പക്ഷെ അദ്ദേഹത്തിന്റെ മരണാനന്തരം കാര്യങ്ങള്‍ കൈവിട്ടുപോയി. സ്വിറ്റപോള്ക്ക് എന്ന മകന് തന്റെ സഹോദരന്മാരുമായി അധികാരം പങ്കിടുന്നതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. സഹോദരന്മാര്‍ ജീവനോടെയിരുന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ, അവര്‍ തന്റെ അധികാരത്തിനു ഭീക്ഷണിയാകും എന്ന് തോന്നിയ സ്വിറ്റപോള്ക്ക് സഹോദരന്മാരെ (ബോറിസ്, ഗ്ലെബ്) വകവരുത്തി. എന്നാല്‍ ഇതിന്റെ പേരില്‍ ജനം ഒന്നാകെ ഇളകിമറിഞ്ഞു. സ്വിറ്റപോള്ക്കിന് നാടുവിട്ടോടേണ്ടി വന്നു.
വധിക്കപ്പെട്ട സഹോദരന്മാരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പ്രഥമ വിശുദ്ധരാണിവര്‍.
ഇത് രക്തചൊരിച്ചിലിന്റെ തുടക്കം മാത്രമായിരുന്നു
1237ല്‍ പൌരസ്ത്യലോകം മിക്കവാറും കീഴടക്കിയ മംഗോള്‍ സൈന്യം റഷ്യയെയും അതെത്തുടര്‍ന്ന്‍ യൂറോപ്പിനെയും കീഴടക്കാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധയന്ത്രമായിരുന്നു മംഗോള്‍സൈന്യം. പതിനായിരിക്കണക്കിനു വീരശൂരപരാക്രമികളായ മംഗോള്‍ ഭടന്മാര്‍ അവരുടെ കുതിരകളുമായി റഷ്യയില്‍ പ്രവേശിച്ചു..


റഷ്യന്ചരിത്രം (രണ്ട്)

മൂന്നു വര്ഷം കൊണ്ട് മംഗോള്‍സൈന്യം റഷ്യയെ നിലംപരിശാക്കി. റഷ്യയുടെ ആയിരം വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഇത് മറ്റൊരു ശക്തിയ്ക്കും കഴിഞ്ഞിട്ടില്ലാത്തതാണ്. അവര്‍ റഷ്യന്‍ ഭരണാധികാരികളെ തങ്ങളുടെ വരുതിയില്‍ വരുത്തി, നഗരങ്ങളും പട്ടണങ്ങളും ചുട്ടെരിച്ചു.
1240-ല്‍ ജെങ്കിസ് ഖാന്റെ കൊച്ചുമോന്‍, ബുട്ടാഖാന്‍ റഷ്യയുടെ ആത്മാവായ കിയേവ് നഗരം ആക്രമിച്ചു. ബുട്ടാഖാന്‍ അവര്‍ക്കു നല്‍കിയ സന്ദേശം ഇതായിരുന്നു:
If you surrender to me, you will be forgiven; if you resist, you will suffer greatly and perish cruelly.
പക്ഷെ കിയേവ് നഗരം കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. കുപിതനായ ഖാന്‍ കിയേവ് നശിപ്പിച്ചു. അവര്‍ പോയവഴിയില്‍ തലയോട്ടികള്‍ ചിതറപ്പെട്ടു.
റഷ്യയുടെ മംഗോള്‍ അധിനിവേശം നീണ്ട ഇരുനൂറ്റിയമ്പതോളം വര്ഷം നിലനിന്നു. റഷ്യയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തേണ്ടത്, ദൈവത്തില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ച ജന്മാവകാശമാണെന്ന് അവര്‍ വിശ്വസിച്ചു.
അധിനിവേശശക്തിയുടെ നേതാക്കള്‍ മംഗോള്‍ വംശജരായിരുന്നുവെങ്കിലും അവരുടെ പടയാളികള്‍ കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ഇവരെല്ലാവരും റഷ്യയില്‍ അറിയപ്പെട്ടിരുന്നത് ടാര്ട്ടാര്‍ (Tartar) എന്ന പേരിലായിരുന്നു. ടാര്ട്ടാര്‍ റഷ്യയെമാത്രമല്ല, പോളണ്ട് പോലുള്ള രാജ്യങ്ങളെയും ആക്രമിച്ചുപോന്നു.
ടാര്ട്ടാര്‍സേന ഭരണകാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. റഷ്യന്‍ പ്രഭുക്കളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക, അവരില്‍നിന്നും കപ്പം (Tributes) ഈടാക്കുക ഇതായിരുന്നു അവരുടെ ശൈലി. റഷ്യന്‍ പ്രമാണികള്‍ പാത്രത്തില്‍ ഖാന്റെ കുതിരയ്ക്ക് ഭക്ഷണവുമായി വന്ന്, അത് കുതിരയ്ക്ക് കൊടുത്തതിനുശേഷം ഖാന്റെ സന്നിധിയിലെത്തി കപ്പം കൊടുക്കും. ഇത് ലഭിക്കുക എന്നതിനപ്പുറം മറ്റൊന്നും ഇവര്‍ക്ക് വേണ്ടിയിരുന്നില്ല.
അങ്ങിനെയിരിക്കവേ, ഖാന്‍ പ്രഖ്യാപിച്ചു ഏറ്റവും കൂടുതല്‍ കപ്പം നല്‍കുന്ന പ്രഭുവിനെ ഗ്രാന്‍ഡ്‌ പ്രിന്‍സ് (വ്ലാഡിമിര്‍) എന്ന സ്ഥാനം ലഭിക്കുന്നതാണ്.ഈ സ്ഥാനത്തിനുവേണ്ടി റഷ്യന്‍ പ്രഭുക്കള്‍ പരസ്പരം മത്സരിച്ചു. ഇങ്ങനെയുണ്ടായ ഭിന്നിപ്പില്‍ കൂടുതല്‍ സമ്പത്ത് നേടി മംഗോള്‍സേന സുഖിച്ചു.
ഈ മത്സരത്തില്‍ വിജയിയായത്, താരതമ്യേന പുതിയ നഗരമായിരുന്ന മോസ്ക്കോയിലെ ഇവാന്‍ ആയിരുന്നു. ഖാനുമായി ഇവാന്‍ ഒരു ധാരണയിലെത്തി.. മൊത്തം റഷ്യയിലെ കപ്പം ഇവാന്‍ പിരിച്ച് ഖാന്റെ പക്കല്‍ എത്തിക്കും. ഖാന് കാലുംനീട്ടിയിരുന്നു സുഖിക്കാം. അങ്ങിനെ ഇവാന്‍ റഷ്യയുടെ പണപ്പിരിവുകാരനായി, അയാള്‍ക്ക് പണസഞ്ചിഎന്നൊരോമനപ്പേരും ലഭിച്ചു.
കാലാന്തരത്തില്‍ മോസ്ക്കോ സമ്പത്തിലും സൈനികശക്തിയിലും പ്രബലരായി. ഡിമിത്രി എന്ന മോസ്ക്കോയുടെ പുതിയ തലവന്‍ അന്‍പതിനായിരം സൈനികരുമായി മംഗോള്‍സേനയോട് ഏറ്റുമുട്ടി. ഡിമിത്രി കുറെയൊക്കെ വിജയിച്ചുവെങ്കിലും അവര്‍ക്ക് മംഗോള്‍ നുകംതകര്‍ക്കാനായില്ല. അങ്ങിനെ റഷ്യയില്‍ പിന്നീട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം കുറിച്ചു.
ഇതിനിടയില്‍ ടാര്ട്ടാര്‍മാരുടെയിടയിലും അധികാരവടംവലികള്‍ ഉണ്ടായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യകാലമായപ്പോള്‍ മോസ്ക്കോ, മംഗോള്‍സേനയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ള ശക്തിയായി മാറി. അന്നത്തെ മോസ്ക്കോയിലെ ഇവാന്‍ (മൂന്നാമന്‍) പറഞ്ഞു.. “ഞങ്ങള്‍ കപ്പം തരാന്‍ ഉദ്ദേശിക്കുന്നില്ല; എന്തുവേണമെങ്കിലും ചെയ്തുകൊള്‍ക.”
മംഗോള്‍ സൈന്യം തിരികെപ്പോയി, ഇവാന്‍ മൂന്നാമന്‍ മൊത്തം റഷ്യയുടെ തലവനായി.
ഇതിനിടയില്‍ 1453-ല്‍ റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായിരുന്ന, കോന്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായി നിലനിന്നിരുന്ന ബൈസന്റൈന്‍ സാമ്രാജ്യം ഇസ്ലാംമതസൈന്യത്തിനു കീഴടങ്ങി. (ഇവരാണ് പിന്നീട് ഓട്ടോമന്‍ സാമ്രാജ്യം എന്ന പേരില്‍ അറിയപ്പെട്ടത്).
ഇവാന്‍ മൂന്നാമന്‍ മംഗോളിയന്‍ ഖാന്റെ ശാസന പിച്ചിചീന്തുന്നു
(ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

റഷ്യയിലെ ഇവാന്‍ ഈ സാഹചര്യം വേണ്ടവിധത്തില്‍ മുതലെടുത്തു. അവിടത്തെ അവസാന സീസറിന്റെ അനന്തരവളായ സോയ എന്ന രാജകുമാരിയെ ഇവാന്‍ തന്റെ പട്ടമഹിഷിയാക്കി. ഒരു ചക്രവര്‍ത്തിയുടെ ശൈലി എങ്ങിനെയായിരിക്കണമെന്നു ഇവാന് മനസിലാക്കികൊടുത്തത് ഈ സോയയാണ്. അന്നുവരെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും അടയാളമായിരുന്ന ഇരട്ടകഴുകന്‍ (Double Eagle) ഇവാന്‍ തന്റെ സ്വന്തം അധികാരത്തിന്റെ ചിന്ഹമാക്കി. (Emblem).
1493-ല്‍ ഇവാന്‍ മൂന്നാമന്‍ സീസര്‍ (ചക്രവര്‍ത്തി) എന്ന വാക്കിന്റെ റഷ്യന്‍പദമായ സാര്‍ (Tsar) എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.
റഷ്യ എന്ന അതിവിസ്തൃതമായ രാജ്യം സാര്‍ ഇവാന്‍ മൂന്നാമന്റെ ഭരണത്തിന്‍കീഴിലായി. മോസ്ക്കോയും അതിനുചുറ്റുമുള്ള കോട്ടയും (The Kremlin) ഒക്കെയായി റോമിനോട് സമാനമായ ഒരു ഹോളി റഷ്യന്‍ എമ്പയര്‍ ജനിച്ചു.

റഷ്യന്‍ചരിത്രം (മൂന്ന്‍)

Ivan the Terrible
(Picture Courtesy: Wikipedia)
സാമ്രാജ്യസ്ഥാപനത്തിനുശേഷം ഇവാന്‍ മൂന്നാമന്‍ ചക്രവര്‍ത്തി ഇറ്റലിയില്‍നിന്ന് ശില്പികളെ വരുത്തി മോസ്ക്കോയിലെ ക്രെംലിന്‍ എന്ന കോട്ടയ്ക്കുള്ളില്‍ മനോഹരമായ പള്ളികളും മറ്റു കെട്ടിടങ്ങളും പണികഴിപ്പിച്ചു. ക്രെംലിനും മോഡികൂട്ടി.

അടുത്തപടിയായി, ചില ഭൂപരിഷ്കരണനടപടികളിലേയ്ക്ക് കടന്നു.

അന്നുവരെയും റഷ്യയിലെ കര്‍ഷകര്‍ക്ക് തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഭൂവുടമകളായ പ്രഭുക്കന്മാര്‍ക്കും, അല്ലെങ്കില്‍ സഭാധികാരികള്‍ക്കും ന്യായമായ പാട്ടം നല്‍കിയാല്‍ കൃഷി ചെയ്യാം, കൃഷി മോശമാവുകയോ, പാട്ടം അന്യായമായി കൂട്ടുകയോ ചെയ്‌താല്‍ അവര്‍ മറ്റു ഭൂമി തേടിപോവുക പതിവായിരുന്നു. ഇതിനു മാറ്റമുണ്ടായി. വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ കൃഷിയിടം മാറ്റുന്നത് നിരോധിക്കപ്പെട്ടു. മാറ്റമാകട്ടെ, ശൈത്യകാലത്തുമാത്രമായി പരിമിതപ്പെടുത്തി.

ഇതിന്റെ പരിണിതഫലം അവര്‍ അടിമകളായി(Serf)ത്തീര്‍ന്നു എന്നതാണ്.

1505-ഇവാന്‍ മൂന്നാമന്‍ അന്തരിച്ചതോടെ, അദ്ദേഹത്തിന്റെ പുത്രന്‍ വാസിലി അധികാരമേറ്റു. ചക്രവര്‍ത്തി എന്നതിലേറെ കാമുകനായാണ് വാസിലി അറിയപ്പെടുന്നത്. (ഒരു റഷ്യന്‍ ഹെന്റി എട്ടാമന്‍). ഒരു മകനെ പ്രസവിക്കാത്ത ഭാര്യയെ പുതിയ ചക്രവര്‍ത്തി കാരാഗ്രഹത്തില്‍ അടച്ചുപൂട്ടി, ഹെലേനയെന്ന സ്ത്രീയെ രണ്ടാംഭാര്യയാക്കി.

ഇത് ജറുസലേമിലെ പാത്രിയാര്‍ക്കീസിന് അംഗീകരിക്കാന്‍ സാധിച്ചില്ല. അദ്ദേഹം ഈ ദാമ്പത്യത്തില്‍ നിന്നുമുണ്ടാകുന്ന പുത്രന്‍ സര്‍വതും നശിപ്പിക്കും എന്ന് പ്രവചിച്ചതായി ഐതിഹ്യമുണ്ട്. 1530 ഓഗസ്റ്റ്‌ 25 വാസിലി-ഹെലേന ദമ്പതികള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പ്രകൃതി വളരെ മോശമയി ക്ഷോഭിചിരുന്ന സമയത്ത്, ദുശകുനങ്ങളോടെ പിറന്ന ചക്രവര്‍ത്തികുമാരനെക്കുറിച്ച് മംഗോളിയന്‍ ഖാന്‍ റഷ്യന്‍ ജനതയോട് പറഞ്ഞതിങ്ങനെ: "രണ്ടു പല്ലുകളുള്ള ഈ കുട്ടി ഒരു ഭീകരജന്തുവാണ്. ഒരു പല്ലുകൊണ്ട് ഇവന്‍ ഞങ്ങളെയും മറ്റേ പല്ലുകൊണ്ട് നിങ്ങളെയും കടിച്ചുകീറും."

റഷ്യന്‍ സാമ്രാജ്യം കണ്ട ഏറ്റവും ക്രൂരനായ സാര്‍ ആയിരുന്നു ഈ സന്തതി. റഷ്യന്‍ ഭാഷയില്‍ "ഇവാന്‍ ഗ്രോസ്നി" എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ ഇവാന്‍ ദി ടെറിബിള്‍ എന്നാണറിയപ്പെടുന്നത്.

കൊച്ചു ഇവാന് മൂന്നുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍ വാസിലി അന്തരിച്ചു. അവിടെ നിന്നങ്ങോട്ട്‌ റഷ്യയില്‍ അധികാരവടംവലി ആരംഭിച്ചു. നന്നേ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ ഏതാണ്ട് പതിനാല് കൊലപാതകങ്ങള്‍ക്ക് കൊച്ചു ഇവാന്‍ സാക്ഷ്യം വഹിച്ചു. മോസ്ക്കോ മെത്രാപ്പോലീത്തയും അതില്‍ ഉള്പ്പട്ടിരുന്നു. ഏഴു വയസ്സു പ്രായമുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. ശത്രുക്കള്‍ വിഷം കൊടുത്തതാണ് മരണകാരണം എന്ന് വിശ്വസിക്കപ്പെടുന്നു.

ബോയാര്‍ എന്ന പ്രഭുക്കളായിരുന്നു ഇക്കാലത്ത് അധികാരം കൈയ്യാളിയിരുന്നത്. അവര്‍ പൊതുസ്വത്ത് ആവുന്നത്ര കൈയിട്ടുവാരി.

ഇതെല്ലാം കണ്ടും കേട്ടും വളര്‍ന്ന ഇവാന്‍ അതിക്രൂരനായതില്‍ അതിശയമില്ല.

തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തന്റെ സ്വത്തും കിരീടവും തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെയെങ്കിലും താന്‍ വകവരുത്തും. താമസിയാതെ, ഷ്വിന്‍സ്ക്കി കുലത്തില്‍ പെട്ട ഒരാളെ, പട്ടിയെകൊണ്ട് കടിച്ചുകീറി കൊലപ്പെടുത്തി.

പഴയ ഇവാന്‍ വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന സാര്‍ എന്ന സ്ഥാനപ്പേരില്‍ പുതിയ ഇവാന്‍ 1547-ല്‍, - തന്റെ പതിനേഴാം വയസ്സില്‍ - മൊത്തം റഷ്യയുടെ സാര്‍ ആയി അധികാരമേറ്റു.

വിസ്തൃതമായ രാജ്യം തന്റെ കാല്‍ക്കീഴില്‍ ഉണ്ടായിട്ടും പുതിയ ഇവാന്‍ തൃപ്തനായില്ല. അദ്ദേഹം സാമ്രാജ്യവികസനം ആരംഭിച്ചു.


റഷ്യന്‍ചരിത്രം (നാല്)

ഇവാന്‍ മൂന്നാമന്റെ കാലത്ത് ടാര്ട്ടാര്‍സേനയെ റഷ്യ തോല്‍പിച്ചുവെങ്കിലും അവരെല്ലാം തിരികെപോയിരുന്നില്ല. കുറേപ്പേര്‍ ചില പ്രത്യേക പ്രദേശങ്ങളിലായി, കോട്ടകള്‍ പണിത് അതിനുള്ളില്‍ സുരക്ഷിതരായികഴിഞ്ഞുവന്നു. അത്തരത്തിലുള്ള ഒരു സ്ഥലമായിരുന്നു കസാന്‍. കസാനിലെ മംഗോള്‍സൈന്യത്തിന്റെ അധീനതയിലായിരുന്നു പഴയ  വൈക്കിംഗ്സ് ഉപയോഗിച്ചിരുന്ന പൌരസ്ത്യദേശങ്ങളിലേയ്ക്ക്, വോള്‍ഗാനദിയിലൂടെയുള്ള കച്ചവടറൂട്ടുകള്‍.
ഇവാന്‍ കസാന്‍കോട്ടയുടെ മുന്നില്‍
(ചിത്രത്തിനു കടപ്പാട്: വികീപീഡിയ)
1552-ല്‍ ഇവാന്‍ ദി ടെറിബിളിന്റെ സൈന്യം കസാനിലെ കോട്ടയെ ആക്രമിക്കുകയും ടാര്ട്ടാര്‍ജനത്തെ തുരത്തുകയും ചെയ്തു. അങ്ങിനെ മോസ്ക്കോ മുതല്‍ കാസ്പിയന്‍ കടല്‍ വരെയുള്ള വോള്‍ഗാനദിയുടെ മേലുള്ള ആധിപത്യം റഷ്യയുടേതായി.

ഈ കാലഘട്ടത്തില്‍ പ്രതിദിനം ഏതാണ്ട് അമ്പതു ചതുരശ്രമൈല്‍ തോതില്‍ റഷ്യന്‍ സാമ്രാജ്യം വികസിച്ചുകൊണ്ടിരുന്നു!

കസാനിലെ തന്റെ വിജയത്തിന്റെ സ്മാരകമായി പണിതീര്‍ത്തതാണ്, പിന്നീട് മോസ്ക്കോയുടെ പ്രതീകമായിതീര്‍ന്ന The Cathedral of the St. Vasil, the Blessed.. (Saint Basil’s Cathedral).

ഇവാന് അധികാരത്തോടും സാമ്രാജ്യവികസനതിനോടുമുള്ള ആവേശത്തിന് തുല്യമായിരുന്നു അദ്ദേഹത്തിന് ചക്രവര്ത്തിനിയോടുള്ള സ്നേഹം. അനസ്തേഷ്യ കുലീനകുടുംബാംഗമായിരുന്നു. റഷ്യയിലെ അന്നേ പേരുകേട്ട റോമനോവ് കുടുംബാംഗം.

അനസ്തേഷ്യയുമൊരുമിച്ചുള്ള ജീവിതകാലമായിരുന്നു ഇവാന്റെ ഏറ്റവും മഹത്വവും ഐശ്വര്യപൂര്‍ണ്ണവുമായ കാലഘട്ടം. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ക്രൂരത അധികം പുറത്ത് കാണാനായില്ല

1554-ല്‍ അനസ്തേഷ്യ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.. കിരീടാവകാശി. ഇവാന്‍ അതീവസന്തുഷ്ടനായി. പഷേ, ആറു വര്‍ഷങ്ങള്‍ക്കുശേഷം, 1560-ല്‍ വിധി ഇവാനോട് ക്രൂരയമായി പെരുമാറി.

ആ വര്ഷം മോസ്ക്കോയില്‍ പടര്‍ന്ന ഒരു അഗ്നിബാധയെതുടര്‍ന്ന് അനസ്തേഷ്യയ്ക്ക് കഠിനമായ പനി പിടിക്കുകയും, അതേത്തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇവാന്റെ കരളുരുകിയ ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല.

പിന്നീട് റഷ്യന്‍ജനത കണ്ടത്, വിഭ്രാന്തനും അതിക്രൂരനുമായ ചക്രവര്‍ത്തിയെയാണ്. ഇവാന്റെ അമ്മ ആരോ വിഷം കൊടുത്തതിനെ തുടര്‍ന്നാണ്‌ മരിച്ചതെന്ന് സംസാരമുണ്ടായിരുന്നു. അനസ്തേഷ്യയ്ക്കും ആരെങ്കിലും വിഷം കൊടുത്തുകാണും എന്ന് ഇവാന്‍ ധരിച്ചുവശായി. തന്റെ ചുറ്റിനും എന്തോ ഗൂഡാലോചനകള്‍ നടക്കുന്നതായി അദ്ദേഹത്തിന് തോന്നി.

ചുറ്റിനുമുള്ള എല്ലാവരെയും ഇവാന്‍ സംശയിച്ചു. അങ്ങിനെ സംശയിച്ചവരെയെല്ലാം അകത്താക്കി, മൃഗീയമായി പീഡിപ്പിക്കുകയും, ചിലരെ നാടുകടത്തുകയും മറ്റുചിലരെ വധിക്കുകയും ചെയ്തു. തന്നോട് വളരെ അടുപ്പമുണ്ടായിരുന്ന പലരെയും ഇവാന്‍ വെറുതെവിട്ടില്ല.

സാറിനോട് എത്ര അടുക്കുന്നുവോ, അത്രയും നിങ്ങള്‍ മരണത്തോടടുക്കുന്നുഎന്നൊരു ചൊല്ലുതന്നെ റഷ്യയില്‍ ഉണ്ടായി.

സാറിന്റെ വളരെയടുത്ത ചിലര്‍ ജീവന്‍ രക്ഷിക്കാനായി, രാജ്യം വിട്ട് റഷ്യയുടെ ശത്രുരാജ്യങ്ങളില്‍ അഭയം തേടി. അവരില്‍ ചിലര്‍ കത്തുകളിലൂടെ ഇവാനെ ഉപദേശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇതില്‍ കുപിതനായ ഇവാന്‍ തനിക്കു ചുറ്റും ഇനിയും ശത്രുക്കളുണ്ടെന്നു വിശ്വസിച്ചു.

പ്രവചിക്കാനാവാത്ത സ്വഭാവത്തിന്റെ ഉടമയായിരുന്ന ഇവാന്‍ 1564-ലെ  ഒരു ഡിസംബര്‍ ദിനത്തില്‍ തന്റെ മുപ്പതു വര്‍ഷത്തെ ഭരണത്തിനുശേഷം ചക്രവര്‍ത്തിപദം ഉപേക്ഷിച്ച് കൊട്ടാരം വിട്ടുപോയി. തന്നെ വേണ്ടപോലെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് കാരണമായി അദ്ദേഹം പറഞ്ഞത്.

അങ്ങിനെ, റഷ്യന്‍സാമ്രാജ്യം അധിപനില്ലാത്ത സാമ്രാജ്യമായി. അതിനെ കൂടുതല്‍ വഷളാക്കാന്‍ ആ വര്ഷം ശൈത്യം മുമ്പൊന്നുമില്ലാത്ത വിധത്തില്‍ കഠിനമായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട സാമ്രാജ്യം തകര്‍ന്നേക്കാം എന്ന് ഭയന്ന റഷ്യന്‍ജനത ഇവാന്റെയടുത്തെത്തി. ഇവാന്‍ ഇത് മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. അവര്‍ അദ്ദേഹത്തോട് കേണപേക്ഷിച്ചു: ഇടയനില്ലാതെ ആടുകള്‍ എന്തു ചെയ്യും?”

സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഭരിക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ ഇവാന്‍ ദി ടെറിബിള്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ വീണ്ടും ഉപവിഷ്ടനാകുന്നു. ഇതോടെ അദ്ദേഹത്തിന് മത-രാഷ്ട്രീയ മേധാവികളില്‍ നിന്നുണ്ടായിരുന്ന പരിമിതികളെല്ലാം മാറിക്കിട്ടി.

കൊട്ടാരത്തിലെത്തി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവാന്‍ തന്റെ പുതിയ ശിക്ഷാവിധികള്‍ നടപ്പിലാക്കി. അങ്ങിനെ നൂറുകണക്കിനാളുകള്‍ (നിരവധി വൈദികര്‍ ഉള്‍പ്പടെ) വധിക്കപ്പെട്ടു.

എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ ഇവാന് ഒരു പ്രൈവറ്റ് ആര്‍മി തന്നെ ഉണ്ടായിരുന്നു. ഒപ്രിഷ്നിക്കി (Oprichniki) എന്ന പേരില്‍ അറിയപ്പെട്ട അറുനൂറു പേരുടെ ഒരു സംഘം. ഓര്‍ത്തഡോക്‍സ്‌ സന്യാസിമാരുടെ കറുത്ത വേഷത്തില്‍ കുതിരപ്പുറത്തു നടന്ന ഇവര്‍ നാടുനീളെ നാശം വിതച്ചു.. കൂട്ടക്കൊല നടത്തി. ശത്രുക്കളെ കൊല്ലാനും പീഡിപ്പിക്കാനും ക്രൂരനായ ചക്രവര്‍ത്തി ചില നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി. ഒരാളെ ശത്രുവായി കരുതിയാല്‍ അയാളെ മാത്രമല്ല, അയാളുടെ മൊത്തം കുടുംബത്തെ ഉന്മൂലനം ചെയ്യും.. ഇവാന്റെ യുക്തി ഇതായിരുന്നു. കുടുംബത്ത് ആരും അവശേഷിക്കാതിരുന്നാല്‍ പരേതന്റെ ആത്മാവിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആരുമുണ്ടാവില്ല. ഇഹലോകവാസത്തിനുശേഷവും അവര്‍ക്ക് നിത്യശിക്ഷ അങ്ങിനെ ഇവാന്‍ ഉറപ്പാക്കി..


റഷ്യന്ചരിത്രം: (അഞ്ച്)

ഇടയനില്ലാത്ത അജഗണങ്ങളുടെ അഭീഷ്ടപ്രകാരം അധികാരത്തില്‍ തിരിച്ചെത്തിയ ഇവാന്‍ പിന്നീടങ്ങോട്ടുള്ള ഏതാണ്ട് എട്ടു വര്‍ഷക്കാലം സ്വന്തം പ്രജകളുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടു.

രാഷ്ട്രത്തിന്റെ പ്രഖ്യാപിതശത്രുക്കള്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാനുള്ള ശേഷി റഷ്യന്‍സാമ്രാജ്യത്തിന് ഇല്ലാതെപോയി.

1571-ല്‍ നൂറ്റാണ്ടുകളായി റഷ്യയുടെ ശത്രുക്കളായിരുന്ന ടാര്ട്ടാര്‍സേന ഈ ദൌര്‍ബല്യം മുതലെടുത്ത്‌ ക്രൈമിയന്‍ പ്രദേശത്തുനിന്നു വടക്കന്‍ റഷ്യവഴി മോസ്ക്കോയില്‍ പ്രവേശിച്ചു. കേവലം മൂന്നുമണിക്കൂറുകള്‍കൊണ്ട് അവര്‍ മോസ്ക്കോനഗരം ചുട്ടുചാമ്പലാക്കി. ആ ഒറ്റ ദിവസം ഏതാണ്ട് അറുപതിനായിരം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഈ അടി, ഒരളവുവരെ ചക്രവര്‍ത്തിയെ സുബോധത്തിലേയ്ക്ക് തിരികെകൊണ്ടുവന്നു. ഒപ്രിഷ്നിക്കി എന്ന തന്റെ പ്രൈവറ്റ് ആര്‍മിയെ ഇവാന്‍ പിരിച്ചുവിട്ടു.
ഒപ്രിഷ്നിക്കികള്‍ (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

പക്ഷെ ഇതിനോടകം മോസ്ക്കൊയുടെ ജനസംഖ്യയില്‍ അമ്പതു മുതല്‍ എണ്പതു ശതമാനം വരെ ഇല്ലാതായി.

തന്റെ ആദ്യഭാര്യയായിരുന്ന അനസ്തേഷ്യയുടെ മരണത്തിനുശേഷം ഇവാന്‍ നിരവധിതവണ വിവാഹിതനായി. സഭാധികാരികള്‍ ഇദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാതായി. അതിനിടയില്‍ അദ്ദേഹം അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ (ഒന്നാം എലിസബത്ത്‌) ബന്ധുവായിരുന്ന മേരി ഓഫ് ഹേസ്റ്റിംഗിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചു. ആദ്യഭാര്യയില്‍ ഒരു ആണ്കുഞ്ഞു പിറന്നതുകാരണം അനന്തരാവകാശി ഉറപ്പായിരുന്നു.

അനന്തരാവകാശിയായ പുത്രന്റെ വധുവിനെ, പക്ഷെ, ചക്രവര്‍ത്തിയ്ക്ക് അത്ര ഇഷ്ടമല്ലായിരുന്നു. അവര്‍ ഗര്‍ഭിണിയായിരുന്ന സമയത്ത്, അവര്‍ ധരിച്ചിരുന്ന വേഷം ശരിയല്ലെന്നും, അവര്‍ തന്നെ വേണ്ടവിധത്തില്‍ ബഹുമാനിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് അവരെ ഇവാന്‍ അടിച്ചു. ഇതുകണ്ട് തടയാന്‍ വന്ന മകനുമായി വാക്കുതര്‍ക്കമുണ്ടായി. ക്രൂദ്ധനായ പിതാവിന്റെ ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് പുത്രന്‍ മരിച്ചുവീണു.

സുബോധം വീണ്ടുകിട്ടിയ ചക്രവര്‍ത്തി പശ്ചാത്താപവിവശനായി. മുന്‍കാലങ്ങളില്‍ താന്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെക്കുറിച്ചോര്‍ത്ത് അദ്ദേഹം ദുഖിതനായി.

താന്‍ മൂലം കൊല്ലപ്പെട്ട എല്ലാവരുടെയും ലിസ്റ്റ്‌ ഉണ്ടാക്കാന്‍ ഉത്തരവിട്ടു.

അതിനിടയില്‍ ഇവാന്‍ കുറെ മിസ്റ്റിക്കുകളെയും റഷ്യയിലെ ജ്യോത്സന്മാരെയും വിളിച്ചുകൂട്ടി തന്റെ ഭാവി പ്രവചിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, അവര്‍ അദ്ദേഹത്തിന്റെ മരണം (1584 March 18) പ്രവചിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.

ഏതായാലും ആ തിയതിയുടെ തലേരാത്രി, സമയം ഏതാണ്ട് പാതിരയോടടുക്കുമ്പോള്‍, ചെസ്സ്‌ കളിച്ചുകൊണ്ടിരുന്ന ഇവാന്‍ ദി ടെറിബിള്‍ എന്ന റഷ്യന്‍ സാര്‍ കുഴഞ്ഞുവീണ് അന്തരിച്ചു.

റഷ്യന്‍ ചക്രവര്‍ത്തിമാര്‍ പൊതുവേ ജനക്ഷേമതല്പരരായിരുന്നില്ല. പക്ഷെ, അവരില്‍ ഏറ്റവും കുപ്രസിദ്ധനാണ് ഈ ഇവാന്‍.

ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി റഷ്യയിലെ ആദ്യകാല സിനിമാ ആചാര്യമാരില്‍ ഒരാളായ (ബാറ്റില്‍ഷിപ്‌ പോട്ടംകിന്‍”) സെര്‍ഗി ഐസെന്‍സ്റൈന്‍ പ്രശസ്തമായ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 

റഷ്യന്ചരിത്രം (ആറ്)

ജീവിച്ചിരുന്നപ്പോള്‍ ഇവാന്‍ ദി ടെറിബിള്‍ രാഷ്ട്രത്തിന് സമ്മാനിച്ചത്‌ ഭീകരാന്തരീഷവും കഷ്ടപ്പാടുകളും ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാഷ്ട്രം നാഥനില്ലാക്കളരിയായി.

ജനത്തിന്റെ കഷ്ടപ്പാടുകള്‍ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഈ കാലയളവില്‍ വിശപ്പടക്കാനായി റഷ്യന്‍ കര്‍ഷകര്‍ പുല്ലുപോലും തിന്നിരുന്നുവത്രെ.

1598-നും 1610-നും ഇടയില്‍ ആറുപേര്‍ സാറിന്റെ സിംഹാസനത്തില്‍ ഇരുന്നു. അവര്‍ എല്ലാംതന്നെ ഒന്നുകില്‍ മരണമടയുകയോ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ ചെയ്തു. ക്രെംലിന്‍ ഏറ്റവും ദുര്‍ബലമായ ഈ അവസരത്തില്‍, താന്‍ ഇവാന്റെ ബന്ധുവാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു പോളണ്ടുകാരന്‍ വരികയും റഷ്യയുടെ സാര്‍ ആയി അവരോധിക്കപ്പെടുകയും ചെയ്ത സംഭവമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അയാളുടെ അവകാശവാദത്തില്‍ കഴമ്പില്ലായിരുന്നു എന്നു കണ്ടെത്തുകയും, അയാളെ റഷ്യന്‍ശൈലിയില്‍ വീട്ടിലേയ്ക്ക്‌ അയക്കുകയും ചെയ്തു.

അദ്ദേഹത്തെ കൊന്ന്, ശവം ചുട്ടുകരിച്ച്, ചാരം തോക്കിനുള്ളിലാക്കി, പോളണ്ട് ലക്ഷ്യമാക്കി വെടിവച്ചു... ഠോ!... ഗോ ടു പോളണ്ട്!

ഇതിനുശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. തെക്കന്‍ പ്രദേശത്ത് ടാര്ട്ടാര്‍ ആക്രമണം, കാര്‍ഷികതൊഴിലാളികള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍, വടക്കുനിന്ന്‌ അക്കാലത്തെ പ്രബല സൈനികശക്തിയായിരുന്ന സ്വീഡന്റെ ആക്രമണം. ഇതൊന്നും പോരാഞ്ഞ് പോളണ്ട് സൈന്യം അതിര്‍ത്തി ഭേദിച്ചു റഷ്യയില്‍ കടക്കുകയും മോസ്ക്കോ അവരുടെ അധീനതയിലാക്കുകയും ചെയ്തു. റഷ്യ എന്ന രാഷ്ട്രം ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായി, പോളണ്ടിന്റെ ഭാഗമാകുന്നതിന്റെ വക്കുവരെയെത്തി. (പിന്നീട് പോളണ്ടിന് ഈ ഗതികെടുണ്ടായി.. ആ രാജ്യം ഭൂപടത്തില്‍ നിന്ന് കുറെയേറെ വര്‍ഷങ്ങള്‍ നീക്കം ചെയ്യപ്പെട്ടു.)

കത്തോലിക്കരായിരുന്ന പോളണ്ടിന്റെ സൈന്യം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസിനെ കാരാഗ്രഹത്തിലാക്കി. റഷ്യന്‍ ജനതയോട്, ഇനിയെങ്കിലും വൈര്യമെല്ലാം ഉപേക്ഷിച്ച് മാതൃരാജ്യത്തിനുവേണ്ടി പൊരുതാന്‍ അദ്ദേഹം (റഷ്യന്‍ പാത്രിയാര്‍ക്കീസ്) റഷ്യന്‍ ജനത്തോടു അഭ്യര്‍ഥിച്ചു.

ഇതിന് നാടകീയമായ ഫലമുണ്ടായി. വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഒത്തുചേര്‍ന്നു രണ്ടുവര്‍ഷത്തെ യുദ്ധം കൊണ്ട് പോളണ്ടുകാരെ റഷ്യയില്‍ നിന്നും തുരത്തി. ഇതിനായി ഒരുപാട് രക്തചൊരിച്ചില്‍ വേണ്ടിവന്നു.

അങ്ങിനെ മോസ്ക്കോ വീണ്ടും മോചിപ്പിക്കപ്പെട്ടു.

ഒരു ചക്രവര്‍ത്തിയുടെ അസാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് നേരാംവണ്ണം പോവുകയില്ലെന്ന് എല്ലാവര്ക്കും ബോധ്യമായി. പ്രഭുക്കളും, വ്യാപാരികളും പട്ടാളക്കാരും വൈദികരും ഒത്തുചേര്‍ന്ന് ഒരു പുതിയ സാറിനെ കണ്ടെത്തണമെന്ന് തീരുമാനിച്ചു.

അവര്‍ക്ക് കണ്ടെത്താനായത് ഇവാന്റെ ആദ്യഭാര്യ, അനസ്തേഷ്യയുടെ ഒരകന്ന ബന്ധുവിനെയാണ്. റോമാനോവ് കുടുംബാംഗം. പതിനാറുവയസ്സുമാത്രം പ്രായമുള്ള മിഖായേല്‍ ഫിയോദ്രോവിച്ച് റോമനോവ്. ഒരു സന്യാസാശ്രമത്തില്‍ കഴിഞ്ഞിരുന്ന മിഖായേല്‍ സിംഹാസനാരൂഢനാകാന്‍ ആദ്യം സമ്മതിച്ചില്ല. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, 1613-ല്‍ റഷ്യയുടെ പുതിയ സാര്‍ ആയി അയാള്‍ സ്ഥാനമേറ്റു.

അങ്ങിനെ, പിന്നെയങ്ങോട്ട് മുന്നൂറുവര്‍ഷത്തോളം നീണ്ടുനിന്ന റഷ്യയിലെ റോമാനോവ് സാമ്രാജ്യത്തിന്റെ തുടക്കംകുറിച്ചു.

ആദ്യത്തെ രണ്ടു റോമാനോവ് ചക്രവര്‍ത്തിമാരുടെ കാലത്ത് അവര്‍ക്ക് റഷ്യന്‍ ജനതയുടെമേല്‍ പൂര്‍ണ്ണ നിയന്ത്രണം നേടാനായി. ചക്രവര്‍ത്തിയുടെ അധികാരത്തെ ചോദ്യം ചെയ്ത പ്രഭുക്കള്‍ ഒന്നുകില്‍ നാടുകടത്തപ്പെട്ടു, അല്ലെങ്കില്‍ അവരുടെ ഭൂമി നഷ്ടപ്പെട്ടു. അധികാരത്തോട് ഒട്ടിനിന്നവര്‍ക്കാവട്ടെ നിരവധി സൌജന്യങ്ങള്‍ ലഭിച്ചു. അതിലൊന്ന്, അവരുടെ മണ്ണില്‍ ജോലിചെയ്തിരുന്നവരുടെമേല്‍ പൂര്‍ണ്ണ അധികാരം ലഭിച്ചുവെന്നതാണ്.
റോമനോവ് രാജവംശത്തിന്റെ അധികാരചിന്ഹം (ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ)

ഇതിനു തൊട്ടുമുമ്പുവരെ കര്‍ഷകര്‍ക്ക് യഥേഷ്ടം കൃഷിസ്ഥലങ്ങള്‍ ഉപേക്ഷിച്ച് മറ്റൊരിടത്തുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതു പലപ്പോഴും പ്രഭുവിന്റെ വരുമാനത്തെ മോശമായി ബാധിച്ചിരുന്നു. പക്ഷെ, 1649-ല്‍ നിലവില്‍ വന്ന പുതിയ നിയമമനുസരിച്ച് കാര്ഷികതൊഴിലാളി നിയമപരമായി ഭൂവുടമയുടെ സ്വകാര്യ സ്വത്തായിമാറി. തൊഴിലാളി മാത്രമല്ല, അവന്റെ മക്കളും സന്തതിപരമ്പരകളും. ഫലത്തില്‍ ഇത് സൃഷ്ടിച്ചത് തനി അടിമത്തമായിരുന്നു.

രണ്ടാം റോമാനോവ് സാറിന്റെ കാലത്ത് പൂര്‍വാധികം ശക്തിയോടെ സാമ്രാജ്യവികസനം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പിന്നാലെ വന്ന മഹാനായ പീറ്ററിന്റെ കാലത്ത് (ജനനം: മേയ് 30, 1682) ഇത് കൂടുതല്‍ ഊര്‍ജ്ജിതമായി.

പീറ്ററിന്റെ പിതാവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യഭാര്യയിലുണ്ടായിരുന്ന മകനായിരുന്നു യഥാര്‍ത്ഥ കിരീടാവകാശി. പക്ഷെ, ആ ഭാര്യയില്‍ പിറന്ന സോഫിയ എന്ന മകള്‍ക്ക്, കീഴ്വഴക്കമെല്ലാം മറികടന്ന് കിരീടം സ്വന്തമാക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അന്നത്തെ നിലയില്‍ സോഫിയ വിദ്യാസമ്പന്നയായിരുന്നു.

സാറിന്റെ മരണാനന്തരം സോഫിയയുടെ സഹോദരന്‍ തന്നെ സാറായി വാഴിക്കപ്പെട്ടു, പക്ഷെ താമസിയാതെ പുതിയ ചക്രവര്‍ത്തി മരണമടഞ്ഞു.
പീറ്ററിന്റെ അമ്മാവന്മാര്‍ പീറ്ററിനെ ചക്രവര്‍ത്തിയായി വാഴിക്കാന്‍ ഒരുങ്ങി. പക്ഷെ, സോഫിയുടെ പദ്ധതി മറ്റൊന്നായിരുന്നു.