1814-ല്‍ റഷ്യന്‍
ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ ഒന്നാമന്‍ നയിച്ച പ്രഷ്യ-ഓസ്ട്രിയ-റഷ്യ
രാഷ്ട്രങ്ങളുടെ സംയുക്തസൈന്യം യുറോപ്യന്‍ നഗരങ്ങളിലൂടെ പാരീസിലേയ്ക്ക് മാര്‍ച്ച്
ചെയ്തു.
ഇരുപത്തഞ്ചു വര്‍ഷങ്ങളായി
വിപ്ലവങ്ങളും അന്ത്യമില്ലാത്ത യുദ്ധങ്ങളും നടത്തി, ഫ്രാന്‍സ്
നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതിനെല്ലാം ഒരു അവസാനമുണ്ടാകാന്‍ നഗരം
കാത്തിരിക്കുകയായിരുന്നു. അലക്സാണ്ടറിന്റെ ദൌത്യം പൂര്‍ണ്ണവിജയം കൈവരിച്ചു.
നെപ്പോളിയന്‍ സ്ഥാനത്യാഗം ചെയ്ത് തല്ക്കാലത്തേയ്ക്ക് നാടുവിട്ടു.
പതിനെട്ടാം
നൂറ്റാണ്ടിന്റെ ആരംഭം മുതലേ റഷ്യ യുറോപ്പിനോട് അടുക്കുവാനും തങ്ങളും യുറോപ്പിലെ
തുല്യപ്രാധാന്യമുള്ള അംഗമാണെന്ന് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ശ്രമം
നടത്തിയിരുന്നു. ഇപ്പോഴാകട്ടെ, അവര്‍ക്ക് "യുറോപ്പിന്റെ രക്ഷകര്‍"
എന്ന പരിവേഷം ലഭിച്ചു! അലെക്സാണ്ടര്‍ യുറോപ്പിലെ ഹീറോ ആയി. ഇദ്ദേഹം ഇംഗ്ലണ്ടിലെ
വിക്ടോറിയയുടെ "ഗോഡ്ഫാദര്‍" ആയി (അവരുടെ മുഴുവന്‍ പേര് അലക്സാണ്ട്റീന
വിക്ടോറിയ എന്നായിരുന്നു..), യുറോപ്പിലെ പല ചാത്വരങ്ങള്‍ക്കും
ഇദ്ദേഹത്തിന്റെ പേരിട്ടു.
ഇതിനൊരു മറുവശവും
ഉണ്ടായിരുന്നു. ഫ്രാന്‍സിലെത്തിയ റഷ്യന്‍ ഓഫീസര്‍മാര്‍ അവിടെ കണ്ടത് ഭരണഘടനയില്‍
അധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ്. അവിടെയവര്‍ സമത്വവും സ്വാതന്ത്ര്യവും ദര്‍ശിച്ചു.
അവര്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചക്രവര്‍ത്തിയുടെ
ഏകാധിപത്യമവസാനിച്ച് ഫ്രാന്സിലെപ്പോലൊരു സമൂഹം റഷ്യയിലും ഉണ്ടാകണമെന്നാഗ്രഹിച്ചു.
പക്ഷെ അതൊന്നും അനുവദിക്കപ്പെട്ടില്ല.
ജനങ്ങളുടെ സ്വരം
കേള്‍ക്കാതെ, അവരുടെ വികാരം മനസിലാക്കാതെ, അലക്സാണ്ടര്‍ കടുത്ത വിശ്വാസിയും മിസ്റ്റിക്കുമായി മാറി. അദ്ദേഹത്തിന്റെ
ബൈബിളില്‍ പ്രത്യേകം അടിവരയിട്ടിരുന്ന ഭാഗം ഇതായിരുന്നു:
“സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്‌വേലയുമത്രേ.”
(സഭാപ്രസംഗകന്‍ 1 :
14)
(ഇവിടെ ഒരുകാര്യം
കൂടി സൂചിപ്പിക്കെണ്ടിയിരിക്കുന്നു.
ലോകോത്തര നോവലായി
കണക്കാക്കപ്പെടുന്ന ടോള്‍സ്റ്റോയിയുടെ “യുദ്ധവും സമാധാനവും” അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്ത് നെപ്പോളിയനുമായി നടന്ന
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്. ലക്ഷക്കണക്കിന് ആളുകള്‍
നഷ്ടപ്പെട്ടെങ്കിലും സാഹിത്യത്തിന് വിലമതിക്കാനാവാത്ത ആ കൃതി ലഭിച്ചു.)
തന്റെ ഭാര്യയുടെ
ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് അലക്സാണ്ടര്‍ ഈര്‍പ്പം കൂടുതലുള്ള സെന്റ്
പീറ്റേര്‍സ്ബര്‍ഗിലെ കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ തീരുമാനിച്ചു. 1825-ല്‍
അവര്‍ തെക്കന്‍ റഷ്യയിലെ Taganrog എന്ന പട്ടണത്തിലേയ്ക്ക് താമസം മാറ്റി.
(അപ്പോഴും അധികാരത്തില്‍ തുടര്‍ന്നു). അവിടെവച്ച് അദ്ദേഹം കാലംചെയ്തു.
(റഷ്യയില്‍ ഇന്നും
മറ്റൊരു കഥ നിലവിലുണ്ട്.. ഈ മരണവാര്‍ത്ത വ്യാജമായിരുന്നു, ഇതിനുശേഷം വര്‍ഷങ്ങളോളം അലക്സാണ്ടര്‍ ഒരു വൃദ്ധസന്യാസിയുടെ വേഷത്തില്‍
ആരോരോരുമറിയാതെ സൈബീരിയയില്‍ കഴിഞ്ഞു, വര്‍ഷങ്ങള്‍ക്കുശേഷമാണ് മരിച്ചത്, എന്നുമാണത്. അത് ശരിയോ തെറ്റോ എന്നു തെളിയിക്കാന്‍ ചരിത്രകാരന്മാര്‍ക്കായിട്ടില്ല).
അലക്സാണ്ടര്‍
ചക്രവര്‍ത്തിയ്ക്ക് സ്വന്തമായി മക്കള്‍ ഉണ്ടായിരുന്നില്ല. രണ്ടനുജന്മാര്‍
ഉണ്ടായിരുന്നവരില്‍ ആര്‍ക്കും അധികാരത്തില്‍ താല്പര്യം ഇല്ലായിരുന്നു. അവസാനം
ഇളയയാള്‍ നിക്കോളാസ് ഒന്നാമന്‍ എന്നപേരില്‍ ചക്രവര്ത്തിയാകാന്‍ ഒരുക്കങ്ങള്‍
ആരംഭിച്ചു.
1825 ഡിസംബര്‍
പതിനാലാംതിയതി റഷ്യയിലെ കുലീനരോട് (The
Russian Elites) അധികാരമേല്‍ക്കാന്‍
പോകുന്ന ചക്രവര്ത്തിയോട് കൂറു പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. വിമതര്‍
തലസ്ഥാനത്തെ സെനറ്റ് സ്ക്വയറില്‍ ഒത്തുകൂടി ഭരണഘടനയ്ക്ക് വേണ്ടി മുറവിളികൂട്ടി.
ഉച്ചയോടെ അവരുടെ എണ്ണം എഴുന്നൂറോളമായി. ഭാവിചക്രവര്‍ത്തിയുടെ സൈന്യം അവരെ വളഞ്ഞു.
വെടിയുണ്ടകളുടെ
ശബ്ദമാണ് പിന്നീടവിടെ കേട്ടത്.
പിന്നീടങ്ങോട്ടുള്ള
നിക്കോളാസ് ഒന്നാമന്റെ ഭരണകാലത്ത് റഷ്യ ലോകത്തിലെ ഏറ്റവും പ്രബലമായ ശക്തിയായി.
പക്ഷെ നൂറുവര്‍ഷങ്ങള്‍ നീണ്ടുനിന്ന വിപ്ലവത്തിന്റെ തുടക്കം അവിടെ കുറിച്ചു.
No comments:
Post a Comment