Friday, 6 February 2015

റഷ്യന്ചരിത്രം (രണ്ട്)

മൂന്നു വര്ഷം കൊണ്ട് മംഗോള്‍സൈന്യം റഷ്യയെ നിലംപരിശാക്കി. റഷ്യയുടെ ആയിരം വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഇത് മറ്റൊരു ശക്തിയ്ക്കും കഴിഞ്ഞിട്ടില്ലാത്തതാണ്. അവര്‍ റഷ്യന്‍ ഭരണാധികാരികളെ തങ്ങളുടെ വരുതിയില്‍ വരുത്തി, നഗരങ്ങളും പട്ടണങ്ങളും ചുട്ടെരിച്ചു.
1240-ല്‍ ജെങ്കിസ് ഖാന്റെ കൊച്ചുമോന്‍, ബുട്ടാഖാന്‍ റഷ്യയുടെ ആത്മാവായ കിയേവ് നഗരം ആക്രമിച്ചു. ബുട്ടാഖാന്‍ അവര്‍ക്കു നല്‍കിയ സന്ദേശം ഇതായിരുന്നു:
If you surrender to me, you will be forgiven; if you resist, you will suffer greatly and perish cruelly.
പക്ഷെ കിയേവ് നഗരം കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. കുപിതനായ ഖാന്‍ കിയേവ് നശിപ്പിച്ചു. അവര്‍ പോയവഴിയില്‍ തലയോട്ടികള്‍ ചിതറപ്പെട്ടു.
റഷ്യയുടെ മംഗോള്‍ അധിനിവേശം നീണ്ട ഇരുനൂറ്റിയമ്പതോളം വര്ഷം നിലനിന്നു. റഷ്യയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തേണ്ടത്, ദൈവത്തില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ച ജന്മാവകാശമാണെന്ന് അവര്‍ വിശ്വസിച്ചു.
അധിനിവേശശക്തിയുടെ നേതാക്കള്‍ മംഗോള്‍ വംശജരായിരുന്നുവെങ്കിലും അവരുടെ പടയാളികള്‍ കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ഇവരെല്ലാവരും റഷ്യയില്‍ അറിയപ്പെട്ടിരുന്നത് ടാര്ട്ടാര്‍ (Tartar) എന്ന പേരിലായിരുന്നു. ടാര്ട്ടാര്‍ റഷ്യയെമാത്രമല്ല, പോളണ്ട് പോലുള്ള രാജ്യങ്ങളെയും ആക്രമിച്ചുപോന്നു.
ടാര്ട്ടാര്‍സേന ഭരണകാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. റഷ്യന്‍ പ്രഭുക്കളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക, അവരില്‍നിന്നും കപ്പം (Tributes) ഈടാക്കുക ഇതായിരുന്നു അവരുടെ ശൈലി. റഷ്യന്‍ പ്രമാണികള്‍ പാത്രത്തില്‍ ഖാന്റെ കുതിരയ്ക്ക് ഭക്ഷണവുമായി വന്ന്, അത് കുതിരയ്ക്ക് കൊടുത്തതിനുശേഷം ഖാന്റെ സന്നിധിയിലെത്തി കപ്പം കൊടുക്കും. ഇത് ലഭിക്കുക എന്നതിനപ്പുറം മറ്റൊന്നും ഇവര്‍ക്ക് വേണ്ടിയിരുന്നില്ല.
അങ്ങിനെയിരിക്കവേ, ഖാന്‍ പ്രഖ്യാപിച്ചു ഏറ്റവും കൂടുതല്‍ കപ്പം നല്‍കുന്ന പ്രഭുവിനെ ഗ്രാന്‍ഡ്‌ പ്രിന്‍സ് (വ്ലാഡിമിര്‍) എന്ന സ്ഥാനം ലഭിക്കുന്നതാണ്.ഈ സ്ഥാനത്തിനുവേണ്ടി റഷ്യന്‍ പ്രഭുക്കള്‍ പരസ്പരം മത്സരിച്ചു. ഇങ്ങനെയുണ്ടായ ഭിന്നിപ്പില്‍ കൂടുതല്‍ സമ്പത്ത് നേടി മംഗോള്‍സേന സുഖിച്ചു.
ഈ മത്സരത്തില്‍ വിജയിയായത്, താരതമ്യേന പുതിയ നഗരമായിരുന്ന മോസ്ക്കോയിലെ ഇവാന്‍ ആയിരുന്നു. ഖാനുമായി ഇവാന്‍ ഒരു ധാരണയിലെത്തി.. മൊത്തം റഷ്യയിലെ കപ്പം ഇവാന്‍ പിരിച്ച് ഖാന്റെ പക്കല്‍ എത്തിക്കും. ഖാന് കാലുംനീട്ടിയിരുന്നു സുഖിക്കാം. അങ്ങിനെ ഇവാന്‍ റഷ്യയുടെ പണപ്പിരിവുകാരനായി, അയാള്‍ക്ക് പണസഞ്ചിഎന്നൊരോമനപ്പേരും ലഭിച്ചു.
കാലാന്തരത്തില്‍ മോസ്ക്കോ സമ്പത്തിലും സൈനികശക്തിയിലും പ്രബലരായി. ഡിമിത്രി എന്ന മോസ്ക്കോയുടെ പുതിയ തലവന്‍ അന്‍പതിനായിരം സൈനികരുമായി മംഗോള്‍സേനയോട് ഏറ്റുമുട്ടി. ഡിമിത്രി കുറെയൊക്കെ വിജയിച്ചുവെങ്കിലും അവര്‍ക്ക് മംഗോള്‍ നുകംതകര്‍ക്കാനായില്ല. അങ്ങിനെ റഷ്യയില്‍ പിന്നീട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം കുറിച്ചു.
ഇതിനിടയില്‍ ടാര്ട്ടാര്‍മാരുടെയിടയിലും അധികാരവടംവലികള്‍ ഉണ്ടായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യകാലമായപ്പോള്‍ മോസ്ക്കോ, മംഗോള്‍സേനയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ള ശക്തിയായി മാറി. അന്നത്തെ മോസ്ക്കോയിലെ ഇവാന്‍ (മൂന്നാമന്‍) പറഞ്ഞു.. “ഞങ്ങള്‍ കപ്പം തരാന്‍ ഉദ്ദേശിക്കുന്നില്ല; എന്തുവേണമെങ്കിലും ചെയ്തുകൊള്‍ക.”
മംഗോള്‍ സൈന്യം തിരികെപ്പോയി, ഇവാന്‍ മൂന്നാമന്‍ മൊത്തം റഷ്യയുടെ തലവനായി.
ഇതിനിടയില്‍ 1453-ല്‍ റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായിരുന്ന, കോന്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായി നിലനിന്നിരുന്ന ബൈസന്റൈന്‍ സാമ്രാജ്യം ഇസ്ലാംമതസൈന്യത്തിനു കീഴടങ്ങി. (ഇവരാണ് പിന്നീട് ഓട്ടോമന്‍ സാമ്രാജ്യം എന്ന പേരില്‍ അറിയപ്പെട്ടത്).
ഇവാന്‍ മൂന്നാമന്‍ മംഗോളിയന്‍ ഖാന്റെ ശാസന പിച്ചിചീന്തുന്നു
(ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

റഷ്യയിലെ ഇവാന്‍ ഈ സാഹചര്യം വേണ്ടവിധത്തില്‍ മുതലെടുത്തു. അവിടത്തെ അവസാന സീസറിന്റെ അനന്തരവളായ സോയ എന്ന രാജകുമാരിയെ ഇവാന്‍ തന്റെ പട്ടമഹിഷിയാക്കി. ഒരു ചക്രവര്‍ത്തിയുടെ ശൈലി എങ്ങിനെയായിരിക്കണമെന്നു ഇവാന് മനസിലാക്കികൊടുത്തത് ഈ സോയയാണ്. അന്നുവരെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും അടയാളമായിരുന്ന ഇരട്ടകഴുകന്‍ (Double Eagle) ഇവാന്‍ തന്റെ സ്വന്തം അധികാരത്തിന്റെ ചിന്ഹമാക്കി. (Emblem).
1493-ല്‍ ഇവാന്‍ മൂന്നാമന്‍ സീസര്‍ (ചക്രവര്‍ത്തി) എന്ന വാക്കിന്റെ റഷ്യന്‍പദമായ സാര്‍ (Tsar) എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.
റഷ്യ എന്ന അതിവിസ്തൃതമായ രാജ്യം സാര്‍ ഇവാന്‍ മൂന്നാമന്റെ ഭരണത്തിന്‍കീഴിലായി. മോസ്ക്കോയും അതിനുചുറ്റുമുള്ള കോട്ടയും (The Kremlin) ഒക്കെയായി റോമിനോട് സമാനമായ ഒരു ഹോളി റഷ്യന്‍ എമ്പയര്‍ ജനിച്ചു.

No comments:

Post a Comment