Friday, 6 February 2015

റഷ്യന്‍ചരിത്രം (ഇരുപത്)

സ്ഥാനമൊഴിഞ്ഞ് അധികാരം ഡ്യുമയ്ക്ക് കൈമാറണം എന്ന അന്ത്യശാസനം കിട്ടിയപ്പോള്‍, എന്തു ചെയ്യണമെന്നറിയാതെ നിക്കോളാസ് പകച്ചു. ആദ്യം തോന്നിയത് പന്ത്രണ്ടു വയസുള്ള പുത്രന്‍ അലെക്സിയ്ക്ക് അധികാരം കൈമാറാം എന്നാണ്. പക്ഷെ അത്തരം ഒരു നടപടി ആ കുട്ടിയെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനു തുല്യമായിരിക്കുമെന്ന്‍ ഉപദേശകരുടെ അഭിപ്രായം മാനിച്ച് തന്റെ അനുജനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. പക്ഷെ, ഈ തീരുമാനം മിഖായേല്‍ അലെക്സാദ്രോവിച്ച് റോമാനോവ് എന്ന ഇളയ സഹോദരനു സ്വീകാര്യമായിരുന്നില്ല. അങ്ങിനെ മുന്നൂറു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം റോമാനോവ് രാജവംശത്തിന്റെ ഭരണം റഷ്യയില്‍ അവസാനിച്ചു. ചക്രവര്‍ത്തിയ്ക്ക് മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല. ഏകാധിപത്യത്തിന്റെ അധികാരമില്ലാതെ റഷ്യയെ ഭരിക്കാനാവും എന്നദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രാജവംശത്തിന്റെ ഈ പതനം ബോള്‍ഷെവിക്കിന് റഷ്യയെ ഭരിക്കാനുള്ള ധാര്‍മ്മികാവകാശം നല്‍കി.

ഒരു മാസത്തിനുശേഷം മറ്റൊരു ട്രെയിന്‍ സെന്റ്‌ പീറ്റേര്‍ബെര്‍ഗിലെത്തി. അതിന്റെ സീല്‍ ചെയ്ത കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നത് റഷ്യയുടെ ഭാവിയായിരുന്നു; ഇരുപതുവര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച് വ്ലാഡിമിര്‍ ലെനിന്‍ തലസ്ഥാനത്ത് വിപ്ലവത്തിന്റെ വീരനായകനായി തിരിച്ചെത്തി. ഒക്ടോബര്‍ മാസത്തില്‍ ബോള്‍ഷെവിക് നേതാക്കള്‍ ഡ്യുമ ആക്രമിച്ചു. അങ്ങിനെ ഒന്നാംലോകമഹായുദ്ധത്തിന്റെ പിടിയിലായിരുന്ന റഷ്യ ആഭ്യന്തരകലഹത്തിന്റെ നടുവിലായി.

സ്വന്തം മണിമാളികയില്‍ തടവിലാക്കപ്പെട്ട ചക്രവര്‍ത്തിയും കുടുംബവും ലളിതജീവിതം നയിക്കാന്‍ ശീലിച്ചു. രാഷ്ട്രത്തെ അടക്കിവാണിരുന്ന കുടുംബം വിപ്ലവം നയിക്കുന്നവരുടെ ഒരുപകരണമായി മാറി. 1918 ജൂലൈ മാസത്തില്‍ ആ കുടുംബത്തെ സൈബീരിയയിലെ, യുറാല്‍ പര്‍വതനിരകളുടെ അടുത്തുള്ള ഒരു സാധാരണ വീട്ടിലെയ്ക്ക് മാറ്റിപാര്‍പ്പിച്ചു.

സാര്‍ നിക്കോളാസ് രണ്ടാമനും കുടുംബാങ്ങങ്ങളും
1918 July 17-ന് മോസ്ക്കോയില്‍ നിന്നും പുതിയ ഉത്തരവ് വന്നതിനാല്‍ അര്‍ദ്ധരാത്രിയ്ക്കുശേഷം ഉറങ്ങിക്കിടന്ന അവരെ വിളിച്ചുണര്‍ത്തി, മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര പോകണമെന്നറിയിച്ചു. അപ്രതീക്ഷിതമായ ഇത്തരം യാത്രകള്‍ അവര്‍ക്ക് ഇതിനോടകം ശീലമായിക്കഴിഞ്ഞിരുന്നു. റോമാനോവ് കുടുംബത്തിന്റെ ആടയാഭരണങ്ങളെല്ലാം പെണ്‍കുട്ടികള്‍ അണിഞ്ഞിരുന്നു.

അവരെ കെട്ടിടത്തിന്റെ താഴെയുള്ള സെല്ലാറിലേയ്ക്കാണ് കൊണ്ടുപോയത്. അവരോടു ഒരു ഫാമിലി ഫോടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവിടെ ക്യാമറയോ ഫോടോഗ്രഫറോ ഉണ്ടായിരുന്നില്ല. ഒരു റെഡ് ആര്‍മി ഓഫീസര്‍ അവരുടെ വധശിക്ഷയുടെ വിധി വായിച്ചുകേള്‍പിച്ചു. ഉടനെതന്നെ അവര്‍ ഏഴുപേരും, അവര്‍ക്കൊപ്പമുണ്ടായിരുന്ന കുറെ പരിചാരകരും തോക്കിനിരയായി.

മൃതദേഹങ്ങള്‍ ആസിഡില്‍ മുക്കികുതിര്‍ത്തിയശേഷം, തീയിലിട്ടു കത്തിച്ചു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രവാചകനായ ലെനിന്‍ റഷ്യന്‍ജനതയ്ക്ക് പ്രകാശമാനമായ ഭാവിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ രാഷ്ട്രത്തിനുമേല്‍ അവരുടെ പിടി മുറുകിയപ്പോള്‍ പഴയ റോമനോവ് രാജവംശത്തിന്റെ അടിച്ചമര്‍ത്തലിന്റെ പ്രേതം ഉയര്ത്തെഴുന്നെല്‍ക്കുന്നതാണ് ആ ജനത കണ്ടത്.

റോമനോവ് രാജവംശം നിശേഷം ഇല്ലാതായെങ്കിലും അവര്‍ നിര്‍മ്മിച്ച കൂറ്റന്‍ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഇന്നും റഷ്യയുടെ ദേശീയതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. അവരുടെ സാഹായത്തോടെ വളര്‍ന്ന റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭ ഇന്നും റഷ്യയിലെ ഔദ്യോഗികമതമായി തുടരുന്നു.

രണ്ടായിരാമാണ്ടില്‍ റഷ്യന്‍ ഓര്‍ത്തോഡോക്സ് സഭ ചിലരെ വിശുദ്ധരായി പ്രഖ്യാപിച്ചു. നാലു പെണ്‍കുട്ടികള്‍, ഒരാണ്‍കുട്ടി, അവരുടെ അച്ഛനും അമ്മയും.


തോക്കിന്റെ മുന്നില്‍ പിടഞ്ഞുമരിച്ച ആ കുടുംബാംഗങ്ങള്‍ക്ക് ജീവനോടെയിരുന്നപ്പോള്‍ റഷ്യയെ രക്ഷിക്കാനായില്ല. ഇനി വിശുദ്ധപദവിയിലിരുന്നുകൊണ്ട് അവര്ക്കത് സാധിക്കുമോയെന്ന് കാലം തെളിയിക്കട്ടെ.


3 comments:

  1. I was working in gerogia. (Earlier part of russia) but those people also don't know much about early history.
    Your beautiful narration helped me to know more about russian history.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Excellent. Appreciate your great effort.

    ReplyDelete