Friday, 6 February 2015

റഷ്യന്ചരിത്രം: (അഞ്ച്)

ഇടയനില്ലാത്ത അജഗണങ്ങളുടെ അഭീഷ്ടപ്രകാരം അധികാരത്തില്‍ തിരിച്ചെത്തിയ ഇവാന്‍ പിന്നീടങ്ങോട്ടുള്ള ഏതാണ്ട് എട്ടു വര്‍ഷക്കാലം സ്വന്തം പ്രജകളുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടു.

രാഷ്ട്രത്തിന്റെ പ്രഖ്യാപിതശത്രുക്കള്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാനുള്ള ശേഷി റഷ്യന്‍സാമ്രാജ്യത്തിന് ഇല്ലാതെപോയി.

1571-ല്‍ നൂറ്റാണ്ടുകളായി റഷ്യയുടെ ശത്രുക്കളായിരുന്ന ടാര്ട്ടാര്‍സേന ഈ ദൌര്‍ബല്യം മുതലെടുത്ത്‌ ക്രൈമിയന്‍ പ്രദേശത്തുനിന്നു വടക്കന്‍ റഷ്യവഴി മോസ്ക്കോയില്‍ പ്രവേശിച്ചു. കേവലം മൂന്നുമണിക്കൂറുകള്‍കൊണ്ട് അവര്‍ മോസ്ക്കോനഗരം ചുട്ടുചാമ്പലാക്കി. ആ ഒറ്റ ദിവസം ഏതാണ്ട് അറുപതിനായിരം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഈ അടി, ഒരളവുവരെ ചക്രവര്‍ത്തിയെ സുബോധത്തിലേയ്ക്ക് തിരികെകൊണ്ടുവന്നു. ഒപ്രിഷ്നിക്കി എന്ന തന്റെ പ്രൈവറ്റ് ആര്‍മിയെ ഇവാന്‍ പിരിച്ചുവിട്ടു.
ഒപ്രിഷ്നിക്കികള്‍ (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

പക്ഷെ ഇതിനോടകം മോസ്ക്കൊയുടെ ജനസംഖ്യയില്‍ അമ്പതു മുതല്‍ എണ്പതു ശതമാനം വരെ ഇല്ലാതായി.

തന്റെ ആദ്യഭാര്യയായിരുന്ന അനസ്തേഷ്യയുടെ മരണത്തിനുശേഷം ഇവാന്‍ നിരവധിതവണ വിവാഹിതനായി. സഭാധികാരികള്‍ ഇദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാതായി. അതിനിടയില്‍ അദ്ദേഹം അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ (ഒന്നാം എലിസബത്ത്‌) ബന്ധുവായിരുന്ന മേരി ഓഫ് ഹേസ്റ്റിംഗിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചു. ആദ്യഭാര്യയില്‍ ഒരു ആണ്കുഞ്ഞു പിറന്നതുകാരണം അനന്തരാവകാശി ഉറപ്പായിരുന്നു.

അനന്തരാവകാശിയായ പുത്രന്റെ വധുവിനെ, പക്ഷെ, ചക്രവര്‍ത്തിയ്ക്ക് അത്ര ഇഷ്ടമല്ലായിരുന്നു. അവര്‍ ഗര്‍ഭിണിയായിരുന്ന സമയത്ത്, അവര്‍ ധരിച്ചിരുന്ന വേഷം ശരിയല്ലെന്നും, അവര്‍ തന്നെ വേണ്ടവിധത്തില്‍ ബഹുമാനിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് അവരെ ഇവാന്‍ അടിച്ചു. ഇതുകണ്ട് തടയാന്‍ വന്ന മകനുമായി വാക്കുതര്‍ക്കമുണ്ടായി. ക്രൂദ്ധനായ പിതാവിന്റെ ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് പുത്രന്‍ മരിച്ചുവീണു.

സുബോധം വീണ്ടുകിട്ടിയ ചക്രവര്‍ത്തി പശ്ചാത്താപവിവശനായി. മുന്‍കാലങ്ങളില്‍ താന്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെക്കുറിച്ചോര്‍ത്ത് അദ്ദേഹം ദുഖിതനായി.

താന്‍ മൂലം കൊല്ലപ്പെട്ട എല്ലാവരുടെയും ലിസ്റ്റ്‌ ഉണ്ടാക്കാന്‍ ഉത്തരവിട്ടു.

അതിനിടയില്‍ ഇവാന്‍ കുറെ മിസ്റ്റിക്കുകളെയും റഷ്യയിലെ ജ്യോത്സന്മാരെയും വിളിച്ചുകൂട്ടി തന്റെ ഭാവി പ്രവചിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, അവര്‍ അദ്ദേഹത്തിന്റെ മരണം (1584 March 18) പ്രവചിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.

ഏതായാലും ആ തിയതിയുടെ തലേരാത്രി, സമയം ഏതാണ്ട് പാതിരയോടടുക്കുമ്പോള്‍, ചെസ്സ്‌ കളിച്ചുകൊണ്ടിരുന്ന ഇവാന്‍ ദി ടെറിബിള്‍ എന്ന റഷ്യന്‍ സാര്‍ കുഴഞ്ഞുവീണ് അന്തരിച്ചു.

റഷ്യന്‍ ചക്രവര്‍ത്തിമാര്‍ പൊതുവേ ജനക്ഷേമതല്പരരായിരുന്നില്ല. പക്ഷെ, അവരില്‍ ഏറ്റവും കുപ്രസിദ്ധനാണ് ഈ ഇവാന്‍.

ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി റഷ്യയിലെ ആദ്യകാല സിനിമാ ആചാര്യമാരില്‍ ഒരാളായ (ബാറ്റില്‍ഷിപ്‌ പോട്ടംകിന്‍”) സെര്‍ഗി ഐസെന്‍സ്റൈന്‍ പ്രശസ്തമായ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 

No comments:

Post a Comment