1796 നവംബര്‍ അഞ്ചാംതിയതി കാതറൈന്‍
ചക്രവര്ത്തിനിയ്ക്ക് പക്ഷാഘാതമുണ്ടായി. പിറ്റേരാത്രി, കാതറൈന്‍ എന്ന ജര്‍മ്മന്‍കാരി, മുപ്പത്തിനാല് വര്ഷം റഷ്യ ഭരിച്ചതിനുശേഷം
അന്തരിച്ചു. മൃതദേഹത്തിന്റെ ചൂട് മാറുന്നതിനുമുന്നേ അവരുടെ മകന്‍ പോള്‍, മുറിയില്‍ കടന്ന്, താന്‍ ചക്രവര്ത്തിയാകുന്നതിനു
വിഘ്നമായേക്കാവുന്ന രേഖകള്‍ വല്ലതുമുണ്ടോ എന്നു പരിശോധിച്ചു.
കൊല്ലപ്പെട്ട തന്റെ
പിതാവിന്റെ മൃതദേഹം കുഴിച്ചെടുത്ത്, ശവപ്പെട്ടിയിലാക്കി, അമ്മയുടെ മൃതദേഹത്തോടൊപ്പം സംസ്ക്കരിച്ചു.
എഴുപത്തൊന്നു വര്‍ഷങ്ങളായി
റഷ്യയെ ഭരിച്ചിരുന്നത് സ്ത്രീകളായിരുന്നു. കിരീടത്തിനായി ഇരുപതു വര്‍ഷത്തോളം
അക്ഷമനായി കാത്തിരുന്ന പോള്‍ എന്ന പുതിയ റഷ്യന്‍ സാര്‍ കാര്യങ്ങളെല്ലാം ധൃതിയില്‍
ചെയ്തുതുടങ്ങി. റോമനോവ് രാജപരമ്പരയില്‍ പെട്ട ആണുങ്ങള്‍ മാത്രമായിരിക്കും ഇനി
കിരീടാവകാശി എന്നൊരു കല്പന പുറപ്പെടുവിച്ചു. യുക്തിയ്ക്ക് നിരക്കാത്തരീതിയില്‍ പല
നയങ്ങളും നിയമങ്ങളും മാറ്റിമറിച്ചു. ആളുകള്‍ എങ്ങിനെ വേഷം ധരിക്കണം, ശവസംസ്ക്കാരത്തിനും വിവാഹകര്‍മ്മങ്ങളിലും ഒക്കെ എങ്ങിനെ പെരുമാറണം
എന്നൊക്കെ കാണിച്ചുകൊണ്ട് അദ്ദേഹം ഉത്തരവുകള്‍ ഇറക്കി. ഇത്തരം ഭ്രാന്തന്‍ ആശയങ്ങള്‍
രാഷ്ട്രത്തെ നാശത്തിലേയ്ക്ക് നയിക്കുമെന്ന് സമൂഹത്തിലെ ഉന്നതര്‍ക്കു
തോന്നിത്തുടങ്ങി.
കിരീടധാരണത്തിന്റെ
ദിവസം മുതലേ, പോളിന്റെ പുത്രന്‍ അലക്സാണ്ടറിനെ ചക്രവര്‍ത്തിയാക്കാന്‍
ഗൂഡാലോചനകള്‍ നടക്കുന്നുണ്ട് എന്ന് കിംവദന്തികള്‍ പടര്‍ന്നിരുന്നു. പിതാവിന്റെ
പോക്ക് ശരിയായ ദിശയിലേയ്ക്കല്ല എന്ന് അലക്സാണ്ടറിനും അറിയാമായിരുന്നു.
ഗൂഡാലോചനകള്‍
നടക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ട പോള്‍ കോട്ടപോലൊരു പുതിയ കൊട്ടാരം പണിത്, അതിന്റെ പ്ലാസ്റ്റര്‍ ഉണങ്ങുന്നതിനു മുന്നേ അങ്ങോട്ട് താമസം മാറ്റി.
മകനെ വീട്ടുതടങ്കലിലുമാക്കി. പക്ഷെ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 1801, മാര്‍ച്ച് മാസം പതിനൊന്നാം തിയതി,
കുറേപ്പേര്‍
ചക്രവര്‍ത്തിയുടെ ഉറക്കറയില്‍ കയറിച്ചെന്ന് ആക്രമിച്ചു. ആക്രമണത്തില്‍ കനത്ത
അടിയേറ്റ പോള്‍ അന്ത്യശാസം വലിച്ചു. അലക്സാണ്ടറിന് ഇതില്‍ പങ്കുള്ളതായി
ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നില്ല. ഏതായാലും ഇത്തരം ഒരു ആക്രമണം പിതാവിന്റെ
നേരെ ഉണ്ടായേക്കാമെന്നറിഞ്ഞിട്ടും അതിനെ തടയാനും അദ്ദേഹം ശ്രമിച്ചില്ല.
പുതിയ ചക്രവര്‍ത്തിയായി
അവരോധിക്കപ്പെട്ട അലക്സാണ്ടര്‍ ഒന്നാമന്‍ നവീന ആശയങ്ങളുടെ വക്താവായിരുന്നു.
റഷ്യയ്ക്ക് ഒരു ഭരണഘടന അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും, അത് പാലിച്ചില്ല. പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുവാനോ, എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുവാനോയുള്ള കഴിവ്
അലക്സാണ്ടറിനില്ലായിരുന്നു.
ഈ സമയത്ത്, മൈലുകളകലെ, ഇതിന്റെയെല്ലാം വിപരീതസ്വഭാവങ്ങളുള്ള
(ആത്മവിശ്വാസത്തിന്റെ മനുഷ്യാവതാരം, തീരുമാനങ്ങള്‍ പാറപോലെ ഉറച്ചത്) ഒരാള്‍
ഫ്രാന്‍സില്‍ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചു – നെപ്പോളിയന്‍ ബോണോപാര്ട്ട്. നെപ്പോളിയന്‍ യുറോപ്പിലൂടെയുള്ള തന്റെ
തേരോട്ടം ആരംഭിച്ചു.
നെപ്പോളിയന്‍ (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ) |
1811-ല്‍ അലക്സാണ്ടര്‍ ഒരു തീരുമാനത്തിലെത്തി -
ഈ യുദ്ധത്തില്‍ ബ്രിട്ടനെ റഷ്യയുടെ പിന്തുണ അറിയിച്ചു.
അതിശക്തമായാണ്
നെപ്പോളിയന്‍ പ്രതികരിച്ചത്. അതുവരെ യൂറോപ്പില്‍ കാണാത്ത അഞ്ചുലക്ഷം പേരുടെ
സൈന്യവുമായി അദ്ദേഹം മോസ്ക്കോ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. അതിര്‍ത്തി ഭേദിച്ച്
മൈലുകള്‍ താണ്ടിയിട്ടും റഷ്യന്‍ സൈന്യത്തെ കാണാനായില്ല. സ്വാഗതമരുളാത്ത റഷ്യന്‍
തരിശുഭൂമി മാത്രം.
മോസ്ക്കൊയിലെത്താന്‍
ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, ഒരു ലക്ഷത്തി ഇരുപതിനായിരം പേരടങ്ങുന്ന
റഷ്യന്‍ പട അവരെ നേരിട്ടു. അന്ന് 1812 സെപ്റ്റംബര്‍ ഏഴാം തിയതി. സ്ഥലം
ബോറോഡിനോ. ദിവസംമുഴുവന്‍ നീണ്ടുനിന്ന ഘോരയുദ്ധത്തില്‍ എഴുപത്തി അയ്യായിരം പേര്‍
കൊല്ലപ്പെട്ടു. ഇരുകൂട്ടരും വിജയം അവകാശപ്പെട്ടു. റഷ്യന്‍ സൈന്യം പിന്മടങ്ങി.
അലക്സാണ്ടര്‍ കീഴടങ്ങികാണാനായി നെപ്പോളിയന്‍ ആഴ്ചകളോളം കാത്തു. അക്ഷമനായ
നെപ്പോളിയന്‍ കണ്ടത് കത്തി, പകുതിവെന്തെരിഞ്ഞ മോസ്ക്കോനഗരമാണ്.
റഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഇതു ഒരു ദിവ്യവസ്തുവിനെ
അപമാനിക്കലായിരുന്നുവെങ്കില്‍ നെപ്പോളിയന് ഇതൊരു ദുരന്തമായിരുന്നു.
മോസ്ക്കോയുടെ
ചാരത്തിനു വേണ്ടിയായിരുന്നില്ല അദ്ദേഹം ഇത്രയും പ്രയത്നിച്ചത്. സൈന്യത്തോട്
പിന്തിരിയാന്‍ ഉത്തരവു കൊടുത്തു. ക്ഷീനിതരും അവശരുമായി തിരിച്ചുപോകുന്ന ഫ്രഞ്ച് സൈന്യത്തെ, അലക്സാണ്ടാറിന്റെ ഉത്തരവിന്‍പ്രകാരം റഷ്യന്‍ജനത ആക്രമിച്ചു കൊന്നൊടുക്കി.
പ്രതിരോധിക്കാന്‍ വയ്യാത്തത്ര അവശരായിരുന്നു ഫ്രഞ്ച് സേന. അവരുടെ നിര്‍ഭാഗ്യത്തിന്
ആ വര്ഷം ശൈത്യകാലം റഷ്യയില്‍ നേരത്തെ എത്തിയിരുന്നു, അതികഠിനമായിതന്നെ. അഞ്ചുലക്ഷം
ആളുകളുമായി റഷ്യയിലെത്തിയ ആ സൈന്യം തിരിച്ച് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍
അവശേഷിച്ചിരുന്നത് വെറും ഇരുപത്തിഅയ്യായിരം പേര്‍ മാത്രം.
പരാജിതനായി എന്നതു
മാത്രമല്ല, നെപ്പോളിയന്‍ അജയ്യനാണ് എന്ന മിത്തും
ഇതോടെ പൊളിഞ്ഞു.
സാര്‍ അലക്സാണ്ടര്‍ ഒന്നാമന്‍ (വിക്കിപീഡിയ ചിത്രം) |
No comments:
Post a Comment