Friday, 6 February 2015

റഷ്യന്‍ചരിത്രം (മൂന്ന്‍)

Ivan the Terrible
(Picture Courtesy: Wikipedia)
സാമ്രാജ്യസ്ഥാപനത്തിനുശേഷം ഇവാന്‍ മൂന്നാമന്‍ ചക്രവര്‍ത്തി ഇറ്റലിയില്‍നിന്ന് ശില്പികളെ വരുത്തി മോസ്ക്കോയിലെ ക്രെംലിന്‍ എന്ന കോട്ടയ്ക്കുള്ളില്‍ മനോഹരമായ പള്ളികളും മറ്റു കെട്ടിടങ്ങളും പണികഴിപ്പിച്ചു. ക്രെംലിനും മോഡികൂട്ടി.

അടുത്തപടിയായി, ചില ഭൂപരിഷ്കരണനടപടികളിലേയ്ക്ക് കടന്നു.

അന്നുവരെയും റഷ്യയിലെ കര്‍ഷകര്‍ക്ക് തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. ഭൂവുടമകളായ പ്രഭുക്കന്മാര്‍ക്കും, അല്ലെങ്കില്‍ സഭാധികാരികള്‍ക്കും ന്യായമായ പാട്ടം നല്‍കിയാല്‍ കൃഷി ചെയ്യാം, കൃഷി മോശമാവുകയോ, പാട്ടം അന്യായമായി കൂട്ടുകയോ ചെയ്‌താല്‍ അവര്‍ മറ്റു ഭൂമി തേടിപോവുക പതിവായിരുന്നു. ഇതിനു മാറ്റമുണ്ടായി. വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ കൃഷിയിടം മാറ്റുന്നത് നിരോധിക്കപ്പെട്ടു. മാറ്റമാകട്ടെ, ശൈത്യകാലത്തുമാത്രമായി പരിമിതപ്പെടുത്തി.

ഇതിന്റെ പരിണിതഫലം അവര്‍ അടിമകളായി(Serf)ത്തീര്‍ന്നു എന്നതാണ്.

1505-ഇവാന്‍ മൂന്നാമന്‍ അന്തരിച്ചതോടെ, അദ്ദേഹത്തിന്റെ പുത്രന്‍ വാസിലി അധികാരമേറ്റു. ചക്രവര്‍ത്തി എന്നതിലേറെ കാമുകനായാണ് വാസിലി അറിയപ്പെടുന്നത്. (ഒരു റഷ്യന്‍ ഹെന്റി എട്ടാമന്‍). ഒരു മകനെ പ്രസവിക്കാത്ത ഭാര്യയെ പുതിയ ചക്രവര്‍ത്തി കാരാഗ്രഹത്തില്‍ അടച്ചുപൂട്ടി, ഹെലേനയെന്ന സ്ത്രീയെ രണ്ടാംഭാര്യയാക്കി.

ഇത് ജറുസലേമിലെ പാത്രിയാര്‍ക്കീസിന് അംഗീകരിക്കാന്‍ സാധിച്ചില്ല. അദ്ദേഹം ഈ ദാമ്പത്യത്തില്‍ നിന്നുമുണ്ടാകുന്ന പുത്രന്‍ സര്‍വതും നശിപ്പിക്കും എന്ന് പ്രവചിച്ചതായി ഐതിഹ്യമുണ്ട്. 1530 ഓഗസ്റ്റ്‌ 25 വാസിലി-ഹെലേന ദമ്പതികള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പ്രകൃതി വളരെ മോശമയി ക്ഷോഭിചിരുന്ന സമയത്ത്, ദുശകുനങ്ങളോടെ പിറന്ന ചക്രവര്‍ത്തികുമാരനെക്കുറിച്ച് മംഗോളിയന്‍ ഖാന്‍ റഷ്യന്‍ ജനതയോട് പറഞ്ഞതിങ്ങനെ: "രണ്ടു പല്ലുകളുള്ള ഈ കുട്ടി ഒരു ഭീകരജന്തുവാണ്. ഒരു പല്ലുകൊണ്ട് ഇവന്‍ ഞങ്ങളെയും മറ്റേ പല്ലുകൊണ്ട് നിങ്ങളെയും കടിച്ചുകീറും."

റഷ്യന്‍ സാമ്രാജ്യം കണ്ട ഏറ്റവും ക്രൂരനായ സാര്‍ ആയിരുന്നു ഈ സന്തതി. റഷ്യന്‍ ഭാഷയില്‍ "ഇവാന്‍ ഗ്രോസ്നി" എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ ഇവാന്‍ ദി ടെറിബിള്‍ എന്നാണറിയപ്പെടുന്നത്.

കൊച്ചു ഇവാന് മൂന്നുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍ വാസിലി അന്തരിച്ചു. അവിടെ നിന്നങ്ങോട്ട്‌ റഷ്യയില്‍ അധികാരവടംവലി ആരംഭിച്ചു. നന്നേ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ ഏതാണ്ട് പതിനാല് കൊലപാതകങ്ങള്‍ക്ക് കൊച്ചു ഇവാന്‍ സാക്ഷ്യം വഹിച്ചു. മോസ്ക്കോ മെത്രാപ്പോലീത്തയും അതില്‍ ഉള്പ്പട്ടിരുന്നു. ഏഴു വയസ്സു പ്രായമുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. ശത്രുക്കള്‍ വിഷം കൊടുത്തതാണ് മരണകാരണം എന്ന് വിശ്വസിക്കപ്പെടുന്നു.

ബോയാര്‍ എന്ന പ്രഭുക്കളായിരുന്നു ഇക്കാലത്ത് അധികാരം കൈയ്യാളിയിരുന്നത്. അവര്‍ പൊതുസ്വത്ത് ആവുന്നത്ര കൈയിട്ടുവാരി.

ഇതെല്ലാം കണ്ടും കേട്ടും വളര്‍ന്ന ഇവാന്‍ അതിക്രൂരനായതില്‍ അതിശയമില്ല.

തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തന്റെ സ്വത്തും കിരീടവും തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെയെങ്കിലും താന്‍ വകവരുത്തും. താമസിയാതെ, ഷ്വിന്‍സ്ക്കി കുലത്തില്‍ പെട്ട ഒരാളെ, പട്ടിയെകൊണ്ട് കടിച്ചുകീറി കൊലപ്പെടുത്തി.

പഴയ ഇവാന്‍ വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന സാര്‍ എന്ന സ്ഥാനപ്പേരില്‍ പുതിയ ഇവാന്‍ 1547-ല്‍, - തന്റെ പതിനേഴാം വയസ്സില്‍ - മൊത്തം റഷ്യയുടെ സാര്‍ ആയി അധികാരമേറ്റു.

വിസ്തൃതമായ രാജ്യം തന്റെ കാല്‍ക്കീഴില്‍ ഉണ്ടായിട്ടും പുതിയ ഇവാന്‍ തൃപ്തനായില്ല. അദ്ദേഹം സാമ്രാജ്യവികസനം ആരംഭിച്ചു.


No comments:

Post a Comment