ഇവാന് മൂന്നാമന്റെ
കാലത്ത് ടാര്ട്ടാര്‍സേനയെ റഷ്യ തോല്‍പിച്ചുവെങ്കിലും അവരെല്ലാം
തിരികെപോയിരുന്നില്ല. കുറേപ്പേര്‍ ചില പ്രത്യേക പ്രദേശങ്ങളിലായി, കോട്ടകള്‍ പണിത്
അതിനുള്ളില്‍ സുരക്ഷിതരായികഴിഞ്ഞുവന്നു. അത്തരത്തിലുള്ള ഒരു സ്ഥലമായിരുന്നു കസാന്‍.
കസാനിലെ മംഗോള്‍സൈന്യത്തിന്റെ അധീനതയിലായിരുന്നു പഴയ വൈക്കിംഗ്സ് ഉപയോഗിച്ചിരുന്ന
പൌരസ്ത്യദേശങ്ങളിലേയ്ക്ക്, വോള്‍ഗാനദിയിലൂടെയുള്ള
കച്ചവടറൂട്ടുകള്‍.
ഇവാന്‍ കസാന്‍കോട്ടയുടെ മുന്നില്‍ (ചിത്രത്തിനു കടപ്പാട്: വികീപീഡിയ) |
ഈ കാലഘട്ടത്തില്‍
പ്രതിദിനം ഏതാണ്ട് അമ്പതു ചതുരശ്രമൈല്‍ തോതില്‍ റഷ്യന്‍ സാമ്രാജ്യം
വികസിച്ചുകൊണ്ടിരുന്നു!
കസാനിലെ തന്റെ
വിജയത്തിന്റെ സ്മാരകമായി പണിതീര്‍ത്തതാണ്, പിന്നീട് മോസ്ക്കോയുടെ
പ്രതീകമായിതീര്‍ന്ന The Cathedral of the St. Vasil, the Blessed.. (Saint Basil’s
Cathedral).
ഇവാന് അധികാരത്തോടും
സാമ്രാജ്യവികസനതിനോടുമുള്ള ആവേശത്തിന് തുല്യമായിരുന്നു അദ്ദേഹത്തിന്
ചക്രവര്ത്തിനിയോടുള്ള സ്നേഹം. അനസ്തേഷ്യ കുലീനകുടുംബാംഗമായിരുന്നു. റഷ്യയിലെ അന്നേ പേരുകേട്ട റോമനോവ് കുടുംബാംഗം.
അനസ്തേഷ്യയുമൊരുമിച്ചുള്ള
ജീവിതകാലമായിരുന്നു ഇവാന്റെ ഏറ്റവും മഹത്വവും ഐശ്വര്യപൂര്‍ണ്ണവുമായ കാലഘട്ടം. ഈ
കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ക്രൂരത അധികം പുറത്ത് കാണാനായില്ല
1554-ല്‍ അനസ്തേഷ്യ
ആരോഗ്യവാനായ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.. കിരീടാവകാശി. ഇവാന്‍ അതീവസന്തുഷ്ടനായി.
പഷേ, ആറു
വര്‍ഷങ്ങള്‍ക്കുശേഷം, 1560-ല്‍ വിധി ഇവാനോട് ക്രൂരയമായി പെരുമാറി.
ആ വര്ഷം മോസ്ക്കോയില്‍
പടര്‍ന്ന ഒരു അഗ്നിബാധയെതുടര്‍ന്ന് അനസ്തേഷ്യയ്ക്ക് കഠിനമായ പനി പിടിക്കുകയും, അതേത്തുടര്‍ന്ന്
മരിക്കുകയും ചെയ്തു. ഇവാന്റെ കരളുരുകിയ ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ ഫലം
കണ്ടില്ല.
പിന്നീട് റഷ്യന്‍ജനത
കണ്ടത്, വിഭ്രാന്തനും
അതിക്രൂരനുമായ ചക്രവര്‍ത്തിയെയാണ്. ഇവാന്റെ അമ്മ ആരോ വിഷം കൊടുത്തതിനെ തുടര്‍ന്നാണ്
മരിച്ചതെന്ന് സംസാരമുണ്ടായിരുന്നു. അനസ്തേഷ്യയ്ക്കും ആരെങ്കിലും വിഷം
കൊടുത്തുകാണും എന്ന് ഇവാന്‍ ധരിച്ചുവശായി. തന്റെ ചുറ്റിനും എന്തോ ഗൂഡാലോചനകള്‍
നടക്കുന്നതായി അദ്ദേഹത്തിന് തോന്നി.
ചുറ്റിനുമുള്ള
എല്ലാവരെയും ഇവാന്‍ സംശയിച്ചു. അങ്ങിനെ സംശയിച്ചവരെയെല്ലാം അകത്താക്കി, മൃഗീയമായി
പീഡിപ്പിക്കുകയും, ചിലരെ
നാടുകടത്തുകയും മറ്റുചിലരെ വധിക്കുകയും ചെയ്തു. തന്നോട് വളരെ അടുപ്പമുണ്ടായിരുന്ന
പലരെയും ഇവാന്‍ വെറുതെവിട്ടില്ല.
“സാറിനോട് എത്ര
അടുക്കുന്നുവോ, അത്രയും
നിങ്ങള്‍ മരണത്തോടടുക്കുന്നു” എന്നൊരു ചൊല്ലുതന്നെ
റഷ്യയില്‍ ഉണ്ടായി.
സാറിന്റെ വളരെയടുത്ത
ചിലര്‍ ജീവന്‍ രക്ഷിക്കാനായി, രാജ്യം വിട്ട് റഷ്യയുടെ
ശത്രുരാജ്യങ്ങളില്‍ അഭയം തേടി. അവരില്‍ ചിലര്‍ കത്തുകളിലൂടെ ഇവാനെ ഉപദേശിക്കുകയും
കുറ്റപ്പെടുത്തുകയും ചെയ്തു. ഇതില്‍ കുപിതനായ ഇവാന്‍ തനിക്കു ചുറ്റും ഇനിയും
ശത്രുക്കളുണ്ടെന്നു വിശ്വസിച്ചു.
പ്രവചിക്കാനാവാത്ത
സ്വഭാവത്തിന്റെ ഉടമയായിരുന്ന ഇവാന്‍ 1564-ലെ ഒരു ഡിസംബര്‍ ദിനത്തില്‍ തന്റെ മുപ്പതു വര്‍ഷത്തെ
ഭരണത്തിനുശേഷം ചക്രവര്‍ത്തിപദം ഉപേക്ഷിച്ച് കൊട്ടാരം വിട്ടുപോയി. തന്നെ വേണ്ടപോലെ
ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് കാരണമായി അദ്ദേഹം പറഞ്ഞത്.
അങ്ങിനെ, റഷ്യന്‍സാമ്രാജ്യം
അധിപനില്ലാത്ത സാമ്രാജ്യമായി. അതിനെ കൂടുതല്‍ വഷളാക്കാന്‍ ആ വര്ഷം ശൈത്യം
മുമ്പൊന്നുമില്ലാത്ത വിധത്തില്‍ കഠിനമായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട
സാമ്രാജ്യം തകര്‍ന്നേക്കാം എന്ന് ഭയന്ന റഷ്യന്‍ജനത ഇവാന്റെയടുത്തെത്തി. ഇവാന്‍ ഇത്
മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. അവര്‍ അദ്ദേഹത്തോട് കേണപേക്ഷിച്ചു: “ഇടയനില്ലാതെ ആടുകള്‍
എന്തു ചെയ്യും?”
സ്വന്തം ഇഷ്ടത്തിനനുസരിച്ച്
ഭരിക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ ഇവാന്‍ ദി ടെറിബിള്‍ ചക്രവര്‍ത്തിയുടെ
സിംഹാസനത്തില്‍ വീണ്ടും ഉപവിഷ്ടനാകുന്നു. ഇതോടെ അദ്ദേഹത്തിന് മത-രാഷ്ട്രീയ
മേധാവികളില്‍ നിന്നുണ്ടായിരുന്ന പരിമിതികളെല്ലാം മാറിക്കിട്ടി.
കൊട്ടാരത്തിലെത്തി
രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവാന്‍ തന്റെ പുതിയ ശിക്ഷാവിധികള്‍ നടപ്പിലാക്കി.
അങ്ങിനെ നൂറുകണക്കിനാളുകള്‍ (നിരവധി വൈദികര്‍ ഉള്‍പ്പടെ) വധിക്കപ്പെട്ടു.
എതിര്‍പ്പുകളെ
ഇല്ലാതാക്കാന്‍ ഇവാന് ഒരു പ്രൈവറ്റ് ആര്‍മി തന്നെ ഉണ്ടായിരുന്നു. ഒപ്രിഷ്നിക്കി (Oprichniki)
എന്ന
പേരില്‍ അറിയപ്പെട്ട അറുനൂറു പേരുടെ ഒരു സംഘം. ഓര്‍ത്തഡോക്‍സ് സന്യാസിമാരുടെ
കറുത്ത വേഷത്തില്‍ കുതിരപ്പുറത്തു നടന്ന ഇവര്‍ നാടുനീളെ നാശം വിതച്ചു.. കൂട്ടക്കൊല
നടത്തി. ശത്രുക്കളെ കൊല്ലാനും പീഡിപ്പിക്കാനും ക്രൂരനായ ചക്രവര്‍ത്തി ചില നൂതനമാര്‍ഗങ്ങള്‍
കണ്ടെത്തി. ഒരാളെ ശത്രുവായി കരുതിയാല്‍ അയാളെ മാത്രമല്ല, അയാളുടെ മൊത്തം
കുടുംബത്തെ ഉന്മൂലനം ചെയ്യും.. ഇവാന്റെ യുക്തി ഇതായിരുന്നു. കുടുംബത്ത് ആരും
അവശേഷിക്കാതിരുന്നാല്‍ പരേതന്റെ ആത്മാവിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആരുമുണ്ടാവില്ല.
ഇഹലോകവാസത്തിനുശേഷവും അവര്‍ക്ക് നിത്യശിക്ഷ അങ്ങിനെ ഇവാന്‍ ഉറപ്പാക്കി..
No comments:
Post a Comment