Friday 6 February 2015

റഷ്യന്ചരിത്രം (ഒന്ന്)

ആമുഖം
“Russia is a riddle wrapped in a mystery inside an enigma.”.
ചര്‍ച്ചിലിന്റെ വാക്കുകളാണ്..
വളരെയടുത്തകാലത്താണ് റഷ്യന്‍ ചരിത്രത്തോട് അഭിനിവേശം തോന്നിയത്. ചരിത്രമറിയാനുള്ള കുറുക്കുവഴി കണ്ടുകിട്ടിയത് യുട്യൂബിലും. ഇരുപതു ഭാഗങ്ങളുള്ള ഒരു വീഡിയോ സീരിസ് കാണാനിടയായി. അവയോരോന്നായി കണ്ടുകൊണ്ടിരിക്കുന്നു.
മറ്റു ഗവേഷണമൊന്നും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. ഈ വീഡിയോ നിര്‍മ്മിച്ചവര്‍ പറയുന്ന ചരിത്രം ഞാന്‍ ഇവിടെ കുറിക്കുന്നു. ചരിത്രപണ്ഡിതന്മാര്‍ ഇതില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം എന്നതുകൊണ്ട് ഒരു മുന്‍‌കൂര്‍ജാമ്യം എടുക്കുന്നു. 

ഈ കുറിപ്പിന്റെ അവസാനം ബന്ധപ്പെട്ട വീഡിയോയും പോസ്റ്റ് ചെയ്യുന്നുണ്ട്. താല്പര്യം ഇല്ലാത്തവര്‍ ഇത്‌ അവഗണിക്കുക. താല്പര്യമുള്ള ചിലരെങ്കിലും ഉണ്ടാകും എന്ന വിശ്വാസിക്കുന്നു.

****
ഭൂമിയുടെ ആറിലൊന്നു വിസ്തീര്‍ണ്ണമുള്ള റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. വൈരുധ്യങ്ങളുടെ കലവറയും.. റഷ്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ദൂരം മോസ്കോയില്‍ നിന്ന് ചിക്കാഗോയിലേയ്ക്കുള്ളത്ര ദൂരത്തിനു സമമാണ്. റഷ്യ യുറോപ്യന്‍ രാജ്യമായാണ്‌ കണക്കാക്കപ്പെടുന്നതെങ്കിലും ഈ രാജ്യത്തിന്റെ നല്ലൊരു ഭാഗം ഏഷ്യാഭൂഖണ്ഡത്തിലാണ് (സത്യത്തില്‍ യുറോപ്പ് എന്നൊരു ഭൂഖണ്ഡമുണ്ടോ?).
വിസ്തൃതമായ ഈ രാജ്യത്തെ ബന്ധിപ്പിച്ചിരുന്നത് നദികളായിരുന്നു. ഈ നിരവധി നദികളാണ് മനുഷ്യരുടെ യാത്രയും ചരക്കുകളുടെ നീക്കവും സാധ്യമാക്കിയത്. ഇതേ നദികള്‍ അസൌകര്യവും ഒരുക്കി. ഈ നദികളിലൂടെയാണ് ഒന്‍പതാം നൂറ്റാണ്ടില്‍ അന്ന് ലോകത്തിലെ പ്രമുഖ കടല്ക്കൊള്ളക്കാരായിരുന്ന സ്കാണ്ടിനെവിയന്‍ പ്രദേശത്തെ വൈക്കിംഗ്സ് (റഷ്യന്‍ ഭാഷയില്‍ അവര്‍ റൂസ് എന്നാണറിയപ്പെട്ടിരുന്നത്) റഷ്യയുടെ ഉള്‍ഭാഗത്ത് കയറിക്കൂടിയത്. വൈക്കിംഗ് കൊള്ളക്കാര്‍ വ്യാപാരികളുമായിരുന്നു. റഷ്യ ആസ്ഥാനമാക്കിയാണ് അവര്‍ അറേബ്യ, കോന്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സ്ഥലങ്ങളുമായി വ്യാപാരത്തിലേര്‍പ്പെട്ടത്. അങ്ങിനെ, കാലാന്തരത്തില്‍ ഈ രാജ്യം "വൈക്കിംഗ്സിന്റെ നാട്" എന്ന അര്‍ത്ഥംവരുന്ന റഷ്യആയി പുറംലോകത്ത് അറിയപ്പെട്ടു.
പത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യ പരസ്പരം കലഹിക്കുന്ന വൈക്കിംഗ് പ്രഭുക്കന്മാരുടെ നാടായിതീരുന്നു. കിയേവ് (ഇന്നത്തെ യുക്രൈന്‍ തലസ്ഥാനം) പ്രഭു ആയിരുന്ന വ്ലാഡിമിര്‍ ആയിരുന്നു അവരില്‍ ഏറ്റവും ശക്തന്‍.
തന്റെ കീഴിലുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സാംസ്ക്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നാക്കാന്‍ കഴിയുന്ന ശക്തി ഏതാണെന്ന് വ്ലാഡിമിര്‍ അന്വേക്ഷിച്ചു. ഇക്കാര്യത്തില്‍ മതത്തോളം പറ്റിയ മറ്റൊന്നും ഇല്ലെന്ന് മനസിലാക്കിയ വ്ലാഡിമിര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെയ്ക്കും തന്റെ ദൂതന്മാരെ അയച്ചു. അവര്‍ ജൂത, ഇസ്ലാം, കത്തോലിക്കാ മതങ്ങളിലെ നേതാക്കന്മാരെ കണ്ട് സംഭാഷണം നടത്തി. പക്ഷെ അവര്‍ക്ക് ഏറ്റവും മെച്ചമായിതോന്നിയത് തുര്‍ക്കിയിലെ കോന്‍സ്റ്റാന്റിനോപ്പിളില്‍ (ഇന്നത്തെ ഈസ്താംപൂള്‍) നിലവിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്തുമതമായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിലെ തലസ്ഥാനത്തെ രാജകീയപ്രൌഡിയും ദേവാലയങ്ങളുടെ മായികസൗന്ദര്യവും വ്ലാഡിമിര്‍ ദൂതന്മാരെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ അധികാരം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ മെച്ചമായതൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞ വ്ലാഡിമിര്‍ ജനങ്ങളോട് മാമോദീസാ സ്വീകരിച്ചു പുതിയ മതത്തിന്റെ അനുയായികള്‍ ആകാന്‍ ഉത്തരവിട്ടു. ആജ്ഞ അനുസരിക്കാത്തവര്‍ അദ്ദേഹത്തിന്റെ കൊപത്തിനിരകളായി.
വ്ലാഡിമിര്‍ അങ്ങിനെ റഷ്യയെ ഒന്നാക്കി. പക്ഷെ അദ്ദേഹത്തിന്റെ മരണാനന്തരം കാര്യങ്ങള്‍ കൈവിട്ടുപോയി. സ്വിറ്റപോള്ക്ക് എന്ന മകന് തന്റെ സഹോദരന്മാരുമായി അധികാരം പങ്കിടുന്നതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. സഹോദരന്മാര്‍ ജീവനോടെയിരുന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ, അവര്‍ തന്റെ അധികാരത്തിനു ഭീക്ഷണിയാകും എന്ന് തോന്നിയ സ്വിറ്റപോള്ക്ക് സഹോദരന്മാരെ (ബോറിസ്, ഗ്ലെബ്) വകവരുത്തി. എന്നാല്‍ ഇതിന്റെ പേരില്‍ ജനം ഒന്നാകെ ഇളകിമറിഞ്ഞു. സ്വിറ്റപോള്ക്കിന് നാടുവിട്ടോടേണ്ടി വന്നു.
വധിക്കപ്പെട്ട സഹോദരന്മാരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പ്രഥമ വിശുദ്ധരാണിവര്‍.
ഇത് രക്തചൊരിച്ചിലിന്റെ തുടക്കം മാത്രമായിരുന്നു
1237ല്‍ പൌരസ്ത്യലോകം മിക്കവാറും കീഴടക്കിയ മംഗോള്‍ സൈന്യം റഷ്യയെയും അതെത്തുടര്‍ന്ന്‍ യൂറോപ്പിനെയും കീഴടക്കാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധയന്ത്രമായിരുന്നു മംഗോള്‍സൈന്യം. പതിനായിരിക്കണക്കിനു വീരശൂരപരാക്രമികളായ മംഗോള്‍ ഭടന്മാര്‍ അവരുടെ കുതിരകളുമായി റഷ്യയില്‍ പ്രവേശിച്ചു..


1 comment:

  1. മിനി പി സി9 February 2015 at 22:43

    വായിച്ചു ...ഇങ്ങോട്ടുള്ള വഴി പറഞ്ഞു തന്ന മുരളിയേട്ടനും ഈ പോസ്റ്റ്‌ മുതലാളിയ്ക്കും നന്ദി .....ആശംസകള്‍ !

    ReplyDelete