[ഒരു വിശദീകരണം.
റഷ്യയിലെ സേര്‍ഫ്ഡം (Serfdom) എന്നറിയപ്പെടുന്ന സമ്പ്രദായം അമേരിക്കയില്‍
നിലവിലിരുന്ന അടിമവ്യവസ്ഥയില്‍ നിന്നും അല്പം വ്യത്യസ്തമാണ്. അടിമചന്തയില്‍
നിന്നും വിലകൊടുത്തു വാങ്ങിയിരുന്നവരെ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കലായിരുന്നു അമേരിക്കയിലെ അടിമത്തം. റഷ്യയില്‍ ഇത് കുറെ
വിഭിന്നമായിരുന്നു. നിയമംമൂലം സമൂഹത്തിലെ കുലീനര്‍ക്കു(Nobles)മാത്രമായിരുന്നു അവിടെ ഭൂവുടമയാകാനുള്ള അവകാശം. എഴുപതുശതമാനത്തോളം വരുന്ന
താഴെത്തട്ടുകാര്‍ക്ക് (വിദേശികളല്ല, സ്വദേശികള്‍ തന്നെ) സ്വന്തമായി
കൃഷിയിടങ്ങള്‍ ഇല്ല. അവര്‍ സ്വന്തം കൂരയില്‍ താമസിച്ച് യജമാനന്റെ പറമ്പില്‍
സ്വന്തമായി കൃഷി ചെയ്തുകൊള്ളണം. യജമാനന്റെ മനോഭാവം അടിമകളോടെന്നപോലെതന്നെ. കൃഷി
ലാഭകരമല്ലാതെവന്നാല്‍ കൃഷിയിടം മാറുന്നതിനും നിയമതടസങ്ങളും നിയന്ത്രണങ്ങളും
ഉണ്ടായിരുന്നു. ഇവര്‍ കുറെദിവസം സ്വന്തം കൃഷിയിടങ്ങളിലും ബാക്കി ദിവസങ്ങളില്‍
യജമാനന്റെ സ്ഥലത്തും (സൌജന്യമായി) പണിയെടുക്കേണ്ടിയിരുന്നു. Serf എന്ന വാക്കിന് മലയാളത്തില്‍ തത്തുല്യമായ പദം ഉള്ളതായി അറിയാത്തതിനാലാണ് ഈ
വിശദീകരണം.]
റഷ്യയെ ആധുനിവല്‍ക്കരിക്കാനുള്ള
ശ്രമത്തില്‍ അലക്സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തി പുതിയ ഫാക്റ്ററികളും
വ്യവസായങ്ങളും ആരംഭിച്ചു. കരിങ്കടല്‍ പ്രദേശത്തേയ്ക്ക് ഒരു റെയില്‍വേലൈനും
തുടക്കമിട്ടു.
പണ്ടൊരു രസികന്‍
തമാശയായി പറഞ്ഞുകേട്ടിട്ടുണ്ട്, ഏതോ റഷ്യന്‍ രാജാവ് പട്ടയടിക്കാന്‍
കാശില്ലാതെവന്നപ്പോള്‍ അമേരിക്കയ്ക്ക് വിറ്റതാണ് അലാസ്ക്കയെന്ന്. ആ കച്ചവടം
നടത്തിയത് യഥാര്‍ത്ഥത്തില്‍ ഈ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്. 1867 മാര്‍ച്ച് മുപ്പതാംതിയതി 7.2 മില്യണ്‍ ഡോളറിനായിരുന്നു
അലാസ്ക്കാപ്രദേശം അലക്സാണ്ടര്‍ രണ്ടാമന്‍ അമേരിക്കയ്ക്ക് കൈമാറിയത്. അന്നതൊരു നല്ല
വിലയായാണ് കണക്കാക്കപ്പെട്ടത്.
പക്ഷെ, അലക്സാണ്ടര്‍ അറിയപ്പെടുന്നത് റഷ്യയില്‍ അടിമത്തം അവസാനിപ്പിച്ച ചക്രവര്‍ത്തിയെന്ന
നിലയിലാണ്. Tsar the Liberator.
അടിമത്ത
വ്യവസ്ഥയില്‍ പടുത്തുയര്‍ത്തുന്ന ഒരു രാജ്യത്തിന് വ്യാവസായികമായി പുരോഗതി
ഉണ്ടാവുകയില്ലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സാറിന്റെ ആശയങ്ങള്‍ കേട്ടറിഞ്ഞ റഷ്യന്‍
കുലീനര്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു. കൂലിയില്ലാതെ വേല ചെയ്യാനാളില്ലാതായാല്‍
പ്രഭുക്കളുടെ അധോഗതിയാവും ഫലമെന്നും, അത് റഷ്യയുടെ സാമ്പത്തികനിലയെ തകര്‍ക്കുമെന്നുമൊക്കെ
അവര്‍ വാദിച്ചു. പ്രസിദ്ധമായ ഒരു പ്രസംഗത്തില്‍ അലക്സാണ്ടര്‍ അവരോടു ഇങ്ങനെ
പറഞ്ഞു:
“മുകളില്‍ നിന്ന് നാം അവരെ ഇന്നു മോചിപ്പിച്ചില്ലെങ്കില്‍, താഴെനിന്ന് അവര്‍ അവരെത്തന്നെ സ്വയം മോചിപ്പിക്കും.”
(മാറ്റുവിന്‍ ചട്ടങ്ങളെ... എന്ന് നമ്മുടെ കവി പറഞ്ഞ കാര്യം തന്നെ!)
(മാറ്റുവിന്‍ ചട്ടങ്ങളെ... എന്ന് നമ്മുടെ കവി പറഞ്ഞ കാര്യം തന്നെ!)
1861-ല്‍, അബ്രാഹം ലിങ്കണ്‍ അമേരിക്കന്‍ അടിമകളെ മോചിപ്പിക്കുന്നതിനു രണ്ടുവര്‍ഷം
മുന്നേ, അലക്സാണ്ടര്‍ “എമാന്‍സിപേഷന്‍ മാനിഫെസ്റ്റോ’യില്‍ ഒപ്പുവച്ചു. വിമോചകനായ ചക്രവര്‍ത്തിയുടെ
വാഗ്ദാനം ഇതായിരുന്നു. കൃഷി ചെയ്യുന്ന സ്ഥലം ഭൂവുടമയില്‍ നിന്നും
വാങ്ങാനാവശ്യമായിവരുന്ന തുകയുടെ എണ്പതു ശതമാനം ഖജനാവില്‍നിന്നും ദീര്‍ഘകാലാവായ്പയായി
ലഭിക്കും.
പക്ഷെ ഫലത്തില്‍
സംഭവിച്ചതിതാണ്. സ്ഥലത്തിന് നിലവിലുള്ളതിലും വളരെ കൂടുതല്‍ വില കൊടുക്കേണ്ടി
വന്നു. അതിനുംപുറമേ വര്‍ഷങ്ങളോളം കടക്കെണിയിലുമായി. ഇതുമൂലം ദരിദ്രര്‍ കൂടുതല്‍
ദാരിദ്ര്യരായി. കാര്‍ഷികവിള ഗണ്യമായി കുറയുകയും, രാജ്യത്തിന്റെ
സാമ്പത്തികനില തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തു.
റാഡിക്കലായ
മാറ്റങ്ങളില്‍ കൂടിമാത്രമേ രാജ്യത്തിന്റെയും ജനങ്ങളുടെയും നില ഭദ്രമാക്കാന്‍ കഴിയൂ
എന്ന് ചില തീവ്രവാദികള്‍ക്ക് തോന്നി. ഈ പ്രസ്ഥാനം Narodnaya Volya (അഥവാ Peoples’ Will) എന്നാണറിയപ്പെട്ടിരുന്നത്. അവര്‍ക്ക്
നേതൃത്വം കൊടുത്തിരുന്നത് ഒരു സ്ത്രീയായിരുന്നു. മുന്‍ സെന്റ് പീറ്റേര്‍സ്ബെര്‍ഗ്
ഗവര്‍ണ്ണര്‍ജനറലിന്റെ പുത്രി, സോഫിയ. സോഫിയയും കൂട്ടരും രാജ്യത്തെ
രക്ഷിക്കാന്‍ സാറിനെ ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിശ്വസിച്ചു.
ഏഴുവട്ടം
സാറിന്റെനേരേ വധശ്രമങ്ങള്‍ നടന്നു. രാജ്യത്താകെ ഭീതി പടര്‍ന്നുപിടിച്ചു.
ഇതിനിടയിലും
ചക്രവര്‍ത്തി തന്റെ ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടു പോയി. റഷ്യയില്‍ ആദ്യമായി ഒരു
ലജിസ്ലേറ്റീവ് കൌണ്‍സില്‍ തുടങ്ങാനുള്ള പ്രഖ്യാപനം നടത്തി. അങ്ങിനെ, ചരിത്രത്തിലാദ്യമായി ഒരു റഷ്യന്‍ ചക്രവര്‍ത്തി തന്റെ അധികാരം
മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയ്യാറായി.
ഈ കൌണ്‍സില്‍
നടപ്പില്‍ വരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ,
1881 മാര്‍ച്ച്
ഒന്നാംതിയതി ഞായറാഴ്ച, ചക്രവര്‍ത്തി സഞ്ചരിച്ചിരുന്ന
കുതിരവണ്ടിയുടെ നേരെ തീവ്രവാദികളില്‍ ഒരാള്‍ ഗ്രനേഡ് എറിഞ്ഞു. നാശനഷ്ടങ്ങള്‍
ഉണ്ടായെങ്കിലും “ബുള്ളറ്റ് പ്രൂഫ്” വണ്ടിയായിരുന്നതിനാല് (ഫ്രഞ്ച് ചക്രവര്‍ത്തി
സമ്മാനമായി നല്‍കിയതായിരുന്നു ആ വാഹനം) അലക്സാണ്ടറിനു പരുക്കേറ്റില്ല. പക്ഷെ, പരിക്കേറ്റവരെ കാണാനായി വണ്ടിയില്‍നിന്നും പുറത്തിറങ്ങിയ അലക്സാണ്ടറിനു
നേരെ വീണ്ടും ആരോ ഗ്രനേഡ് എറിഞ്ഞു. അദ്ദേഹത്തിന്റെ തല ചിതറി, കാലുകള്‍ വേര്‍പെട്ടു. തന്റെ വിന്റര്‍ കൊട്ടാരത്തില്‍ എത്തിയ അലക്സാണ്ടര്‍
രക്തംവാര്‍ന്നു മരിച്ചു.
പുതിയ യുഗത്തിനു
തുടക്കമായെന്നും ജങ്ങള്‍ക്ക് സ്വാതന്ത്ര്യം സമാഗതമായെന്നും വിപ്ലവകാരികള്‍ കരുതി.
പക്ഷെ അതിന്റെ വിപരീതമായിരുന്നു യഥാര്‍ത്ഥ പരിണിതഫലം.
റഷ്യന്‍ഭരണകൂടത്തിന്റെ
അടിച്ചമര്‍ത്തല്‍ പൂര്‍വാധികം ശക്തിയോടെ പുനരാരംഭിച്ചു. ചക്രവര്‍ത്തിയുടെ
ചുമതലയേറ്റ പുതിയ ചക്രവര്‍ത്തി (അലക്സാണ്ടര്‍ മൂന്നാമന്‍) സോഫിയായെയും മറ്റു
തീവ്രവാദികളെയും തിരഞ്ഞുപിടിച്ച് വധിച്ചു. തന്റെ പിതാവ് കൊല്ലപ്പെട്ട സ്ഥലത്ത്
വളരെ ഭംഗിയുള്ള പള്ളി (The Church of the
Savior on Spilled Blood) പണിതു.
The Church of the Savior on Spilled Blood (Wikipedia Picture) |
ആറു വര്‍ഷങ്ങള്‍ക്കുശേഷം
പഴയ തീവ്രവാദികളില്‍ അവശേഷിച്ചിരുന്നവര്‍ പുതിയ സാറിനെ വധിക്കാന്‍ തീരുമാനിച്ചു.
പക്ഷെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പേ അവര്‍
പിടിക്കപ്പെട്ടു. അവരുടെ നേതാക്കന്മാരെയെല്ലാം തൂക്കിലേറ്റി. അന്ന് തൂക്കിലേറിയവരില്‍
അലക്സാണ്ടര്‍ ഉള്യാനോവ് എന്നൊരാള്‍ ഉണ്ടായിരുന്നു. ഉള്യാനോവിന് വ്ലാഡിമിര്‍ എന്നു
പേരുള്ള ഒരനുജന്‍ ഉണ്ടായിരുന്നു. വ്ലാഡിമിര്‍ ഉള്യാനോവ്. ആ കൊച്ചനുജന്‍ പിന്നീട്
മറ്റൊരു പേരിലാണ് അറിയപ്പെട്ടത് – ലെനിന്‍.
ഇതിനിടയിലും റഷ്യ
വ്യാവസായികമേഖലയില്‍ അസൂയാവഹമായ പുരോഗതികള്‍ കൈവരിച്ചു. മുപ്പതുവര്‍ഷത്തിനുള്ളില്‍
മുപ്പതിനായിരം മൈല്‍ നീളത്തില്‍ റെയില്‍വേ ലൈനുകള്‍ പിണിതീര്‍ക്കപ്പെട്ടു. പുതിയ
ഫാക്ടറികള്‍ ഉണ്ടായി. പഴയ കര്‍ഷകര്‍ ഫാക്ടറി തൊഴിലാളികളായിമാറി. അങ്ങിനെ റഷ്യയിലെ
മോസ്ക്കോ, സെന്റ് പീറ്റേര്‍ബെര്‍ഗ്, കിയേവ് തുടങ്ങിയ നഗരങ്ങളില്‍ വര്‍ക്കിംഗ് ക്ലാസ് (നമ്മുടെ ഭാഷയില്‍ “അധ്വാനിക്കുന്ന ജനവിഭാഗം") ഉണ്ടായി. പഴയ ചെറുപട്ടണങ്ങള്‍
നഗരങ്ങളായി. കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തങ്ങള്‍ റഷ്യയിലെത്തി. സെന്റ് പീറ്റേര്‍ബെര്‍ഗിന്റെ
ജനസംഖ്യ ഒരു മില്യണ്‍ (പത്തുലക്ഷം) ആയി. ആ പത്തുലക്ഷത്തില്‍ ഒരു യുവവക്കീലും
ഉണ്ടായിരുന്നു. കുലീനജാതനായ, ഒരു സ്കൂള്‍ സൂപ്രണ്ടിന്റെ മകന്‍.
നമുക്കെല്ലാം സുപരിചിതനായ
ലെനിന്‍.
ആ നഗരത്തില്‍ ഒരു
സോഷ്യലിസ്റ്റ് വര്‍ക്കേര്‍സ് പാര്‍ട്ടി ഉണ്ടാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ
ലക്‌ഷ്യം.
No comments:
Post a Comment