Friday, 6 February 2015

റഷ്യന്ചരിത്രം (പതിനെട്ട്)

റഷ്യ ചരിത്രത്തിന്റെ ഒരു വഴിത്തിരിവിലായിരിക്കുന്ന ഘട്ടത്തിലാണ് ലെനിന്‍ സെന്റ്‌ പീറ്റേര്‍സ്ബര്‍ഗില്‍ എത്തുന്നത്. അലക്സാണ്ടര്‍ രണ്ടാമന്റെ ഭരണം അതിന്റെ അവസാനഘട്ടത്തില്‍. പതിമൂന്നു വര്‍ഷത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളും സാമ്പത്തിക വികസനങ്ങളും ഒരുപോലെ നടന്നു. അടുത്തവര്ഷം ചക്രവര്‍ത്തി മരണപ്പെട്ടു.

ഇരുപത്താറു വയസ്സുള്ള പുത്രന്‍, അനന്തരാവകാശി, നിക്കോളാസ് രണ്ടാമന്‍ എന്ന പേരില്‍ റഷ്യയുടെ പുതിയ ചക്രവര്‍ത്തിയായി. ചെറുപ്പംമുതലേ, ഭരണകാര്യങ്ങളില്‍ യാതൊരു താല്‍പര്യവും കാണിക്കാതിരുന്ന ആളായിരുന്നു പുതിയ ചക്രവര്‍ത്തി. റഷ്യയിലുണ്ടായ മാറ്റങ്ങളെക്കുറിച് അദ്ദേഹത്തിന് കാര്യമായ ഗ്രാഹ്യം ഉണ്ടായിരുന്നില്ല.

സ്ഥാനാരോഹണം കഴിഞ്ഞയുടനെ അലെക്സ് വിക്ടോറിയ ലൂയിസ് എന്ന ജര്‍മ്മന്‍ രാജകുമാരിയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. ആഡംബരപൂര്‍ണ്ണമായിരുന്നു വിവാഹചടങ്ങ്. റഷ്യ പഴയ ചക്രവര്‍ത്തിയുടെ നിര്യാണത്തില്‍ ഔദ്യോഗികമായി ദുഖാചരണം നിലവിലിരിക്കുമ്പോഴായിരുന്നു വിവാഹം. അങ്ങിനെ ജര്‍മ്മന്‍ വധുവിനു "ശവപ്പെട്ടിയുടെ പിന്നാലെ വന്നവള്‍" എന്നൊരു പേരും കിട്ടി.

ഇംഗ്ലണ്ട് ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയായിരുന്നുവെങ്കിലും, ഭരണകാര്യങ്ങളില്‍ ഇവര്‍ക്കും (അവര്‍ പിന്നീട് അലക്സാണ്ട്ര എന്ന റഷ്യന്‍ പേര് സ്വീകരിച്ചു) യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അന്തര്‍മുഖയായിരുന്ന ചക്രവര്‍ത്തിനി ഏകാന്തത ഇഷ്ടപ്പെട്ടിരുന്നു. ഇതിനെ അഹങ്കാരമായാണ് റഷ്യന്‍ജനത വീക്ഷിച്ചത്‌. 

സാര്‍ നിക്കോളാസ് രണ്ടാമന്‍
(വിക്കിപീഡിയ ചിത്രം)
മുപ്പതു വര്‍ഷങ്ങളായി ബലമുപയോഗിച്ചു വ്യവസായവല്‍ക്കരണം നടത്തിയിട്ടും റഷ്യയിലെ ദരിദ്രര്‍ ദാരിദ്ര്യത്തില്‍ തന്നെ തുടര്‍ന്നു. പുതിയ ഫാക്ടറികള്‍ അസ്വസ്തകളുടെ ഈറ്റില്ലമായി. ഈ അസംതൃപ്തിയെ ലെനിനെപ്പോലുള്ള വിപ്ലവകാരികള്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചു. അവര്‍ മാര്‍ക്സിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വിപ്ലവസെല്ലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1895-ല്‍ ഭരണകൂടം ലെനിനെ അറസ്റ്റ് ചെയ്ത് സൈബീരിയയിലേയ്ക്ക് നാടുകടത്തി. അവിടെനിന്നും വിട്ടയച്ചപ്പോള്‍ ലെനിന്‍ വിദേശത്തേയ്ക്ക് പാലായനം ചെയ്തു. പക്ഷെ അവിടെയിരുന്നും അദ്ദേഹം റഷ്യയിലെ വിപ്ലവത്തിന് ആക്കം കൂട്ടി.

ദന്തപുരവാസിയായി കഴിഞ്ഞിരുന്ന ചക്രവര്‍ത്തിയ്ക്കും കുടുംബത്തിനും ജനത്തിന്റെ പ്രശ്നം മനസിലാക്കാന്‍ സാധിച്ചില്ല. അത്ര അന്തരമുണ്ടായിരുന്നു അവരുടെ ജീവിതങ്ങള്‍ തമ്മില്‍. ചക്രവര്‍ത്തി സാമ്രാജ്യവികസനത്തില്‍ വ്യാപൃതനായിരുന്നു.

തന്റെ സാമ്രാജ്യവികസനസ്വപ്നങ്ങള്‍ക്ക് വിഘാതമായിരുന്ന ജപ്പാനുമായി യുദ്ധത്തിനൊരുമ്പെട്ടു. 1904-ല്‍ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നും ലക്ഷക്കണക്കിന്‌ സൈനികരും, അവരെ പിന്തുണയ്ക്കാന്‍ മുന്നൂറു കപ്പല്‍ അടങ്ങിയ ഒരു നാവികപ്പടയും ജപ്പാന്‍ ലക്ഷ്യമാക്കി നീങ്ങി. മെഷീന്‍ ഗണ്ണും മെച്ചപ്പെട്ട മറ്റു യുദ്ധോപകരണങ്ങളും ഉണ്ടായിരുന്ന ജപ്പാന്‍ ഒറ്റ യുദ്ധത്തില്‍തന്നെ റഷ്യയുടെ മൂന്നിലൊന്നു കപ്പലുകള്‍ മുക്കിക്കളഞ്ഞു. മഹാനായ പീറ്ററിന്റെ സൃഷ്ടിയും, റഷ്യയുടെ അഭിമാനവുമായ റഷ്യന്‍ നാവികപ്പട അങ്ങിനെ ഏതാണ്ടില്ലാതായി. രാജ്യത്തിന്റെ അഭിമാനവും ചക്രവര്‍ത്തിയുടെ പ്രതിഛായയും കൂപ്പുകുത്തി. ലഹള നടന്നുകൊണ്ടിരുന്ന തലസ്ഥാനത്ത് വാര്‍ത്തയെത്തി.

ദൈവികമായി ചക്രവര്‍ത്തിയ്ക്ക് ലഭിച്ചു എന്ന് വിശ്വസിക്കപ്പെട്ടിരുന്ന, ജനങ്ങളെ ചവുട്ടിമെതിച്ചു ഭരിക്കാനുള്ള അദ്ദേഹത്തിന്റെ, പരമാധികാര സങ്കല്‍പവും ജനരോഷവും തമ്മില്‍ ഏറ്റുമുട്ടിയെ കാഴ്ചകളാണ് പിന്നീട് റഷ്യയില്‍ കണ്ടത്.

വിവാഹം കഴിഞ്ഞു പത്തു വര്‍ഷങ്ങള്‍ക്കും, നാലു പെണ്‍കുട്ടികള്‍ക്കും ശേഷം ചക്രവര്‍ത്തി ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു പിറന്നു. അങ്ങിനെ റഷ്യയില്‍ ഒരു കിരീടാവകാശി ഉണ്ടായി. രാഷ്ട്രം ഇത് ആഘോഷിച്ചു. പക്ഷെ ശൈശവദശയില്‍തന്നെ കുട്ടി രോഗാതുരനായിരുന്നു. താമസിയാതെ ഡോക്ടര്‍മാര്‍ വിധിയെഴുതി കുട്ടിയ്ക്ക് ഹീമോഫീലിയ എന്ന അസുഖമുണ്ട്. പരമ്പരാഗതമായി വരുന്ന, അന്നത്തെക്കാലത്ത് ചികിത്സയില്ലാതിരുന്ന അസുഖം. ഇതു ബാധിച്ചവരില്‍ മിക്കവരും ബാല്യത്തില്‍ തന്നെ രക്തം വാര്‍ന്ന് മരിച്ചുപോവുകു പതിവായിരുന്നു.

ഈ രോഗവിവരം പരമരഹസ്യമായാണ് സൂക്ഷിച്ചത്. രോഗവിവരം ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഈ കുട്ടിയുടെ പിന്നാലെ റഷ്യയില്‍ കഠിനമായ വിലക്കയറ്റവും, ശൈത്യകാലത്ത് കഷ്ടപ്പാടുകളും പട്ടിണിയുമെത്തി.

1905 ജനുവരി ഒന്‍പതാംതിയതിയിലെ പ്രകടനം
നയിച്ച വൈദികന്‍
(വിക്കിപീഡിയ ചിത്രം) 
1905 ജനുവരി ഒന്‍പതാംതിയതി, ഞായറാഴ്ച, ഒരു വമ്പിച്ച ജനാവലി ചക്രവര്‍ത്തിയുടെ ശീതകാലവസതിയിലെത്തി. അവരില്‍ തൊഴിലാളികളും, വിദ്യാര്‍ഥികളും പുരോഹിതരും ഉണ്ടായിരുന്നു. ഒരു പുരോഹിതനാണ് ഇവരെ നയിച്ചിരുന്നത്. ഒരുലക്ഷം പേര്‍ ഒപ്പിട്ട ഒരു പെറ്റീഷനുമായാണ് അവര്‍ വന്നത്. അവരുടെ ആവശ്യങ്ങള്‍ - ജനാധിപത്യസ്വഭാവമുള്ള സര്‍ക്കാര്‍, അഭിപ്രായസ്വാതന്ത്ര്യം, തൊഴിലവകാശങ്ങള്‍, ജപ്പാനുമായി സമാധാനം... തികച്ചും ശാന്തവും, ആരാഷ്ട്രീയവുമായ പ്രതിക്ഷേധം. അവര്‍ വിപ്ലവവാക്യങ്ങള്‍ മുഴക്കുകയോ, അത്തരം ബാനര്‍ കൈയിലേന്തുകയോ ചെയ്തിരുന്നില്ല. പെറ്റീഷന്‍ ചക്രവര്‍ത്തിയ്ക്ക് നേരിട്ടുകൊടുക്കാതെ അവര്‍ പിരിയുകയില്ല എന്നു ശഠിച്ചു. ചക്രവര്‍ത്തിയും കുടുംബവും ആ സമയത്ത് നഗരത്തിനുവെളിയില്‍ ആയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനാവാതെവന്നപ്പോള്‍ പാലസ് ഗാര്‍ഡുകള്‍ നിര്ദ്ദയമായി വെടിവച്ചു. ഈ വെടിവെയ്പില്‍ വളരെയേറെപ്പേര്‍ കൊല്ലപ്പെട്ടു. മരിച്ചത് നൂറോളം പേരാണെന്ന് കൊട്ടാരം അധികൃതരും, ആയിരംപേരായിരുന്നുവെന്നു പ്രകടനക്കാരും അവകാശപ്പെട്ടു.

"ബ്ലഡിസന്‍ഡേ" എന്നപേരില്‍ ചരിത്രത്തില്‍ ഇടംതേടിയ ഈ സംഭവത്തോടെ റഷ്യന്‍ജനമാകെ ഇളകിമറിഞ്ഞു.

റഷ്യന്‍ജനതയുടെ ദുസ്സഹമായ ജീവിതത്തെക്കുറിച്ച് ചക്രവര്‍ത്തിയ്ക്ക് ഒന്നുമറിയില്ല എന്ന മിത്ത് ഇതോടെ പൊളിഞ്ഞു. വേനല്‍ക്കാലമായപ്പോഴെയ്ക്കും റഷ്യയില്‍ ഉടനീളം ഫാക്ടറികളും കൃഷിസ്ഥലങ്ങളും സ്തംഭിച്ചു. അമ്പതോളം റഷ്യന്‍ നഗരങ്ങള്‍ വിപ്ലവകാരികളുടെ പിടിയിലായി. ആയുധധാരികളായ തൊഴിലാളികള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന പണിശാലകള്‍ നശിപ്പിക്കുമെന്ന് ഭീക്ഷണി മുഴക്കി.

കാര്യങ്ങളുടെ പോക്ക് നിയന്ത്രണാതീതമാണെന്ന് മനസിലാക്കിയ ചക്രവര്‍ത്തി എന്തുചെയ്യണമെന്ന് ആലോചിച്ചു. ജനവികാരം അടിച്ചമര്‍ത്തിയാല്‍ രക്തപ്പുഴയൊഴുകും. മറ്റൊരു പോംവഴി റഷ്യയില്‍ പൌരാവകാശങ്ങള്‍ അനുവദിക്കുകയെന്നതാണ്. അതായത്, പാര്‍ലമെന്റ്, ഭരണഘടന.. ഇതൊന്നും ഇതിനുമുമ്പ് റഷ്യയില്‍ ഉണ്ടായിരുന്നില്ല.

1905 ഒക്ടോബര്‍ മാസത്തില്‍ നിക്കോളാസ് രണ്ടാമന്‍ ചക്രവര്‍ത്തി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി.

No comments:

Post a Comment