Friday, 6 February 2015

റഷ്യന്‍ചരിത്രം (പത്തൊന്‍പത്)

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ ചക്രവര്‍ത്തി "ഒക്ടോബര്‍ മാനിഫെസ്റ്റോ" പ്രഖ്യാപിച്ചു. ഈ മാനിഫെസ്റ്റോയില്‍ അടിസ്ഥാന പൌരാവകാശങ്ങളും തിരഞ്ഞെടുപ്പിലൂടെയുള്ള ജനപ്രതിനിധിസഭയും (ഡ്യുമ) വാഗ്ദാനംചെയ്തു.  ഇതൊക്കെ തന്റെ മേലുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചെയ്തതാണ്. സത്യത്തില്‍ അദ്ദേഹം രാഷ്ട്രീയപാര്‍ട്ടികളെയും ഭരണകാര്യങ്ങളില്‍ ജനങ്ങളുടെ പങ്കിനെയും വെറുത്തിരുന്നു.

1906 മേയ് മാസത്തില്‍ റഷ്യയിലെ പുതിയ ഡ്യുമ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. അതിനോട് ഡ്യുമയെ പിരിച്ചുവിട്ടുകൊണ്ടാണ് ചക്രവര്‍ത്തി പ്രതികരിച്ചത്. എന്നാല്‍ പിന്നെയും നാലുവര്‍ഷങ്ങള്‍ക്കുശേഷം, തന്റെ നിയന്ത്രണത്തില്‍ നില്‍ക്കുമെന്നു വിശ്വസിച്ച, കുറെ യാഥാസ്ഥിതികരെക്കൂട്ടി പുതിയ ഡ്യുമ അനുവദിച്ചു.

റഷ്യയെ ഭരിക്കാന്‍ അവകാശവും അധികാരവും ദൈവത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത് റോമനോവ് കുടുംബത്തിനുമാത്രമാണെന്ന് നിക്കോളാസ് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ആ അധികാരം തന്നില്‍ നിന്നെടുക്കാന്‍ ഭൂമിയിലാര്‍ക്കും അധികാരമില്ലെന്നും, അങ്ങിനെ ചെയ്‌താല്‍ അത് രാജ്യത്തിന്റെ നാശത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം ധരിച്ചു.

(ഇന്നും നാം ഇതിന്റെ പ്രതിധ്വനികള്‍ കേള്‍ക്കുന്നില്ലേ?)

ഈ രാഷ്ട്രീയ പ്രശ്നങ്ങളുടെ നടുവിലും, ചക്രവര്‍ത്തിദമ്പതികളുടെ ആകുലതയെല്ലാം അലെക്സി എന്ന പുത്രനെക്കുറിച്ചായിരുന്നു. ഈ വിഷമം അലെക്സാന്ദ്രയെ കടുത്ത ആത്മീയതയിലേയ്ക്കും മിസ്റ്റിസിസത്തിലേയ്ക്കും നയിച്ചു. (നമ്മുടെ കേരളത്തിലെ ഇന്നത്തെ ആള്‍ദൈവങ്ങളും ദിവ്യന്മാരും അന്ന് റഷ്യയില്‍ ഉണ്ടായിരുന്നെങ്കില്‍!). എന്തെങ്കിലും ഒരു അത്ഭുതത്തിനുവേണ്ടി ചക്രവര്‍ത്തിനി നിരന്തരമായി പ്രാര്‍ഥിച്ചു. അടുത്തയൊരു സുഹൃത്ത്‌ ഒരത്ഭുതത്തെ ചക്രവര്‍ത്തിനിയുടെ അടുത്ത് കൂട്ടിക്കൊണ്ടുവന്നു - സൈബീരിയന്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു ദിവ്യന്‍, ഗ്രിഗറി റാസ്പുട്ടിന്‍.
ഗ്രിഗറി രാസ്പുട്ടിന്‍ (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
റാസ്പുട്ടിന്‍ ചക്രവര്ത്തിനിയെ ആശ്വസിപ്പിച്ചു. തന്റെ എട്ടാമത്തെ വയസില്‍ അലെക്സി ഗുരുതരമായ രോഗാവസ്ഥയിലായി. ഭയന്നുവിറച്ച അമ്മ, അപ്പോള്‍ സ്ഥലത്തില്ലായിരുന്ന റാസ്പുട്ടിന് വിവരത്തിനു കമ്പിയടിച്ചു. മറുപടി ഉടന്‍ വന്നു: "വിഷമിക്കേണ്ട, നാളെ കുട്ടി സുഖപ്പെടും.". പറഞ്ഞപോലെ സംഭവിച്ചു. അന്നുമുതല്‍ ചക്രവര്ത്തിനിയ്ക്ക് റാസ്പുട്ടിന്‍ ദൈവം തന്നെയായി.

1914 ആയപ്പോഴേയ്ക്കും റഷ്യയില്‍ ജീവിതം ദുസ്സഹമാവുകയും ചക്രവര്‍ത്തിയോടുള്ള ജനതയുടെ മനോഭാവം കൂടുതല്‍ മോശമാവുകയും ചെയ്തു. ഈയവസരത്തിലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്.

സേര്ബിയ എന്ന രാജ്യത്തിന്റെ കാര്യത്തില്‍ റഷ്യയും ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യവുമായി യുദ്ധമാരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍, യുറോപ്പിലെ എല്ലാ സാമ്രാജ്യങ്ങളും ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി - യുദ്ധത്തില്‍ പങ്കുചേര്‍ന്നു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് റഷ്യന്‍ ജനത ഒറ്റക്കെട്ടായി ചക്രവര്‍ത്തിയുടെ പിന്നില്‍ അണിനിരന്നു. പട്ടാളത്തില്‍ ചേരാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടുവന്നു. പതിനഞ്ചു മില്യണ്‍ (ഒന്നരക്കോടി) പട്ടാളക്കാരുടെ പിന്‍ബലത്തോടെയാണ് റഷ്യ ഈ യുദ്ധം ചെയ്തത്. പക്ഷെ രണ്ടര വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതില്‍ എട്ടു മില്യണ്‍ ആളുകള്‍ ഇല്ലാതായി (ചിലര്‍ മുറിവേറ്റു, ചിലര്‍ മരിച്ചു, മറ്റുചിലര്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു.).

ദൈവത്താല്‍ രാജ്യത്തെ ഭരിക്കാനും രക്ഷിക്കാനും നിയുക്തനായ തന്റെ കടമയോര്ത്ത് നിക്കോളാസ് യുദ്ധക്കളത്തിലെത്തി. ജീവിതത്തില്‍ പട്ടാളപരിശീലനം തീരെ ലഭിച്ചിട്ടില്ലാത്ത നിക്കോളാസിന് തന്റെ പട്ടാളക്കാരെ പ്രോത്സാഹിപ്പിക്കുവാനോ, അവര്‍ക്ക് പ്രചോദനവും ആത്മവീര്യവും നല്‍കുവാനോ സാധിച്ചില്ല. പട്ടാളക്കാരോട് എന്തുപറയണമെന്നറിയാതെ അവരുടെ മുന്നില്‍ അദ്ദേഹം നിശബ്ദനായി നിന്നു.

യുദ്ധക്കളത്തിലെ മരണവും, നാട്ടില്‍ നടമാടിയിരുന്ന പട്ടിണിയും പഴയ അസ്വസ്ഥതകളെ തിരികെ കൊണ്ടുവന്നു. ബ്രെഡ്‌, ലാന്ഡ്, സമാധാനം” - ഇതായിരുന്നു പുതിയ വിപ്ലവവാക്യം.

മൂന്നുനൂറ്റാണ്ടുകളായി റഷ്യന്‍ജനത അവരുടെ ചക്രവര്‍ത്തിമാരെ ദൈവത്തെയെന്നപോലെയാണ് കണ്ടിരുന്നത്‌. ആ ബന്ധം ഇല്ലാതാവുകയായിരുന്നു.  ഇതിനിടയില്‍ റാസ്പുട്ടിന്‍ കൊല്ലപ്പെട്ടു. റാസ്പുട്ടിനേക്കുറിച്ച്‌ വിക്കിപീഡിയ(മലയാളം)യില്‍ കണ്ടത് ചുവടെ കൊടുക്കുന്നു.

റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകുംവിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരുപറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാമാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചുവരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു.

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിനു വഴിതെളിച്ചു എന്നു ചിലർ കരുതുന്നു.  റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരുപക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്. റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.

1917 ആയപ്പോഴേയ്ക്കും രാജ്യത്തെ അവസ്ഥ ഇങ്ങനെയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ യുദ്ധക്കളത്തില്‍, റഷ്യയിലെ സാമ്പത്തികനില തകര്‍ന്നുതരിപ്പണമായ നിലയില്‍, റൂബിളിനു കടലാസിന്റെ വിലപോലുമില്ല എന്ന അവസ്ഥ, ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി.

ആ വര്ഷം ഫെബ്രുവരി ഇരുപത്തിമൂന്നാം തിയതി റൊട്ടിയ്ക്കുവേണ്ടി ക്യൂ നിന്നവര്‍ ലഹളയാരംഭിച്ചു. ചക്രവര്‍ത്തിഭരണത്തിന്റെ അന്ത്യം വളരെപെട്ടെന്നാണ് സംഭവിച്ചത്. നിയമപാലകര്‍ സാറിനോടുള്ള കൂറുപേക്ഷിച്ച് ലഹളക്കാര്‍ക്കൊപ്പം കൂടി.

ഇതുകെട്ടറിഞ്ഞ ചക്രവര്‍ത്തി തന്റെ കുടുംബാംഗങ്ങളെ രക്ഷിക്കാനായി സൈന്റ്റ്‌ പീറ്റേര്‍സ്ബെര്‍ഗ് ലക്ഷ്യമാക്കി ട്രെയിനില്‍ യാത്ര പുറപ്പെട്ടു. നഗരത്തിനുവെളിയില്‍ ആ വാഹനം തടയപ്പെട്ടു, യാത്ര തുടരാനാവാതെ ട്രെയിനില്‍ തന്നെ കഴിഞ്ഞ ചക്രവര്‍ത്തിയ്ക്ക് മാര്‍ച്ച് ഒന്നാംതിയതി ഡ്യുമയുടെ അന്ത്യശാസനം ലഭിച്ചു.. സ്ഥാനത്യാഗം ചെയ്ത് എല്ലാ അധികാരങ്ങളും ഡ്യുമയ്ക്ക് കൈമാറുക.

നിക്കോളാസിനു ഇത് അചിന്ത്യമായിരുന്നു. ദൈവം തന്നില്‍ ഭരമേല്പിച്ച കര്‍ത്തവ്യം ത്യജിക്കുന്നത് ദൈവഹിതത്തിനെതിരെയുള്ള പ്രവര്‍ത്തിയാണെന്ന് അപ്പോഴും അദ്ദേഹം വിശ്വസിച്ചു.

No comments:

Post a Comment