നൂറ്റാണ്ടുകളായി
റഷ്യ മഹത്തായ രാഷ്ട്രമായാണ് വെളിയില്‍ അറിയപ്പെട്ടിരുന്നത്.. പക്ഷെ ആ
രാജ്യത്തിന്റെ മഹത്വം എക്കാലത്തും ഒരു പിടി ആളുകളുടെ മാത്രം കൈകളിലായിരുന്നു.
അന്നും, എന്നും, ഇന്നും. ഓരോ
വ്യവസ്ഥിതി മാറുമ്പോഴും തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് നാട്ടുകാര്‍ കരുതുന്നു.
ആ പ്രതീക്ഷയില്‍ അവര്‍ അടിമത്വത്തില്‍ നിന്ന് കൂടുതല്‍ അടിമത്വത്തിലെയ്ക്ക്
സഞ്ചരിച്ചു.
പുതിയ ചക്രവര്‍ത്തി
സ്ഥാനാരോഹണത്തിനൊരുങ്ങിയപ്പോള്‍ കുറെപ്പേരെങ്കിലും "നല്ല നാളെ" സ്വപ്നം
കണ്ടു.
പക്ഷെ 1825 ഡിസംബര്‍ പതിനാലാം തിയതി അവരില്‍ കുറേപ്പേര്‍ തോക്കുതിര്‍ത്ത വെടിയില്‍
മരിച്ചുവീണു. തുടക്കത്തില്‍തന്നെ ഇത്തരത്തില്‍ ഒരു പ്രക്ഷോഭം കണ്ട് നിക്കോളാസ്
ഭന്നാമന്‍ ഭയപ്പെട്ടു എന്നതാണ് സത്യം. ചക്രവര്‍ത്തിമാര്‍ ദൈവത്താല്‍
നിയോഗിക്കപ്പെട്ടവരാണെന്നും, അവര്‍ക്ക് ശരിയെന്നുതോന്നുന്ന രീതിയില്‍
മാത്രമാണ് ജനങ്ങള്‍ ഭരിക്കപ്പെടെണ്ടതെന്നുമുള്ള കാര്യത്തില്‍ നിക്കോളാസിനു യാതൊരു
സംശയവും ഉണ്ടായിരുന്നില്ല. വിമതരായ കലാപകാരികളില്‍ കുറേപേരെ സൈബീരിയയിലേയ്ക്ക്
നാടുകടത്തി, മറ്റുള്ളവരെ കഴുവിലുമേറ്റി. മുന്‍കാലങ്ങളെക്കാള്‍
ശക്തമായി, റഷ്യ ഏകാധിപത്യത്തിന്റെ വഴിയെതന്നെ
ചരിച്ചു..
റഷ്യയില്‍
രാഷ്ട്രീയം അനുവദനീയമായിരുന്നില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടായിരുന്നില്ല.
മനസ്സില്‍ തോന്നുന്നത് എഴുതി പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ടായിരുന്നില്ല.
നവീന ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടില്ല. എന്നിട്ടും ആധുനികചിന്താഗതികള്‍
വച്ചുപുലര്ത്തിയിരുന്നവര്‍ മാറുന്നസമൂഹം സ്വപ്നം കണ്ടു. അന്നത്തെ ഇംഗ്ലണ്ടിലെയും
ഫ്രാന്‍സിലെയും സമൂഹത്തിലെ മേല്ത്തട്ടുകാര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം
റഷ്യയില്‍ ഉണ്ടായിരുന്നില്ല. എവിടെയും രഹസ്യപോലീസുകാരുണ്ടായിരുന്നു. ഇത്തരം
കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ നാടുകടത്തിയും കൊന്നും അത്തരം ശബ്ദങ്ങള്‍
ഇല്ലായ്മ ചെയ്തു.
അക്കാലത്ത് തന്റെ വിയോജിപ്പുകള്‍
ഉറക്കെ വിളിച്ചുപറയാന്‍ റഷ്യയില്‍ ധൈര്യം കാണിച്ചത് ഒരേയൊരാള്‍ മാത്രമാണ്. റഷ്യന്‍
ജനത മൊത്തം അകമഴിഞ്ഞ് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന അവരുടെ പ്രിയകവി, അലെക്സാണ്ടര്‍ പുഷ്ക്കിന്‍. ഭയാശങ്കയില്ലാതെ അദ്ദേഹമെഴുതി...
"Then heavy chains fall by the
board,
Then dungeons crack—and freedom's voices
Will greet you at the gate, rejoicing,
And brothers hand to you a sword."
കുറെനാള്‍ ഒളിവില്‍
താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ശിക്ഷിക്കാന്‍ സാറിന്റെ ഭരണകൂടം
ധൈര്യപ്പെട്ടില്ല. പുഷ്ക്കിന്റെ ദുരന്തം മറ്റൊരുവഴിക്കാണ് വന്നത്.
റഷ്യക്കാരുടെ പ്രിയപ്പെട്ട കവി, അലെക്സാണ്ടര്‍ പുഷ്ക്കിന്‍ (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ) |
മാറ്റങ്ങള്‍ക്കു
വഴങ്ങാതെ റഷ്യ കഴിയുമ്പോള്‍ യുറോപ്പില്‍ മാറ്റങ്ങളുടെ പെരുമഴക്കാലമായിരുന്നു.
വ്യാവസായിക വിപ്ലവവും, അതെത്തുടര്‍ന്നുണ്ടായ ദേശീയ, ജനാധിപത്യ വികാരങ്ങളും അവിടെയെല്ലാം പടര്‍ന്നുപിടിച്ചു. 1848-ല്‍, ഫ്രാന്‍സിലും പ്രാഗിലുമൊക്കെ
ധനാഢ്യന്മാരുടെ മേല്‍ക്കോയ്മ അവസാനിച്ചു. ഓസ്ട്രിയയിലെ ഹാപ്സ്ബെര്‍ഗ്
സാമ്രാജ്യത്തിന്റെ തലവനെ താഴെയിറക്കി. നിക്കോളാസിന്റെ സഹായത്തോടെ അദ്ദേഹം വീണ്ടും
അധികാരത്തിലെത്തി. രാജഭരണത്തിന്റെ വക്താക്കള്‍ ജനകീയ മുന്നേറ്റങ്ങളെ ഒതുക്കാന്‍
മാര്‍ഗങ്ങള്‍ തേടി, അവരെ സഹായിക്കാന്‍ നിക്കോളാസ്
മുന്നിലുണ്ടായിരുന്നു.
റഷ്യയിലെ നിക്കോളാസ് ഒന്നാമന്‍ ചക്രവര്‍ത്തി (വിക്കിപീഡിയ ചിത്രം) |
ഇതായിരുന്നു “ക്രൈമീയന്‍ യുദ്ധം.” ഈ യുദ്ധരംഗമായിരുന്നു ഫ്ലോറെന്‍സ്
നൈറ്റിംഗേലിന്റെ കര്‍മ്മമേഖല.
പാശ്ചാത്യരാജ്യങ്ങളുമായുള്ള
യുദ്ധം റഷ്യയെ പലതും പഠിപ്പിച്ചു.. അജയ്യരാണെന്നു അഹങ്കരിച്ചിരുന്ന തങ്ങള്‍
സത്യത്തില്‍ എത്ര പിന്നോക്കമാണെന്ന വെളിപാട് അവര്‍ക്കുണ്ടായി.
വ്യാവസായികവിപ്ലവത്തിന്റെ പരിണിതഫലമായി ലോകമെമ്പാടുമുണ്ടായ സാങ്കേതിക
മുന്നേറ്റത്തിന്റെ പ്രയോജനങ്ങള്‍ റഷ്യയ്ക്ക് അന്യമായിരുന്നു.
ക്രൈമീയയില്‍
ഉണ്ടായ കനത്ത പരാജയം രാഷ്ട്രത്തിനും രാഷ്ട്രത്തലവനും വല്ലാത്ത നാണക്കേടുണ്ടാക്കി.
താന്‍ സഹായിച്ച
രാജ്യങ്ങളുടെ തലവന്മാര്‍ തന്നെ ഉപേക്ഷിക്കുകയും, തനിക്കെതിരെ
തിരിയുകയും ചെയ്തിരിക്കുന്നു! നിക്കോളാസിനു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഇത്.
അദ്ദേഹം മാനസികമായി തളര്‍ന്നു.
1855 ഫെബ്രുവരി മാസം കനത്തമഴയുള്ള ഒരു ദിവസം
സൈനികരെ പരിശോധിക്കുകയും അതിനെത്തുടര്‍ന്ന് ന്യുമോണിയ പിടിച്ചുകിടപ്പിലാവുകയും
ചെയ്തു. അടുത്തയാഴ്ച നിക്കോളാസ് ഒന്നാമന്‍ ഓര്‍മ്മയായി.
യുദ്ധക്കെടുതിയില്‍
കലുഷിതമായ രാജ്യത്തെ അധികാരം അദ്ദേഹത്തിന്റെ പുത്രന്‍ അലക്സാണ്ടര്‍ രണ്ടാമന്റെ
ചുമലിലായി. തന്റെ പിതാവിനു ക്രൈമീയന്‍ യുദ്ധത്തില്‍ ഉണ്ടായ പരാജയത്തില്‍ നിന്നും
അലക്സാണ്ടര്‍ പലതും മനസിലാക്കിയിരുന്നു. യുദ്ധത്തില്‍ പരാജയം സമ്മതിച്ചതിനോടൊപ്പം
അദ്ദേഹം മറ്റൊരു യുദ്ധത്തിനൊരുങ്ങി – റഷ്യയുടെ ഭൂതകാലവുമായുള്ള ഒരു
സന്ധിയില്ലാത്ത യുദ്ധം. ആവിയന്ത്രങ്ങളും ഉരുക്കും (Steam and Steel) ലോകത്തെ മാറ്റിമറിക്കുന്ന വിവരം ഇദ്ദേഹത്തിനറിയാമായിരുന്നു. മാറ്റങ്ങളോട്
നിഷേധാത്മകമായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയിരുന്ന തന്റെ രാജ്യത്തെ ഉടച്ചുവാര്‍ക്കാന്‍
പുതിയ ചക്രവര്‍ത്തി ഒരുങ്ങി.
No comments:
Post a Comment