Friday, 6 February 2015

റഷ്യന്ചരിത്രം (ആറ്)

ജീവിച്ചിരുന്നപ്പോള്‍ ഇവാന്‍ ദി ടെറിബിള്‍ രാഷ്ട്രത്തിന് സമ്മാനിച്ചത്‌ ഭീകരാന്തരീഷവും കഷ്ടപ്പാടുകളും ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാഷ്ട്രം നാഥനില്ലാക്കളരിയായി.

ജനത്തിന്റെ കഷ്ടപ്പാടുകള്‍ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഈ കാലയളവില്‍ വിശപ്പടക്കാനായി റഷ്യന്‍ കര്‍ഷകര്‍ പുല്ലുപോലും തിന്നിരുന്നുവത്രെ.

1598-നും 1610-നും ഇടയില്‍ ആറുപേര്‍ സാറിന്റെ സിംഹാസനത്തില്‍ ഇരുന്നു. അവര്‍ എല്ലാംതന്നെ ഒന്നുകില്‍ മരണമടയുകയോ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ ചെയ്തു. ക്രെംലിന്‍ ഏറ്റവും ദുര്‍ബലമായ ഈ അവസരത്തില്‍, താന്‍ ഇവാന്റെ ബന്ധുവാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു പോളണ്ടുകാരന്‍ വരികയും റഷ്യയുടെ സാര്‍ ആയി അവരോധിക്കപ്പെടുകയും ചെയ്ത സംഭവമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അയാളുടെ അവകാശവാദത്തില്‍ കഴമ്പില്ലായിരുന്നു എന്നു കണ്ടെത്തുകയും, അയാളെ റഷ്യന്‍ശൈലിയില്‍ വീട്ടിലേയ്ക്ക്‌ അയക്കുകയും ചെയ്തു.

അദ്ദേഹത്തെ കൊന്ന്, ശവം ചുട്ടുകരിച്ച്, ചാരം തോക്കിനുള്ളിലാക്കി, പോളണ്ട് ലക്ഷ്യമാക്കി വെടിവച്ചു... ഠോ!... ഗോ ടു പോളണ്ട്!

ഇതിനുശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. തെക്കന്‍ പ്രദേശത്ത് ടാര്ട്ടാര്‍ ആക്രമണം, കാര്‍ഷികതൊഴിലാളികള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍, വടക്കുനിന്ന്‌ അക്കാലത്തെ പ്രബല സൈനികശക്തിയായിരുന്ന സ്വീഡന്റെ ആക്രമണം. ഇതൊന്നും പോരാഞ്ഞ് പോളണ്ട് സൈന്യം അതിര്‍ത്തി ഭേദിച്ചു റഷ്യയില്‍ കടക്കുകയും മോസ്ക്കോ അവരുടെ അധീനതയിലാക്കുകയും ചെയ്തു. റഷ്യ എന്ന രാഷ്ട്രം ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായി, പോളണ്ടിന്റെ ഭാഗമാകുന്നതിന്റെ വക്കുവരെയെത്തി. (പിന്നീട് പോളണ്ടിന് ഈ ഗതികെടുണ്ടായി.. ആ രാജ്യം ഭൂപടത്തില്‍ നിന്ന് കുറെയേറെ വര്‍ഷങ്ങള്‍ നീക്കം ചെയ്യപ്പെട്ടു.)

കത്തോലിക്കരായിരുന്ന പോളണ്ടിന്റെ സൈന്യം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസിനെ കാരാഗ്രഹത്തിലാക്കി. റഷ്യന്‍ ജനതയോട്, ഇനിയെങ്കിലും വൈര്യമെല്ലാം ഉപേക്ഷിച്ച് മാതൃരാജ്യത്തിനുവേണ്ടി പൊരുതാന്‍ അദ്ദേഹം (റഷ്യന്‍ പാത്രിയാര്‍ക്കീസ്) റഷ്യന്‍ ജനത്തോടു അഭ്യര്‍ഥിച്ചു.

ഇതിന് നാടകീയമായ ഫലമുണ്ടായി. വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഒത്തുചേര്‍ന്നു രണ്ടുവര്‍ഷത്തെ യുദ്ധം കൊണ്ട് പോളണ്ടുകാരെ റഷ്യയില്‍ നിന്നും തുരത്തി. ഇതിനായി ഒരുപാട് രക്തചൊരിച്ചില്‍ വേണ്ടിവന്നു.

അങ്ങിനെ മോസ്ക്കോ വീണ്ടും മോചിപ്പിക്കപ്പെട്ടു.

ഒരു ചക്രവര്‍ത്തിയുടെ അസാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് നേരാംവണ്ണം പോവുകയില്ലെന്ന് എല്ലാവര്ക്കും ബോധ്യമായി. പ്രഭുക്കളും, വ്യാപാരികളും പട്ടാളക്കാരും വൈദികരും ഒത്തുചേര്‍ന്ന് ഒരു പുതിയ സാറിനെ കണ്ടെത്തണമെന്ന് തീരുമാനിച്ചു.

അവര്‍ക്ക് കണ്ടെത്താനായത് ഇവാന്റെ ആദ്യഭാര്യ, അനസ്തേഷ്യയുടെ ഒരകന്ന ബന്ധുവിനെയാണ്. റോമാനോവ് കുടുംബാംഗം. പതിനാറുവയസ്സുമാത്രം പ്രായമുള്ള മിഖായേല്‍ ഫിയോദ്രോവിച്ച് റോമനോവ്. ഒരു സന്യാസാശ്രമത്തില്‍ കഴിഞ്ഞിരുന്ന മിഖായേല്‍ സിംഹാസനാരൂഢനാകാന്‍ ആദ്യം സമ്മതിച്ചില്ല. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, 1613-ല്‍ റഷ്യയുടെ പുതിയ സാര്‍ ആയി അയാള്‍ സ്ഥാനമേറ്റു.

അങ്ങിനെ, പിന്നെയങ്ങോട്ട് മുന്നൂറുവര്‍ഷത്തോളം നീണ്ടുനിന്ന റഷ്യയിലെ റോമാനോവ് സാമ്രാജ്യത്തിന്റെ തുടക്കംകുറിച്ചു.

ആദ്യത്തെ രണ്ടു റോമാനോവ് ചക്രവര്‍ത്തിമാരുടെ കാലത്ത് അവര്‍ക്ക് റഷ്യന്‍ ജനതയുടെമേല്‍ പൂര്‍ണ്ണ നിയന്ത്രണം നേടാനായി. ചക്രവര്‍ത്തിയുടെ അധികാരത്തെ ചോദ്യം ചെയ്ത പ്രഭുക്കള്‍ ഒന്നുകില്‍ നാടുകടത്തപ്പെട്ടു, അല്ലെങ്കില്‍ അവരുടെ ഭൂമി നഷ്ടപ്പെട്ടു. അധികാരത്തോട് ഒട്ടിനിന്നവര്‍ക്കാവട്ടെ നിരവധി സൌജന്യങ്ങള്‍ ലഭിച്ചു. അതിലൊന്ന്, അവരുടെ മണ്ണില്‍ ജോലിചെയ്തിരുന്നവരുടെമേല്‍ പൂര്‍ണ്ണ അധികാരം ലഭിച്ചുവെന്നതാണ്.
റോമനോവ് രാജവംശത്തിന്റെ അധികാരചിന്ഹം (ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ)

ഇതിനു തൊട്ടുമുമ്പുവരെ കര്‍ഷകര്‍ക്ക് യഥേഷ്ടം കൃഷിസ്ഥലങ്ങള്‍ ഉപേക്ഷിച്ച് മറ്റൊരിടത്തുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതു പലപ്പോഴും പ്രഭുവിന്റെ വരുമാനത്തെ മോശമായി ബാധിച്ചിരുന്നു. പക്ഷെ, 1649-ല്‍ നിലവില്‍ വന്ന പുതിയ നിയമമനുസരിച്ച് കാര്ഷികതൊഴിലാളി നിയമപരമായി ഭൂവുടമയുടെ സ്വകാര്യ സ്വത്തായിമാറി. തൊഴിലാളി മാത്രമല്ല, അവന്റെ മക്കളും സന്തതിപരമ്പരകളും. ഫലത്തില്‍ ഇത് സൃഷ്ടിച്ചത് തനി അടിമത്തമായിരുന്നു.

രണ്ടാം റോമാനോവ് സാറിന്റെ കാലത്ത് പൂര്‍വാധികം ശക്തിയോടെ സാമ്രാജ്യവികസനം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പിന്നാലെ വന്ന മഹാനായ പീറ്ററിന്റെ കാലത്ത് (ജനനം: മേയ് 30, 1682) ഇത് കൂടുതല്‍ ഊര്‍ജ്ജിതമായി.

പീറ്ററിന്റെ പിതാവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യഭാര്യയിലുണ്ടായിരുന്ന മകനായിരുന്നു യഥാര്‍ത്ഥ കിരീടാവകാശി. പക്ഷെ, ആ ഭാര്യയില്‍ പിറന്ന സോഫിയ എന്ന മകള്‍ക്ക്, കീഴ്വഴക്കമെല്ലാം മറികടന്ന് കിരീടം സ്വന്തമാക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അന്നത്തെ നിലയില്‍ സോഫിയ വിദ്യാസമ്പന്നയായിരുന്നു.

സാറിന്റെ മരണാനന്തരം സോഫിയയുടെ സഹോദരന്‍ തന്നെ സാറായി വാഴിക്കപ്പെട്ടു, പക്ഷെ താമസിയാതെ പുതിയ ചക്രവര്‍ത്തി മരണമടഞ്ഞു.
പീറ്ററിന്റെ അമ്മാവന്മാര്‍ പീറ്ററിനെ ചക്രവര്‍ത്തിയായി വാഴിക്കാന്‍ ഒരുങ്ങി. പക്ഷെ, സോഫിയുടെ പദ്ധതി മറ്റൊന്നായിരുന്നു.

No comments:

Post a Comment