Wednesday, 21 November 2018

ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം

ഒന്ന്: ആമുഖം

കൊച്ചൊരു ദ്വീപിന്റെ ഭാഗമായ ഇംഗ്ലണ്ടെന്ന നാട്ടിൽമാത്രം ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഒരു കാലത്ത് ഇംഗ്ലീഷ്.

നിലവിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലോകഭാഷ എന്നൊന്നില്ല. എങ്കിലും ആ സങ്കല്പത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് എന്ന കാര്യം എല്ലാവരുമല്ലെങ്കിലും ഭൂരിപക്ഷംപേരും സമ്മതിക്കും.

താരതമ്യേന പുതിയ ഭാഷയായ ഇംഗ്ലീഷ് ഈ നിലയിലെത്താൻ നിരവധി കാരണങ്ങളുണ്ട് അവയിൽ ചിലത്:

ഒരുകാലത്ത് നിലനിന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിസ്തൃതി എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. കൊളോണിയലിസത്തിന് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ - കൊള്ളയടിച്ചും പിടിച്ചുപറിച്ചും സമ്പത്തുണ്ടാക്കുക. പക്ഷെ, അതോടൊപ്പം ചെന്നിടത്തെല്ലാംതന്നെ അവർ അവരുടെ ഭാഷ പ്രചരിപ്പിച്ചു. ലോകവ്യാപകമായി ഇംഗ്ലീഷ് ഭാഷ പ്രചരിക്കാനുള്ള തുടക്കത്തിലേ കാരണം ഇതൊന്നുമാത്രമാണ്.

പല കാരണങ്ങളാൽ ബ്രിട്ടനിൽനിന്നും പോയി, മുഖ്യമായും ഈ നാട്ടുകാരാൽ സ്ഥാപിതമായ, അമേരിക്കൻ ഐക്യനാടുകൾ (USA), കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, തുടങ്ങിയ രാജ്യങ്ങളിലും ഇംഗ്ലീഷ് ഭാഗ്യവശാൽ ഔദ്യോഗികഭാഷയായി.

വ്യാവസായികവിപ്ലവത്തിനു ശേഷം ശാസ്ത്രരംഗത്തുണ്ടായ കുതിപ്പ് മറ്റൊരു കാരണമാണ്. ആ കുതിപ്പ് ബ്രിട്ടനിൽ മാത്രമല്ല ഉണ്ടായത്, യൂറോപ്പിലെ പല രാജ്യങ്ങളിലുമുണ്ടായി. പക്ഷെ നിരവധിപേർക്ക് അതൊക്കെ മനസിലാക്കാൻ സാധിച്ചത് ശാസ്ത്രപ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയുടെ മാത്രമാണ്. അമേരിക്ക ശാസ്ത്രീയഗവേഷണരംഗത്ത കൂടുതൽ സജീവമായതോടെ, സയൻസ്മേഖലയിൽ ഗവേഷണം ചെയ്യുന്നവർക്ക് ഇംഗ്ലീഷ് ഒഴിച്ചുകൂടാൻ വയ്യാത്തതായി.

അമേരിക്ക സൂപ്പർപവർ ആയതോടെ ഇംഗ്ലീഷിന്റെ പവറും കൂടുതൽ കരുത്താർജ്ജിച്ചു..

സിനിമാരംഗത്തും (ഹോളിവുഡ്) സംഗീതമേഖലയിലുമുണ്ടായ (Elvis Presley, Paul Robeson, Jim Reeves എന്നീ പഴയ അതികായരും പിന്നീടുവന്ന മൈക്കൾ ജാക്സനെപ്പോലുള്ളവരും ഉദാഹരങ്ങങ്ങൾ) അമേരിക്കൻ ആധിപത്യം ഇംഗ്ലീഷ് ഭാഷയെ കൂടുതൽ ജനപ്രിയമാക്കി. മറ്റു ക്ലാസ്സിക്ക് ഭാഷകളുമായി തുലനം ചെയ്‌താൽ വ്യാകരണം ലളിതമാണെന്നുള്ളതും ഈ ഭാഷയുടെ പ്രചാരണത്തിന് കുറച്ചൊന്നുമല്ല സഹായകമായത്.

മുമ്പൊരിക്കൽ ജർമ്മൻ പഠിപ്പിച്ച അധ്യാപിക പറഞ്ഞതോർക്കുന്നു.. "ജർമ്മൻ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ, അടിസ്ഥാന കാര്യങ്ങളും വ്യാകരണവും പഠിച്ചുകഴിഞ്ഞാൽ മുന്നോട്ടുള്ള പഠനം വളരെ അനായാസമാണ്. പക്ഷെ, ഇംഗ്ലീഷിന്റെ കാര്യം നേരെ തിരിച്ചാണ്. തുടക്കത്തിൽ വളരെയെളുപ്പം. മുന്നോട്ടു ചെല്ലുന്തോറും ആയാസകരമാവും. ഇംഗ്ലീഷിലെ വാക്കുകളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രയോഗങ്ങളാണ് (Phrases) ഇക്കാര്യത്തിൽ വില്ലൻ.."

ഇതിൽ എന്തുമാത്രം സത്യമുണ്ടെന്നു അറിയാൻമാത്രം ജർമ്മൻ ഞാൻ പഠിച്ചില്ല. പക്ഷെ, ഇംഗ്ലീഷ് പഠനം അവസാനമില്ലാതെ തുടരുന്നു.

കൊമേർഷ്യൽ സിവിൽ ഏവിയേഷൻ നിലവിൽ വന്നപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിലെത്തി, ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന പൈലറ്റുമാർക്ക് ആ രാജ്യത്തെ കണ്ട്രോൾ ടവറുമായി ആശയവിനിമയം നടത്താൻ ഒരു പൊതുഭാഷ വേണ്ടിവന്നു. ആ ഭാഗ്യം കൈവന്നത് ഇംഗ്ലീഷിനാണ്.

ഏറ്റവും അവസാനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ പ്രചരിച്ചപ്പോൾ ഇംഗ്ലീഷ് ഭാഷ കൂടുതൽ ശക്തമായി.

ഇന്ന് ഒരു പക്ഷെ, സ്വന്തമല്ലാത്ത ഭാഷ പഠിക്കുന്നവരിൽ ഏറ്റവുംകൂടുതൽപേർക്ക് ഇംഗ്ലീഷ് പഠിക്കാനാണ് താല്പര്യം.

ചുരുക്കത്തിൽ, അനൗദ്യോഗികമായെങ്കിലും ഇംഗ്ലീഷ് ഇന്ന് ലോകഭാഷയാണ്.

താരതമ്യേന പുതിയ ഭാഷയാണ് ഇതെന്നു മുകളിൽ സൂചിപ്പിച്ചല്ലോ. സംസ്കൃതം, ഗ്രീക്ക്, ലത്തീൻ, ജർമ്മൻ, ഫ്രഞ്ച്, തമിഴ്, തുടങ്ങിയ ഭാഷകളുടെ ആഢ്യത്യമൊന്നും ഇംഗ്ലീഷിന് അവകാശപ്പെടാനില്ല.

ഇത്രയും കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട്, ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം ഒന്നു നോക്കാം.

ഈ വിഷയത്തിൽ ചില യൂറ്യുബ് വിഡിയോകളും, ചെറിയൊരു ഇന്റർനെറ്റ് അന്വേക്ഷണവുമാണ് എന്റെ കൈമുതൽ. ഇവിടെ കുറിക്കുന്ന ചരിത്രത്തിൽ തെറ്റുകുറ്റങ്ങൾ ഉണ്ടായാൽ, അറിയാവുന്നവർ കമന്റിലൂടെ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

രണ്ട്: ഇംഗ്ലീഷ് ഭാഷയിലെ ലത്തീൻഭാഷയുടെ സ്വാധീനം
ജൂലിയസ് സീസർ

B.C, അമ്പത്തഞ്ചാമാണ്ടിലും B.C, അമ്പത്തിനാലാമാണ്ടിലും രണ്ടുവട്ടം ജൂലിയസ് സീസർ ബ്രിട്ടനെ ആക്രമിച്ചെങ്കിലും അദ്ദേഹം അധികനാൾ ഇവിടെ തങ്ങിയില്ല. ഫ്രാൻസിൽ (അന്നത്തെ പേര് Gaul) കുഴപ്പങ്ങൾ ഉണ്ടായതിനെത്തുടർന്ന് താമസിയാതെ അവർ സ്ഥലം കാലിയാക്കി. അവരുടെ ഹൃസ്വനാളിലെ താമസംകൊണ്ട് ഈ രാജ്യത്ത് കാര്യമായ സാമൂഹിക സ്വാധീനമൊന്നുംതന്നെ ഉണ്ടായില്ല. അന്ന് ഈ നാട്ടിൽ നിലവിലുണ്ടായിരുന്ന ഭാഷയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല..

പക്ഷെ, ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, A.D. 55-ൽ ക്ളോഡിയസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും വന്നു. നീണ്ട നാലു നൂറ്റാണ്ടുകാലം (A.D. 410 വരെ) അവർ ഇവിടെ ഭരിച്ചു.

ക്ളോഡിയസിന്റെ വരവിനു മുന്നേ ഇംഗ്ലണ്ടിലെ ഭാഷ എന്തായിരുന്നുവെന്നതിനെക്കുറിച്ചു കാര്യമായ അറിവൊന്നും ലഭ്യമല്ല. പരക്കെയുള്ള വിശ്വാസം വെൽഷ് ഭാഷയായിരുന്നു ഇന്നാട്ടിലെ സംസാരഭാഷയെന്നാണ്. അതിനെക്കുറിച്ചു പണ്ഡിതന്മാരുടെയിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. വേറൊരു ധാരണ ഇന്നാട്ടുകാർ അക്കാലത്ത് "Common Brittonic" എന്ന ഭാഷയുടെ വകഭേദങ്ങൾ, പ്രാദേശിക വ്യത്യാസങ്ങളോടെ, സംസാരിച്ചിരുന്നുവെന്നാണ്. ഒരു പക്ഷെ, ഇന്ന് വെയ്ൽസിൽ നിലവിലുള്ള ഭാഷയുടെ പ്രാകൃതരൂപമായിരുന്നിരിക്കാം അന്നൊക്കെ ഇവിടത്തെ സംസാരഭാഷ.

നാല് നൂറ്റാണ്ടുകാലത്തെ റോമൻ ആധിപത്യം ഇന്നാട്ടിൽ വൻ സ്വാധീനം ചെലുത്തി. ഇന്നത്തെ നിരവധി നഗരങ്ങളുടെയും, റോഡുകളുടേയുമൊക്കെ തുടക്കം അക്കാലത്തായിരുന്നു. ഇന്നാട്ടിൽ ഇന്നും നിലവിലുള്ള നിയമവ്യവസ്ഥയുടെ തുടക്കവും അക്കാലത്തുതന്നെ ആയിരുന്നു. ഭാഷയിലും കാര്യമായ സ്വാധീനമുണ്ടായി.

ഉന്നതശ്രേണിയിൽ പെട്ടവർ ലത്തീനെ അവരുടെ സംസാരഭാഷയായി സ്വീകരിച്ചു. ഇത് കൂടുതൽ പ്രകടമായത് ഇംഗ്ലണ്ടിന്റെ തെക്കൻ, കിഴക്കൻ പ്രവശ്യകളിലായിരുന്നു.

AD 410-ൽ റോമാക്കാർ മടങ്ങിപ്പോയെങ്കിലും ലത്തീൻഭാഷയുടെ സ്വാധീനം വീണ്ടും വത്തിക്കാനുമായുള്ള മതപരമായ ബന്ധത്തിലൂടെയും AD 1065-ലുണ്ടായ നോർമൻ ആക്രമണത്തിലൂടെയും വീണ്ടും ഉണ്ടായി.

ബ്രിട്ടൻ ക്രിസ്തുമതം സ്വീകരിച്ചതോടെ മതപരമായ കാര്യങ്ങളിൽ രാജ്യം പോപ്പിന്റെ കീഴിലായി. മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിൽ Reformation ഉണ്ടാവുന്നതുവരെ യൂറോപ്പിൽ പോപ്പിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടർന്നു.

പശ്ചിമ യുറോപ്പിലെങ്കിലും മാർപാപ്പയുടെ സർവ്വാധിപത്യമാണ് അന്നുവരെ നിലനിന്നിരുന്നത്. അതിനു നിരവധി കാരണങ്ങളുണ്ട്.

ഒരു സാധാരണ നാട്ടുരാജാവിനെ മറ്റു യൂറോപ്യൻ രാജാക്കന്മാർ രാജാവായി അംഗീകരിക്കണമെന്നില്ല. അതേസമയം പോപ്പിനോട് വിധേയത്വം പ്രഖ്യാപിച്ചുകഴിഞ്ഞാൽ മറ്റുള്ളവരെല്ലാം അംഗീകരിക്കുമെന്നു മാത്രമല്ല, തന്റെ ജനത്തെ ഭരിക്കാൻ ദൈവത്താൽ നിയുക്തനായവനാണെന്ന സുന്ദരൻ മേൽവിലാസവും ചുളുവിൽ ലഭിക്കും. കത്തോലിക്കാമതം യൂറോപ്പിൽ പരക്കാൻ ഇത് കാരണമായി.

പ്രമുഖ രാജാക്കന്മാരെ വാഴിച്ചിരുന്നതും, അവരെ കിരീടമണിയിച്ചിരുന്നതും മാർപാപ്പയായിരുന്നു. ഇതിനൊരു വെല്ലുവിളി ആദ്യമായി സൃഷിടിച്ചത് നെപ്പോളിയനാണ്. മാർപാപ്പ കിരീടമണിയിക്കാനായി വന്നപ്പോൾ, നെപ്പോളിയൻ ശിരസ്സ് നമിക്കാതെ, അദ്ദേഹത്തിന്റെ കൈയിൽനിന്നും കിരീടം പിടിച്ചുവാങ്ങി, സ്വന്തം തലയിൽ വച്ചു.

യൂറോപ്പിൽ സർവാധിപത്യമുണ്ടായിരുന്ന കത്തോലിക്കാസഭയുടെ ഔദ്യോഗികഭാഷ ലത്തീനായിരുന്നു. കത്തോലിക്കരുടെ ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, വേഷഭൂഷാദികൾ, ഇവയൊക്കെ റോമൻസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ്.

1962 വരെ കേരളത്തില്പോലും സീറോമലബാറിൽ പെടാത്ത മിഷനറിവൈദികർ ലത്തീനിൽ ദിവ്യബലി അർപ്പിച്ചിരുന്നത് എനിക്കോർമ്മയുണ്ട്.

പഴയകാലത്ത് യൂറോപ്പിൽ വിദ്യാഭ്യാസമുണ്ടായിരുന്നത് വൈദികർക്കു മാത്രമായിരുന്നു. അങ്ങനെ, അവരിലൂടെ ലത്തീൻഭാഷയുടെ സ്വാധീനം എല്ലാ പ്രാദേശിക ഭാഷകളിലും, ദേശീയഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും (തമിഴ് ഇതിനൊരു അപവാദമാണെന്നു കേട്ടിട്ടുണ്ട്; സംസ്കൃതത്തിന്റെ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് ബെംഗാളിയും മലയാളവുമാണെന്നും കേട്ടിട്ടുണ്ട്, ശരിയോ എന്തോ) സംസ്കൃതത്തിന്റെ വ്യക്തമായ സ്വാധീനമുള്ളതുപോലെ.

ലത്തീൻ ഇന്നൊരു മൃതഭാഷയാണെങ്കിലും ആ ഭാഷ മരണപ്പെട്ടുവെന്നു പറയുന്നത് പൂർണമായും ശരിയല്ല. ആ ഭാഷയുടെ കടുത്ത സ്വാധീനം ഇറ്റാലിയൻ, സ്പാനിഷ്, പോർത്തുഗീസ്, ഫ്രഞ്ച്, റൊമാനിയൻ എന്നീ ഭാഷകളിൽ കാണാം. അവയെല്ലാം "റൊമാൻസ് ഭാഷകൾ" എന്നാണല്ലോ അറിയപ്പെടുന്നത്. റൊമാൻസ് ഭാഷകളിൽ പെടാത്ത, ജർമ്മാനിക്ക് ഭാഷയായി അറിയപ്പെടുന്ന ഇംഗ്ലീഷിലും, പക്ഷെ ലത്തീൻറെ സ്വാധീനം അവഗണിക്കാവുന്നതല്ല. ഒരു പഠനം വെളിപ്പെടുത്തുന്നത് ഇംഗ്ലീഷ് ഭാഷയിലെ 29 ശതമാനം വാക്കുകൾക്ക് ലത്തീൻ വേരുകൾ ഉണ്ടെന്നാണ്. ചില ഉദാഹരണങ്ങൾ:

Human, Animal, Dental, Decimal, Digital, Library, Manual, Lunar, Solar, Military, Science, Station.

ലത്തീൻ വാക്കുകൾ കൂടാതെ Sine Qua Non, Per Se, തുടങ്ങിയ നിരവധി ലത്തീൻ പ്രയോഗങ്ങളും ഇംഗ്ലീഷ് ഭാഷയിൽ സുലഭമായി ഉപയോഗിക്കപ്പെടാറുണ്ട്. .

ഇംഗ്ലീഷിലുള്ള ലത്തീൻ ഭാഷയുടെ സ്വാധീനം വിശദമായി അറിയേണ്ടവർക്കായി ഇതാ ഒരു വിക്കിലേഖനത്തിന്റെ ലിങ്ക്

https://en.wikipedia.org/…/List_of_Latin_words_with_English….


മൂന്ന്: ആംഗ്ലോ-സാക്സൺ/ജർമ്മൻ സ്വാധീനം.

ആംഗ്ലോ-സാക്സൺ പടയാളികൾ
 ആംഗ്ലോ-സാക്സൺ എന്നു കേൾക്കുമ്പോൾ "ആംഗ്ലോ-ഇന്ത്യൻ" എന്ന വാക്ക് നമ്മിൽ പലരും ഓർത്തുപോകും. ആംഗ്ലോ-ഇന്ത്യൻ എന്നാൽ ഇംഗ്ലീഷുകാർക്ക് ഇന്ത്യക്കാരിൽ ഉണ്ടായവർ എന്നാണൊരു പൊതുധാരണ. പക്ഷെ, ഇത് മുഴുവൻ ശരിയല്ല.

പോർട്ടുഗൽ, ഫ്രാൻസ്, ഹോളണ്ട്, എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ വന്നവർക്ക് ഇന്ത്യാക്കാരിൽ ജനിച്ചവരും നമ്മുടെ രാജ്യത്ത് ആംഗ്ലോ-ഇന്ത്യൻസ് എന്നാണ് അറിയപ്പെടുന്നത്.

പക്ഷെ, "ആംഗ്ലോ-സാക്സൺ" തികച്ചും വ്യത്യസ്തമാണ്. സാക്സൺ ജനതയുടെയും ഇംഗ്ലീഷ് ജനതയുടെയും ഒരു സങ്കരമല്ല ആംഗ്ലോ-സാക്സൺ. സത്യത്തിൽ, അഞ്ചാംനൂറ്റാണ്ടിൽ അവർ ഈ നാട്ടിലേയ്ക്ക് കുടിയേറിയപ്പോൾ ഇംഗ്ലണ്ട്, ഇംഗ്ലീഷ്, തുടങ്ങിയ വാക്കുകൾ നിലവിലുണ്ടായിരുന്നതേയില്ല. റോമാക്കാർ ഈ ദ്വീപിനെ "ബ്രിട്ടാനിയ" എന്ന് പേരിട്ടുവിളിച്ചു. പിന്നീടത് ബ്രിട്ടനായി. ഇംഗ്ലണ്ട് എന്ന വാക്കും സമാനമായി ഉണ്ടായതാണ്. അതിലേയ്ക്ക് പിന്നെ വരാം.

ആരായിരുന്നു ആംഗ്ലോ-സാക്‌സൺസ് എന്നതിന്റെ ഏറ്റവും ലളിതമായ ഉത്തരം ഇതാണ്.

"The Angle, Saxon, and Jute are known as the Anglo-Saxons. The Angles and the Saxon tribes were the largest of the three attacking tribes and so we often know them as Anglo-Saxons. They shared the same language but were each ruled by different strong warriors."

ഇവർ ഇന്ന് സാക്സണി എന്നറിയപ്പെടുന്ന ജർമ്മൻ പ്രദേശത്തുനിന്നും റോമാക്കാരുടെ തിരോധാനത്തിനുശേഷം ഈ നാട്ടിൽ വന്നവരാണ്.

ഇരുപതു ലക്ഷം ജനസംഖ്യയുണ്ടായിരുന്ന ഈ നാട്ടിലേയ്ക്ക് ഏതാണ്ട് രണ്ടു ലക്ഷം ആംഗ്ലോ-സാക്‌സൺസ് വന്നെത്തി. ആനുപാതികമായി പറഞ്ഞാൽ, ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ കുടിയേറ്റമായിരുന്നു അത്.

ഈ പുതിയ കുടിയേറ്റക്കാരെക്കുറിച്ചു നമുക്ക് ലഭിക്കുന്ന അറിവ്, കുടിയേറ്റമുണ്ടായി ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾക്കു ശേഷം "ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്" എന്നറിയപ്പെടുന്ന ബീഡ് (Bede) എഴുതിയ ചരിത്രത്തിലൂടെയാണ്. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം എഴുതപ്പെടുന്ന ചരിത്രത്തിന് അധികം കൃത്യതയൊന്നും അവകാശപ്പെടാനായെന്നിരിക്കില്ല. എങ്കിലും കൂടുതൽ അറിയാൻ മറ്റു മാര്ഗങ്ങളൊന്നും ഇല്ലാത്തതിനാൽ ബീഡ് മാത്രമാണ് ലഭ്യമായ ആംഗ്ലോ-സാക്സൺ ചരിത്രകാരൻ.

ഇന്നാട്ടിലെ ജനതയുടെ പത്തിലൊന്നു വരുന്നവരാണ് ഈ കുടിയേറ്റത്തിലൂടെ കടന്നുവന്നതെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ.

വന്നവരിൽ മിക്കവരും പ്രായപൂർത്തിയായ ആണുങ്ങളായിരുന്നു. പോരാത്തതിന് ആക്രമകാരികളും. ഇംഗ്ലണ്ടിൽ നടത്തിയ ഡി.എൻ.എ. പഠനം വ്യക്തമാക്കുന്നത് അവർ ഇവിടെയെത്തുമ്പോൾ ഇന്നാട്ടിലുണ്ടായിരുന്ന തദ്ദേശീയരിലെ തൊണ്ണൂറു ശതമാനം ആണുങ്ങളും കൊല്ലപ്പെടുകയോ, സ്ഥലം വിട്ടുപോവുകയോ ചെയ്തുവെന്നാണ്.

ആ കാലഘട്ടത്തിൽ കുടിയേറ്റക്കാരോട് യുദ്ധം ചെയ്ത് ഇന്നാട്ടിയിലെ വീരനായകനായ കക്ഷിയാണ് ആർതർ രാജാവ് (King Arthur). പക്ഷെ, അങ്ങനെയൊരാൾ ജീവിച്ചിരുന്നതേയില്ലെന്നും കിംഗ് ആർതർ വെറും ഐതിഹ്യമാണെന്നും പറയപ്പെടുന്നുണ്ട്.

ഇന്നാട്ടിലെ ഗ്രാമങ്ങൾ, കൃഷിസ്ഥലങ്ങൾ, സ്ത്രീകൾ ഇവയൊക്കെ കുടിയേറ്റക്കാരുടെ സ്വന്തമായി. അതായത് അടുത്ത തലമുറ ജർമ്മൻ വംശജരായിയെന്നു ചുരുക്കം.

ചരിത്രകാരൻ ഡേവിഡ് സ്റ്റാർക്കിയുടെ അഭിപ്രായത്തിൽ "Ethnic Cleansing" ആണ് അന്ന് സംഭവിച്ചത്.

ഇതിലൂടെ സംഭവിച്ച സാമൂഹികമാറ്റം ഊഹിക്കാവുന്നതേയുള്ളൂ.

അവർ ഇന്നാട്ടിലെ ജില്ലകൾക്കും ഗ്രാമങ്ങൾക്കും പുതിയ പേരുകൾ നൽകി, ഇന്ന് ഇംഗ്ലണ്ട് എന്നറിയപ്പെടുന്ന പ്രദേശത്തെ അവർ "Aengla Land" എന്നു പേരിട്ടുവിളിച്ചു. ഇതാണ് പിന്നീട് ഇംഗ്ലണ്ട് ആയത്. അവരുടെ (ഇപ്പോൾ Old ഇംഗ്ലീഷ് എന്നറിയപ്പെടുന്ന) ഭാഷ ഇന്നാട്ടിലെ സംസാരഭാഷയായി.

Suffolk കൗണ്ടിയിലുള്ള West Stow എന്ന ഗ്രാമത്തിൽ അന്നത്തെ ആംഗ്ലോ-സാക്സൺ ജീവിതരീതി ഇന്നും നിലനിർത്തിയിട്ടുണ്ട്. സമീപവാസികൾക്ക് വേണമെങ്കിൽ അവിടെ പോയി കാണാം.

രാജാക്കന്മാർ ഇല്ലാതിരുന്ന സമൂഹമായിരുന്നു അവരുടേത്. എങ്കിലും യുദ്ധസമയത്ത് അവർ ഒരു നേതാവിനെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പിൻതലമുറയാണ് പിന്നീട് ഇവിടെ രാജവംശമായിത്തീർന്നത്. റോമിലെ സീസറിന്റെ പൂർണ്ണാധികാരം അതുകൊണ്ടുതന്നെ ഇന്നാട്ടിലെ രാജാക്കന്മാർക്കുണ്ടായില്ല. ജനങ്ങൾക്കും ചില അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഇന്നാട്ടിൽ മാഗ്നാ കാർട്ട ഉണ്ടായത്. ഒന്നാം ചാൾസ് രാജാവിനെ വധിച്ചതിലും, ഇന്നാട്ടിൽനിന്നും പോയി അമേരിക്കയിൽ കുടിയേറിയവർ "പ്രാതിനിധ്യമില്ലാതെ നികുതി നൽകുകയില്ല" എന്നു പറഞ്ഞതിലുമെല്ലാം ആംഗ്ലോ-സാക്സൺ കാലഘട്ടത്തിലെ രാജാവിന്റെ പൂർണ്ണാധികാരമില്ലായ്മയുടെ പിൻകാല പ്രതിഫലനങ്ങൾ കാണാം.

നമ്മുടെ വിഷയം ഇംഗ്ലീഷ് ഭാഷയാണല്ലോ. ആധുനിക ഇംഗ്ലീഷ് ഭാഷയുടെ 26 ശതമാനം വാക്കുകൾ ജർമ്മൻഭാഷയിൽ നിന്നും വന്നവയാണ്. നോർമൻ ആക്രമണത്തോടെ ഫ്രഞ്ച് ഭാഷ ഇന്നാട്ടിലെ ഔദ്യോഗികഭാഷയാകുന്നതുവരെ ഇവിടെ സംസാരിച്ചിരുന്നത് ജർമ്മനിയിലെ സാക്സണി പ്രദേശത്തെ അതേ ഭാഷ തന്നെയായിരിക്കണം. ആ ഭാഷ വളരെ മാറ്റങ്ങളിലൂടെ കടന്നുപോയാണ് ഇന്നത്തെ ഇംഗ്ലീഷായി പരിണമിച്ചത്.

പരിണാമങ്ങൾ ഒട്ടേറെ സംഭവിച്ചെങ്കിലും ഇംഗ്ലീഷ് "ജർമാനിക്ക്" ഭാഷയായി ഇന്നും അറിയപ്പെടുന്നു. കാരണം ഈ ഭാഷയുടെ അടിത്തറ ജർമ്മൻതന്നെ ആണ്.

ഇംഗ്ലീഷ് ഭാഷയിൽ പ്രയോഗത്തിലിരിക്കുന്ന വാക്കുകളിൽ 26 ശതമാനത്തോളം വാക്കുകൾ ജർമ്മൻ വേരുകളുള്ളവയാണ്. ചില ഉദാഹരണങ്ങൾ:

Above, Again, And, Apple, Bad, Good, Cake, Eat, Drink, Eye, Feet, Arm, Boy, Girl, House, Hand, Bread.

ഈ വാക്കുകളെല്ലാം അതേപടി ഇംഗ്ലീഷിലേക്ക് വരുകയായിരുന്നില്ല. ഉദാഹരണത്തിന് Und എന്ന ജർമ്മൻ വാക്ക് രൂപമാറ്റം സംഭവിച്ച ഇംഗ്ലീഷിലെ And ആയി. സമാനമായ രൂപമാറ്റം മുകളിൽ കൊടുത്തിരിക്കുന്ന മിക്ക വാക്കുകൾക്കും സംഭവിച്ചിട്ടുണ്ട്.

വാൽക്കക്ഷണം:

സമാനതകൾ മാത്രമല്ല, ജർമ്മൻ ഭാഷയും ഇംഗ്ലീഷ് ഭാഷയുമായി ചില രസകരമായ വ്യത്യാസങ്ങളുമുണ്ട്.

ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച "Gift" എന്ന വാക്ക് ജർമ്മൻഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയാൽ ചിലരെങ്കിലും ഞെട്ടിപ്പോകും.

നാല്  ഇംഗ്ലണ്ട് ക്രിസ്തുമതം സ്വീകരിക്കുന്നു.


കിംഗ് ആൽഫ്രഡ് ദി ഗ്രേറ്റ്
ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം ബ്രിട്ടന്റെ, പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ, ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മളിൽ പലരും അറിയുന്ന ബ്രിട്ടൻ മറ്റുള്ള രാജ്യങ്ങളെ വെട്ടിപ്പിടിച്ച ശക്തിയാണ്. എന്നാൽ പതിനൊന്നു നൂറ്റാണ്ടുകാലം കീഴടക്കാനായി വന്ന നിരവധി ശക്തികളുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്ന ചരിത്രവും ഇവർക്കുണ്ട്. വിദേശാക്രമണങ്ങളുടെ പരമ്പരതന്നെ അരങ്ങേറിയ നാടാണിത്.

റോമൻ, ആംഗ്ലോ-സാക്സൺ കടന്നുവരവുകളുടെ കഥകൾ മുൻ ഭാഗങ്ങളിൽ കുറിച്ചിരുന്നു. ആംഗ്ലോ-സാക്‌സൺസ് ഈ നാട്ടുകാരായി, ഇന്നാട്ടിലെ ജീവിതശൈലിയുമായി സമരസപ്പെട്ടു ജീവിച്ചു; അവരുടെ ഭാഷ ഈ നാടിന്റെ ഭാഷയായി. ഇംഗ്ലണ്ട് അവർ ഭരിക്കുന്ന നിരവധി നാട്ടുരാജ്യങ്ങളായി - Northumbria, Mercia, Wessex, Kent, Sussex, എന്നിവയായിരുന്നു ആ നാട്ടുരാജ്യങ്ങളിൽ പ്രധാനപ്പെട്ടത്. അക്കാലത്തെല്ലാവരുംതന്നെ പേഗൻ മതവിശ്വാസികളായിരുന്നു.

കെന്റിലെ ആംഗ്ലോ-സാക്സൺ രാജാവായിരുന്ന എത്തൽബെർട്ട് (Ethelbert) ഫ്രഞ്ച് രാജകുടുംബാംഗവും ക്രിസ്ത്യാനിയുമായ ബെർത്തയെ വിവാഹം കഴിച്ചു. 580 ADയിൽ ഇവിടെയെത്തിയ തന്റെ ക്രിസ്ത്യൻവധുവിന്റെ ആത്മീയാവശ്യങ്ങൾക്കായി രാജാവ് കാന്റർബറിയിലുണ്ടായിരുന്ന സെന്റ് മാർട്ടിൻ എന്ന ബ്രിട്ടീഷ്-റൊമാനൊ പള്ളി വിട്ടുകൊടുത്തു. ബെർത്ത അവിടെ പ്രാർത്ഥിച്ചിരുന്നുവെങ്കിലും രാജാവിന്റെയോ ജനങ്ങളുടെയോ വിശ്വാസത്തിൽ മാറ്റമൊന്നുമുണ്ടായില്ല.

അങ്ങനെയിരിക്കവേ അന്നത്തെ പോപ്പായിരുന്ന ഗ്രിഗറി കെന്റിലെ രാജാവിനൊരു കത്തയച്ചു - "താങ്കളുടെ പ്രജകൾക്ക് ക്രിസ്ത്യാനികളാകണമെന്നാഗ്രഹമുണ്ട്, അതിനാൽ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു."

അന്നൊക്കെ മാർപാപ്പയെന്നാൽ പത്രോസിന്റെ മാത്രമല്ല, പഴയ റോമൻ ചക്രവർത്തിമാരുടെയും പിൻഗാമിയാണ്. അദ്ദേഹത്തോടു മറുത്തെന്തെങ്കിലും പറയാനുള്ള ശേഷി രാജാവിനില്ല. അങ്ങനെ പോപ്പിന്റെ ദൂതൻ, ഇറ്റലിയിലെ ഒരു കുബേരകുടുംബാംഗമായ അഗസ്റ്റിൻ (പിന്നീട് സെന്റ് അഗസ്റ്റിനായി) കെന്റിലെത്തി.

AD 597-ൽ തന്റെ സംഘത്തോടൊപ്പം കെന്റിലെത്തിയ അഗസ്റ്റിൻ രാജാവുമായി ഒരു കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം ചോദിച്ചു.

റോമാക്കാരൻ, പാപ്പാദൂതൻ, അഗസ്റ്റിന് വല്ല മാന്ത്രികശക്തിയും ഉണ്ടാവാം എന്ന് ഭയന്ന പാവം എത്തൽബെർട്ട് സന്ദർശകനെ തുറസ്സായ സ്ഥലത്തുവച്ചാണ് നേരിട്ടത്. ഭക്തിഗാനവും ആലപിച്ച്, വെള്ളിക്കുരിശും ധരിച്ചാണ് അഗസ്റ്റിൻ എത്തിയത്. കൂടിക്കാഴ്ച്ച അനിഷ്ഠസംഭവങ്ങളൊന്നുമില്ലാതെ നടന്നു.

അഗസ്റ്റിൻ കൊണ്ടുവന്ന മതം ഉടനടി സ്വീകരിക്കാൻ രാജാവ് തയ്യാറായില്ല. എങ്കിലും അവർക്ക് ഇവിടെ തങ്ങാനും അവരുടെ പണി തുടങ്ങാനും അനുവാദം നൽകി.

സീറോമലബാർ വെട്ടുക്കിളികളെപ്പോലെ വിളഞ്ഞ പാടത്തു വന്നിറങ്ങിയതു പോലെയായിരുന്നില്ല അഗസ്റ്റിന്റെ വരവ്. ക്രിസ്തു എന്ന് കേട്ടിട്ടില്ലാത്ത ജനതയുടെ നടുവിലാണ് അദ്ദേഹം വന്നുപെട്ടത്. രാജാവ് സംഭവവികാസമെല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു.

ഏതാനും മാസങ്ങൾക്കുശേഷം അഗസ്റ്റിന്റെ ശ്രമങ്ങൾ ഫലം കണ്ടു. ആ വർഷത്തെ ക്രിസ്തുമസ് ദിനത്തിൽ കുറേയേറെപ്പേർ കൂട്ടത്തോടെ പുതിയ മതം സ്വീകരിച്ചു. അഗസ്റ്റിൻ ബെർത്തയുടെ കുഞ്ഞു ചാപ്പലിൽനിന്നും പുതിയ, വലിയൊരു പള്ളി പണിത് തന്റെ ആസ്ഥാനം അങ്ങോട്ടേയ്ക്ക് മാറ്റി. ഇതിനോടകം ക്രിസ്തുമതം സ്വീകരിക്കുന്നതുകൊണ്ട് തനിക്കുണ്ടായേക്കാവുന്ന പ്രയോജനങ്ങൾ മനസിലാക്കിയ രാജാവും പുതിയ വിശ്വാസം സ്വീകരിച്ചു.

ഇതൊരു എളിയ തുടക്കം മാത്രമായിരുന്നു. താമസിയാതെ ഇംഗ്ലണ്ട് മൊത്തം കുരിശിന്റെ വഴിയിലും പോപ്പിന്റെ കീഴിലുമായി.

ഇതോടെ ആംഗ്ലോ-സാക്സൺ ഭാഷയിൽ ലത്തീൻറെ സ്വാധീനം കൂടുതലുണ്ടായി.

ക്രിസ്തുമതം വന്നതോടെ പള്ളികളും സന്ന്യാസാശ്രമങ്ങളും ഉയർന്നു. സന്ന്യാസാശ്രമങ്ങൾ സമ്പന്നതിയിൽനിന്നും അതിസമ്പന്നതയിലേയ്ക്ക് കുതിച്ചു.

അങ്ങനെ കാര്യങ്ങളെല്ലാം ഭദ്രമായി നടന്നുവരവേ, AD 793-ൽ Lindisfarne എന്ന സ്ഥലത്ത് കുറെ വഞ്ചികൾ വന്നടുത്തു. അവയിലുണ്ടായിരുന്നത് സ്കാൻഡിനേവിയക്കാർ, വൈക്കിംഗ്‌സ് ആയിരുന്നു. അക്കാലത്തെ Terrorists തന്നെയായിരുന്നു ഈ വൈക്കിംഗ്‌സ്.

വടക്കുനിന്നും വന്ന വെടക്കൻമാരുടെ മുഖ്യ ലക്ഷ്യം സന്ന്യാസാശ്രമങ്ങളായിരുന്നു. ശാരീരികമായ കരുത്തോ ആയുധബലമോ ഇല്ലാതിരുന്ന സംന്യാസികളെ ക്രൂരമായി കൊന്നൊടുക്കി അവർ ആശ്രമങ്ങൾ കൊള്ളയടിച്ചു.

ഈ കൊള്ളയടി അവർ ശീലമാക്കി.. വീണ്ടുംവീണ്ടും അവരുടെ ആക്രമണങ്ങൾ ഇന്നാട്ടിൽ അരങ്ങേറി. പലരെയും ഇവിടെനിന്നും അടിമകളാക്കി തങ്ങളുടെ രാജ്യത്തേയ്ക്ക് അവർ കൊണ്ടുപോയി. ഏതാണ്ട് മൂന്നു നൂറ്റാണ്ടുകാലം ഇന്നാട്ടുകാർ വടക്കന്മാരുടെ ആക്രാന്തത്തിന്റെ ഇരകളായി.

കുറെ പ്രാവശ്യത്തെ വരവുകൾക്കുശേഷം അവരിൽ ചിലർ ഇവിടെ തമ്പടിച്ചുകൂടാൻ തീരുമാനിച്ചു. അതോടെ നിരവധി നാട്ടുരാജാക്കന്മാർക്ക് തങ്ങളുടെ കിരീടം നഷ്ടമായി. ഇംഗ്ലണ്ടിന്റെ നല്ലയൊരു ഭാഗം വൈക്കിംഗ് ഭരണത്തിന്റെ കീഴിലായി. പല രാജാക്കന്മാരിൽനിന്നും അവർ കപ്പം വാങ്ങിയിരുന്നു. അങ്ങനെ മിക്ക ആംഗ്ലോ-സാക്സൺ രാജാക്കന്മാരും സാമ്പത്തികമായി ക്ഷീണിച്ചപ്പോഴും ക്ഷയിക്കാതെ നിന്ന രാജ്യമായിരുന്നു വെസെക്സ്.

ഇന്നത്തെ Hampshire, Wiltshire, Somerset, Dorset എന്നീ കൗണ്ടികൾ ചേർന്നുള്ള രാജ്യമായിരുന്നു വെസെക്സ്. വെസെക്‌സിന്റെ തലസ്ഥാനം വിൻചെസ്റ്റർ. വെസെക്സിന് കരുത്തനായ ഒരു രാജാവുമുണ്ടായിരുന്നു - ആൽഫ്രഡ്.

റഷ്യയിൽ "മഹാന്മാരായി" അറിയപ്പെടുന്ന ഒരു ചക്രവർത്തിയും, ഒരു ചക്രവർത്തിനിയുമുണ്ട്. (Peter the Great & Catherine the Great). പക്ഷെ, ബ്രിട്ടന്റെ ചരിത്രത്തിൽ മഹാനായി അറിയപ്പെടുന്ന ഒരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായിരുന്നു Alfred the Great. പണ്ഡിതനും ജനസമ്മതനുമായിരുന്ന ആൽഫ്രഡ് സ്വന്തമായി പുസ്തകങ്ങൾ എഴുതുകയും നിരവധി പുസ്തകങ്ങൾ അന്നത്തെ നാട്ടുഭാഷയിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തെ പക്ഷെ, വൈക്കിംഗ് ആക്രമകാരികൾ വെറുതെ വിട്ടില്ല. വെസെക്സ് കൂടി പിടിച്ചെടുത്ത് ഇംഗ്ലണ്ട് മൊത്തം തങ്ങളുടെ കൈവശമാക്കാനായി ഇംഗ്ലണ്ടിലെ അന്നത്തെ വൈക്കിംഗ് രാജാവ് Gothrum കരുക്കൾ നീക്കി. പിടിച്ചുനിൽക്കാനാവാതെ മഹാനായ രാജാവ് ഒളിവിൽ പോയി. പക്ഷെ, ഒളിവിൽ കഴിയവേ രഹസ്യമായി സൈന്യം രൂപീകരിച്ച് വിൽറ്റ്ഷയറിലെ വെസ്റ്റ്ബെറിയ്ക്കടുത്തുള്ള Edington എന്ന സ്ഥലത്തുവച്ചു നടന്ന ഘോരയുദ്ധത്തിൽ ഗുത്രുമിനെ ആൽഫ്രഡ് പരാജയപ്പെടുത്തി.

ആൽഫ്രഡിന്റെ കാലശേഷവും വെസെക്‌സിന്റെ പ്രാധാന്യം തുടർന്നു അദ്ദേഹത്തിന്റെ കൊച്ചുമകന്റെ മകൻ, കിംഗ് എഡ്ഗാർ AD 973-യിൽ ബാത്ത് നഗരത്തിൽ വച്ച് കിരീടധാരണം നടത്തിയതോടെയാണ് യുണൈറ്റഡ് ഇംഗ്ലണ്ട് രൂപീകൃതമായത്. അങ്ങനെ ഇംഗ്ലണ്ട് മുഴുവനും ഒരൊറ്റ രാജ്യമായി. യൂറോപ്പിൽ രാജ്യങ്ങളെല്ലാം നഗരരാഷ്ട്രങ്ങളായിരുന്ന (ഇറ്റലിയിലെ ഫ്ലോറൻസ്, ഫ്രാൻസിലെ നോർമൻഡി, തുടങ്ങിയവ ഉദാഹരണങ്ങൾ) അക്കാലത്ത് യൂറോപ്പിലെ ആദ്യത്തെ Nation State എന്ന പദവിയ്ക്ക് ഇംഗ്ലണ്ട് അർഹമായി. അങ്ങനെ ഇരുണ്ട കാലഘട്ടത്തിൽ ഇംഗ്ളണ്ട് ഒരു രാജാവ്, ഒരു രാജ്യം, ഒരു കറൻസി, ഒരു ഭാഷ, ഒരു മതം എന്നിവയെല്ലാമുള്ള രാജ്യമായി.

ആൽഫ്രഡിന്റെ കാലംമുതൽ ഇംഗ്ലണ്ട് പുരോഗമനത്തിന്റെ പാതയിലായിരുന്നു. ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ വർധിച്ചു, അല്ലറചില്ലറ സാഹിത്യകൃതികളൊക്കെ ഉണ്ടായി ഭാഷ സമ്പന്നമായി. ആൽഫ്രഡിന്റെ കാലത്തുതന്നെ National Book of Records, Anglo-Saxon Chronicle എന്നിവ ആരംഭിച്ചു.

പഴയ ഇംഗ്ലീഷ് ഭാഷയുടെയും ജീവിതസൗകര്യങ്ങളുടെയും സുവർണ്ണകാലമായിരുന്നു അത്.

പക്ഷെ, സുവർണ്ണകാലം അധികം നാൾ നീണ്ടുനിന്നില്ല. സമൂഹത്തെ സമൂലമായി മാറ്റിമറിച്ച മറ്റൊരു ആക്രമണം പതിനൊന്നാം നൂറ്റാണ്ടിലുണ്ടായി.

അതിലൂടെ ഭാഷയ്ക്കും ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചു.

അഞ്ച്:  1066-ൽ സംഭവിച്ചത്.

William the Conqueror

ഫ്രാൻസിലെ നോർമണ്ടിക്കാരൻ William the Bastard ഇംഗ്ലണ്ടുകാർക്ക് William the Conqueror ആയതോടെ ഇംഗ്ലണ്ട് വല്ലാതെ മാറിമറിഞ്ഞു.

Norsemen (Northmen, വടക്കൻമാർ) എന്നതിന്റെ ചുരുക്കമാണ് "നോർമൻസ്‌." അവർ വടക്കൻഫ്രാൻസിൽ താമസിച്ചിരുന്ന പ്രദേശമാണ് നോർമണ്ടി എന്നറിയപ്പെടുന്നത്.

സ്ക്കാന്ഡിനേവിയൻ രാജ്യങ്ങളിലെ കൊള്ളക്കാർ ഇന്നാട്ടിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും പോയി കൊള്ളയടിച്ചിട്ടുണ്ട്. റഷ്യ എന്ന രാജ്യം ഒരർത്ഥത്തിൽ അവരാണ് സ്ഥാപിച്ചത്. ഫ്രാൻസിൽ കൊള്ളയടിക്കാൻ പോയവരിൽ ചിലർ അവിടെ താമസമായി. അവർ താമസിച്ചിരുന്ന പ്രദേശം അവരുടെ പ്രവിശ്യയുമായി. അന്നൊന്നും ഫ്രാൻസ് എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പല ഡ്യുക്കുമാരുടെ അധികാരത്തിന് കീഴിലുള്ള ഡച്ചികളായിരുന്നു. അത്തരത്തിലൊരു ഡച്ചിയായിരുന്നു നോർമണ്ടി. നോര്മണ്ടിയിലെ ഡ്യുക്കിന് ഉന്നതകുലജാതയല്ലാത്ത ഒരു സ്ത്രീയുമായുണ്ടായ അവിഹിതവേഴ്ചയിലുണ്ടായ പുത്രനാണ് വില്യം.

ജാരസന്തതിയായിരുന്നിട്ടും തന്റെ മിടുക്കുകൊണ്ട് വില്യം പിതാവിനുശേഷം നോര്മണ്ടിയിലെ ഡ്യുക്കായി.

വില്യമിന്റെ പിതാവ് അക്കാലത്ത് ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സൺ രാജാവായിരുന്ന എഡ്‌വേർഡിന്റെ (Edward the Confessor) അമ്മാവനായിരുന്നു.. അതായത് വില്യമും എഡ്‌വേർഡും കസിൻസ്.

വൈക്കിംഗ്സിന്റെ തുടരെത്തുടരെയുള്ള ആക്രമണങ്ങൾകൊണ്ട് പൊറുതിമുട്ടിയ എഡ്‌വേർഡ്‌ നോര്മണ്ടിയുടെ സൈനികസഹായം ലഭിക്കാനായി 1051-ൽ തന്റെ കാലശേഷം ഇംഗ്ലണ്ടിലെ രാജാവായി വില്യമിനെ നിർദ്ദേശിക്കാമെന്ന് തനിക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നാണ് വില്യമിന്റെ അവകാശവാദം.

പക്ഷെ, (A.D January 1066) മരണമടുത്തപ്പോൾ, തന്റെ ബന്ധുപോലുമല്ലാത്ത (എഡ്‌വേർഡിനു മക്കൾ ഉണ്ടായിരുന്നില്ല) ഹാരോൾഡ് എന്നയാളെ രാജാവായി നിർദ്ദേശിച്ചു.

ക്രൂദ്ധനായ വില്യം സൈനികസന്നാഹങ്ങളുമായി ഇംഗ്ലണ്ടിനെ കീഴടക്കാനെത്തി. തന്റെ ആക്രമണത്തിന് ഒരു വിശുദ്ധപരിവേഷം നൽകാനായി അന്നത്തെ മാർപാപ്പയായിരുന്ന പോപ്പ് അലക്‌സാണ്ടർ ആശീർവദിച്ചുനൽകിയ ബാനറുമായാണ് വില്യം ഇംഗ്ലണ്ടിലെ Hasting-ലെത്തുന്നത്.

അവിടെ നടന്ന യുദ്ധത്തിൽ ആദ്യമൊക്കെ ഇംഗ്ലീഷുകാർ വിജയം കണ്ടെത്തിയെങ്കിലും രാജാവായ ഹാരോൾഡ് കണ്ണിൽ അമ്പേറ്റ് "വീരമൃത്യു" അടഞ്ഞതോടെ അവരുടെ മനോവീര്യം നഷ്ടപ്പെടുകയും വില്യം വിജയശ്രീലാളിതനാവുകയും ചെയ്തു.

ഒരു ചെറിയ പ്രവിശ്യയുടെ ഡ്യുക്കായിരുന്ന വില്യമിനെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് പോലൊരു വലിയ രാജ്യത്തിന്റെ രാജാവാവുകയെന്നത് ദീർഘകാലത്തെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നു. അതുകൊണ്ട് സമയം ഒട്ടും കളയാതെ തന്റെ സംഘത്തോടൊപ്പം ലണ്ടനിലേക്ക് മാർച്ചു ചെയ്ത് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ച് 1066-ലെ ക്രിസ്തുമസ് ദിനത്തിൽ വില്യം തന്റെ കിരീധാരണചടങ്ങ് ആർഭാടമായി നടത്തി.

ആംഗ്ലോ-സാക്സൺ ഇംഗ്ലണ്ടിന്റെ അന്ത്യമായിരുന്നു അത്. എവിടെയോ കണ്ടത് ശരിയാണെങ്കിൽ അതിനുശേഷം നാളിതുവരെ ഒരു ആംഗ്ലോ-സാക്സൺ ഈ രാജ്യത്തിന്റെ രാജാവോ രാഞ്ജിയോ ആയിട്ടില്ല.

തുടർന്നുണ്ടായത് കിരാതമായ ഭരണമായിരുന്നു. തദ്ദേശീയരുടെ ഭാഗത്തുനിന്നും ചെറുത്തുനില്പിനുള്ള ശ്രമങ്ങൾ നിരവധി ഉണ്ടായെങ്കിലും അവയെല്ലാം മൃഗീയമായി അമർച്ച ചെയ്യപ്പെട്ടു.

വില്യമിനെ തുടർന്ന് നിരവധി നോർമൻ രാജാക്കന്മാർ ഇംഗ്ലണ്ട് ഭരിക്കുകയുണ്ടായി. അവരുടെ ഭരണകാലത്തുണ്ടായ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളിലേയ്ക്ക് കടക്കുന്നില്ല. നമ്മുടെ വിഷയം ഭാഷയാണല്ലോ.

വില്യം അധികാരം പിടിച്ചടക്കിയതോടെ ഇംഗ്ലണ്ടിന്റെ വ്യവഹാരഭാഷ ഫ്രഞ്ചായി. അദ്ദേഹത്തിന്റെ പിന്നാലെ വന്ന രാജാക്കന്മാർ ഇംഗ്ലീഷ് വശമാക്കാനേ ശ്രമിച്ചിരുന്നില്ല.

ജർമ്മാനിക്ക് ഭാഷയായിരുന്ന ഇംഗ്ലീഷ് ഫ്രഞ്ച് സ്വാധീനത്തിൽ സമൂലം മാറിപ്പോയി. നിലനിൽക്കാനായി അന്ന് വിദ്യാഭ്യാസം നേടിയവർ ഫ്രഞ്ച് ഭാഷയിലാണ് വിദ്യ അഭ്യസിച്ചത്.

എന്നാൽ 1362-ൽ Statute of Pleading എന്ന നിയമനിർമ്മാണം വഴി പാർലമെന്റ് ഇംഗ്ലീഷിനെ ഇന്നാട്ടിലെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. എങ്കിലും 1066-നു ശേഷം ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജാവ് ഈ നാട്ടിലുണ്ടായത് പതിനഞ്ചാംനൂറ്റാണ്ടിലാണ് - ഹെൻറി നാലാമൻ.

Beef, Cow എന്നീ രണ്ടുവാക്കുകൾ ശ്രദ്ധിച്ചാൽ ഭാഷയിലുണ്ടായ മാറ്റത്തിന്റെ ഏകദേശരൂപം മനസിലാക്കാം. പശുവിന്റെ ഇറച്ചി ഭക്ഷിച്ചിരുന്ന നോർമൻ പ്രഭുക്കൾക്ക് അത് അവരുടെ ഭാഷയിൽനിന്നും വന്ന ബീഫായി (അവർക്ക് പശുവിനെ പരിപാലിക്കേണ്ടതില്ല, ഇറച്ചി കഴിച്ചാൽ മതി, അങ്ങിനെ പശുവിറച്ചി ബീഫായി. എന്നാൽ പശുവിനെ മേയ്ച്ചു നടന്ന സാധാരണക്കാരന് പശുവിനെ തങ്ങളുടെ ആംഗ്ലോ-സാക്സൺ ഭാഷയിൽ Cow എന്ന് തുടർന്നും വിളിച്ചു.

വില്യമിന്റെ വരവോടെ ഏതാണ്ട് പതിനായിരം ഫ്രഞ്ച് വാക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ കടന്നുകൂടി എന്നാണ് പറയപ്പെടുന്നത്. ഭാഷയിലെ ഉച്ചാരണം, വ്യാകരണം എല്ലാം മാറിമറിഞ്ഞു.

ലത്തീനിൽനിന്നുള്ളത്രതന്നെ (മൊത്തം വാക്കുകളുടെ 29 ശതമാനം) ഇന്നത്തെ ഇംഗ്ലീഷ് വാക്കുകൾ ഫ്രഞ്ചിൽനിന്നും വന്നതാണ്.

ചുവടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചാൽ നമുക്ക് ചിരപരിചിതമായ എത്രയോ വാക്കുകൾ സത്യത്തിൽ ഫ്രഞ്ച് വാക്കുകളാണെന്ന് മനസിലാക്കാം.

State, royal (roial), exile (exil), rebel, noble, peer, prince, princess, justice, army (armee), navy (navie), enemy (enemi), battle, soldier, spy (verb), combat (verb) and more. French words also borrowed in English art, culture, and fashion as music, poet (poete), prose, romance, pen, paper, grammar, noun, gender, pain, blue, diamond, dance (verb), melody, image, beauty, remedy, poison, joy, poor, nice, etc.

ഇവയിൽ പല വാക്കുകളുടെയും സ്‌പെല്ലിംഗും ഉച്ചാരണവും ആധുനിക ഫ്രഞ്ചിൽ വ്യത്യസ്തമാണ്. 

ആറ്:  ഗ്രീക്ക് വന്ന വഴി..

ഷെല്ലി

പ്രശസ്ത ആംഗലേയ കവി, ഷെല്ലിയുടെ പ്രധാന രചനകളിലൊന്നാണ് "Prometheus Unbound." 1820-ൽ പ്രസിദ്ധീകൃതമായ ഈ കൃതി "ലിറിക്കൽ ഡ്രാമ" എന്ന ജനുസ്സിൽ പെട്ടതാണ്. ദേവലോകത്തുനിന്നും മനുഷ്യർക്കായി തീയ് മോഷ്ടിച്ചുകൊണ്ടുവന്നയാളാണ് പ്രൊമിത്യൂസ്. ഇതിൽ കുപിതനായ സ്യുസ് ഇദ്ദേഹത്തെ കഠിനമായി ശിക്ഷിച്ചു. വലിയ പാറയിൽ ചങ്ങലയാൽ ബന്ധിതനായ പ്രോമിത്യൂസിന്റെ കരൾ ദിവസവും രാവിലെ കഴുകൻ തിന്നുന്നു. രാത്രിയിൽ വീണ്ടും കരളുണ്ടാകും. അടുത്തദിവസം വീണ്ടും കഴുകന്റെ ആക്രമണം. ഈ പീഡനം നിരന്തരം തുടരുന്നു.

ഈ കഥയുടെ പുനരാഖ്യാനമാണ് ഷെല്ലിയുടെ കാവ്യനാടകം. Æschylus എന്ന ഗ്രീക്ക് എഴുത്തുകാരന്റെ രചനയാണ്‌ ഷെല്ലിയുടെ കൃതിയുടെ ആധാരം.

ഇതേ ഷെല്ലി ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി...

“We are all Greeks. Our laws, our literature, our religion, our arts have their root in Greece.”

ഷെല്ലിയുടെ ഈ വാക്കുകളിൽനിന്നും ഇംഗ്ലീഷ് ഭാഷയിലെ ഗ്രീക്കിന്റെ സ്വാധീനം വ്യക്തമാണല്ലോ.

നമ്മൾ ഇതുവരെ കണ്ടത് അധിനിവേശങ്ങളിലൂടെ ഇംഗ്ലണ്ടിലെ ഭാഷയ്ക്കുണ്ടായ മാറ്റങ്ങളാണ്. എന്നാൽ ഗ്രീക്ക് സ്വാധീനത്തിന്റെ പിന്നിൽ യുദ്ധകാഹളം ഉണ്ടായിരുന്നതേയില്ല. ഇതുവന്നത് വളരെ രസകരമായ വഴിയിലൂടെയാണ്.

വളരെ പഴക്കമുളള ഗ്രീക്ക് തത്വശാസ്ത്രവും ചിന്താഗതികളും പാശ്ചാത്യലോകത്തെത്തിയത് വളരെയേറെ വൈകിയാണ്. ഇതിനു മുമ്പുവരെ പാശ്ചാത്യലോകത്തിന്റ തത്വശാസ്ത്രം മതങ്ങൾ കൊണ്ടുവന്ന മിസ്റ്റിസിസത്തിൽ അധിഷ്ഠിതമായിരുന്നു. യുക്തിയ്ക്ക് അന്നൊന്നും യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. ഗ്രീക്ക് ഫിലോസഫിയുടെ ആഗമനത്തോടെയാണ് യൂറോപ്പിൽ "Age of Reason" ആരംഭിക്കുന്നത്. അതിനെ ജ്ഞാനോദയകാലമെന്നും Enlightenment എന്നുമൊക്കെ പേരിട്ടുവിളിക്കുന്നു.

ഭാഷാപരമായും ഭൂമിശാസ്ത്രപരമായും യൂറോപ്പിലെ ഏതാണ്ട് ഒറ്റപ്പെട്ട രാജ്യമായിരുന്നു ഗ്രീസ്. മഹാനായ അലക്‌സാണ്ടർ എന്ന അപവാദമൊഴിച്ചാൽ ഗ്രീസ് ഒരു അധിനിവേശശക്തി ആയിരുന്നില്ല. പേർഷ്യൻസാമ്രാജ്യം പോലുള്ളവരുമായി അവർ നടത്തിയ യുദ്ധങ്ങൾ പ്രതിരോധസ്വഭാവമുള്ളവയായിരുന്നു. സിസിലി ഒഴിച്ചാൽ, യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേയ്ക്ക് അവരുടെ പുഷ്ക്കലകാലത്തുപോലും, അവർ കടക്കാൻ ശ്രമിച്ചില്ല.

ആ പശ്ചാത്തലത്തിലാണ് റോമൻ സാമ്രാജ്യം വികസിച്ചതും മറ്റുപല രാജ്യങ്ങൾക്കൊപ്പം ഗ്രീസിനെയും അവർ കീഴടക്കിയതും. ഗ്രീക്ക് സംസ്ക്കാരം തങ്ങളുടേതിനേക്കാൾ ഉയർന്നതാണെന്ന ബോധം റോമിലെ അധികാരികൾക്കുണ്ടായിരുന്നു. അതുകൊണ്ട് റോമാക്കാരല്ലാത്തവരെയൊക്കെ അവർ കിരാതന്മാർ (Barbarians) എന്നു വിളിച്ചപ്പോഴും ഗ്രീക്കുകാർക്ക് ആ ദുഷ്‌പേര് നൽകിയില്ല. എങ്കിലും ഭരിക്കുന്ന തങ്ങളേക്കാൾ കേമന്മാരാണ് തങ്ങളാൽ ഭരിക്കപ്പെടുന്നവർ എന്ന് സമ്മതിക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ അവരുടെ ഭാഷയെയും സംസ്ക്കാരത്തെയുമൊക്കെ അവർ തങ്ങളാൽ കഴിയുംവിധം ഇല്ലാതാക്കി. കുറഞ്ഞത് അതിനെ പ്രമോട്ട് ചെയ്യാൻ അവർ തയ്യാറായില്ല.

പ്രാചീന ഗ്രീക്ക് ഭാഷയല്ല, ഇന്നത്തെ ആധുനിക ഗ്രീക്ക് ഭാഷ. റോമൻ സംസ്ക്കാരം വെട്ടിപ്പിടിക്കലുകളിലൂടെയും പിന്നീട് ക്രിസ്തുമതത്തിലൂടെയും യൂറോപ്പിൽ മൊത്തം വ്യാപിച്ചപ്പോഴും ഗ്രീക്ക് സംസ്ക്കാരം യൂറോപ്പിന് അന്യമായിരുന്നു. ഇന്ന് യൂറോപ്പിൽ വിദ്യാഭ്യാസം നേടുന്ന ഒരാളുടെ സാമാന്യവിവരത്തിന്റെ ഭാഗമാണ് ഗ്രീക്ക് ഇതിഹാസകഥകൾ. പക്ഷെ നൂറ്റാണ്ടുകളോളം യൂറോപ്പിലുള്ളവർ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നതേയില്ല.

ഗ്രീക്ക് ഭാഷയും സംസ്ക്കാരവും യൂറോപ്പിൽ എത്തിയതെങ്ങിനെയാണെന്ന് ഇന്ന് കൃത്യമായി നമുക്കറിയാം. പക്ഷെ, പാശ്ചാത്യലോകം അത് തുറന്ന്, ഉച്ചത്തിൽ, സമ്മതിക്കാറില്ലെന്നു മാത്രം.

റോമൻസ് ഗ്രീക്കിലെ പ്രാചീനകൃതികളെ അവഗണിച്ചെങ്കിലും അവയിൽ മിക്കതും സിറിയക്ക് (ഇപ്പോൾ മൃതഭാഷ), അറബിക്ക്, പേർഷ്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിരുന്നു.

അവ യൂറോപ്പിലേക്ക് വന്നതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്. ചുരുക്കിയെഴുതാം.

എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്‌പെയിൻ ഏതാണ്ട് മൊത്തം അറബികളുടെ കീഴിലായി. AD 732-ൽ അവർ ഫ്രാൻസിലെ Poitiers എന്ന പ്രദേശം കീഴടക്കി. 902-ൽ സിസിലിയും അവരുടെ കീഴിലായി. സ്‌പെയിനിലെ മുസ്ലീം ഭരണാധികാരിയായിരുന്ന അൽ ഹക്കം രണ്ടാമൻ (Al-Hakam II) അന്ന് അറബിഭാഷയിലുണ്ടായിരുന്ന എല്ലാ പുസ്തകങ്ങളും ശേഖരിക്കാൻ ശ്രമം നടത്തി. ഈ ശ്രമത്തിന്റെ ഫലമായി സ്‌പെയിനിൽ ഒരു വൻ ഗ്രന്ഥശേഖരമുണ്ടായി. ഇതേത്തുടർന്ന് അറബ് പണ്ഡിതന്മാരായ Muhammud ibn 'Abdun, 'Abdu'l-Rahman ibn Ismail തുടങ്ങിയവർ സ്പെയിനിലെത്തുകയും ഗ്രീക്ക് വിജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഗ്രീക്ക് ചികിത്സാരീതികളും സാഹിത്യവും ഫിലോസഫിയുമൊക്കെ യുറോപ്പിലാദ്യമായി എത്തുന്നത്.

ക്രിസ്തുമതം ആവിര്ഭവിക്കുന്നതിനു മുമ്പ് ഗ്രീസിലുണ്ടായ വിജ്ഞാനത്തെ ക്രിസ്ത്യൻ യൂറോപ്പിന് പേഗൻവിജ്ഞാനമായിമാത്രമാണ് കാണാൻ സാധിച്ചത്. ഇതും ഒരു കാരണമായിരുന്നു.

എന്നാൽ അറബികളിലൂടെ, നൂറ്റാണ്ടുകൾക്കുശേഷം ഇത് യൂറോപ്പിൽ പ്രചരിച്ചപ്പോൾ യുറോപ്യൻജനത അതൊരു വൻആഘോഷമായി കൊണ്ടാടി. ഇന്നും ഇരുണ്ടയുഗത്തു ജീവിക്കുന്നുവെന്ന് ചിലരെങ്കിലും കരുതുന്ന അറബികളുടെ ശ്രമഫലമായാണ് യൂറോപ്പിലെ ഇരുണ്ടകാലം ഇല്ലാതായി, ജ്ഞാനോദയകാലം തുടങ്ങുന്നതെന്ന് സമ്മതിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ.

ഏഴ്:  ഗ്രീക്ക് ഭാഷയുടെയും ഇതിഹാസങ്ങളുടെയും സ്വാധീനം
ഹെലൻ ഓഫ് ട്രോയി

ഷേക്‌സ്പിയറിന്റെ സമകാലികനായിരുന്ന ക്രിസ്റ്റഫർ മാർലോ എഴുതിയ വിഖ്യാതമായ നാടകമാണ് ഡോക്ടർ ഫൗസ്റ്റസ്.

മഹാപണ്ഡിതനായിരുന്ന ഫൗസ്റ്റസ് സാത്താനുമായി ഒരു ധാരണയുണ്ടാക്കുന്നു - സാത്താൻ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കും. പക്ഷെ, കരാർകാലാവധിയുടെ അവസാനം ഫൗസ്റ്റസിന്റെ ആൽമാവിനെ സാത്താനു കൊടുക്കണം. നായകനു സമ്മതം.

ഫൗസ്റ്റസ് തന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കുന്നു. അതിലൊന്ന് ഗ്രീക്ക് സൗന്ദര്യഭാമമായ ഹെലനെ നേരിൽ കാണുകയെന്നതാണ്. നോ പ്രോബ്ലം.. സാത്താൻ ഹെലനെ ഫൗസ്റ്റസിന്റെ മുന്നിൽ ഹാജരാക്കി. ഹെലന്റെ സൗന്ദര്യം കണ്ട് മതിമറന്നുപോയ പണ്ഡിതൻ ഇങ്ങനെ പറയുന്നു...

"Brighter art thou than flaming Jupiter
When he appear'd to hapless Semele;
More lovely than the monarch of the sky
In wanton Arethusa's azur'd arms;
And none but thou shalt be my paramour!"

ഇതിൽ പറയുന്ന ജൂപ്പിറ്റർ, ഗ്രീക്ക് ദേവനായ സ്യൂസിനു റോമാക്കാർ കൊടുത്ത പേരാണ്. സെമിലിയാകട്ടെ ഗ്രീക്ക് ഇതിഹാസത്തിലെ ഒരു ദുരന്തകഥാപാത്രം. അറത്തൂസ (Arethusa) ഗ്രീക്ക് ഇതിഹാസങ്ങളിൽ Nereus-യുടെ മകളാണ്.

ഗ്രീക്ക് ഇതിഹാസങ്ങളെ ഇംഗ്ലീഷിലെ എഴുത്തുകാർ പരിചയപ്പെട്ടതിന്റെ ആഘോഷത്തിന്റെ ഒരു ചെറിയ സാമ്പിളാണ് മുകളിൽ കണ്ടത്.

ഷേക്‌സ്‌പിയറിനും ഇതേ അസുഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിലുടനീളം ഗ്രീക്ക് സ്വാധീനം കാണാം.

എലിസബത്തൻ എഴുത്തുകാരിൽ മാത്രമല്ല ഈ സ്വാധീനം പ്രകടമാകുന്നത്. റൊമാന്റിക്ക് കവികളായി കണക്കാക്കിയിരുന്ന ഷെല്ലി, കീറ്റ്സ് ഇവരുടെ രചനകളിലും ഇതേ സ്വാധീനം വ്യക്തമാണ്. ആധുനികസാഹിത്യത്തിലും ഈ സ്വാധീനം തുടരുന്നു.

Antique, idol, dialogue, geography, grammar, architect, economy, encyclopaedia, telephone, microscope... തുടങ്ങിയ ഏതാണ്ട് ഒന്നര ലക്ഷം ഇംഗ്ലീഷ് വാക്കുകൾ ഗ്രീക്കിൽ നിന്നും വന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

മലയാളികളിൽ നല്ലൊരു ശതമാനം പേര് ഉപയോഗിക്കുന്നതാണല്ലോ ആൻഡ്രോയിഡ് ഫോണുകൾ. ഈ ആൻഡ്രോയിഡ് എന്ന വാക്കിന് ഇലിയഡിലെ വീരനായകനായ ഹെക്ടറിന്റെ ഭാര്യ, ആൻഡ്രോമെക്കിയുമായിമായി അടുത്ത ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്നു.

സാഹിത്യത്തെക്കാൾ കൂടുതൽ ഗ്രീക്ക് സ്വാധീനിച്ചത് ഒരു പക്ഷെ, ശാസ്ത്രത്തെയായിരുന്നു. രോഗങ്ങളുടെയും മരുന്നുകളുടെയും പേരുകളിൽ ഗ്രീക്ക് സ്വാധീനം വല്ലാതെയുണ്ട്.

ചുവടെ കൊടുക്കുന്ന നീണ്ട ലിസ്റ്റിൽനിന്നും ഗ്രീക്ക് സ്വാധീനം മനസിലാക്കാം.

anti (old) – antique, antiquated
arch (first, ancient) – archetype, archangel
athl (prize) – athlete, athletic
auto (self) – automatic, automobile, autonomous
basi (bottom) – basic
bibl (book) – bibliography, bible
centr (center) – eccentric
cid (fall) – accident
ceram (clay) – ceramic
doc (teach) – doctor, doctorate
graph (draw, write) – graphic
id, ido (shape) – idol, idolize
kudo (glory) – kudos
log (thought, word, speech) – logic, logical
mim (repeat) – mimic
par, para (beside or near) – parallel, parameter
sacchar (sugar) – saccharin
sy, sym (with) – symbol, system
tele (far, end) – telephone, telegraph, telescope
the (put) – theme, thesis, thesaurus
zon (belt, girdle) – zone

Words Found in Science

The following Greek roots can be found in various scientific vocabularies.
acro (height, summit) – acrophobia
aesthet (feeling, sensation) –- aesthetics
archeao (ancient) – archeology
baro (weight, pressure) – barometer
bio (life) – biology
calli (beautiful) – calligraphy
carci (cancer) – carcinoma, carcinogen
chrom (color) – chromosome, chromatic
dactyl (finger, toe, digit) – dactylology
dino (terrible, to fear greatly) – dinosaur
dys (bad, ill) – dysentery, dysplasia, dystrophy
eco (house) – ecology, economics
endo (inside) – endocrine
epi (upon) – epicenter
geo (earth) – geology, geography, geological
hal, halo (salt) – halogen
hel, helo (sun) – helium
hex (six) – hexagon
is, iso (equal, same) – isometric
kine (movement, motion) – kinesis, kinetic, kinesthetic
leuco, leuko (white) – leukemia, leucocytes
lip, lipo (fat) – liposuction
meaning (membrane) – meningitis
meno (moon) – menopause
narc (numb) – narcolepsy, narcotics
naut (ship) – nautical
oed (swollen) – edema
paed (child) – pediatric
path (to feel, hurt) – pathology,
rhiz (root) – rhizome
schem (plan) – schematic
scler (hard) – scleroderma, sclerosis
techn (art, skill) – technology, technological
xen (foreign) – xenophobia
zo (animal) – zoo, zoology
zym (ferment) – enzyme

Prefixes and Suffixes

In addition to being the root that creates a word, Greek words can also be found in the prefixes and suffixes used in daily language. Here is a short list:

Prefixes

a-, an- (without) – atypical
anti-, ant- (opposite) – anticlimax, antacid
hyper- (excessive) – hyperactive, hypersensitive
mono- (one, single) – monologue, monosyllable
neo- (new, recent) – neonatal, neoclassical
pan- (all) – pandemic, panorama

Suffixes

ism (the act, state or theory of something) – racism, optimism, Buddhism
ize (to make into something) – Americanize, legalize, computerize
graph (something written or drawn) – phonograph, photograph, seismograph
logy (the study of something) – biology, geology, zoology
oid (the shape or form of something) – humanoid, trapezoid
phobe, -phobia (fear or terror of something) – agoraphobia, claustrophobia
phone (something that receives or emits sound) – telephone, gramophone

എട്ട്:  ബൈബിളിന്റെ സ്വാധീനം.



വില്യം ടിൻഡൽ
ഇംഗ്ലീഷ് ഭാഷയെ ഇന്നത്തെ നിലയിലെത്തിക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് രണ്ടു "വില്യംസ്‌" ആണ്. ഒന്ന് വില്യം ടിൻഡൽ (William Tyndale), രണ്ട് വില്യം ഷേക്‌സ്‌പിയർ (William Shakespeare).

നൂറ്റാണ്ടുകളോളം ഇംഗ്ലണ്ടിൽ ബൈബിൾ ലത്തീൻ ഭാഷയിലാണ് നിലനിന്നിരുന്നത്. അത് വായിച്ചു മനസിലാക്കുക സാധാരണക്കാരന് സാധ്യമായിരുന്നില്ല. സാധാരണക്കാരൻ ബൈബിൾ അറിഞ്ഞത് പുരോഹിതരിലൂടെമാത്രമാണ്. അവരാകട്ടെ, അവർക്കുവേണ്ടതു മാത്രം ജനത്തിനു നൽകി. പുരോഹിതരിൽ ചിലരെങ്കിലും ലത്തീനിൽ കാര്യമായ വ്യുൽപത്തി ഇല്ലാത്തവരുമായിരുന്നു.

ഇതിനെതിരെയും, സഭയിലെ മറ്റു തോന്ന്യാസങ്ങൾക്കെതിരെയും ആദ്യമായി ശക്തമായി ശബ്ദമുയർത്തിയത് ജോൺ വിക്ക്ലിഫാണ് (John Wycliffe). ഇദ്ദേഹം ജനിച്ചത് 1320-കളിലായിരുന്നു. ഫിലോസഫറും തിയോളജിയനുമായിരുന്ന വിക്ക്ലിഫ് ലത്തീൻ ഭാഷയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നയാളാണ്. സഭാമേലധികാരികളുടെ ധാർഷ്ട്യവും അഴിമതിയും കുറയണമെങ്കിൽ സാധാരണക്കാരന് ദൈവവചനം വായിച്ചു മനസിലാക്കി, പുരോഹിതരുടെ സഹായമില്ലാതെ നല്ല ജീവിതം നയിക്കാനാവണം എന്നു വിശ്വസിച്ച വിക്ക്ലിഫ്, 1380-ൽ ബൈബിൾ ലത്തീനിൽനിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. ഒരു പറ്റം സുഹൃത്തുക്കളുടെ സഹായത്താൽ കുറെയേറെ കൈയെഴുത്തുപ്രതികൾ തയ്യാറാക്കി.

ഇന്നും ഇതിന്റെ ഏതാണ്ട് 170 പ്രതികൾ ലഭ്യമാണ്. ആ നിലയ്ക്ക് എത്രമാത്രം കോപ്പികൾ തയ്യാറാക്കിയെന്നും അതെത്രമാത്രം ക്ലേശകരമായിരുന്നുവെന്നും ഊഹിക്കാമല്ലോ.

വിക്ക്ലിഫ് തയ്യാറാക്കിയ ഇംഗ്ലീഷ് ബൈബിളിൽ ലത്തീൻറെ ഭൂതം നല്ലവണ്ണമുണ്ടായിരുന്നു. ലത്തീൻ വ്യാകരണം തീരെ വിട്ടുകളയാൻ അദ്ദേഹം തയ്യാറായില്ല. ഫലം: ഇതുപോലുള്ള വാചകങ്ങൾ - "Lord go from me for I am a man sinner."

ഇദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയാണ് An eye for an eye എന്ന പ്രയോഗം ഇംഗ്ലീഷിൽ കടന്നുവന്നത്. കൂടാതെ, നിരവധി പുതിയ വാക്കുകളും. ഏതാനും ഉദാഹരണങ്ങൾ:

Barbarian, birthday, childbearing, communication, crime, dishonour, envy, frying pan, humanity, injury, jubilee, madness, middleman, novelty, oppressor, philistine, pollute, puberty, unfaithful .

City, profession, emperor, justice, cradle, suddenly, angel, multitude, തുടങ്ങിയ ഏതാണ്ട് ആയിരത്തോളം ലത്തീൻ വാക്കുകൾ ഈ പരിഭാഷയുടെ ഇംഗ്ലീഷിലെത്തി.

പക്ഷെ, ഇദ്ദേഹത്തെ സഭ വെറുതെ വിട്ടില്ല 1382-ൽ ലണ്ടനിലെ Black Friars-ൽ വച്ചു നടന്ന സിനഡ് ഇദ്ദേഹത്തെ ദൈവനിഷേധി(Heretic)യായി വിധിച്ചു. ശിക്ഷാനടപടികളുണ്ടാകുന്നതിനു മുന്നേ വീക്ക്ലിഫ് അന്ത്യശ്വാസം വലിച്ചു. പക്ഷെ, സഭയുടെ ക്രോധം പെട്ടെന്നൊന്നും ശമിച്ചില്ല. 1384-ൽ അന്തരിച്ച വീക്ക്ലിഫിന്റെ ഭൗതികാവശിഷ്ടം മുപ്പത്തിയൊന്നു വര്ഷങ്ങള്ക്കുശേഷം, 4 May 1415 May നാലാംതിയതി മാന്തിയെടുത്തു കത്തിച്ച്, ചാരം നദിയിലൊഴുക്കി.

വീണ്ടും പതിമൂന്നു വര്ഷങ്ങള്ക്കുശേഷം, സാധിക്കുന്നത്ര കോപ്പികൾ കണ്ടെടുത്ത് അവയെല്ലാം അഗ്നിയ്ക്കിരയാക്കി.

പക്ഷെ, ഇതുകൊണ്ടൊന്നും ജനത്തിന്റെ മനസിലാകുന്ന ഭാഷയിലൊരു ബൈബിൾ ഉണ്ടാവുകയെന്ന് ആഗ്രഹം ഇല്ലാതായില്ല. കുറെ വര്ഷങ്ങള്ക്കുശേഷം അടുത്ത "സഭാവിരുദ്ധൻ" രംഗപ്രവേശം ചെയ്തു - വില്യം ടിൻഡൽ (William Tyndale).

1494-ൽ ജനിച്ച ടിൻഡൽ വിക്ക്ലിഫിന്റെ പാതയിലൂടെ നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ, വിക്ക്ലിഫിനു സംഭവിച്ചതെന്താണെന്ന് നല്ലവണ്ണം അറിയാമായിരുന്ന ടിൻഡൽ തന്റെ സാഹസങ്ങൾ ഇംഗ്ലണ്ടിന്റെ മണ്ണിൽവച്ചു നടത്തുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു മനസിലാക്കി, 1524-ൽ ജർമ്മനിയിലെ കൊളോണിൽ അഭയംതേടി. രണ്ടുവര്ഷത്തിനുശേഷം, ലത്തീൻ, ഗ്രീക്ക് ബൈബിളുകളിൽനിന്നും ഇംഗ്ലീഷിലേക്ക് പുതിയൊരു പരിഭാഷ തയ്യാറാക്കി. അപ്പോഴേയ്ക്കും അച്ചടിയന്ത്രം നിലവിൽ വന്നിരുന്നതുകൊണ്ട് കൂടുതൽ കോപ്പികൾ സാധ്യമായി. ആറായിരം കോപ്പികൾ അച്ചടിപ്പിച്ചു.

ഈ വിവരം മണത്തറിഞ്ഞ ഇംഗ്ലണ്ടിലെ രാജാവും (ഹെൻറി എട്ടാമൻതന്നെ. പക്ഷെ, അദ്ദേഹം അന്നൊക്കെ വത്തിക്കാന്റെ വേണ്ടപ്പെട്ടയാളായിരുന്നു) സംഘവും ഇതിന്റെ കോപ്പി രാജ്യത്തെത്താതിരിക്കാനുള്ള സകല സംവിധാനങ്ങളുമൊരുക്കി. എങ്കിലും, കോപ്പികൾ എത്തുകതന്നെ ചെയ്തു. അപ്പോൾ ലണ്ടൻ ബിഷപ്പിനൊരു ബുദ്ധി തോന്നി - മുഴുവൻ കോപ്പികളും വിലയ്ക്കു വാങ്ങുക. ഇതറിഞ്ഞ ടിൻഡൽ പറഞ്ഞു - "കത്തിച്ചുകളയാൻ വേണ്ടിയാണ്!" എങ്കിലും അദ്ദേഹം കോപ്പികൾ മുഴുവൻ ബിഷപ്പിനു വിറ്റു. അങ്ങനെ ,ലഭിച്ച പണം കൊണ്ട്, അടുത്ത പരിഷ്‌ക്കരിച്ച പതിപ്പ് തയ്യാറാക്കി.

ഭാഷാപരമായി പറഞ്ഞാൽ ഇതൊരു വിപ്ലവമായിരുന്നു.

ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്നു നാം കാണുന്ന ചാരുത ആദ്യമായി കൈവരുന്നത് ടിൻഡലിന്റെ ബൈബിളിലൂടെയാണ്.

Let there be light, My brother's keeper, flowing with milk and honey, sign of the time, apple of my eye, the spirit is willing but the flesh is weak, eat drink and be merry, broken hearted, stranger in a strange land, a law unto themselves, - എന്നീ പ്രയോഗങ്ങൾ കൂടാതെ, Scapegoat, beautiful, fishermen, zealous, തുടങ്ങിയ നിരവധി പുതിയ വാക്കുകളും ഭാഷയ്ക്ക് ലഭിച്ചു.

1611-ൽ അന്നത്തെ രാജാവായിരുന്ന ജെയിംസ് ഒന്നാമൻ മുൻകൈയെടുത്തു തയ്യാറാക്കിയ ഔദ്യോഗിക ബൈബിളിൽ (Standar Bible of King James) ഏതാണ്ട് 85 ശതമാനം ഭാഗങ്ങൾ ടിൻഡലിന്റെ പരിഭാഷയിൽനിന്നും യാതൊരു മാറ്റവുമില്ലാതെ എടുത്തതാണെന്നാണ് പറയപ്പെടുന്നത്.

ടിൻഡലിന്റെ ഗതി എന്തായെന്ന് അറിയേണ്ടേ?

1535-ൽ രാജാവിന്റെ ചാരന്മാർ ബെൽജിയത്തിലുള്ള Antwerp നഗരത്തിൽവച്ച ടിൻഡലിനെ പിടികൂടുകയും, 6 October 1536 ഒക്ടോബർ ആറാംതിയതി അദ്ദേഹത്തിന്റെ നാല്പത്തിരണ്ടാം വയസ്സിൽ ശ്വാസം മുട്ടിച്ചു വധിച്ചു. ഭൗതിക ശരീരം കത്തിച്ചുകളഞ്ഞു.

ടിൻഡലിന്റെ അവസാന വാചകം ഇതായിരുന്നു: "Lord, open the King of England's eyes."

ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണ് താമസിയാതെതന്നെ തുറക്കപ്പെട്ടു.

തന്റെ സ്പെയിന്കാരി രാഞ്ജി, കാതറൈനുമായി വിവാഹമോചനം നേടിയ ഹെൻറി പുനർവിവാഹം ചെയ്യാനായി വത്തിക്കാന്റെ നുകത്തിൽനിന്നും മോചിതനായി. ഇംഗ്ലണ്ടിലെ സഭയുടെ തലവൻ താൻ തന്നെയാണെന്നു പ്രഖ്യാപിച്ചു. അപ്പോൾ, വത്തിക്കാന്റെ അനുവാദമില്ലാതെ ബൈബിൾ തയ്യാറാക്കാമെന്ന സ്ഥിതിയുണ്ടായി.

അങ്ങനെ ഹെൻറി എട്ടാമന്റെ നിർദ്ദേശപ്രകാരം നിയമസാധുതയുള്ള ഇംഗ്ലീഷ് ബൈബിളും തയ്യാറായി. അതിന്റെ പിന്നാലെ നിരവധി ബൈബിൾ പതിപ്പുകൾ ഉണ്ടായി. ഇതിനൊരു വിരാമമുണ്ടായത് 1611-ൽ ജെയിംസ് ഒന്നാമൻ രാജാവിന്റെ കാലത്ത് ഔദ്യോഗിക ബൈബിൾ പുറത്തിറങ്ങിയതോടെയാണ്.

ഏതാണ്ട് മൊത്തം ജനത ക്രിസ്ത്യാനികളായിരുന്ന അന്നത്തെ ഇംഗ്ലീഷ്കാരുടെയിടയിൽ ഏറ്റവും പ്രചാരമുള്ള പുസ്തകമായിരുന്നു ബൈബിൾ. പള്ളിപ്രസംഗങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ബൈബിൾഭാഷയുമായി ജനം പരിചയപ്പെട്ടു. അവർ അങ്ങനെ പരിചയപ്പെട്ട ഭാഷ ഉണർവും ഭംഗിയുമുള്ളതായിരുന്നു.

"ഒരു പറ്റമാളുകൾ ചേർന്ന് ആദ്യമായുണ്ടാക്കിയ സാഹിത്യം" എന്നാണ് കിംഗ് ജെയിംസ് ബൈബിൾ വിശേഷിക്കപ്പെടുന്നത്.

ഈ മനോഹരമായ ഭാഷ താമസിയാതെ എലിസബത്തൻ എഴുത്തുകാരുടെ കൈയിൽ അതിമനോഹരമായ ഉപകരണമായി.

ഒൻപത്:  ഷേക്‌സ്‌പിയറിയൻ സ്വാധീനം.
വില്യം ഷേക്‌സ്പിയർ

ലോകപ്രശസ്ത നാടകകൃത്തും കവിയുമായ വില്യം ഷേക്‌സ്പിയർ എന്നാണ് ജനിച്ചതെന്ന് കൃത്യമായി ആർക്കുമറിയില്ല. എങ്കിലും 1564 ഏപ്രിൽ ഇരുപത്തിയാറാം തിയതി അദ്ദേഹം മാമോദീസ മുങ്ങിയതിന്റെ രേഖയുണ്ട്. അദ്ദേഹത്തിന്റെയാണെന്നു വിശ്വസിക്കപ്പെടുന്ന മുപ്പത്തിയൊമ്പത് നാടകങ്ങളും 154 Sonnets എന്നറിയപ്പെടുന്ന ഹൃസ്വകവിതകളുമുണ്ട്. പക്ഷെ, ഷേക്‌സ്പിയറിയെക്കുറിച്ചും, അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും എഴുതപ്പെട്ട പുസ്തകങ്ങൾ പല ഗ്രന്ഥശാലകളിലെ മൊത്തം പുസ്തകങ്ങളെക്കാൾ കൂടുതലായിരിക്കാം.

പറയാൻ ശ്രമിക്കുന്നത് വലിയ, വലിയ ആളുകൾ അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ട്. ഞാനായി ആ സാഹസത്തിനു മുതിരുന്നില്ല. ഇവിടെ പറയാൻ ശ്രമിക്കുന്നത് അദ്ദേഹം ഇംഗ്ലീഷ് ഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ചു മാത്രമാണ്.

ഷേക്‌സ്പിയറിനെക്കുറിച്ച John Dryden എന്ന നാടകകൃത്ത്/കവി ഇങ്ങനെ പറയുന്നു.

“He was the man who of all modern, and perhaps ancient poets, had the largest and most comprehensive soul.

But Shakespeare’s magic could not copied be; Within that circle none durst walk but he.

He was naturally learned; he needed not the spectacles of books to read nature. He looked inwards, and found her there.”

ശരിയാണ്, അദ്ദേഹത്തിന് വലിയ വിദ്യാഭ്യാസത്തിന്റെ പിന്ബലം ഉണ്ടായിരുന്നില്ല. ഷേക്‌സ്പിയർ ലണ്ടനിൽ എത്തുമ്പോൾ അവിടെ ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്ന ക്രിസ്റ്റഫർ മാർലോയെപ്പോലുള്ള എഴുത്തുകാർ അരങ്ങ് വാഴുകയായിരുന്നു. പലപ്പോഴും "കോളേജിന്റെ പടി കാണാത്തവൻ" എന്ന കാരണത്താൽ അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു. അതുല്യമായ സർഗ്ഗശേഷിയുമായി ജനിച്ച അദ്ദേഹത്തിന് അതൊന്നും തടസ്സമായിരുന്നില്ല.

ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരൻ എന്ന പദവി ചിലരെങ്കിലും നൽകിയിട്ടുള്ള (ആ ചിലരിൽ എത്രപേർ കാളിദാസനെ വായിച്ചിട്ടുണ്ട്?) ഷേക്‌സ്പിയർ ഓരോ ഇംഗ്ലീഷുകാരന്റെയും അഭിമാനമാണ്.

ഷേക്‌സ്പിയർ ലണ്ടനിലെത്തുമ്പോൾ അന്നത്തെ രാഞ്ജി ഒന്നാം എലിസബത്തായിരുന്നു. ആറു ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന രാഞ്ജി സ്വന്തമായി കവിതകൾ രചിച്ചിരുന്നു. അവരുടെ സാഹിത്യതാല്പര്യത്തിന്റെ ഫലമാകാം അവരുടെ ഭരണകാലം ഇംഗ്ലീഷ് സാഹിത്യത്തിന്റെ സുവർണ്ണകാലമായി അറിയപ്പെടുന്നത്. നല്ല എഴുത്തുകാരെ അവർ തീർച്ചയായും പ്രോത്സാഹിപ്പിച്ചിരുന്നു.

ജീവിച്ചിരുന്നപ്പോൾ വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്ന കവിയുടെ തൂലികയിൽ നിന്നും "When to the sessions of sweet silent thought i summon up remembrance of things past..." പോലുള്ള മനോഹരമായ വാക്കുകൾ ഒഴുകി. ഷേക്‌സ്പിയറിന്റെ പ്രതിഭയ്ക്ക് പദദാരിദ്ര്യം ഒരിക്കലും പ്രശ്നമായിരുന്നില്ല. പറ്റിയ വാക്കുകൾ കിട്ടാതെ വരുമ്പോൾ അദ്ദേഹം പുതിയ വാക്കുകൾ സൃഷ്ടിച്ചു. അത്തരത്തിൽപെട്ട രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലുള്ള വാക്കുകൾ ഇന്ന് ഇംഗ്ലീഷ്ഭാഷയിൽ പ്രയോഗത്തിലുണ്ട്. വാക്കുകൾ മാത്രമല്ല, അദ്ദേഹത്തിന്റെ ചില പുതിയ പ്രയോഗങ്ങളും പരക്കെ ഇന്നും ഉപയോഗിക്കപ്പെടുന്നു.

അക്കാലഘത്തിൽ antic എന്ന വാക്കിന് വിഡ്ഢി എന്നായിരുന്നു അർത്ഥം. Julius Caesar എന്ന തന്റെ കൃതിയിൽ "വിഡ്ഢിയാക്കുക" എന്ന അർത്ഥത്തിൽ അദ്ദേഹം അന്നുവരെ ആരും ഉപയോഗിക്കാതിരുന്ന ഒരു വാക്ക് ഉപയോഗിച്ചു - anticked.

അങ്ങനെ എത്രയെത്ര പുതിയ പ്രയോഗങ്ങൾ, പുതിയ വാക്കുകൾ. ചില ഉദാഹരണങ്ങൾ (ഇതിൽ പലതും നമ്മളിൽ പലരും നിത്യമെന്നോണം ഉപയോഗിക്കുന്നവയാണ്..)

ചില പ്രയോഗങ്ങൾ (Phrases)

To hold the mirror up to nature,
Vanish into thin air,
A heart of gold,
In a pickle,
A wild goose chase,
Fair play,

അദ്ദേഹം ഭാഷയ്ക്ക് സംഭാവന ചെയ്ത വാക്കുകളിൽ ചിലത്:

Grovel, Gossip, Bedazzled, Gloomy, Obscene, Accommodation, Barefaced, Misanthrope, Leapfrog, Lacklustre, Advertising, Assassination, Courtship, Dexterously, Indistinguishable, Premeditated, Reliance.

ഏതാനും വാക്കുകളും പ്രയോഗങ്ങളും നല്കിയെന്നതല്ല ഷേക്‌സ്പിയറിന്റെ സംഭാവന.

ഒന്നാം എലിസബത്ത് രാഞ്ജിയുടെയും അവർക്കുശേഷം വന്ന ജെയിംസ് ഒന്നാമന്റെയും ഭരണകാലത്ത് ഒരു ചെറുദ്വീപിൽ കഴിഞ്ഞിരുന്ന ഇംഗ്ലീഷ് ജനത ലോകം വെട്ടിപ്പിടിക്കാൻ വിവിധ ദിശകളിലേയ്ക്ക് കപ്പൽയാത്രകൾ നടത്തിയപ്പോൾ, അവർക്ക് സ്വയം അഭിമാനിക്കാനും, അത് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിപ്പിക്കാനും ഉപയോഗിച്ച, ഒരുപാടു ചേരുവകൾ ചേർന്നുണ്ടായ, ആംഗലേയഭാഷയ്ക്ക് സൗന്ദര്യവും തിളക്കവും മാന്യതയും നൽകിയവരിൽ ഒന്നാമൻ ഷേക്‌സ്പിയർ തന്നെ.

ബെൻ ജോൺസൺ എന്ന കവി ഷേക്‌സ്പിയറിനെക്കുറിച്ചു പറഞ്ഞ വാചകം ഉദ്ധരിച്ച് ഇത് അവസാനിപ്പിക്കുന്നു.

He was not of an age, but for all time!

പത്ത്:  ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾ.
ഓസ്‌ക്കാർ വൈൽഡ്

ഇന്ത്യയിൽ സവർണ്ണാധിപത്യം ഉടനെയെങ്ങും അവസാനിക്കാൻ പോകുന്നില്ലയെന്നതിന് സമീപകാലസംഭവങ്ങൾ സാക്ഷി. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലധികൃതർ സവർണ്ണരെ എങ്ങിനെയാണ് കണ്ടിരുന്നതെന്നറിയില്ല. പക്ഷെ അവരുടെ ഭാഷയുടെ അകത്തളത്തിൽ ആദ്യം കയറിയിരുന്നത് ഒരു അവർണ്ണനായിരുന്നു - പറയൻ

Pariah എന്ന വാക്കിന് നിഘണ്ടുവിൽ കണ്ട ചരിത്രം ചുവടെ:

Pariah (n.)

1610s, from Portuguese paria or directly from Tamil (Dravidian) paraiyar, plural of paraiyan "drummer" (at festivals, the hereditary duty of members of the largest of the lower castes of southern

ഇതിൽനിന്നും 1610-ൽ ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രവേശിച്ചിരുന്നുവെന്നു കാണാം.

തമിഴിൽനിന്നുതന്നെ വന്ന വാക്കാണ് Curry എന്നും എവിടെയോ കണ്ടു. ഇവ കൂടാതെ "ബംഗ്ലോ" (ഒരു പക്ഷെ, ഇതിന്റെ ആദ്യകാലത്തെ അർത്ഥം "ബെംഗാളികളുടേതു പോലുള്ള വീട്" എന്നായിരിന്നിരിക്കാം) പോലെ നിരവധി വാക്കുകൾ മറ്റു ഇന്ത്യൻ ഭാഷകളിൽനിന്നും ഇംഗ്ലീഷിൽ കടന്നുകയറി.

കോഫി, ആൽക്കഹോൾ തുടങ്ങിയ വാക്കുകൾ അറബിയിൽനിന്നും വന്നതാണ്. അറബിയുടെ Al Kohl ആണ് ഇവിടെ ആൽക്കഹോൾ ആയിമാറിയത്. ഒരു പക്ഷെ, നമ്മുടെ സ്വന്തം കള്ളും ഇതേ അറബി വാക്കിൽനിന്നും വന്നതാകാം.

പക്ഷെ, ആധുനിക ഇംഗ്ലീഷ് ഭാഷയെ ഏറ്റവും കാര്യമായി മാറ്റിയത് അമേരിക്കയാണ്. അമേരിക്കൻ കുടിയേറ്റത്തിന്റെ പശ്ചാത്തലം ഇവിടെ നോക്കേണ്ടതുണ്ട്.

യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിൽനിന്നും ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് (USA) കുടിയേറ്റമുണ്ടായിട്ടുണ്ട്. പക്ഷെ അവിടെ ഏറ്റവുമാദ്യം ചെന്നെത്തിയത് ഇംഗ്ലീഷുകാരാണ്. മതപരമായ കാരണങ്ങളാൽ രാജ്യത്തെ ഭരണാധികാരികളോട് വിയോജിപ്പുണ്ടായിരുന്ന Puritans എന്നറിയപ്പെട്ടിരുന്നവർ. അവർ പൊതുവെ യാഥാസ്ഥിതികരായിരുന്നു. അവരുടെ ഭാഷ അങ്ങനെതന്നെ നിലനിർത്താൻ താല്പര്യമുള്ളവർ. എന്നാൽ കാലാന്തരത്തിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നും കുടിയേറ്റമുണ്ടായപ്പോൾ അന്നാട്ടിലെ ഭാഷ മാറി. എങ്കിലും ഇവിടെയൊരു അത്ഭുതം നിരീക്ഷിക്കാം.

ഇംഗ്ലണ്ടിൽ ഭാഷയ്ക്ക് പ്രാദേശികവ്യത്യാസം മാത്രമല്ല, വർഗ്ഗവ്യത്യാസവുമുണ്ടായിരുന്നു. പ്രഭുക്കന്മാരും ഉന്നതകുലജാതരും സാധാരണക്കാരുടെ ഇംഗ്ലീഷായിരുന്നില്ല സംസാരിച്ചിരുന്നത്. ഏറ്റവുംകൂടുതൽ വ്യത്യാസം ഉച്ചാരണത്തിലായിരുന്നു. എന്നാൽ, ഇത്രയും വലിയ അമേരിക്കയിൽ ഉച്ചാരണത്തിലുള്ള പ്രാദേശികവ്യതിയാനം നിസ്സാരമാണ്. ഡച്ചുകാരും (New Amsterdam എന്ന നഗരമാണ് പിന്നീട് ന്യൂയോർക്ക് ആയത്) സ്‌പെയിൻകാരും എല്ലാം ആ പുതിയ രാജ്യത്ത് ലയിച്ചു. അവരെല്ലാവരും ഒരേ ഭാഷ, ഒരേ രീതിയിൽ സംസാരിച്ചു.

1783-ൽ Noah Webster എന്നൊരാൾ "Blue-Backed Speller" എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ അമേരിക്കക്കാർക്ക് ഉപയോഗിക്കാൻ വാക്കുകളുടെ സ്പെല്ലിംഗ് നിജപ്പെടുത്തി. അങ്ങനെ, Honour, colour - lost "u." Traveller, Waggon - lost its double letters, In Theatre and Centre - re became er, Defence became defense, Axe lost its "e."

അമേരിക്കൻ ഇംഗ്ലീഷിലേക്ക് പല ഭാഷകളിൽനിന്നും പുതിയ വാക്കുകൾ കടന്നുവന്നു. ചില ഉദാഹരണങ്ങൾ.

Long time no see - literal translation from Red Indian language. Buck (for a dollar)

Ranch and Stampede from Spanish.

From Afro-American Vernacular:

Banana, Voodoo, Zebra, gorilla, chimpanzee, samba, mambo, banjo, bongo.

അമേരിക്കൻ സിനിമകളും, അവരുടെ സംഗീതവും ഈ പുതിയ ഭാഷയെ ലോകമെമ്പാടുമെത്തിച്ചു.

ആ ഭാഷ ഇംഗ്ലണ്ടിലെ ഭാഷയിൽനിന്നും വ്യത്യസ്തമായിരുന്നു. ഇംഗ്ലീഷുകാരൻ, "Throw it into waste basket" എന്നുപറയുന്നതിനു പകരം അമേരിക്കക്കാരൻ "Bin it" എന്നു പറഞ്ഞു. ബ്രിട്ടീഷ് സായിപ്പിനിതു സഹിച്ചില്ല.

അമേരിക്കൻ ഇംഗ്ലീഷിന്റെ കടനന്നുവരവിനെ പ്ളേഗുബാധയോട് ഉപമിച്ചവരുണ്ടായിരുന്നു. കവി, കോളറിഡ്ജ്, നോവലിസ്റ്റ് ചാൾസ് ഡിക്കൻസ് തുടങ്ങിയവർ അമേരിക്കൻഭാഷയുടെ ആഢ്യത്തമില്ലായ്‌മയെ അപലപിച്ചിട്ടുണ്ട്.

"We have really everything in common with America nowadays except of course language." എന്നാണ് സരസനായ ഓസ്‌ക്കാർ വൈൽഡ് പറഞ്ഞത്.

എന്നാൽ ഒന്നാംലോകമഹായുദ്ധത്തിൽ അമേരിക്ക ഇടപെട്ട് യൂറോപ്പിനു മുഴുവൻ ജർമ്മനി ഉയർത്തിയ വെല്ലുവിളിയിൽനിന്നും രക്ഷപ്പെടുത്തിയതോടെ ബ്രിട്ടിഷുകാർ അവരുടെ ഭാഷയോട് കൂടുതൽ സഹിഷ്ണുത കാണിച്ചുതുടങ്ങി.

കമ്പ്യൂട്ടർസാങ്കേതികവിദ്യയുടെ ആവിര്ഭാവത്തിന്റെ ഫലമായി ഏറ്റവുംകൂടുതൽ പുതിയ വാക്കുകൾ കടന്നുവന്നത് ഇംഗ്ലീഷിലേയ്ക്കായിരുന്നു.

അമേരിക്കക്കാരൻ Bin it എന്നുപറഞ്ഞപ്പോൾ നെറ്റിചുളിച്ച ബ്രിട്ടീഷുകാരൻ കാലക്രമത്തിൽ Google it, Hoover the room എന്നൊക്കെ പറയാൻ തുടങ്ങി.

വിൻസ്റ്റൺ ചർച്ചിൽ ഉപയോഗിച്ചിരുന്ന ഭാഷ ഒരു കമ്പനി ബോർഡ് മീറ്ററിംഗിൽ ഉപയോഗിച്ചാൽ പലരും ഒന്നും മനസിലാവാനാവാതെ മുറിവിട്ട് എഴുന്നേറ്റുപോകും. ഇംഗ്ലീഷിനെ ഒരു ബിസിനസ്സ്ഭാഷയാക്കി മാറ്റിയെടുത്തത് അമേരിക്കക്കാരാണ്. വളച്ചുകെട്ടില്ലാതെ, കാര്യങ്ങൾ നേരെചൊവ്വേ പറയാൻ അവർ തുടങ്ങി, ലോകം - ബ്രിട്ടനടക്കം - അതേറ്റെടുത്തു.

ഇന്ന് പല അന്താരാഷ്‌ട്ര സംഘടനകളുടെ ഭാഷ ഇംഗ്ലീഷാണ്. നാറ്റോ, വേൾഡ് ബാങ്ക്, യുണൈറ്റഡ് നേഷൻസ്, OPEC, തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾമാത്രം.

മുപ്പത്തിൽതാഴെ അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ ശാപം അതിന് ഒരു പൊതുഭാഷയില്ലെന്നതാണ്. അത് കുറെയെങ്കിലും പരിഹരിക്കുന്നത് ഇംഗ്ലീഷാണ്. 1970-ൽ അവരുടെ രേഖകൾ ഡ്രാഫ്റ്റ് ചെയ്തിരുന്നതിന്റെ കണക്ക് ഇങ്ങനെയാണ്. 60 ശതമാനം ഫ്രഞ്ച് ഭാഷയിലും, 40 ശതമാനം ജർമ്മൻ ഭാഷയിലും. എന്നാൽ 1997 ആയപ്പോൾ ആ കണക്ക് മാറി, ഇങ്ങനെയായി: 45% ഇംഗ്ലീഷ്, 40% ഫ്രഞ്ച്, ബാക്കി അംഗരാജ്യങ്ങളിലെ ഭാഷകളിൽ 15%.

എല്ലാ ഭൂഖണ്ഡളിലും ഇംഗ്ലീഷിന്റെ ജൈത്രയാത്ര തുടരുന്നു. വിവിധപ്രദേശങ്ങളിൽ തനതായ പ്രയോഗങ്ങളും തനതായ താളവും സ്വീകരിച്ച് ഇംഗ്ലീഷ് വളരുകയാണ്.

ബ്രെക്സിറ്റ്‌ അടുത്ത വര്ഷം നടക്കുന്നതോടെ യൂറോപ്യൻ യുണിയനിലുള്ള ഇംഗ്ലീഷിന്റെ പ്രാധാന്യം കുറയുമോ? ഐറിഷ് റിപ്പബ്ലിക്ക് അംഗമായി തുടരുന്നതുകൊണ്ട് അതിനുള്ള സാധ്യത തീരെ കുറവാണ്.

5 comments:


  1. അഭിവന്ദ്യനായ
    അലക്സ് കണിയാംപറമ്പിൽ
    ആംഗലേയ ഭാഷ ചരിതത്തിൽ
    മുങ്ങിത്തപ്പിയെടുത്ത കലക്കനായ ആംഗലേയത്തെ കുറിച്ചുള്ള ഒരു അസ്സൽ ആമുഖമാണിത്... !😘👏👏


    ഫ്രഞ്ചുകാരനിൽ നിന്നും ജർമൻകാരിക്ക് ജനിച്ച സുന്ദരിക്കോതയായിരുന്നു
    ഇന്നത്തെ ആംഗലേയ ഭാഷ ചുള്ളത്തിയുടെ മുതുമുത്തിയമ്മാമ്മ എന്ന് തൊട്ട് നൂറ്റാണ്ടുകളുടെ ഭാഷ ചരിത്രം വിശകലനം ചെയ്തിരിക്കുകയാണിവിടെ...😍😍

    ReplyDelete
  2. ആർക്കും എവിടെയും അവഗണിക്കാൻ കഴിയാത്ത ഒരു ഭാഷയായ ഇംഗ്ളീഷ് നാൾ വഴി ചരിത്രം വളരെ കൗതുകത്തോടെ വായിച്ചു. മുഴുവൻ വായിച്ചു തീർന്നില്ല.എങ്കിലും തിരിച്ചു വരുന്നതിന് മുമ്പ് വായന അടയാളപ്പെടുത്തി പോകുന്നു..

    ReplyDelete
  3. എന്താണിപ്പോൾ പറയേണ്ടൂ എന്നറിയില്ല. മുഴുവനും വായിച്ചു. മനോഹരം. ഒരു ഭാഷ എങ്ങിനെ ഉരുത്തിരിഞ്ഞു എന്ന പ്രക്രിയയുടെ നേരെ പിടിച്ച ഒരു കണ്ണാടി. അസ്സലായി..
    അഭിനന്ദനങ്ങൾ

    ReplyDelete
  4. എന്താണിപ്പോൾ പറയേണ്ടൂ എന്നറിയില്ല. മുഴുവനും വായിച്ചു. മനോഹരം. ഒരു ഭാഷ എങ്ങിനെ ഉരുത്തിരിഞ്ഞു എന്ന പ്രക്രിയയുടെ നേരെ പിടിച്ച ഒരു കണ്ണാടി. അസ്സലായി..
    അഭിനന്ദനങ്ങൾ

    ReplyDelete
  5. Thanks a lot;peace be with you.😊

    ReplyDelete