Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 14)

പന്ത്രണ്ട് – മ്യുസിയം ഓഫ് ദി സോഷ്യലിസ്റ്റ് ആര്‍ട്ട്

ബെര്‍ലിന്‍ മതിലിന്റെ പതനത്തിനുശേഷം ഒരു സുഹൃത്ത് പറഞ്ഞു, “കമ്മ്യൂണിസം അവസാനിച്ചു. ഇനി ക്യുബയും കേരളവും മാത്രം കമ്മ്യൂണിസത്തിന്റെ മ്യുസിയമായി കുറെനാള്‍കൂടി തുടരും..

അദ്ദേഹത്തിന്റെ പ്രവചനം സത്യമായോ?

ക്യുബയിലെ വിപ്ലവനായകന്റെ അനുജന്‍, രാവുള്‍ അമേരിക്കയോട് അടുക്കുവാന്‍ വേണ്ട സഹായം ക്യുബയ്ക്ക് ചെയ്തുകൊടുത്തതിന്റെ നന്ദിയറിയിക്കാന്‍ വത്തിക്കാനില്‍ പോയിഅദ്ദേഹം കത്തോലിക്കാവിശ്വാസി ആയേക്കുമെന്നുപോലും പറഞ്ഞു.

കിഴക്കന്‍ യുറോപ്പില്‍ എന്തായാലും ഇന്ന് കമ്മ്യൂണിസം ഒരു തമാശ മാത്രമാണ്. ഇന്ന് ഏതാണ്ട് അറുപതുവയസ്സായവര്‍ സോഷ്യലിസത്തിന്റെ സിസ്റ്റത്തില്‍ വളര്‍ന്നുജീവിച്ചവരാണ്. അവര്‍ക്ക് പുതിയ രീതികളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. അവരുടെ കൌമാരകാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്ക് കമ്മുണിസത്തിന്റെ ചുവപ്പുണ്ട്. അവരില്‍ കുറെപ്പേരെങ്കിലും അത് താലോലിക്കുന്നുണ്ടാവണം. കമ്മ്യൂണിസത്തിന്റെ സ്വാധീനമില്ലാതെ വളര്‍ന്ന തലമുറയ്ക്ക് ഏതായാലും അതില്‍ താല്പര്യമില്ലഅവര്‍ക്കതിനെക്കുറിച്ചു സംസാരിക്കാന്‍ പോലും സമയമില്ല.

മുമ്പ് സന്ദര്‍ശിച്ച ചില കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ "കമ്മ്യൂണിസം ടൂര്‍" ഉണ്ടായിരുന്നു. പക്ഷെ കമ്മ്യൂണിസം കാഴ്ചബംഗ്ലാവില്‍... അതൊരു കൌതുകമായി തോന്നി. കുറെ ദിവസം മുമ്പ് ഒരു ടൂര്‍ ഗൈഡിനോട് അതെവിടെയാണെന്ന് ചോദിച്ചു. ജി.എം. ദിമിത്രോവ് മെട്രോസ്റ്റേഷനില്‍ ഇറങ്ങി ആരോടെങ്കിലും ചോദിച്ചാല്‍ മതിവളരെയടുത്താണ്..

ആരോടെങ്കിലും ചോദിച്ചാല്‍ മതി എന്നുപറയാന്‍ എളുപ്പമാണ്. പക്ഷെ, “ഡു യു സ്പീക്ക് ഇംഗ്ലീഷ്?” എന്നു ചോദിക്കുമ്പോള്‍, തോക്ക് ചൂണ്ടി, “കൈയിലുള്ള കാശെടുക്ക്” എന്നു പറയുമ്പോള്‍ ഉണ്ടാകുന്നപോലുള്ള ഭാവമാണ് പല ബള്‍ഗേറിയക്കാരുടെയും മുഖത്ത്. ഏതായാലും അവിടെ പോയിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ചു.

താമസസ്ഥലത്തിനടുത്തുള്ള മെട്രോസ്റ്റേഷനില്‍ നിന്നും അഞ്ചാമത്തെ സ്റ്റേഷനാണ് ജി.എം. ദിമിത്രോവ് സ്റ്റേഷന്‍. ട്രെയിനില്‍ നിന്ന് ഒപ്പമിറങ്ങിയ പെണ്‍കുട്ടിയോട് കാര്യം ചോദിച്ചു. കൊച്ചുപെണ്ണ്‍, സ്കൂള്‍കുട്ടി. പക്ഷെ വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. വഴി പറഞ്ഞുതന്നു. പിന്നീട് ഒന്നാലോചിച്ചിട്ട് പറഞ്ഞു: ഞാന്‍ ആ വഴിക്കാണ് എന്റെ കൂടെ പോന്നോളൂ..

സോഫിയയില്‍ സന്ദര്‍ശനത്തിനു വന്നതാണെന്നു പറഞ്ഞപ്പോള്‍ കുട്ടിയ്ക്ക് വളരെ സന്തോഷം.. അധികം പേരൊന്നും ബള്‍ഗേറിയ കാണാന്‍ വരുന്നില്ല..” അവള്‍ വെറും ഒരു സ്കൂള്‍കുട്ടി ആയതിനാലുംടൂറിസംമന്ത്രി അല്ലാത്തതിനാലും രാജ്യം ഒട്ടും ടൂറിസ്റ്റ്സൌഹൃദമല്ലാത്തത് ഒരു കാരണമാണെന്ന് ഞാന്‍ പറഞ്ഞില്ല. കുട്ടിയുടെ പേരു പറഞ്ഞുപിടികിട്ടിയില്ല. പത്താംക്ലാസ് കഴിഞ്ഞ് ഫ്രഞ്ച് പഠിക്കുന്നു.. അത്യാവശ്യം ജര്‍മ്മനും അറിയാം. ബഹുഭാഷാപണ്ഡിത.. ഈ വഴിയെ മുന്നോട്ടു പോവുകവലത്തുവശത്ത് ഒരു വലിയ റെഡ് സ്റ്റാര്‍ കാണാം. അതാണ്‌ സ്ഥലം.

ഞാന്‍ കുറെയേറെ മുന്നോട്ടു പോയിതിരികെവന്നു. ഒരു പോലീസുകാരന്‍ സഹായിച്ചുഅങ്ങിനെ സ്ഥലത്തെത്തി. പ്രാവേശനഫീസ് ഉണ്ട് – ആറു ലേവ (£2.25). അകത്തുകയറിയപ്പോള്‍ സന്ദര്‍ശകരായി രണ്ടുപേര്‍ മാത്രം. അര്‍ജന്റീനക്കാരന്‍ ഒരാളുംഞാനും. കുറെയേറെ സമയം അവിടെ ചിലവഴിച്ചിട്ടും മറ്റാരെയും കണ്ടില്ല. കൌണ്ടറില്‍ ഇരുന്ന മദ്ധ്യവയസ്ക്കയ്ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിലും പെരുമാറ്റം ഊഷ്മളം.

ചെഗ്വേര മുതലുള്ള കമ്മ്യൂണിസ്റ്റ്‌ ദൈവങ്ങളെല്ലാം സ്ക്കള്‍പ്റ്റര്‍ പാര്‍ക്കിലുണ്ട്. (Sculptor Park) സോഫിയയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ (ഇന്ന് സെന്റ്‌ സോഫിയ നില്‍ക്കുന്ന അതെ സ്ഥലത്ത്) പ്രൌഡിയോടെ നിന്നിരുന്ന സഖാവ് ലെനിനും ഇന്ന് ഈ പാര്‍ക്കില്‍തന്നെ. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ഇതില്‍ ഒരു പ്രതിമ പോലും ഇവര്‍ നശിപ്പിച്ചില്ല. എല്ലാം ഇളക്കിയെടുത്ത് ഇവിടെ കൊണ്ടുവന്നു സൂക്ഷിച്ചിരിക്കുന്നു. പാര്‍ട്ടി ഓഫീസിന്റെ മുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന റെഡ്സ്റ്റാറാണ് മ്യുസിയത്തിന്റെ മുന്നിലുള്ള ഗാര്‍ഡനില്‍ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസിന്റെ മുകളില്‍ നിന്നും നീക്കംചെയ്തശേഷം വര്‍ഷങ്ങളോളം എവിടെയൊക്കെയോ കിടന്ന്അവസാനം ഇവിടെ ഇടംനേടി.

ആ പ്രവര്‍ത്തിയുടെ പിന്നിലെ ഉദ്ദേശമോ വികാരമോ വിശദീകരിച്ചുതരാന്‍ പറ്റിയ ആരെയും കണ്ടുകിട്ടിയില്ല. കാരണം സങ്കല്‍പിക്കുക.

ബള്‍ഗേറിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയുടെ ഒരു ശാഖയാണ്‌ ഈ മ്യുസിയം. ഈ മ്യുസിയത്തിനു മൂന്നു വിഭാഗങ്ങള്‍ ഉണ്ട്. മുമ്പേ പറഞ്ഞ സ്ക്കള്‍പ്റ്റര്‍ പാര്‍ക്കാണ് ഒന്നാമത്തേത്. ഇവിടെ തൊള്ളായിരത്തിഅമ്പതു മുതല്‍ കമ്മ്യുണിസം അവസാനിക്കുന്നതുവരെയുള്ള കാലഘട്ടത്തിലെ ചെറുതും വലുതുമായ അനേകം പ്രതിമകളാണ്. അടുത്തത് ഒരു വീഡിയോ ഹാളാണ്. അവിടെ ആ കാലത്ത് പ്രോപ്പഗാന്തയ്ക്ക് ഉപയോഗിച്ചിരുന്ന ഡോകുമെന്ററികള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനോടുചേര്‍ന്ന് ഒരു സുവനീര്‍ ഷോപ്പുമുണ്ട്. മൂന്നാമത്തെ വിഭാഗം ഒരു ഗാലറിയാണ്. അവിടെ ക്ലാസിക്കല്‍ സോഷ്യലിസ്റ്റ് റിയലിസം” എന്ന ജനുസില്‍പെട്ട അനേകം പെയിന്റിംഗിന്റെ ശേഖരമുണ്ട്.

വെയിലിനു നല്ല കട്ടിയായിരുന്നതിനാല്‍ ഫോട്ടോ എടുത്താല്‍ ശരിയാവില്ല. ഞാന്‍ വീഡിയോഹാളില്‍ കയറി. ഇംഗ്ലീഷ് സബ്ടൈറ്റിലുള്ള പ്രോപ്പഗാന്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.

മുമ്പ് ലിബിയയില്‍ ആയിരുന്നപ്പോള്‍ (അതും പേരിലെങ്കിലും സോഷ്യലിസ്റ്റ് രാജ്യമായിരുന്നു.. Socialist Peoples Libyan Arab Jamahiriya). ലിബിയയിലെ ടിവിയില്‍ ഒരാളെമാത്രമാണ് പ്രകീര്ത്തിച്ചിരുന്നത് – കേണല്‍ ഗദ്ദാഫി. പക്ഷെഇവിടെ പ്രകീര്ത്തിക്കപ്പെടുന്നവരുടെ നീണ്ടനിരതന്നെയുണ്ട്. സ്റ്റാലിന്‍, ബ്രഷ്നേവ്ഏറ്റവും പ്രധാനമായി ഗിയോര്‍ഗി ദിമിത്രോവ്. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ കുഞ്ഞുകുട്ടികളായിരുന്നു, എല്ലായിടത്തും. സ്കൂളുകളില്‍ നിന്നും നിര്‍ബന്ധമായി കൊണ്ടുവന്ന് ക്യാമറയുടെ മുന്നില്‍ നിര്‍ത്തുന്നു . ഒരളവുവരെ അവര്‍ അതാസ്വദിച്ചിരുന്നിരിക്കാംവൈകുന്നേരം ടിവിയില്‍ അവരുടെ മുഖം കാണുമ്പോഴെങ്കിലും. ഏതായാലും എനിക്ക് അത് വിരസം മാത്രമല്ല അരോചകവുമായി തോന്നി. എങ്കിലും വെയില്‍ ചായുന്നതിനായി കുറേക്കൂടി അത് സഹിച്ചിരുന്നു. ഇതിനിടയില്‍ ഗാലറിയില്‍ പോയി പടങ്ങള്‍ കണ്ടിരുന്നു.

പടങ്ങള്‍ എടുക്കുമ്പോള്‍ അര്‍ജന്റീനക്കാരന്‍ എന്റെ ഫോട്ടോ എടുത്തുതരാം എന്നറിയിച്ചു. സന്തോഷം.

ചുവടെ ലിങ്ക് ചെയ്തിരിക്കുന്ന ആല്‍ബത്തിലെ അവസാനത്തെ രണ്ടു പടങ്ങള്‍ പാര്‍ക്കിനു വെളിയില്‍ കണ്ടവയാണ്. അവയ്ക്ക് പാര്‍ക്കില്‍ പ്രവേശിക്കാനുള്ള യോഗ്യത ഇല്ലെന്നു കരുതുന്നു...

മെമ്മറികാര്‍ഡ് നിറയെ ഫോട്ടോയുമായി ഞാന്‍ ഷെല്ലിയുടെ "Ozymandiasഎന്ന കവിതയും ഓര്‍ത്തുകൊണ്ടു മടങ്ങി.

No comments:

Post a Comment