Tuesday 9 June 2015

ബുഡാപെസ്റ്റ് യാത്ര (Part 2)

“മയിലാടുംകുന്നില്‍ പിറന്നു, പിന്നെ മൈലാഞ്ചികാട്ടില്‍ വളര്‍ന്നു”
1990-ല്‍ വിയന്നനഗരത്തില്‍ വച്ച് ആദ്യമായി ഡാന്യൂബ് നദി കണ്ടപ്പോള്‍ മനസിലേയ്ക്ക് ഓടി വന്നത് വയലാര്‍ എഴുതിയ ഈ വരിയാണ്. പെരിയാറിനെക്കുറിച്ച് ഇത്ര മനോഹരമായി എഴുതിയ വയലാര്‍ രാമവര്‍മ്മയോട് ആരെങ്കിലും ഡാന്യൂബ് നദിയെക്കുറിച്ച് ഒരു പാട്ടെഴുതാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍, എത്ര മനോഹരമായിരുന്നേനെ ആ ഗാനം!
ജര്‍മ്മനിയിലെ കരിങ്കാട്ടില്‍ പിറന്ന്, ജര്‍മ്മനി, ഓസ്ട്രിയ, സ്ലോവേക്കിയ, ഹംഗറി, ക്രോയേഷ്യ, സെര്ബിയ, ബള്‍ഗേറിയ, റോമാനിയ, മോള്‍ഡോവ, ഉക്രൈന്‍ എന്നീ ഒന്‍പതു രാജ്യങ്ങളിലൂടെ 1777 മൈലുകള്‍ താണ്ടി കരിങ്കടലില്‍ ചെന്നുപതിക്കുന്ന ഡോണാവു എന്നും ഡാന്യുബ് എന്നുമൊക്കെ അറിയപ്പെടുന്ന ഈ നദിയെക്കുറിച്ച് വയലാറിന്റെ ഗാനം ഒരുപക്ഷെ ലോകംമുഴുവന്‍ കൊണ്ടാടിയേനെ.
വേണ്ട. വയലാര്‍ നമ്മുടെ സ്വകാര്യ അഹങ്കാരം മാത്രമായി ഇരിക്കട്ടെ.
ജെ.കെ.വി. എന്ന എഴുത്തുകാരന്‍ ഒരു കഥയില്‍ ഇങ്ങനെ എഴുതിയതോര്‍ക്കുന്നു..
“മൂടല്‍മഞ്ഞ് മുലക്കച്ച കെട്ടിയ
മുത്തണിക്കുന്നില്‍ താഴ് വരയില്‍”
"ഈ വരികള്‍ ഷേക്ക്‌സ്പിയറോ, കീറ്റ്സോ, ഗോയ്ഥെയോ എഴുതിയിരുന്നെങ്കില്‍ അതിനെ "വിശ്വസാഹിത്യം" എന്ന് നമ്മള്‍തന്നെ വിളിക്കുമായിരുന്നു."
പാവം വയലാറിന്റെ തൂലികയില്‍ നിന്നും പിറന്നതുകൊണ്ട് അതിനു പാട്ടുപുസ്തകത്തില്‍ ഒതുങ്ങാനായിരുന്നു വിധി.
സാരമില്ല, നമുക്ക് ബുഡാപെസ്റ്റിനെക്കുറിച്ച് സംസാരിക്കാം. ഹംഗറിയെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടിപോകരുതെന്ന്” ശ്രീനിവാസന്‍ പറഞ്ഞിട്ടില്ലല്ലോ..
ഡാന്യുബ് നദിയുടെ ഒരു വളവില്‍ അക്കരെയും ഇക്കരെയും ആയി സ്ഥിതി ചെയ്യുന്ന ബുഡാ, പെസ്റ്റ് എന്നീ രണ്ടു നഗരങ്ങള്‍ ചേര്‍ത്താണ് 1831-ല്‍ ബുഡാപെസ്റ്റ് എന്ന തലസ്ഥാനനഗരം ഉണ്ടാക്കുന്നത്. ബുഡാ നദിയുടെ പടിഞ്ഞാറന്‍ കരയിലും, പെസ്റ്റ് കിഴക്കന്‍ തീരത്തും. ബുഡാ ജനവാസമേഖലയാണെങ്കില്‍ പെസ്റ്റ് വാണിജ്യമേഖലയാണ്. സമ്പന്നര്‍ മാത്രം താമസിച്ചിരുന്ന ബുഡാ സാമാന്യജനത്തിന് എക്കാലത്തും അപ്രാപ്യമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് ഇവിടെയാണ്‌ പാര്‍ട്ടിനേതാക്കളും, പ്രമുഖ അനുഭാവികളും താമസിച്ചിരുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ അസ്ക്കിതകളൊന്നും തൊട്ടുതീണ്ടാത്ത അവസരവാദികളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇതൊട്ടൊന്നുമല്ല സഹായിച്ചത്. ഹംഗറിയിലെ കമ്മ്യൂണിസത്തിന്റെ പതനത്തിന്റെ കാരണവും ഒരുപക്ഷെ ഇതൊക്കെതന്നെയാവാം.
ഇന്ന് പോസ്റ്റ്കമ്മ്യൂണിസ്റ്റ്‌ മുതലാളിമാര്‍ മുഖ്യമായും ബുഡാഹില്‍സില്‍ താമസിക്കുന്നു. ശരാശരി ഹംഗേറിയന് ഇന്നും ബുഡാ അപ്രാപ്യമായി തുടരുന്നു.
ടാക്സി പിടിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ ഇമെയില്‍ വഴി ബന്ധപ്പെട്ടിരുന്ന ഫ്ലാറ്റിന്റെ ഉടമ, കാറ്റലിന്‍ അവിടെയില്ല. പകരം അവരുടെ വൃദ്ധയായ മാതാവ് താക്കോലുമായി വന്നിട്ടുണ്ട്. കാറ്റലിന്‍ ഫ്രാന്‍സില്‍ എന്തോ ബിസിനസ് ആവശ്യത്തിനു പോയിരിക്കുന്നു. അമ്മയ്ക്ക് ഇംഗ്ലീഷ് തീരെ വശമില്ല. താക്കോല്‍ക്കൂട്ടം തന്ന് കഥകളി ഭാഷയില്‍ മുഖ്യവാതലില്‍ നിന്നും പുറത്തു കടക്കാനും തിരികെ കയറാനുമുള്ള വിദ്യകള്‍ കാണിച്ചുതന്നിട്ട് അവര്‍ സ്ഥലം വിട്ടു. ഒരു വലിയ കെട്ടിടത്തിലെ ചെറിയ ഫ്ലാറ്റ്. അത്യാവശ്യം സൌകര്യങ്ങള്‍ എല്ലാമുണ്ട്, പക്ഷെ സഹായത്തിനു ആരുമില്ല. അന്ന് ഞായറാഴ്ച ആയതിനാല്‍ ഹംഗേറിയന്‍ സിം കാര്‍ഡ് കിട്ടുക എളുപ്പമായിരിക്കുകയില്ല, തിങ്കളാഴ്ച രാവിലെ അടുത്തെവിടെയെങ്കിലുമുള്ള കടയില്‍ നിന്നും വാങ്ങാം എന്ന് കാറ്റലിന്‍ ഫോണിലൂടെ പറഞ്ഞുതന്നു.
തല്‍ക്കാലം ഒന്നും ചെയ്യാനില്ലാത്തതിനാല്‍ വിയന്നയില്‍ നിന്നും മകള്‍ തന്നു വിട്ട ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.
(ചുവടെ കൊടുക്കുന്ന ചിത്രത്തില്‍ അയര്‍ലാന്‍ഡില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ പ്രണയജോഡികള്‍ അവരുടെ പിന്നില്‍ ഡാന്യുബ് നദിയുടെ ഇടതുവശത്ത് ബഡാനഗരവും വലതുവശത്ത് പെസ്റ്റ് നഗരവും)


1 comment:

  1. ഡാന്യുബ് നദിയുടെ ഒരു വളവില്‍ അക്കരെയും ഇക്കരെയും ആയി സ്ഥിതി ചെയ്യുന്ന ബുഡാ, പെസ്റ്റ് എന്നീ രണ്ടു നഗരങ്ങള്‍ ചേര്‍ത്താണ് 1831-ല്‍ ബുഡാപെസ്റ്റ് എന്ന തലസ്ഥാനനഗരം ഉണ്ടാക്കുന്നത്. ബുഡാ നദിയുടെ പടിഞ്ഞാറന്‍ കരയിലും, പെസ്റ്റ് കിഴക്കന്‍ തീരത്തും. ബുഡാ ജനവാസമേഖലയാണെങ്കില്‍ പെസ്റ്റ് വാണിജ്യമേഖലയാണ്. സമ്പന്നര്‍ മാത്രം താമസിച്ചിരുന്ന ബുഡാ സാമാന്യജനത്തിന് എക്കാലത്തും അപ്രാപ്യമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് ഇവിടെയാണ്‌ പാര്‍ട്ടിനേതാക്കളും, പ്രമുഖ അനുഭാവികളും താമസിച്ചിരുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ അസ്ക്കിതകളൊന്നും തൊട്ടുതീണ്ടാത്ത അവസരവാദികളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇതൊട്ടൊന്നുമല്ല സഹായിച്ചത്. ഹംഗറിയിലെ കമ്മ്യൂണിസത്തിന്റെ പതനത്തിന്റെ കാരണവും ഒരുപക്ഷെ ഇതൊക്കെതന്നെയാവാം.

    ReplyDelete