Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 24)

സെന്റ്‌ സോഫിയ ദേവാലയം (Sveta Sofia)

പണ്ടുകാലത്ത് സെര്‍ഡിക്ക എന്നറിയപ്പെട്ടിരുന്നഇന്നത്തെ ബള്‍ഗേറിയയുടെ തലസ്ഥാനത്തിനു സോഫിയ എന്നു പേരു വരാനുള്ള കാരണം ഒരു പള്ളിയാണ്. കാലപ്പഴക്കത്തില്‍ നഗരത്തിലെ രണ്ടാമത്തെ ദേവാലയം - സെന്റ്‌ സോഫിയ.

റോമന്‍ കാലഘട്ടത്തില്‍ ഇവിടെ ഒരു ശ്മശാനമായിരുന്നു. (രണ്ടാം നൂറ്റാണ്ട്). അവിടെ പിന്നീട് നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിച്ചു. അവയെല്ലാം റോമാസാമ്രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗോത്ത്സ്ഹന്‍സ് തുടങ്ങിയവരുടെ ആക്രമണത്തില്‍ നശിച്ചുപോയി. ഇപ്പോള്‍ കാണുന്ന കുരിശാകൃതിയിലുള്ള അടിത്തറ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിനിയന്‍ ഒന്നാമന്റെ കാലത്ത് ആറാം നൂറ്റാണ്ടില്‍ (527-565) നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെ ഇതിനു മെട്രോപോളിത്തന്‍ ദേവാലയത്തിന്റെ പദവി ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിലാണ് നഗരത്തിനു സോഫിയ എന്ന പേര് ലഭിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ ഇതൊരു മോസ്ക്ക് ആക്കിത്തീര്‍ത്തു. അവര്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രങ്ങള്‍ നശിപ്പിക്കുകയും പള്ളിയോടു കൂട്ടിചേര്‍ത്ത് രണ്ടു മിനാറുകള്‍ പണിയുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു ഭൂകമ്പത്തില്‍ അതിലൊരു മിനാറു നശിച്ചതിനെതുടര്‍ന്നു അവര്‍ ഇതുപേക്ഷിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇതിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഇന്ന് ഇത് കുരിശാകൃതിയില്‍ മൂന്ന് അള്‍ത്താരകള്‍ ഉള്ള ഒരു ബസ്ലീക്കയാണ്.

കാണാന്‍ ചെന്നപ്പോള്‍, പ്രവേശനം സൌജന്യംപക്ഷെ ഫോട്ടോഗ്രഫി അനുവദനീയമല്ല. ഉള്ളില്‍ ചെന്നപ്പോള്‍ അവിടെ വിവാഹം നടക്കുന്നു. മംഗളകര്‍മ്മത്തിന്റെ ഫോട്ടോയും വീഡിയോയും പിടിക്കുന്നത് തകൃതിയായി നടക്കുന്നു. ഇതുതന്നെ തക്കം എന്നുകരുതിഞാനും ക്യാമറ പുറത്തെടുത്തു. അള്‍ത്താരയുടെ ഒരു പടം കിട്ടി. നവവരനും വധുവും വെളിയില്‍ വന്ന് ഫോട്ടോ സെഷന്‍ ആരംഭിച്ചു.

പള്ളിയ്ക്കു ചുറ്റും ചെറിയ മരങ്ങള്‍ ഉള്ളതുകാരണം കെട്ടിടത്തിന്റെ നല്ല ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല.

ഒരു ടൂര്‍ ഗൈഡ് ഈ ദേവാലയത്തെക്കുറിച്ചൊരു തമാശ പറഞ്ഞു.. പള്ളി പണിതപ്പോള്‍ ബെല്‍ ടവര്‍ നിര്‍മ്മിക്കുന്ന കാര്യം ആരും ഓര്‍ത്തില്ലപോലും! അതുകൊണ്ട് പള്ളിയുടെ മണി മുന്നിലുള്ള ഒരു വൃക്ഷത്തിന്റെ ശാഖയില്‍ സ്ഥാപിച്ചിരിക്കുന്നു..

പള്ളിയുടെ ഒരു വശത്ത് Unknown Soldier’s Monument ഉണ്ട്. കോളേജില്‍ വച്ച് പഠിക്കാനുണ്ടായിരുന്ന ഒരു ഉപന്യാസം ഓര്‍മ്മ വന്നു.. The Unknown Warrior.  രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ബ്രിട്ടിഷ് യോദ്ധാവിന്റെ മൃതദേഹം ലണ്ടലിനെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ ആര്‍ഭാടമായി അടക്കിയതിനെക്കുറിച്ചായിരുന്നു പ്രസ്തുത ലേഖനം.

ലേശം മഴ തുടങ്ങി. എന്നാല്‍ ഇന്നത്തെ സാഹസം മതിയാക്കാം എന്നു തീരുമാനിച്ച് മടങ്ങാന്‍ തുടങ്ങിയപ്പോള്‍, മെട്രോസ്റ്റേഷന്‍ എവിടെയാണെന്ന്  അറിയാതെ കുഴങ്ങി. കുറെ പിള്ളേരോട് ചോദിച്ചുപലരും വിവിധ ദിശകളിലേയ്ക്ക് ചൂണ്ടിക്കാണിച്ചു. ആ വഴി വന്ന മധ്യവയസ്ക്കയായ ഒരു സുവര്‍ണ്ണകേശിനിയോടു വഴി ചോദിച്ചു. അവര്‍ പറഞ്ഞുഞാന്‍ സ്റ്റേഷനിലേയ്ക്കാണ്എന്റെ കൂടെ പോന്നോളൂ..

കമ്മ്യൂണിസ്റ്റ്‌ കാലഘട്ടം ഓര്‍മ്മയുണ്ടോയെന്നു ചോദിച്ചു.. അവരുടെ മറുപടി, "വളരെ വ്യക്തമായ ഓര്‍മ്മയില്ലഎങ്കിലും നഗരവും ജീവിതവും ഇന്നത്തേക്കാള്‍ ഭേദമായിരുന്നു. സോഫിയനഗരം ഇത്ര വലുതായിരുന്നില്ലകുറ്റകൃത്യങ്ങള്‍ ഇല്ലായിരുന്നു.. ഇന്നില്ലാത്ത ഒന്ന് അന്നുണ്ടായിരുന്നു - സമാധാനം.. ബള്‍ഗേറിയയില്‍ ജീവിതം ഒട്ടും സുഖകരമല്ല.." 

സുവര്‍ണ്ണകേശിനി വാചാലയാണ്. പക്ഷെ പെട്ടെന്ന് സ്റ്റേഷന്‍ എത്തി. പരസ്പരം നല്ല സായാഹ്നം ആശംസിച്ചു ഞങ്ങള്‍ രണ്ടും അവരവരുടെ വഴിക്കുപോയി.. 

No comments:

Post a Comment