ഇരുപത് – സോഫിയയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം
സോഫിയയിലെ ഏറ്റവും കാലപ്പഴക്കമുള്ള കെട്ടിടം എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജിന്റെ ദേവാലയം (Rotonda Sveti Georgi) സന്ദര്‍ശിച്ചു.
കോന്‍സ്റ്റന്‍റൈറ്റൈന്‍ ചക്രവര്‍ത്തി റോമിലെ തന്റെ ആസ്ഥാനം സോഫിയയിലേയ്ക്ക് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നതായി ബള്‍ഗേറിയക്കാര്‍ വിശ്വസിക്കുന്നുണ്ട്. ഇതിലെത്ര സത്യമുണ്ടെന്നറിയില്ല. “If there was no Rome, Krakow would have been the Rome” എന്നാരോ പറഞ്ഞിട്ടുള്ളതായി പോളണ്ടിലെ ക്രാക്കോവ്നിവാസികളും അവകാശപ്പെടുന്നുണ്ട്. ഏതായാലും കോന്‍സ്റ്റന്‍റൈറ്റൈന്‍ ചക്രവര്‍ത്തി ഇടയ്ക്ക് സോഫിയയില്‍ താമസിക്കുമായിരുന്നുവെന്നും, അതുകൊണ്ടുതന്നെ അക്കാലത്ത് സോഫിയയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നുവെന്നതും സത്യമാണ്. റോമന്‍ ഭരണകാലത്ത് സോഫിയയുടെ പേര്‍ സെര്‍ഡിക്ക എന്നായിരുന്നു. (മദ്ധ്യത്തില്‍ ഉള്ളത് എന്നോമറ്റോ ആണ് ആ വാക്കിന്റെ അര്‍ഥം).
കോന്‍സ്റ്റന്‍റൈറ്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുകയും, അങ്ങിനെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി ക്രിസ്തുമതം അംഗീകരിക്കപ്പെടുകയും ചെയ്തു. അന്ന് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബള്‍ഗേറിയയിലും ജനം ക്രിസ്തുമതം സ്വീകരിച്ചുതുടങ്ങി. അങ്ങിനെയുള്ളവര്‍ക്ക് ജ്ഞാനസ്നാനം നല്‍കാനുള്ള ആസ്ഥാനമായാണ് ഈ കെട്ടിടം പണിതീര്‍ത്തതെന്ന് വിശ്വസിക്കപ്പെടുന്നു.
കാലാന്തരത്തില്‍ ഇതൊരു പള്ളിയായി.
രസകരമായി ഒരുപാട് ചരിത്രം ഈ പള്ളിയ്ക്കുണ്ട്.
ഏഴ് എക്ക്യുമെനിക്കല്‍ കൌണ്‍സിലുകള്‍ നടന്നതില്‍ ഒരെണ്ണമെങ്കിലും ഇതിലാണ് നടന്നിട്ടുള്ളതെന്നു കരുതുന്നു. ഈ പള്ളിയുടെ താഴികക്കുടം രണ്ടുപ്രാവശ്യം നശിച്ചു. ബള്‍ഗേറിയയുടെ പേട്രന്‍-സെയ്ന്റായ ഇവാന്‍ റില്‍സ്ക്കി എന്ന വിശുദ്ധന്റെ ഭൌതികാവശിഷ്ടം ഇതിനുള്ളിലായിരുന്നു. അത് ഒരിക്കല്‍ ഹംഗറിക്കാര്‍ മോഷ്ട്ടിക്കുകയും പിന്നീടത് തിരിച്ചു ലഭിക്കുകയും ചെയ്തു. അത് ഇന്ന് (1649 മുതല്‍) റില മൊണാസ്ത്രിയിലുണ്ട്.
നാലാം നൂറ്റാണ്ടില്‍ റോമാക്കാര്‍ ഇത് നിര്‍മ്മിച്ചു എന്നാണു വിശ്വസിക്കപ്പെടുന്നത്. സമചതുരത്തിലുള്ള അടിത്തറയില്‍ സിലിണ്ടറിന്റെ രൂപത്തിലുള്ളതാണ് ഈ ദേവാലയം. ഒന്‍പതര മീറ്റര്‍ ഡയമീറ്ററുണ്ട് ഇതിനു. പതിനാലു മീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ താഴികക്കുടം. നഗരത്തിന്റെ മദ്ധ്യത്തിലായ്യിരുന്നിട്ടും ഇത് സോഫിയാനഗരത്തിന്റെ വികസനത്തിന് തടസം നിന്നില്ല. ഇതിനു നാലുചുറ്റിനും കൂറ്റന്‍ ബഹുനിലകെട്ടിടങ്ങളുണ്ട്. അവയെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ നിര്‍മ്മിച്ചവയാണ്. ദേവാലയത്തിനോ, അതിന്റെ പരിസരത്തുള്ള ചരിത്രാവശിഷ്ടങ്ങള്‍ക്കോ ഒരു പോറല്‍ പോലും ഏല്‍പിക്കാതെയായിരുന്നു വികസനം. മൂന്നു വശത്തുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ബള്‍ഗേറിയന്‍ പ്രസിഡന്റിന്റെ കാര്യാലയവും, നാലാമത്തേത് ഷെര്‍ട്ടന്‍ ഹോട്ടലുമാണ്.
ഒട്ടോമാന്‍ അധിനിവേശത്തിനുശേഷം തുര്‍ക്കികള്‍ ഇതിനെ മോസ്ക്കാക്കി, വേണ്ട മാറ്റങ്ങള്‍ വരുത്തി. പള്ളിയിലുണ്ടായിരുന്ന ചുവര്‍ചിത്രങ്ങള്‍ പ്ലാസ്റ്റര്‍കൊണ്ട് മറച്ച് അതിനുമുകളില്‍ ഇസ്ലാം പെയ്ന്റിംഗ് വരച്ചു. തുര്‍ക്കികളില്‍ നിന്നും മോചനം നേടിയതിനുശേഷം ഇത് വീണ്ടും പള്ളിയായി. അവരുടെ ചിത്രങ്ങളെല്ലാം മാറ്റി പഴയപടിയാക്കി.
പലകാലഘട്ടത്തില്‍ ഉണ്ടാക്കിയ ചുവര്‍ചിത്രങ്ങള്‍ ഇതിലുണ്ട്. ഇന്നും നിത്യവും ആരാധന ഇവിടെ നടക്കുന്നുണ്ടെങ്കിലും, സ്ഥലസൗകര്യം വളരെ പരിമിതമാണ്. പള്ളിയ്ക്കകത്ത് കൂടുതലും സ്ഥലം അപഹരിച്ചിരിക്കുന്നത് സന്ദര്‍ശകര്ക്കായുള്ള സുവനീര്‍കളുടെ വില്പനശാലകളാണ്.
പ്രവേശനം സൌജന്യം. പക്ഷെ ഫോട്ടോ നിഷിദ്ധം. അകത്തുണ്ടായിരുന്ന വൈദികനോട് ഞാനൊരു കള്ളം പറഞ്ഞു – സോഫിയനഗരത്തെക്കുറിച്ചൊരു പുസ്തകം എഴുതുന്നുണ്ട്. കുറെ ഫോട്ടോയെങ്കിലും വേണം. പുരോഹിതന്‍ സഹകരിച്ചു. “ഒരെണ്ണം, ഒരെണ്ണം മാത്രം എടുത്തോ,” ഗൂഗിള്‍ ഇമേജസില്‍ തപ്പിയാല്‍ ഇഷ്ടംപോലെ കിട്ടുമെന്നു വൈദികന്‍ അറിയാഞ്ഞിട്ടോ എന്തോ..
ഇത് വെറുമൊരു പള്ളിമാത്രമായിരുന്നില്ല. ഇതിനോടനുബന്ധിച്ച് ചെറിയൊരു ടൌണ്‍ഷിപ്പ് തന്നെ ഉണ്ടായിരുന്നു. അവയെല്ലാം ഏതാണ്ട് നശിച്ചു. അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. അതില്‍ തെരുവുകളും ഡ്രെയിനേജിനുള്ള സൌകര്യങ്ങളുമൊക്കെ ഉണ്ടായിരുന്നുവെന്ന് കാണാം.
സന്ദര്‍ശകരുടെ തിരക്കാണ് ഇവിടെയെപ്പോഴും. വിദേശസന്ദര്‍ശകര്‍ മാത്രമല്ല ഇന്നാട്ടിലെ വിദ്യാര്‍ഥികളും കൂട്ടമായി ഇവിടെ വരാറുണ്ട്.
ലോകാവസാനം വരെ ലോകത്തിലെ ഏറ്റവും പ്രബലമായ ശക്തിയായി തുടരും എന്നു വിശ്വസിച്ച റോമാസാമ്രാജ്യത്തെ ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നത് ഇതുപോലുള്ള ചരിത്രാവശിഷ്ടങ്ങളില്‍ക്കൂടി മാത്രമാണ്.
(കത്തോലിക്കാ സഭയ്ക്ക് സെന്റ് ജോര്‍ജ് ഇന്ന് വിശുദ്ധന്‍ അല്ലെങ്കിലും ഓര്ത്തഡോക്സ് സഭയ്ക്ക് അദ്ദേഹം ഇന്നും സമാരാധ്യനായ വിശുദ്ധന്‍ തന്നെ.)
No comments:
Post a Comment