“ഹംഗറിയല്ലിത് കേരളമാണേ, നോക്കി ഭരിച്ചോ തോമാച്ചാ..”
ഏഴോ എട്ടോ വയസുമാത്രം പ്രായമുള്ളപ്പോള്‍ മുതിര്‍ന്നവര്‍ക്കൊപ്പം അലറിവിളിച്ച മുദ്രാവാക്യമാണ് മുകളില്‍ എഴുതിയത്. വിമോചനസമരകാലം. തോമാച്ചന്‍ കെ.ആര്‍. ഗൌരിയുടെ ഭര്‍ത്താവും അന്ന് മന്ത്രിയുമായിരുന്ന ടി.വി. തോമസ് ആണെന്ന്‍ അറിയാമായിരുന്നു. പക്ഷെ, ഈ ഹംഗറി എന്നാല്‍ എന്തു കുന്തമാണെന്ന് യാതൊരു ഗ്രാഹവ്യം അന്നില്ലായിരുന്നു. വളരെ പിന്നീടാണ് അത് യുറോപ്പിലെ ഒരു രാജ്യമാണെന്ന് മനസിലായത്. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍ പിടികിട്ടിയത്.
1947 മുതല്‍ ഹംഗറിയില്‍ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സോവിയറ്റ് രീതിയിലുള്ള ഭരണഘടനയും. നേതാക്കള്‍ മാറിമാറിവന്നു. 1956 ആയപ്പോഴേയ്ക്കും ജനം അസംതൃപ്തരായി. പലരും സര്‍ക്കാരിനെ പരസ്യമായി എതിര്‍ക്കാന്‍ തുനിഞ്ഞു. പാര്‍ട്ടിനയങ്ങള്‍ക്കെതിരെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ജനം തെരുവിലിറങ്ങി പ്രതിക്ഷേധിച്ചു. ജനകീയ കലാപം രാജ്യമാകെ വ്യാപിച്ചു. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ പിടി അയയുകയും പ്രധാനമന്ത്രി ഹംഗറിയെ നിഷ്പക്ഷരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കകം സോവിയറ്റ് ടാങ്കുകള്‍ ബുഡാപെസ്റ്റില്‍ എത്തി. പ്രധാനമന്ത്രി, ഇമ്രെ നോജിന്റെ ഭരണവും ജനകീയ മുന്നേറ്റവും കശക്കിയെറിഞ്ഞു. പ്രധാനമന്ത്രിയെ വധിച്ചു. ജനം കൂട്ടത്തോടെ രാജ്യം വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം തേടി. ആ വര്ഷം മാത്രം രണ്ടു ലക്ഷത്തോളം പേര്‍ നാടുവിട്ടു എന്നാണ് കണക്ക്.
ഇതൊക്കെ ആയിരുന്നിരിക്കണം ആ മുദ്രാവാക്യം എഴുതിയയാളിന്റെ മനസ്സില്‍. ഇവിടെ, കേരളത്തില്‍, നല്ല ഉശിരുള്ള മെത്രാന്മാരുണ്ട്, പോരാത്തതിന് മന്നത്ത് പത്ഭാനാഭനുണ്ട്, കമ്മ്യൂണിസ്റ്റ്‌കാരുടെ വേലത്തരങ്ങളൊന്നും കേരളത്തില്‍ നടക്കില്ല എന്നു സാരം.
അതൊക്കെ വിട്ടുകളയാം.. ഈ പഴമ്പുരാണം ഇവിടെ വിളമ്പാന്‍ കാരണം ബാല്യം മുതലേ ഹംഗറി മനസില്‍ ഒരു കൌതുകമായി കയറികിടന്നിരുന്നു എന്നു പറയാന്‍ വേണ്ടി മാത്രമാണ്. അതിനും പുറമേ, സോവിയറ്റ് നിയന്ത്രണത്തില്‍ നിന്നും വിട്ട് സ്വതന്ത്രമായ രാജ്യങ്ങളും അവിടെ സംഭവിച്ച മാറ്റങ്ങളും എന്നെ ആകര്‍ഷിക്കുന്നു. എന്റെ പല യാത്രകളുടെയും പിന്നിളെ കാരണം ഈ താല്പര്യമാണ്.
യാതൊരു ഹോംവര്‍ക്കും ചെയ്യാതെയാണ് മാര്‍ച്ച് എട്ടാംതിയതി വിയന്നയില്‍ നിന്നും കോച്ചില്‍ ബുഡാപെസ്റ്റിലേയ്ക്ക് യാത്ര ചെയ്തത്. രാവിലെ നേരത്തെ ഉണരേണ്ടി വന്നതിനാല്‍ യാത്രയില്‍ കൂടുതല്‍ സമയവും ഉറക്കമായിരുന്നു. കണ്ണുതുറന്നപ്പോഴെല്ലാം കണ്ടത് വഴിയുടെ ഇരുവശവും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളായിരുന്നു. ശൈത്യകാലം ഇനിയും വിട പറഞ്ഞിട്ടില്ലാത്തതിനാല്‍ മരങ്ങളെല്ലാം ജരാനരകള്‍ ബാധിച്ച വൃദ്ധരെപ്പോലെ തലയാട്ടി നില്‍ക്കുന്നു. മറ്റു കിഴക്കന്‍ യുരൂപ്യന്‍ രാജ്യങ്ങളില്‍ കണ്ടതിനേക്കാള്‍ നല്ല റോഡുകള്‍. മൂന്നര മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തി.
ഏതോ ഒഴിഞ്ഞകോണിലാണ് വണ്ടി നിര്‍ത്തിയത്. കാഷ് മെഷീന്‍ കണ്ടുപിടിച്ച് അല്പം ഫ്ലോരിന്റ്റ് എന്ന ഹംഗേറിയന്‍ നാണയവും കൈക്കലാക്കി കുറെ നേരത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ ടാക്സിയില്‍ കയറി, നെറ്റ് വഴി ബുക്ക് ചെയ്തിരുന്ന അപ്പാര്‍ട്ട്മെന്റിലെത്തി..
ചരിത്രാഖ്യാനങ്ങളുടെ ഹംങ്ഗ്രിയുള്ള
ReplyDeleteഒരു ചരിത്രകാരൻ ഇതാ വീണ്ടും ഒരു ഹംഗേറിയൻ
ചരിത്രവുമായി എത്തിയിരിക്കുന്നു