Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 22)

സോഫിയായിലെ ബോറിസാവോ പാര്‍ക്ക്

പാര്‍ക്കുകള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലാത്ത നഗരമാണ് സോഫിയ. എവിടെ ചെന്നാലും ഒരു ചെറിയ പാര്‍ക്കെങ്കിലും കാണാനാവും. സോഫിയയിലെ പാര്‍ക്കുകളുടെ രാജാവാണ് ബള്‍ഗേറിയക്കാര്‍ "ബോറിസാവോ ഗ്രാഡിന" എന്നു വിളിക്കുന്ന ബൊറിസാവോ പാര്‍ക്ക്.

നഗരമദ്ധ്യത്തിലുള്ള വനത്തിന്റെ ഒരു ഭാഗമാണ് പാര്‍ക്കായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വാസില്‍ ലെവസ്ക്കി സ്റ്റേഡിയം ഇതിന്റെ മുന്നിലാണ്. ഇതിന്റെ വിസ്തീര്‍ണ്ണം ആയിരം ഏക്കറുണ്ട് എന്നാണ് കേട്ടത്.

1882-ല്‍ ഒരു സ്വിറ്റ്സര്‍ലന്‍ഡ്കാരന്റെ മേല്‍നോട്ടത്തില്‍ ഇതിന്റെ പണിയാരംഭിച്ചു.  പണി പൂര്‍ത്തിയാവുന്നതിനു മുമ്പേ അന്നത്തെ രാജാവായിരുന്ന ഫെര്‍ഡിനാന്‍ഡിന് കിരീടാവകാശി ജനിച്ചു – ബോറിസ് മൂന്നാമന്‍ എന്നപേരില്‍ പിന്നീട് ബള്‍ഗേറിയയുടെ രാജാവായ രാജമുകാരന്‍. അതുകൊണ്ട് പാര്‍ക്കിനു രാജകുമാരന്റെ പേര് നല്‍കി. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് ഇതിന്റെ പേരുമാറ്റി "ഫ്രീഡംപാര്‍ക്ക്" എന്നാക്കിപക്ഷെ 1889-ല്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതിനെതുടര്‍ന്ന് പഴയ പേരിലേയ്ക്ക് തിരികെ പോയി.

വശ്യമായ വനഭംഗിയുണ്ട് ഈ പാര്‍ക്കിന്. ഇതില്‍ രണ്ട് (ഒന്നു വലുതും മറ്റൊന്നു ചെറുതും) കൃത്രിമ തടാകങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് സാമാന്യം ചൂടുള്ള ദിവസമായതുകൊണ്ടാവാംപാര്‍ക്ക് ജനനിബിഡമായിരുന്നു. കുട്ടികളുടെ കളികള്‍, പല പ്രായത്തിലുള്ളവരുടെ അലസഗമനംചില മരച്ചോട്ടില്‍ ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡിന് സഹിക്കാന്‍ പറ്റാത്ത കാഴ്ചകള്‍.

ഇതിനുള്ളില്‍ മരങ്ങളാണോപ്രതിമകളാണോ കൂടുതല്‍ എന്ന് സംശയം ജനിപ്പിക്കാന്‍ പോന്നത്ര പ്രതിമകള്‍ ഉണ്ട്. പ്രതിമസംസ്ക്കാരത്തോട്‌ ഒരിക്കലും താല്പര്യം തോന്നിയിട്ടില്ല. എങ്കിലും പ്രതിമകള്‍ പാര്‍ക്കുകള്‍ക്ക് അലങ്കാരമാണെന്ന് ഇവടെ വന്നപ്പോള്‍ മനസിലായി.

പൊതുവേ ഇന്നാട്ടുകാര്‍ Camera Shy ആണ്. എങ്കിലും ഇന്ന് ചിലര്‍ സഹകരിച്ചു. ചിലരുടെ പടങ്ങള്‍ അവരറിയാതെയും എടുത്തു.

സഹകരിച്ചവരില്‍ ഒരു കൂട്ടര്‍, കൂടുതല്‍ സംസാരിക്കാന്‍ നാളെ കാണണം എന്നു പറഞ്ഞിട്ടുണ്ട് – വൈകുന്നേരം അഞ്ചേകാലിന് ഈ പാര്‍ക്കില്‍ വച്ചുതന്നെ. 

സന്തോഷം..

No comments:

Post a Comment