വാസില്‍ ലെവസ്ക്കി, സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്‍
എക്കാലത്തെയും ഏറ്റവും മഹാനായ ബള്‍ഗേറിയക്കാരനെ തിരഞ്ഞെടുക്കാന്‍ ഒരു ടെലെവിഷന്‍ ചാനല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ വിജയിയായാത് "സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്‍" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വാസില്‍ ലെവസ്ക്കി എന്ന ബള്‍ഗേറിയയുടെ ദേശീയഹീറോയാണ്. ലെവ്സ്ക്കിയുടെ പ്രസക്തിയും പ്രാധാന്യവും അറിയണമെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം മനസിലാക്കേണ്ടിയിരിക്കുന്നു.
കത്തോലിക്കരെക്കാള്‍ മതസഹിഷ്ണുത വച്ചുപുലര്ത്തിയിരുന്നവരായിരു ന്നു ഒട്ടോമാന്‍ അധികാരികള്‍ എന്നൊരിടത്ത് പറഞ്ഞു. ശരിയാണ്. പക്ഷെ അതുകൊണ്ടുമാത്രം ബള്‍ഗേറിയന്‍ ജനം സംതൃപ്തരായിരുന്നില്ല.
“ബന്ധുര കാഞ്ചനകൂട്ടിലാണെങ്കിലും....”
സത്യത്തില്‍ ഒട്ടോമാന്‍ഭരണം കാഞ്ചനക്കൂടായിരുന്നില്ല. ക്രൂരതയുടെ കാര്യത്തില്‍ അവര്‍ മറ്റാരുടെയും പിന്നിലായിരുന്നില്ല. അതിന്റെ ഒരുദാഹരണം മാത്രം പറയാം.
ഒട്ടോമാന്‍ സൈന്യത്തിന്റെ ഒരു വിഭാഗമായിരുന്നു ജാനിസാറികള്‍. ഇവര്‍ ഒട്ടോമാന്‍ തുര്‍ക്കികള്‍ ആയിരുന്നില്ല. ബള്‍ഗേറിയന്‍ ക്രിസ്ത്യന്‍കുടുംബങ്ങളില്‍ നിന്നും ആണ്‍കുട്ടികളെ ആറുവയസുള്ളപ്പോള്‍ ബലമായി പിടിച്ചുകൊണ്ടുപോയി, തുര്‍ക്കികളുടെ കീഴില്‍ വിദ്യയും പയറ്റും അഭ്യസിപ്പിച്ച് ബള്‍ഗേറിയക്കാര്‍ക്കെതിരെ ഉപയോഗിച്ചിരുന്ന സൈന്യവിഭാഗമാണിവര്‍. 1383ല്‍ ആരംഭിച്ച ഈ നടപടി 1826 വരെ തുടര്‍ന്നു. ഇതിലൂടെ എത്രയോ കുടുംബങ്ങള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ എന്നന്നേയ്ക്കുമായി നഷ്ടമായി. അധികാരം തലയ്ക്കുപിടിച്ച ജാനിസാറികള്‍ വമ്പന്‍ അഴിമതിക്കാരായി മാറി. അവസാനകാലത്ത് ഇവര്‍ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം പേരുണ്ടായിരുന്നു. ഇവര്‍ സാമ്രാജ്യത്തിനൊരു ബാധ്യതയാകുന്നു എന്നുകണ്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിടുന്നതിനു മുമ്പ് ഇവരില്‍ ആറായിരംപേര്‍ വധിക്കപ്പെട്ടു.
ഇത്തരം സാഹചര്യത്തില്‍ ദേശീയതയും സ്വാതാന്ത്ര്യമോഹവും ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷെ, സ്വാതന്ത്ര്യത്തിനുള്ള എല്ലാ ശ്രമങ്ങളെയും തുര്‍ക്കികള്‍ നിഷ്ഠൂരമായി അടിച്ചമര്‍ത്തി.
ഇതാണ് ലെവസ്ക്കിയുടെ ശ്രമങ്ങളുടെ പശ്ചാത്തലം.
ബള്‍ഗേറിയയിലെ കര്‍ലോവോ എന്ന കൊച്ചുപട്ടണത്തില്‍ ഇടത്തരം കുടുംബത്തിലാണ് 1837 ജൂലൈ പതിനെട്ടാംതിയതി വാസില്‍ ഇവാനോവ് കുഞ്ചേവ് (Vasil Ivanov Kunchev) ജനിച്ചത്. ഓര്ത്തഡോക്സ് വൈദികനായതിനുശേഷം സ്വാതന്ത്ര്യത്തിനു വേണ്ടി ശ്രമിക്കുന്നവരുടെ വിപ്ലവസെല്ലുകള്‍ രൂപീകരിക്കുവാനായി ഇദ്ദേഹം ബള്‍ഗേറിയയുടെ അയല്‍പ്രദേശങ്ങളില്‍ പോയി. അവിടെ വച്ചാണ് “സിംഹത്തെപ്പോലെയുള്ളവന്‍” എന്നര്‍ത്ഥം വരുന്ന "ലെവസ്ക്കി" എന്ന അപരനാമം ലഭിക്കുന്നത്.
ഒട്ടോമാന്‍സാമ്രാജ്യത്തിലുണ്ടായ സാമ്പത്തിക മാന്ദ്യമാണ് തുര്‍ക്കിയ്ക്ക് “The Sick-man of Europe” എന്ന പരിഹാസനാമം നേടിക്കൊടുത്തത്. ഈ മാന്ദ്യം സാമ്രാജ്യത്തിലെ ക്രിസ്ത്യന്‍പ്രജകളെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. കാരണം അവര്‍ രണ്ടാംകിട പൌരന്മാര്‍ ആയിരുന്നു.
അയല്‍രാജ്യങ്ങളില്‍ കഴിഞ്ഞുകൊണ്ട് വിപ്ലവപ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച ലെവസ്ക്കി 1863-ല്‍ റൊമേനിയയില്‍ നിന്നും സ്വദേശത്ത് തിരിചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവനും, വൈദികനുമായിരുന്നയാള് ഇദ്ദേഹത്തെക്കുറിച്ച് ഒട്ടോമാന്‍ അധികൃതരെ അറിയിക്കുകയും പ്ലോവ്ദിവ് എന്ന സ്ഥലത്തുവച്ച് ലെവസ്ക്കി അറസ്റ്റ് ചെയ്യപ്പെട്ടു.. മൂന്നുമാസത്തിനുശേഷം ജയില്‍ വിമുക്തനായി. ഇതിനെത്തുടര്‍ന്ന്, 1864-ല്‍ വൈദികവൃത്തി ഉപേക്ഷിച്ചു.
അതിനുശേഷവും അസുഖങ്ങളുടെ നടുവിലും അദ്ദേഹം സ്വാതന്ത്രസമരത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. കൂടുതല്‍ സമയവും റൊമേനിയിലാണ് കഴിച്ചുകൂട്ടിയത്.
1872 സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തിയതി ലെവ്സ്ക്കിയുടെ ഒരു അനുചരന്‍, ലെവ്സ്ക്കിയുടെ അറിവോ സമ്മതമോ ഇല്ലാതെ തുര്‍ക്കികളുടെ പോസ്റ്റല്‍ വാഹനം വിജയകരമായി തടഞ്ഞ് കൊള്ളയടിച്ചു. അയാളും കൂടെയുണ്ടായിരുന്നവരും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായി. ചോദ്യംചെയ്യലനിടയിലെ ദേഹോപദ്രവം സഹിക്കവയ്യാതെ, അയ്യാള് സംഘടനയെക്കുറിച്ചും, ലെവിസ്ക്കിയാണ് അതിന്റെ നേതാവെന്നും തുടങ്ങിയ വിവരങ്ങളെല്ലാം തുറന്നുപറഞ്ഞു. അപകടം മനസിലാക്കിയ ലെവസ്ക്കി റോമേനിയയിലെയ്ക്ക് കടക്കാന്‍ തീരുമാനിച്ചു. ചില രേഖകള്‍ എടുക്കുവാനായി ഒരു ഗ്രാമത്തില്‍ രാത്രി തങ്ങവേ, അപ്രതീക്ഷിതമായി തുര്‍ക്കി പോലീസ് വന്ന് ലെവ്സ്ക്കിയെ അറസ്റ്റ് ചെയ്തു. Krastyo Nikiforov എന്നുപേരുള്ള ഒരു പുരോഹിതന്‍ ഒറ്റിക്കൊടുത്തതുകൊണ്ടാണ് പോലീസിനു ലെവ്സ്ക്കിയെ പിടിക്കാന്‍ സാധിച്ചത് എന്നൊരു വിശ്വാസം ജനങ്ങളുടെയിടയിലുണ്ട്. 1872 ഡിസംബര്‍ ഇരുപത്തിയേഴിനാണ് അറസ്റ്റ് ചെയ്തത്. ജനുവരി നാലാം തിയതി ലെവിസ്ക്കിയെ സോഫിയയില്‍ കൊണ്ടുവന്ന് വിചാരണ നടത്തി. തന്റെ കൂടെയുള്ളവരുടെ ആരുടേയും പേര് അദ്ദേഹം പറഞ്ഞില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.
ഒട്ടോമാന്‍അധികൃതര്‍ ലെവ്സ്ക്കിയ്ക്ക് വധശിക്ഷ വിധിച്ചു. 1873 ഫെബ്രുവരി പതിനെട്ടാംതിയതി അദ്ദേഹത്തെ തൂക്കിക്കൊന്നു. ലെവ്സ്ക്കിയെ തൂക്കിക്കൊന്ന സ്ഥലത്ത് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകമുണ്ട്.
സോഫിയ യുണിവേര്സിറ്റിയുടെ മെട്രോസ്റ്റേഷനില്‍ ഇറങ്ങി, ചോദിച്ചും കേട്ടും ആ സ്മാരകം കാണാനായി ഇന്ന് പോയി.
No comments:
Post a Comment