Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 23)

സോഫിയയിലെ പുരാവസ്തു മ്യുസിയം (Sofia Archaeology Museum)

ആരാധനാലയങ്ങള്‍ ദൈവങ്ങളുടെ സ്വന്തമാണെന്നാണ് വയ്പ്പ്. അതുകൊണ്ടുതന്നെഅവര്‍ ആരാധനാലയങ്ങളെ (കെട്ടിടങ്ങള്‍ മാത്രമല്ല അവിടെ ഒത്തുകൂടുന്നതും അല്ലാത്തതുമായ അവരുടെതന്നെ സൃഷിടികളായ വിശ്വാസികളെയും അവിശ്വാസികളേയും) പരിപാലിക്കാന്‍ കടപ്പെട്ടവരാണ്. സര്‍വശക്തമാര്‍ക്ക് അതത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും തോന്നുന്നില്ല. എങ്കിലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗം കയ്യേറി അവരുടേതാക്കുമ്പോള്‍ എന്തുകൊണ്ടോ ഈ ദൈവങ്ങള്‍ കണ്ണടയ്ക്കുന്നു.

ട്രിപ്പോളിനഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോസ്ക്ക് അവിടെ ജീവിച്ചിരുന്നപ്പോള്‍ നിത്യമെന്നോണം കാണുമായിരുന്നു. ഇറ്റലിയുടെ അന്നാട്ടിലെ കോളനിവാഴ്ചക്കാലത്ത് അതൊരു കത്തോലിക്കാദേവാലയമായിരുന്നു. ഇത്തരം കണ്‍വേര്‍ഷന്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് സ്പെയ്നില്‍ ആയിരിക്കും. അവിടെ വര്‍ഷങ്ങളോളം ഇസ്ലാം കീഴടക്കി ഭരിച്ചിരുന്നു. അവരെ തുരത്തിക്കഴിഞ്ഞ് അവരുടെ മിക്ക മോസ്ക്കുകളും ക്രിസ്ത്യന്‍ ദേവാലയങ്ങളായി. മാഡ്രിഡ് നഗരത്തിലെ മുഖ്യ ക്രിസ്ത്യന്‍ ദേവാലയം ഒരു മോസ്ക്കായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല.

സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മ്യുസിയങ്ങള്‍ പൊതുവേ അവഗണിക്കാറാണ് പതിവ്. സൈറ്റ്-സീയിംഗ് ടൂറിനു പോയപ്പോള്‍, സോഫിയയിലെ ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തിന്റെ മുന്നിലൂടെ കടന്നുപോയി. ഇത് പണ്ടുകാലത്ത് ഒരു മോസ്ക്കായിരുന്നുവെന്നു ടൂര്‍ ഗൈഡ് പറഞ്ഞു. അതുകൊണ്ടു മാത്രമാണ് അതിനുള്ളില്‍ കയറാം എന്ന് വിചാരിച്ചത്. കയറി എല്ലാം കണ്ടുകഴിഞ്ഞപ്പോഴാണ് അവിടെ കയറിയില്ലായിരുന്നുവെങ്കില്‍ എന്തു നഷ്ടമായിരുന്നേനെ എന്നു മനസിലായത്.

1474-ല്‍ സോഫിയയില്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ്‌ മോസ്ക്ക് നഗരത്തിലെ ഏറ്റവും വലുതുംആദ്യത്തേതുമായിരുന്നു. തുര്‍ക്കികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനുശേഷംപതിമൂന്നു വര്ഷം (1880 – 1893) ഈ കെട്ടിടം നാഷണല്‍ ലൈബ്രറി ആയി ഉപയോഗിച്ചു. അതിനുശേഷം ഇതൊരു മ്യുസിയം ആക്കാന്‍ തീരുമാനമായി. ഇതിന്റെ പിന്നിലൊരു ചരിത്രമുണ്ട്.

ബള്‍ഗേറിയയില്‍ ഒരു ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ആദ്യം ബോധ്യപ്പെട്ടത് പ്രവാസികളായ ബള്‍ഗേറിയന്‍ ബുദ്ധിജീവികള്‍ക്കാണ്. അവരുടെ സംഘടനയായ ബള്‍ഗേറിയന്‍ ലിറ്റററി സൊസൈറ്റിയുടെ പ്രധാന ലക്ഷ്യമായിരുന്നു ഇത്. സ്വാതാന്ത്ര്യത്തിനുശേഷം അവര്‍ ഇതിനായി വീറോടെ പരിശ്രമിച്ചു. ആ പരിശ്രമത്തിന്റെ ഫലമായി രാജാവ് ഇതിനാവശ്യമായ രാജകല്പന പുറപ്പെടുവിച്ചു. (നമ്മുടെ പ്രവാസി ബുദ്ധിജീവികള്‍ സംഘടനകള്‍ ഉണ്ടാക്കി രസിക്കുന്നു.. കസേരയുടെ ഒരറ്റം കണ്ടുപോയാല്‍ പിന്നെ അവിടെനിന്നും തൊഴിച്ചാലും വിട്ടുപോകില്ല.. നമ്മള്‍ പ്രബുദ്ധരല്ലേ..)

പിറ്റേവര്ഷം മുതല്‍ മ്യുസിയത്തിലേയ്ക്കുള്ള കാഴ്ചവസ്തുക്കള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആരംഭത്തില്‍ ഇതിന്റെ പേര് "Museum-temple of the Fatherland" എന്നായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുഴിച്ച് വിലപിടിച്ച പുരാവസ്തുക്കള്‍ ശേഖരിച്ചു. ഇന്ന് ഇതില്‍ താഴപ്പറയുന്ന വിഭാഗങ്ങളുണ്ട്.

Main Hall

Prehistory Hall

Treasury

Medieval Section

മ്യുസിയാത്തിലെ ജോലിക്കാര്‍ വളരെ സൌഹാര്‍ദ്ദപൂര്‍വം പെരുമാറി. അകത്തുകയറാന്‍ പത്തു ലേവ ചാര്‍ജുണ്ട്. കാഷില്‍ ആള്‍ ഇല്ലാതിരുന്നതിനാല്‍, അകത്ത് കയറിക്കോതിരിച്ചു വരുമ്പോള്‍ ടിക്കറ്റ് എടുത്താല്‍ മതിയെന്നു ഗാര്‍ഡ് പറഞ്ഞു. തിരിച്ചു വന്നപ്പോള്‍ കാഷില്‍ ഇരുന്ന സ്ത്രീ പത്ത് ലേവ വാങ്ങിടിക്കറ്റ് ഒന്നും തന്നില്ല. അഴിമതിയുടെ കാര്യത്തില്‍ ബള്‍ഗേറിയ ആരുടേയും പിന്നിലല്ല എന്നു കേട്ടിട്ടുണ്ട്. മിക്കവാറും ഇങ്ങനെ കിട്ടുന്ന തുക ജോലിക്കാര്‍ വീതിച്ചെടുക്കും.. ആര്‍ക്കറിയാം..

അകത്ത് പ്രകാശത്തിന്റെ പ്രശ്നമുണ്ട്. ഫ്ലാഷ് അനുവദനീയമല്ല. ഏതായാലും കുറെ പടങ്ങള്‍ എടുത്തു..

No comments:

Post a Comment