Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 7)

കമ്മ്യൂണിസം ബള്‍ഗേറിയയില്‍ (ഒന്ന്)

കിഴ.ക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും അനുസരണയുള്ള കമ്മ്യൂണിസ്റ്റ്‌ കുഞ്ഞാടായിരുന്നു ബള്‍ഗേറിയ.

യുഗോസ്ലാവിയയിലെ ടിറ്റോ മോസ്ക്കൊയ്ക്ക് അനഭിമതനായിരുന്നു. പോളണ്ടിലും ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും സോവിയറ്റ് റഷ്യക്കെതിരെ ജനകീയ കലാപങ്ങള്‍ ഉണ്ടാവുകയുംറഷ്യന്‍ ടാങ്കുകള്‍ക്ക് അവിടെയൊക്കെ ചെന്ന് അടിച്ചമര്‍ത്തല്‍ നടത്തേണ്ടിയും വരികയുമുണ്ടായി. റൊമേനിയയിലെ ചെഷസ്ക്യു കടുത്ത ഏകാധിപതിയാണെങ്കിലും റഷ്യയുടെ വാലാട്ടിയായിരുന്നില്ല.

പക്ഷെ ഒരുതരത്തിലുമുള്ള വിമതശബ്ദം ഉയരാത്ത രാജ്യമായിരുന്നു ബള്‍ഗേറിയ. കാലാകാലങ്ങളില്‍ ക്രെംലിനിലെ അധികാരകേന്ദ്രങ്ങളോട് വിധേയത്വമുള്ളവര്‍ മാത്രമാണ് നീണ്ട കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത് (1946-1989) ബള്‍ഗേറിയയില്‍ അധികാരത്തില്‍ ഇരുന്നത്.

ആഗോളതലത്തില്‍ താരപരിവേഷമുണ്ടായിരുന്ന ഗിയോര്‍ഗി ദിമിത്രോവില്‍ (1882-1949) തുടങ്ങുന്നു ബള്‍ഗേറിയയുടെ കമ്മ്യൂണിസ്റ്റ്‌ ചരിത്രം.

തൊഴിലാളി പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനപരിചയവുമായി ദിമിത്രോവ് 1902-ല്‍ ബള്‍ഗേറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ വര്‍ക്കേര്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇത് പിന്നീട്1919-ല്‍ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നറിയപ്പെട്ടു. 1904 മുതല്‍ 1923 വരെ ദിമിത്രോവ് ട്രേഡ് യുണിയന്‍ ഫെഡറേഷന്റെ സെക്രട്ടറി ആയിരുന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം താമസിയാതെദിമിത്രോവ് ഭീകരാക്രമണം നടത്തുകയും അതിനെതുടര്‍ന്നു യുഗോസ്ലാവിയയിലേയ്ക്ക് പാലായനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ദിമിത്രോവിനെ അന്നത്തെ ബള്‍ഗേറിയന്‍ ഭരണകൂടും വധശിക്ഷയ്ക്ക് വിധിച്ചു. യുഗോസ്ലാവിയയില്‍ നിന്നും ആദ്യം റഷ്യയിലേയ്ക്കും 1929-ല്‍ അവിടെ നിന്നും ജര്‍മ്മനിയിലേയ്ക്കും കടന്നു. ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ദിമിത്രോവിന് ഉത്തരവാദിത്തമുള്ള പദവികള്‍ ലഭിച്ചു. 1932-ല്‍ ഇദ്ദേഹത്തിന് ജര്‍മ്മനി ആസ്ഥാനമായുള്ള World Committee Against War and Fascism എന്ന പ്രസ്ഥാനത്തിന്റെ സെക്രെട്ടറി-ജനറല്‍ എന്ന പദവി ലഭിച്ചു. ബെര്‍ലിനിലെ ജര്‍മ്മന്‍ പാര്‍ലമെന്‍റ് കെട്ടിടത്തിന് തീവയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 1933-ല്‍ ബെര്‍ലിനില്‍ വച്ചു ദിമിത്രോവിനെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ലൈപ്സിഗ്കോടതിയിലെ തന്റെ പ്രകടനം കൊണ്ട് ലോകശ്രദ്ധയാകര്ഷിക്കാന്‍ ദിമിത്രോവിനു കഴിഞ്ഞു. കോടതി ദിമിത്രോവിനെ വെറുതെവിട്ടു.

1944-ല്‍, ഇരുപത്തിരണ്ടു് വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ദിമിത്രോവ് ബള്‍ഗേറിയയില്‍ തിരിച്ചെത്തി. മടങ്ങിയെത്തിയ നായകന് പാര്‍ട്ടി നേതൃസ്ഥാനം നല്‍കി ആദരിച്ചു. 1946-ല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഉണ്ടായപ്പോള്‍ ദിമിത്രോവ് ബള്‍ഗേറിയയുടെ പ്രിമിയര്‍ ആയി സ്ഥാനമേറ്റു. താമസിയാതെ തന്നെ യുഗോസ്ലാവിയയിലെ ടിറ്റോയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. യുഗോസ്ലാവിയബള്‍ഗേറിയമാസിഡോണിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തെക്കന്‍ സ്ലാവുകാരുടെ ഐക്യമായിരുന്നു ലക്‌ഷ്യം. ടിറ്റോയ്ക്ക് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റേതായ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. ബള്‍ഗേറിയയെ തന്റെ യുഗോസ്ലാവിയയുടെ നുകത്തിന്‍കീഴിലാക്കുക എന്നതായിരുന്നു ആ ഉദ്ദേശം. എന്നാല്‍ ആ ലക്‌ഷ്യം ഫലപ്രാപ്തി കൈവരിച്ചില്ല.

ഈ ശ്രമം സ്റ്റാലിന് തീരെ ഇഷ്ടപ്പെട്ടില്ല. ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടായാല്‍ അവരെ നിയന്ത്രിക്കുക സോവിയറ്റ് റഷ്യയ്ക്ക് ബുദ്ധിമുട്ടായിരിക്കും എന്ന്‍ സ്റ്റാലിനു മനസിലായി. ദിമിത്രോവും സ്റ്റാലിനും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും ഇത് അവരുടെ ബന്ധത്തെ സാരമായി ബാധിച്ചു.

1949 ജൂലൈ രണ്ടാം തിയതിമോസ്ക്കൊയ്ക്ക് സമീപത്തുള്ള ഒരു സാനിട്ടോറിയത്തില്‍ വച്ചു ദിമിത്രോവ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. ദിമിത്രോവിന്റെ ആരോഗ്യം ക്ഷയിച്ചത് വളരെ പെട്ടെന്നായിരുന്നു. സ്റ്റാലിന്റെ ദൂതന്മാര്‍ ദിമിത്രോവിനു വിഷം കൊടുത്തതാണെന്ന് സംസാരമുണ്ട്. എന്നാല്‍ സ്റ്റാലിന് അത്രയ്ക്ക് വൈരാഗ്യം ദിമിത്രോവിനോട് തോന്നേണ്ട യാതൊരു കാരണവും ഇല്ലായിരുന്നു എന്നൊരു മറുവാദവും നിലനില്‍ക്കുന്നു.

ബള്‍ഗേറിയയുടെ ഈ വീരനായകനുവേണ്ടി ഒരു മുസ്സോളിയം പണിതീര്‍ത്ത് അദ്ദേഹത്തിന്റെ ശവശരീരം ലെനിന്റെ മാതൃകയില്‍ അടക്കി. ആറുദിവസങ്ങള്‍ കൊണ്ട് പണികഴിപ്പിച്ച ഈ മുസ്സോളിയം സത്യത്തില്‍ ഒരു ന്യുക്ളിയര്‍ ബോംബ്‌ ഷെല്‍ട്ടര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ പറയപ്പെടുന്നുണ്ട്.

കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം പൊതുജനാഭിപ്രായം വെള്ളമാര്‍ബിളില്‍ മനോഹരമായി പണിത ഈ കെട്ടിടം നശിപ്പിക്കുന്നതിനെതിരായിരുന്നു. അഭിപ്രായവോട്ടെടുപ്പില്‍ മൂന്നില്‍രണ്ടുപേരിത് നശിപ്പിക്കുന്നതിനെ എതിര്‍ത്തു. എതിര്‍പ്പുകള്‍ വകവയ്ക്കാതെ കെട്ടിടം നിലംപരിശാക്കാന്‍ മൂന്നു തവണ ശ്രമിച്ചു പരാജയപ്പെട്ടതിനുശേഷംനാലാം തവണ നശിപ്പിച്ചു. പ്രിന്‍സ് അലെക്സാണ്ടര്‍ ഓഫ് ബാറ്റന്‍ബെര്‍ഗ് ചത്വരത്തില്‍, മുസ്സോളിയം സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്ത് ഇപ്പോള്‍ ഓഡി കാറിന്റെ ഷോറൂം കാണാം..

മുസ്സോളിയത്തില്‍ നിന്നെടുത്ത ദിമിത്രോവിന്റെ ശവശരീരം പൊതുശ്മശാനത്തില്‍ അടക്കി.

ഒരു വീരനായകനോട് കാണിച്ച അനാദരവും ചരിത്രത്തോട് കാട്ടിയ അനീതിയുമായി ചിലരെങ്കിലും ഇന്നും അതിനെ പരിഗണിക്കുന്നു.

No comments:

Post a Comment