Monday 16 November 2015

റിഗക്കുറിപ്പുകള്‍ - രണ്ട്: ലാത്വിയ - ലഘുചരിത്രം

മിക്ക കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളുടെയും ചരിത്രം സമാനമാണ്. ഒന്നിന്റെ ചരിത്രമറിഞ്ഞാല്‍ എല്ലാം ഏതാണ്ട് അറിഞ്ഞുകഴിഞ്ഞു.
നിരവധി അധിനിവേശങ്ങള്‍, റോമാസാമ്രാജ്യവും സ്വീഡനും പ്രധാന വില്ലന്മാര്‍, പിന്നെ ലോകമഹായുദ്ധങ്ങള്‍, ജര്‍മ്മന്‍ ഷെല്ലിംഗ്, വിമോചകരായി റഷ്യയെത്തുന്നു. പിന്നെയെല്ലാം നിശബ്ദം...തൊണ്ണൂറുകളുടെ ആദ്യം റഷ്യന്‍ നുകത്തിനു വെളിയില്‍. പിന്നെ യുറോപ്യന്‍ യുണിയന്‍ അംഗത്വം അല്ലെങ്കില്‍ അതിനായുള്ള കാത്തിരിപ്പ്.
ലാത്വിയയും ഇപ്പറഞ്ഞതിനൊന്നും അപവാദമല്ല. ഒരു ചെറിയ വ്യത്യാസം. ഈ രാജ്യത്ത് ക്രിസ്തുമതം വളരെ വൈകിയാണെത്തുന്നത്. നാട്ടുകാര്‍ക്ക് പേഗന്‍ വിശ്വാസമായിരുന്നു. ഒരു ടൂര്‍ ഗൈഡ് പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍, ഹിന്ദു സംസ്ക്കാരത്തോട്‌ സമാനമായ സംസ്ക്കാരമായിരുന്നു അത്. പക്ഷെ ക്രിസ്തുവിലൂടെ, അതും കത്തോലിക്കാസഭയിലൂടെ, അല്ലാതെ "രക്ഷ" ഇല്ല എന്നു വിശ്വസിച്ചിരുന്ന മാര്‍പാപ്പയ്ക്ക് ഇതു സഹിക്കാനായില്ല.
അന്നത്തെ പോപ്പ്, 1201-ല്‍ Albert von Buxhoeveden എന്ന, ജര്‍മ്മന്‍ (Bermen സ്വദേശി), കത്തോലിക്കാ മെത്രാന്റെ നേതൃത്വത്തില്‍ കുരിശുയുദ്ധ പടയാളികളെ ലാത്വിയയിലേയ്ക്ക് വിട്ടു.. അവര്‍ ബലമായി ഇവരുടെയെല്ലാം ദേഹത്ത് "ഹാനാന്‍വെള്ളം" തളിച്ചു. ചെറുത്തുനില്‍പ്പ്‌ കടുത്തതായിരുന്നതിനാല്‍ മതംമാറ്റം ബലം പ്രയോഗിച്ചായിരുന്നു.
അന്നത്തെ മത്സ്യബന്ധന ഗ്രാമമായിരുന്ന റിഗയായിരുന്നു അവരുടെ ആസ്ഥാനം. അവിടെനിന്നും ഉള്‍പ്രദേശങ്ങളില്‍ കടന്ന് രാജ്യം മൊത്തം അവരുടെ കീഴിലാക്കി.
പേഗനിസത്തിന്റെ വേരുകള്‍ ഇവിടെ ഇന്നും തീരെ അറ്റുപോയിട്ടില്ല. വിശ്വാസികളില്‍ ഭൂരിപക്ഷവും ഇന്ന് ലൂഥറന്‍സഭാംഗങ്ങളാണ്, രണ്ടാം സ്ഥാനം ഓര്‍ത്തോഡോക്സ് സഭയ്ക്കും. കത്തോലിക്കാസഭയുടെ സാന്നിധ്യവും ഉണ്ട്.
അനിത എന്നൊരു ഗൈഡ് ഇങ്ങനെ പറഞ്ഞു.. "എന്റെ അമ്മ ഓര്‍ത്തോഡോക്സ് വിശ്വാസിയാണ്. പക്ഷെ ഞാന്‍ മാമോദീസ മുങ്ങിയിട്ടില്ല.." ശരാശരി ലാത്വിയന്‍ മതത്തിന്റെ സ്വാധീനമില്ലാതെ ജീവിക്കുന്നു.
ചരിത്രം തുടരട്ടെ...
ജര്‍മ്മന്‍ സാന്നിദ്ധ്യവും സ്വാധീനവും നിര്‍ബാധം തുടര്‍ന്നു. അതിനു വിരാമാമുണ്ടായത് 1561-ല്‍ പോളണ്ട് ഇവിടം കീഴടക്കിയപ്പോഴാണ്, 1621-ല്‍ സ്വീഡനും ലാത്വിയ കീഴടക്കി. 1710-ല്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി സ്വീഡന്‍കാരെ തുരത്തി, രാജ്യം റഷ്യയുടെ കീഴിലാക്കി.
ഇതൊക്കെ നടക്കുമ്പോഴും ജര്‍മ്മന്‍ സ്വാധീനം തുടര്‍ന്നു. പതിനെട്ടാം നൂറ്റാണ്ടിലും ഇവിടത്തെ ഒന്നാംകിട പൌരര്‍ ജര്‍മ്മന്‍ വംശജര്‍ തന്നെയായിരുന്നു.
1905-ല്‍ ലാത്വിയന്‍ ജനത റഷ്യന്‍ മേല്‍ക്കോയ്മയ്ക്കെതിരെ പൊരുതി. റഷ്യന്‍ ഭരണകൂടം അതൊക്കെ ക്രൂരമായി അടിച്ചൊതുക്കി.
സാറിന്റെ രാജഭരണം അവസാനിച്ച്, കമ്മ്യുണിസ്റ്റ് ഭരണം നിലവില്‍ വന്നതിനുശേഷം, 1920 ഓഗസ്റ്റ്‌ ഇരുപത്തിയൊന്നിനു ഒപ്പിട്ട കരാര്‍ അനുസരിച്ച് ലാത്വിയ സ്വതന്ത്രരാഷ്ട്രമാവുകയും, 1921-ല്‍ ലീഗ് ഓഫ് നേഷന്‍സില്‍ അംഗമാവുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ സുഖകരമായിരുന്നില്ല. ഭരണത്തില്‍ കയറിയവര്‍ ഏകാധിപതികളായി. ഏതായാലും ഈ സ്വാതന്ത്ര്യം അധികകാലം നീണ്ടുനിന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുന്നേ സ്റ്റാലിനും ഹിറ്റ്ലറുമായുണ്ടായ രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ 1940 ജൂലൈ മാസത്തില്‍ ചെമ്പട ഇവിടെ ഇരച്ചുകയറി ലാത്വിയയെ മറ്റൊരു സോവിയറ്റ് റിപബ്ലിക്കായി പ്രഖ്യാപിച്ചു.
പിന്നെ ഒരു ശുദ്ധികലശമാണ് അരങ്ങേറിയത്. സ്റ്റാലിന്‍ ഭരണകൂടത്തോട് കൂറില്ലാത്തവര്‍ എന്നു തോന്നിയവരെയെല്ലാം തിരഞ്ഞുപിടിച്ച് വധിക്കുകയോ നാടുകടത്തുകയോ ചെയ്തു. 1941 ജൂണ്‍ പതിമൂന്നാം തിയതി മാത്രം പതിനയ്യായിരം ആളുകളെ സൈബീരിയയിലേയ്ക്ക് ട്രെയിനില്‍ കയറ്റിവിട്ടു. അവരില്‍ കൂടുതലും ലാത്വിയന്‍ ബുദ്ധിജീവികളായിരുന്നു.. പ്രൊഫസര്‍മാര്‍, ചിന്തകര്‍, ശാസ്ത്രഞ്ജര്‍... മിക്കവരുടെയും ജീവന്‍ സൈബീരിയയില്‍ പൊലിഞ്ഞു.
റഷ്യന്‍ പട്ടാളക്കാര്‍ ലാത്വിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കുറ്റവാളികളെ മോചിപ്പിച്ച്‌ അവരെ നിയമപാലകരാക്കി.
റഷ്യന്‍ പീഡനം അധികകാലം നീണ്ടുനിന്നില്ല.
1941-ല്‍ തന്നെ ജര്‍മ്മന്‍ നാസിപ്പട ലാത്വിയ കീഴടക്കി. ഏതു ചെകുത്താനും റഷ്യക്കാരെക്കാള്‍ ഭേദമായിരിക്കും എന്നുകരുതി ലാത്വിയന്‍ ജനത ആഹ്ലാദിച്ചു. പക്ഷെ അവര്‍ക്ക് തെറ്റി. നാസിപ്പട അവരുടെ തനിനിറം പുറത്തെടുത്തു. അവരുടെ പതിവ് ജൂതവിരുദ്ധ കലാപരിപാടികള്‍ തുടങ്ങി.
യുദ്ധാവസാനം, 1944-ല്‍ റഷ്യ വീണ്ടും ലാത്വിയ കൈയ്യേറി. റഷ്യന്‍ഭരണത്തിന്റെ രുചി നേരത്തെ അറിഞ്ഞിരുന്നതിനാല്‍ സ്വദേശികള്‍ കൂട്ടത്തോടെ രാജ്യത്തുനിന്നും പാലായനം ചെയ്തു. ഏതാണ്ട് രണ്ടുലക്ഷം പേര്‍ (അതായത് മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം) പാശ്ചാത്യരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി.
റഷ്യ അവരുടെ മുന്‍ സ്റ്റാലിന്‍ശൈലി തുടര്‍ന്നു. 1949-ല്‍ 42,000 ആളുകളെയാണ് സൈബീരിയയില്‍ വിടാന്‍ തിരഞ്ഞെടുത്തത്. ഇത്തവണ ആ സുവര്‍ണ്ണാവസരം ലഭിച്ചതില്‍ കൂടുതലും ലാത്വിയന്‍ കര്‍ഷകരായിരുന്നു.
ഗോര്‍ബച്ചേവിന്റെ കാലത്ത് റഷ്യയില്‍ കമ്മ്യുണിസം ദുര്‍ബലമായപ്പോള്‍ ഇവിടെയും ദേശീയത തലപൊക്കി. ആദ്യമൊക്കെ അടിച്ചമര്‍ത്തി.. അവസാനം, 1991-ല്‍ രാജ്യം സ്വതന്ത്രമായി. ആ വര്ഷം സെപ്റ്റംബര്‍ മാസത്തില്‍ അമേരിക്കയും റഷ്യയും സ്വതന്ത്ര ലാത്വിയയെ അംഗീകരിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം, 1994-ല്‍ അവസാന റഷ്യന്‍ പട്ടാളക്കാരനും ലാത്വിയയോട് വിടപറഞ്ഞു.
സ്വാതന്ത്രാനന്തര ലാത്വിയയെക്കുറിച്ചു നാളെ..
കുറേക്കൂടി ലാത്വിയന്‍ ചിത്രങ്ങള്‍...

No comments:

Post a Comment