സ്ഥാപനങ്ങളുടെയോ, സര്‍ക്കാരിന്റെയോ പിന്തുണയില്ലാതെ പോകുന്ന സഞ്ചാരിയ്ക്ക് ഭാഷാപരിമിതികളുള്ള നാടിനെ തൊട്ടറിയുക ദുഷ്ക്കരമാണ്. അതുകൊണ്ടുതന്നെ യുക്രൈന്‍ എന്ന രാജ്യത്തെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ക്ക് ആധികാരികസ്വഭാവം തീരെയില്ല എന്ന് ആമുഖമായി പറയട്ടെ. വളരെക്കുറച്ചു ആളുകളുമായി മാത്രമേ ഇടപഴകാനും സംസാരിക്കാനും സാധിച്ചുള്ളൂ. പൊതുവില്‍ ജനം സൌഹാര്‍ദ്ദത്തോടെ പെരുമാറിയെങ്കിലും ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.
ഞാന്‍ അടുത്തകാലത്ത് സന്ദര്‍ശിച്ചിട്ടുള്ള രാജ്യങ്ങളില്‍ ജീവിതചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായിരുന്നു യുക്രൈന്‍. യാത്ര, ഭക്ഷണം, അത്യാവശ്യസാധനങ്ങള്‍ ഇവയുടെയൊക്കെ ചെലവ് അവിശ്വസനീയമായ രീതിയില്‍ കുറവായിരുന്നു. ഏതാണ്ട് പന്ത്രണ്ട് ഇന്ത്യന്‍ രൂപ കൊടുത്താല്‍ മെട്രോയില്‍ കിയേവ് നഗരത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സുഖമായി യാത്ര ചെയ്യാം. 150 രൂപയ്ക്ക് ഒന്നാന്തരം, വയറുനിറയെ ഭക്ഷണം. 350 രൂപയ്ക്ക് മുന്തിയ ഒരു കുപ്പി വോഡ്ക്ക.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുക്രൈന്‍കാരെ സംബന്ധിടത്തോളം ജീവിതം ബുദ്ധിമുട്ടാണ്. മിക്കവാറും രണ്ടും മൂന്നും ജോലിയും ചെയ്ത്, അതിനുപുറമേ എന്തെങ്കിലും സൈഡ് ബിസിനസും ചെയ്താണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും എപ്പോഴും തിരക്കിലാണ്. വിദ്യാര്‍ഥികളില്‍ പാര്‍ട്ട്-ടൈം ജോലി ചെയ്യാത്തവര്‍ വിരളമാണ്.
അടിസ്ഥാനസൌകര്യങ്ങള്‍ക്ക് ചെലവു കുറവാണെങ്കിലും, ഇരുമ്പുമറ ഇല്ലാതായപ്പോള്‍ രാജ്യത്തേയ്ക്ക് ആഡംബരവസ്തുക്കളും ജനങ്ങളിലേയ്ക്ക് ആഡംബരഭ്രമവും ഇരച്ചുകയറി. താമസിക്കാന്‍ സ്വന്തമായി വീടില്ലെങ്കിലും ഒരു ആഡംബര കാര്‍ ഇല്ലെങ്കില്‍ ഒരുവന്‍ സമൂഹത്തില്‍ വിലയില്ലാത്തവനാകുന്നു.
ജീവിക്കുന്നത് കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും പൊതുവേ ജനം സന്തുഷ്ടരായി കാണപ്പെടുന്നു. യുക്രൈന്‍ എന്നെങ്കിലും യുറോപ്യന്‍ യുണിയനില്‍ അംഗമാകുമെന്നും അതോടെ തങ്ങളുടെ ശനിദശ തീരുമെന്നുമുള്ള പ്രതീക്ഷയിലാണ് യുവജനങ്ങളില്‍ കൂടുതല്‍പേരും. അതിനു വിഘാതമായി നില്‍ക്കുന്ന പുട്ടിന്റെ പ്രവര്‍ത്തികളോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യവുമുണ്ട്.
വൃദ്ധജനങ്ങളുടെ ജീവിതം ദുസ്സഹമാണ്. ഒരാള്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ ശരാശരി പെന്‍ഷന്‍ ഏതാണ്ട് മൂവായിരം രൂപയാണ് (ആയിരം ഗ്രീവന) അത് ഒരാളുടെ ഭക്ഷണത്തിനുപോലും മതിയാകുന്നില്ല. നിരത്തുകളില്‍ സോക്സ്, പഴങ്ങള്‍ എന്നിവ, പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് വില്‍ക്കാന്‍ നില്‍ക്കുന്ന പ്രായമുള്ളവരുടെ കാഴ്ച ദയനീയമാണ്.
അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന രാജ്യമാണ് യുക്രൈന്‍. ഒരുദാഹരണം. വിദേശികള്‍ക്ക് യുക്രൈന്‍ പൌരത്വം എടുക്കാന്‍ ഭാഷാപരിജ്ഞാനം ആവശ്യമാണ്. പക്ഷെ, അല്പം ചില്ലറ ഇറക്കിയാല്‍ അത്തരം നിയമങ്ങള്‍ വഴിമാറും. ജോലി ചെയ്യുന്നവരില്‍ ഏതാണ്ട് എണ്‍പത് ശതമാനം ആളുകളും ഔദ്യോഗികരേഖകളില്‍ തൊഴിലില്ലാത്തവരാണ്. ജോലി ചെയ്യുന്നു എന്നു കാണിച്ചാല്‍ ജീവനക്കാരനും തൊഴില്‍ദാതാവും ടാക്സ് കൊടുക്കണം. അതു കൊടുക്കാതിരിക്കാനുള്ള വഴിയാണിത്.
1991-ല്‍ സോവിയറ്റ് റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനുശേഷം അധികാരത്തില്‍ വന്നവരൊക്കെ തങ്ങളെക്കൊണ്ട് ആവുംവിധം രാജ്യം കൊള്ളയടിച്ചു. നിലവിലുള്ള പ്രസിഡന്റ്, പെട്രോ പ്രൊഷൊങ്കോ "ചോക്ലേറ്റ് പ്രസിഡന്റ്" എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ റോഷന്‍ ചോക്ലേറ്റ് കമ്പനിയുടെ ഉടമയാണ് പ്രൊഷൊങ്കോ.
യുക്രൈന്‍കാര്‍ പൊതുവില്‍ നല്ല ആരോഗ്യമുള്ളവരാണ്. സ്ത്രീകള്‍ അതിസുന്ദരികളും. സുന്ദരികളാണെന്നു മാത്രമല്ല, മുഖത്ത് സ്ത്രൈണഭാവവും, സൌമ്യതയും ഉണ്ട്. ഈ സൌന്ദര്യം പാശ്ചാത്യരാജ്യങ്ങളിലെ പലരെയും ആകര്‍ഷിക്കുന്നുണ്ട്. ഭാവിവധുവിനെ തേടി വരുന്ന അത്തരക്കാരെ സഹായിക്കാന്‍ ഏജന്‍സികള്‍ നിരവധിയാണ്. യുക്രൈനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇന്ത്യാക്കാരില്‍ (അതില്‍ ഏതാനും മലയാളികളുമുണ്ട്) ഭൂരിപക്ഷവും യുക്രൈന്‍ സ്ത്രീകളെ വിവാഹം ചെയ്തു ജീവിക്കുന്നവരാണ്.
രാജ്യത്തെ ജനസംഖ്യ ഏതാണ്ട് നാല്പത്തിയഞ്ച് മില്യണ്‍; കേരളത്തിന്റെ ജനസംഖ്യയുടെ ഒന്നര ഇരട്ടി. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 73.8.
ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിരവധിയാണ്. അതിനുള്ളില്‍ ഭക്തിനിര്‍ഭരരായി നില്‍ക്കുന്ന പലരെയും കണ്ടു. എങ്കിലും പൊതുവില്‍ വിശ്വാസകാര്യത്തില്‍ രാജ്യം പിറകിലാണ്. പരിചയപ്പെട്ട രണ്ടു ടൂര്‍ഗൈഡ്മാരില്‍ (രണ്ടുപേര്‍ക്കും ഏതാണ്ട് ഇരുപതു വയസുമാത്രം പ്രായം) ഒരാള്‍ കടുത്ത വിശ്വാസി. മറ്റേയാള്‍ക്ക് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ശക്തി ഉണ്ടെന്നല്ലാതെ ക്രിസ്തുവിലോ സ്വര്‍ഗ്ഗ-നരകങ്ങളിലോ യാതൊരു വിശ്വാസവുമില്ല.
ഒരുമാസത്തെ താമസത്തിനിടയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പാസ്പോര്‍ട്ട് എപ്പോഴും കൈയിലുണ്ടായിരിക്കണം എന്നു മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷെ അതാവശ്യപ്പെട്ടത് ട്രെയിനിലും നാണയം മാറ്റാന്‍ ബാങ്കില്‍ ചെന്നപ്പോഴും മാത്രമായിരുന്നു.
അവസാനത്തെ മൂന്നുദിവസങ്ങള്‍ ഫ്ളൂ പിടിച്ച് കിടപ്പിലായിപ്പോയി. മടക്കയാത്ര അതുകൊണ്ട് ക്ലേശകരമായിരുന്നു.
മനോഹരമായ ഭൂപ്രകൃതി, സഞ്ചാരികള്‍ക്ക് കാണാന്‍ കാഴ്ചകള്‍ നിരവധി, ഭാഷ അറിയില്ലെങ്കിലും സഹായിക്കാന്‍ മനസുള്ള ജനങ്ങള്‍.. യുക്രൈന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചത് ഒരു സൌഭാഗ്യമായിതന്നെ കരുതുന്നു. ഒരിക്കല്‍ക്കൂടി അവിടെ പോകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നു.
കിയേവ് കുറിപ്പുകള്‍ ഇവിടെ അവസാനിക്കുന്നു.
ഏതാനും ചിത്രങ്ങള്‍ കൂടി.
No comments:
Post a Comment